ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലാദ്യമായി ഒരു സമ്മേളനമാകെ ബഹളത്തില്‍ മുങ്ങിപ്പോയി. ഇതിനു മുന്‍പും പാര്‍ലമെന്റ് ബഹളംമൂലം സ്തംഭിച്ചിട്ടുണ്ട്. ബൊഫോഴ്‌സ് അഴിമതി, ഓഹരി കുംഭകോണം, വിലക്കയറ്റം, ഭീകരവാദികളുടെ ആക്രമണം തുടങ്ങി നിരവധി വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ബഹളത്തിനു വഴിവെയ്ക്കുകയും നടപടികള്‍ സ്തംഭിക്കാനിടവരുത്തുകയും ചെയ്തിട്ടുണ്ട്. ബൊഫോഴ്‌സ് അഴിമതി 1987 ല്‍ 45 ദിവസം പാര്‍ലമെന്റിന്റെ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. തെഹല്‍ക്ക വാരിക ആയുധ ഇടപാടുകളിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നുള്ള ബഹളം 2001 ല്‍ 17 ദിവസം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി. എന്നാല്‍ ഒരു സമ്മേളനമാകെ ഫലത്തില്‍ സ്തംഭിച്ചത് ഇപ്പോഴാണ്. നവംബര്‍ 9ന് ആരംഭിച്ച ശൈത്യകാല സമ്മേളനത്തില്‍ 23 ദിവസമാണ് പാര്‍ലമെന്റ് സമ്മേളിച്ചത്. തുടക്ക ദിവസം രാജ്യസഭ സിറ്റിംഗ് അംഗമായ അര്‍ജുന്‍സെന്‍ ഗുപ്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞപ്പോള്‍ ലോക്‌സഭ ഏതാനും മണിക്കൂര്‍ മാത്രം തടസ്സമില്ലാതെ നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളെല്ലാം ബഹളത്തില്‍ മുങ്ങിപ്പോയി.
രാജ്യത്തെയാകെ നടുക്കിയ അഴിമതിയും അതിനോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക പ്രതികരണവുമാണ് ശൈത്യകാല സമ്മേളനമാകെ സ്തംഭിക്കാന്‍ ഇടവരുത്തിയത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീമമായ അഴിമതിയാണ് 2-ജി സ്‌പെക്ട്രം ഇടപാടില്‍ നടന്നതെന്നതില്‍ ആര്‍ക്കും അഭിപ്രായഭിന്നതയില്ല. ഭരണഘടനാ സ്ഥാപനമായ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഇടപാടില്‍ ഖജനാവിനു നഷ്ടമായത് 1.76 ലക്ഷം കോടി രൂപയാണ്. ഇത്ര വലിയ അഴിമതിയെക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ പരിമിതമായ ആവശ്യത്തിനുനേരെ സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നിലപാടാണ് പാര്‍ലമെന്റ് സ്തംഭനത്തിനു വഴിവെച്ചത്. ഈ അഴിമതിക്ക് വഴിയൊരുക്കിയ നയങ്ങളിലെ പാളിച്ചകളും അതില്‍ പങ്കാളികളായ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലെ പ്രമുഖരുടെ ഇടപാടുകളും കോടികളുടെ നേട്ടമുണ്ടാക്കിയ വ്യവസായ പ്രമുഖരുടെ പങ്കും പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമായ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇത്തരം അഴിമതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നയങ്ങളിലും നടപടിക്രമങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയണം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇതിനുപറ്റിയ ഏറ്റവും നല്ല സംവിധാനം പാര്‍ലമെന്റിന്റെ സംയുക്ത സമിതിയുടെ (ജെ പി സി) അന്വേഷണമാണ്. ഇതിനു മുമ്പ് ഓഹരി കുംഭകോണത്തെയും ബൊഫോഴ്‌സ് ഇടപാടിനെയും കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിച്ചിരുന്നു. അന്നും സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തെ തുടക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്തിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയാണ് ചെയ്തത്. എന്‍ ഡി എ ഭരണകാലത്ത് പ്രതിരോധ ഇടപാടില്‍ നടന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്ന് വാശിപൂര്‍വ്വം ആവശ്യപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് നിരവധി ദിവസങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.
