Tuesday, December 14, 2010

കുടിയേറ്റക്കാര്‍ക്കെതിരെ ചിദംബരം

ന്യൂഡല്‍ഹി: തലസ്ഥാനനഗരത്തില്‍ വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്കും മറ്റു കുറ്റകൃതങ്ങള്‍ക്കും കാരണം കുടിയേറ്റക്കാരാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. വിവിധ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും ചിദംബരത്തിനെതിരെ രംഗത്തുവന്നു. വിവിധകോണുകളില്‍നിന്ന് പ്രതിഷേധം കനത്തതോടെ ചിദംബരം വിവാദപരാമര്‍ശം പിന്‍വലിച്ചു. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വിവാദ പരാമര്‍ശം നടത്തിയത്.

"ഡല്‍ഹിയില്‍ അനധികൃത കോളനികള്‍ വര്‍ധിച്ചുവരികയാണ്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ചില കോളനികളിലെ താമസക്കാരുടെ പെരുമാറ്റവും സ്വഭാവശീലങ്ങളും പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണ്. കുറ്റകൃത്യങ്ങളുടെ വര്‍ധനയ്ക്ക് ഇതു കാരണമാകുന്നുണ്ട്''- ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്കുപിന്നിലും ഇവരാണ്. കൂടുതല്‍ പൊലീസ് സ്റേഷനുകള്‍ സ്ഥാപിച്ച് ഇതിന് പരിഹാരം കണ്ടെത്തണം- ചിദംബരം പറഞ്ഞു.

ബിജെപി, ആര്‍ജെഡി, എസ്പി എന്നീ പാര്‍ടികള്‍ ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. ഡല്‍ഹി പൊലീസിന്റെ വീഴ്ച മറയ്ക്കാനാണ് ചിദംബരം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് നേതാക്കള്‍ ആരോപിച്ചു. ചിദംബരം പ്രസ്താവന പിന്‍വലിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി ആവശ്യപ്പെട്ടു. വിവാദം കൊഴുത്തതോടെ ചിദംബരം വിശദീകരണവുമായി രംഗത്തെത്തി. ഏതെങ്കിലും സംസ്ഥാനത്തുനിന്നോ മേഖലയില്‍നിന്നോ ഏതെങ്കിലും പ്രത്യേക ഭാഷ സംസാരിക്കുന്നവരെയോ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ചിദംബരം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ സമീപകാലസംഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചതാണ്. താന്‍ കുടിയേറ്റത്തിനോ കുടിയേറ്റക്കാര്‍ക്കോ എതിരല്ല. ചില പെരുമാറ്റദൂഷ്യങ്ങള്‍ ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തത്. വിവാദം ഒഴിവാക്കാന്‍ താന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു നല്‍കിയ എല്ലാ മറുപടികളും പിന്‍വലിക്കുന്നു- ചിദംബരം പറഞ്ഞു.

ദേശാഭിമാനി 141210

1 comment:

  1. തലസ്ഥാനനഗരത്തില്‍ വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്കും മറ്റു കുറ്റകൃതങ്ങള്‍ക്കും കാരണം കുടിയേറ്റക്കാരാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. വിവിധ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും ചിദംബരത്തിനെതിരെ രംഗത്തുവന്നു. വിവിധകോണുകളില്‍നിന്ന് പ്രതിഷേധം കനത്തതോടെ ചിദംബരം വിവാദപരാമര്‍ശം പിന്‍വലിച്ചു. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വിവാദ പരാമര്‍ശം നടത്തിയത്.

    ReplyDelete