സര്‍വകലാശാല അനധ്യാപക നിയമനം പിഎസ്സിക്ക്
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക തസ്തികയിലേക്കുള്ള നിയമനം പിഎസ്സിക്കു വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനിയുള്ള എല്ലാ നിയമനവും പിഎസ്സി വഴിയായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള സര്‍വകലാശാലയിലെ നിയമനം സംബന്ധിച്ച കോടതിവിധിയും കമീഷന്‍ പരാമര്‍ശങ്ങളും പരിഗണിച്ചാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകലാശാലാ അധ്യാപക നിയമനം യുജിസി മാനദണ്ഡത്തിനനുസരിച്ചാണ്. അനധ്യാപക നിയമനം പിഎസ്സിക്കു വിട്ട സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തണം. കാര്‍ഷിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല തുടങ്ങി സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും ഈ തീരുമാനം ബാധകമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടി സോഷ്യല്‍ ഓഡിറ്റ് സെല്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജനകീയമായി വിലയിരുത്തുന്നതിന് സോഷ്യല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. തൊഴിലുറപ്പുപദ്ധതിക്ക് സോഷ്യല്‍ ഓഡിറ്റ് സംവിധാനം നിലവിലുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ക്ക് സോഷ്യല്‍ ഓഡിറ്റ് സെല്‍ ഡയറക്ടറുടെ ചുമതല നല്‍കും. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് സോഷ്യല്‍ ഓഡിറ്റിന്റെ ലക്ഷ്യം.
പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനമായി. പരിസ്ഥിതി വകുപ്പിനു കീഴിലുള്ള പരിസ്ഥിതി മാനേജ്മെന്റ് ഏജന്‍സിയാണ് ഡയറക്ടറേറ്റ് ആക്കി മാറ്റുന്നത്.
ഫിഷറീസ് സര്‍വകലാശാല ഉപകേന്ദ്രത്തിന് 10 ഏക്കര്‍
തിരു: നിര്‍ദിഷ്ട ഫിഷറീസ് സര്‍വകലാശാലയുടെ ഉപകേന്ദ്രം തുടങ്ങാന്‍ തിരുവല്ലത്ത് ഫിഷറീസ് വകുപ്പിന് പത്ത് ഏക്കര്‍ ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. ലാറി ബേക്കര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് ക്യാമ്പസ് നിര്‍മ്മിക്കാന്‍ തിരുവല്ലത്ത് 6.95 ഏക്കര്‍ ഭൂമിയും നല്‍കും. തുറമുഖ എന്‍ജിനിയറിങ് വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയാണ് കൈമാറുക. ലാറി ബേക്കര്‍ സ്കൂളിന് പുതിയ കാമ്പസ് നിര്‍മ്മിക്കാന്‍ ഭവന വകുപ്പിനാണ് ഭൂമി നല്‍കുന്നത്. പിടിപി നഗറിലെ നിര്‍മ്മിതി കേന്ദ്രത്തിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വാഴമുട്ടം ഗവമെന്റ്് ഹൈസ്കൂളിന് അര ഏക്കര്‍ ഭൂമിയും നല്‍കും.
എറണാകുളം ജില്ലയില്‍ പനങ്ങാട്ടാണ് ഫിഷറീസ് സര്‍വകലാശാല ആരംഭിക്കുന്നത്. ഇതിന് രണ്ട് ഉപകേന്ദ്രങ്ങള്‍ ആരംഭിക്കും.രണ്ടാമത്തേത് മലബാര്‍ മേഖലയിലായിരിക്കും.
പെട്രോള്‍ വില വര്‍ധനക്കെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കീര്‍ത്തി പരേഖ് കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷം രണ്ടു മാസത്തിനിടയില്‍ നാലു തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ലിറ്ററിന് ആറു രൂപയുടെ വര്‍ധന വരുത്തി. ഡീസലിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ പോകുന്നു. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നതിലേക്കാണ് ഇത് നയിക്കുക. കേന്ദ്രത്തിലാകട്ടെ അഴിമതിയും കൊള്ളയടിയും കൊടികുത്തിവാഴുന്നു. പാര്‍ലമെന്റ് നടത്തിക്കൊണ്ടുപോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ് കോണ്‍ഗ്രസ് സൃഷ്ടിച്ചിരിക്കുന്നത്. അഴിമതിയും വിലക്കയറ്റവും ജനങ്ങളുടെ സ്വൈരജീവിതമാകെ താറുമാറാക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധം വളര്‍ത്തിക്കൊണ്ടുവരാന്‍ രാഷ്ട്രീയപാര്‍ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി 161210
No comments:
Post a Comment