Monday, December 20, 2010

മൂന്നാം മുന്നണി വരുമെന്ന്അമേരിക്ക ഭയപ്പെട്ടു

വിക്കിലീക്സ് വെളിപ്പെടുത്തല്‍ മൂന്നാം മുന്നണി വരുമെന്ന്അമേരിക്ക ഭയപ്പെട്ടു

ലണ്ടന്‍: ഇന്ത്യയില്‍ 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണയോടെ മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്ന് അമേരിക്കയ്ക്ക് ആശങ്കയുണ്ടായിരുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. മൂന്നാം മുന്നണി വന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുണ്ടാകുന്ന മേല്‍ക്കോയ്മയാണ് അമേരിക്കയെ ഭയപ്പെടുത്തിയതെന്ന് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി തയ്യാറാക്കിയ രേഖകള്‍ പറയുന്നു. കോണ്‍ഗ്രസിനോ ബിജെപിക്കോ അധികാരത്തിലെത്താനാവാതെ വരികയും ഈ പാര്‍ടികള്‍ ഉള്‍പ്പെടാതെ മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയുംചെയ്യുന്നത് ഇന്ത്യ- അമേരിക്ക ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് എംബസി വിലയിരുത്തി. കൂട്ടുകക്ഷി സര്‍ക്കാരില്‍ കമ്യൂണിസ്റ് പാര്‍ടികള്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് എംബസി 2009 ഫെബ്രുവരി 12ന് തയ്യാറാക്കിയ രേഖ പറയുന്നു.

ഏപ്രില്‍-മെയ് മാസങ്ങളിലായിരുന്നു പൊതുതെരഞ്ഞെടുപ്പ്. ഇടതുപക്ഷത്തിന്റെ സ്വാധീനം തടയാന്‍ അമേരിക്ക തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ വന്‍തോതില്‍ പണമൊഴുക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുത്ത ബന്ധത്തെ കോണ്‍ഗ്രസും ബിജെപിയും ഒരു പോലെ പിന്തുണയ്ക്കുമെന്ന് അന്നത്തെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോഡ് അമേരിക്കയുടെ പ്രത്യേക ദൂതന്‍ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിന് അയച്ച രേഖയിലുണ്ട്. കോണ്‍ഗ്രസോ ബിജെപിയോ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ വരുമെന്ന ആശങ്കയും അമേരിക്ക പുലര്‍ത്തിയിരുന്നതായി എംബസി രേഖകളില്‍ പറയുന്നു.

ഇന്ത്യ- അമേരിക്ക ആണവകരാറും തന്ത്രപരമായ ബന്ധങ്ങളും ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഈ ചര്‍ച്ചയില്‍ അമേരിക്കയുടെ താല്‍പ്പര്യം വിജയിച്ചത് അടുത്ത ദശകങ്ങളിലേക്കുള്ള ഇന്ത്യ- അമേരിക്ക ബന്ധത്തിന്റെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയായി. ആണവകരാര്‍ യാഥാര്‍ഥ്യമാകാന്‍ ഐഎഇഎ സുരക്ഷാ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നതടക്കം ഒട്ടേറെ നടപടികള്‍ ഇന്ത്യ സ്വീകരിക്കേണ്ടതുണ്ടെന്നും രേഖയില്‍ പറയുന്നു. അമേരിക്കന്‍ കമ്പനികള്‍ക്ക് ആണവകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സഹായകമായ തരത്തില്‍ ഇന്ത്യ അവരുടെ ചുമതലകള്‍ നിര്‍വഹിച്ചാല്‍മാത്രമേ ഈ സഹകരണത്തിന്റെ വാണിജ്യ നേട്ടങ്ങള്‍ അമേരിക്കയ്ക്ക് പൂര്‍ണമായും തിരിച്ചറിയാനാകൂ. ഒപ്പം, ആണവ ബാധ്യതയും പേറ്റന്റ് സുരക്ഷയും സംബന്ധിച്ച കാര്യങ്ങളില്‍ അമേരിക്കന്‍ ആണവകമ്പനികള്‍ക്കുള്ള ആശങ്ക പരിഹരിക്കുകയും വേണമെന്ന് എംബസി പറയുന്നു. ആണവകരാര്‍ യാഥാര്‍ഥ്യമായാല്‍ 15000 കോടി ഡോളറിന്റെ വാണിജ്യാവസരങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ലഭിക്കുന്നു. മൂന്ന് ദശാബ്ദത്തിനിടെ അമേരിക്കയില്‍ മുപ്പതിനായിരം തൊഴില്‍ സൃഷ്ടിക്കാനും ഇത് ഉപകരിക്കും- രേഖകള്‍ വ്യക്തമാക്കുന്നു.

ദേശാഭിമാനി 201210

1 comment:

  1. ഇന്ത്യയില്‍ 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണയോടെ മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്ന് അമേരിക്കയ്ക്ക് ആശങ്കയുണ്ടായിരുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. മൂന്നാം മുന്നണി വന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുണ്ടാകുന്ന മേല്‍ക്കോയ്മയാണ് അമേരിക്കയെ ഭയപ്പെടുത്തിയതെന്ന് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി തയ്യാറാക്കിയ രേഖകള്‍ പറയുന്നു. കോണ്‍ഗ്രസിനോ ബിജെപിക്കോ അധികാരത്തിലെത്താനാവാതെ വരികയും ഈ പാര്‍ടികള്‍ ഉള്‍പ്പെടാതെ മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയുംചെയ്യുന്നത് ഇന്ത്യ- അമേരിക്ക ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് എംബസി വിലയിരുത്തി. കൂട്ടുകക്ഷി സര്‍ക്കാരില്‍ കമ്യൂണിസ്റ് പാര്‍ടികള്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് എംബസി 2009 ഫെബ്രുവരി 12ന് തയ്യാറാക്കിയ രേഖ പറയുന്നു.

    ReplyDelete