മുമ്പ് ജെ പി സി അന്വേഷണം നടന്ന ഇടപാടുകളില്‍ ഉള്‍പ്പെട്ടതിലും അനേക മടങ്ങാണ് 2-ജി സ്‌പെക്ട്രം ഇടപാടില്‍ രാഷ്ട്രത്തിനു നഷ്ടമായത്. എന്നിട്ടും എന്തുകൊണ്ട് ജെ പി സി അന്വേഷണത്തിന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല എന്നതാണ് കാതലായ പ്രശ്‌നം. പാര്‍ലമെന്റ് സ്തംഭിച്ചാലും ജെ പി സി അന്വേഷണമില്ലെന്ന് ശഠിച്ചതിന്റെ കാരണം ഈ ഇടപാടിന് പിന്നില്‍ നടന്ന കാര്യങ്ങളും അതിലെ പങ്കാളികളും തുറന്നുകാട്ടപ്പെടരുതെന്ന നിര്‍ബന്ധ ബുദ്ധിയാണ്. ടെലികോം മന്ത്രിയായിരുന്ന എ രാജ തനിച്ചല്ല, ഈ ഇടപാട് നടത്തിയത്. രാഷ്ട്രീയ നേതൃത്വത്തിലുള്ള ചില പ്രമുഖരും ഉദ്യോഗസ്ഥ മേധാവികളും വ്യവസായ പ്രമുഖരും അതില്‍ ഉള്‍പ്പെട്ടിരുന്നു. അവരുടെയെല്ലാം പങ്ക് ജെ പി സി അന്വേഷണം നടന്നാല്‍ വെളിച്ചത്തുവരും. കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുന്നതും ഇതിനെയാണ്. സി ബി ഐയും സുപ്രിംകോടതിയിലെ ഒരു റിട്ടയേര്‍ഡ് ജഡ്ജിയും നടത്തുന്ന അന്വേഷണം ഇതിനു പര്യാപ്തമാണന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇന്നലെ അവകാശപ്പെട്ടത്. സി ബി ഐ അന്വേഷണം തുടങ്ങിയിട്ട് ഒരു വര്‍ഷമായി. അന്വേഷണം തൃപ്തികരമല്ലെന്ന് സുപ്രിംകോടതി ഒന്നിലേറെ തവണ ചൂണ്ടിക്കാട്ടി. ഭരണ നേതൃത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് സി ബി ഐ അന്വേഷണം മുന്നോട്ടുപോകുന്നതെന്ന സംശയം ബലപ്പെട്ടുവരികയാണ്. മുന്‍ സുപ്രിം കോടതി ജഡ്ജിയുടെ അന്വേഷണം ടെലികോം വകുപ്പില്‍ നടന്ന കാര്യങ്ങളെ കുറിച്ചു മാത്രമായിരിക്കുമെന്ന് ഗവണ്‍മെന്റു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭീമമായ അഴിമതിയ്ക്ക് കളമൊരുക്കിയ നിയമത്തിലെയും നടപടിക്രമങ്ങളിലെയും പഴുതുകളും പിന്നില്‍ ചരടുവലിച്ച രാഷ്ട്രീയ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും പങ്കും തുറന്നുകാട്ടാന്‍ ഈ അന്വേഷണങ്ങളിലൂടെ കഴിയില്ല. സ്‌പെക്ട്രം ലഭിക്കാന്‍ അപേക്ഷ നല്‍കിയ കമ്പനികളില്‍ പലതിനെയും ഒഴിവാക്കുകയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയില്‍ മാറ്റം വരുത്തുകയും ചെയ്തതുള്‍പ്പടെ, മന്ത്രി രാജ കൈക്കൊണ്ട തീരുമാനങ്ങളില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും നിയമ മന്ത്രിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വാഭാവികമായും യഥാര്‍ഥ വസ്തുതകളറിയാന്‍ ഇവരില്‍ നിന്നെല്ലാം തെളിവെടുപ്പ് നടത്തേണ്ടിവരും. ജെ പി സി അന്വേഷണത്തില്‍ മാത്രമേ അതു സാധ്യമാവുകയുള്ളൂ. ഓഹരി കുംഭകോണത്തെക്കുറിച്ച് ജെ പി സി അന്വേഷണം നടത്തിയപ്പോള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് ജെ പി സിക്ക് മുമ്പില്‍ ഹാജരായിരുന്നു. അദ്ദേഹം അന്നു നല്‍കിയ മൊഴികള്‍ ഓഹരി കുംഭകോണത്തിനു വഴിയൊരുക്കിയ പാളിച്ചകളിലേയ്ക്ക് വെളിച്ചം വീശിയിരുന്നു.
സര്‍വകാര്യങ്ങള്‍ക്കും കോണ്‍ഗ്രസ് നേതൃത്വവും മന്‍മോഹന്‍ സിംഗും മാതൃകയാക്കുന്ന അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച പല ആരോപണങ്ങളെയും കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അന്വേഷണം നടത്തിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ തെളിവു നല്‍കാന്‍ എത്തിയിരുന്നു. ജെ പി സിക്കു മുമ്പില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തെളിവുനല്‍കുന്നതു ക്രമവിരുദ്ധമാണെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വാദിക്കുന്നത് സ്‌പെക്ട്രം ഇടപാടിന്റെ പിന്നില്‍ നടന്ന ക്രമക്കേടുകള്‍ മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിവാശി മാത്രമാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം സ്തംഭിക്കാന്‍ ഇടയാക്കിയത്. പ്രതിപക്ഷത്തിന്റെയും പൊതു സമൂഹത്തിന്റെയും അഭിപ്രായങ്ങള്‍ക്ക് തരിമ്പും വില കല്‍പിക്കാത്ത കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യം പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല.
janayugom editorial 141210
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലാദ്യമായി ഒരു സമ്മേളനമാകെ ബഹളത്തില്‍ മുങ്ങിപ്പോയി. ഇതിനു മുന്‍പും പാര്‍ലമെന്റ് ബഹളംമൂലം സ്തംഭിച്ചിട്ടുണ്ട്. ബൊഫോഴ്‌സ് അഴിമതി, ഓഹരി കുംഭകോണം, വിലക്കയറ്റം, ഭീകരവാദികളുടെ ആക്രമണം തുടങ്ങി നിരവധി വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ബഹളത്തിനു വഴിവെയ്ക്കുകയും നടപടികള്‍ സ്തംഭിക്കാനിടവരുത്തുകയും ചെയ്തിട്ടുണ്ട്. ബൊഫോഴ്‌സ് അഴിമതി 1987 ല്‍ 45 ദിവസം പാര്‍ലമെന്റിന്റെ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. തെഹല്‍ക്ക വാരിക ആയുധ ഇടപാടുകളിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നുള്ള ബഹളം 2001 ല്‍ 17 ദിവസം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി. എന്നാല്‍ ഒരു സമ്മേളനമാകെ ഫലത്തില്‍ സ്തംഭിച്ചത് ഇപ്പോഴാണ്. നവംബര്‍ 9ന് ആരംഭിച്ച ശൈത്യകാല സമ്മേളനത്തില്‍ 23 ദിവസമാണ് പാര്‍ലമെന്റ് സമ്മേളിച്ചത്. തുടക്ക ദിവസം രാജ്യസഭ സിറ്റിംഗ് അംഗമായ അര്‍ജുന്‍സെന്‍ ഗുപ്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞപ്പോള്‍ ലോക്‌സഭ ഏതാനും മണിക്കൂര്‍ മാത്രം തടസ്സമില്ലാതെ നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളെല്ലാം ബഹളത്തില്‍ മുങ്ങിപ്പോയി.
ReplyDelete