Monday, December 20, 2010

കോര്‍പറേറ്റുകളുടെ 'സ്വകാര്യത' സംരക്ഷിക്കാന്‍ നിയമം വരുന്നു

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെ 'സ്വകാര്യത' സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നിയമ മന്ത്രാലയം നടപടി തുടങ്ങി. അന്വേഷണപ്രക്രിയയുടെ ഭാഗമായി വിവിധ ഏജന്‍സികള്‍ ചോര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളും മറ്റ് വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് നിയമം. നീരാ റാഡിയ ടേപ്പുകള്‍ പുറത്തുവന്നതില്‍ ടാറ്റയടക്കമുള്ള കോര്‍പറേറ്റ് ലോകത്തിനുണ്ടായ 'അസ്വസ്ഥത'യില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഖേദം പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണിത്.

 ഫോണ്‍ സംഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അടക്കമുള്ള സംഭവങ്ങളില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഭരണഘടനാപരമായിത്തന്നെ എന്തുചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുകയാണെന്ന് നിയമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി നിയമപരിഷ്കരണത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ നിയമമന്ത്രി എം വീരപ്പ മൊയ്ലി നിര്‍ദേശം നല്‍കി. ബില്ലിന്റെ കരട് ഉടന്‍ പ്രധാനമന്ത്രി കാര്യാലയത്തിന് സമര്‍പ്പിക്കും. ഇപ്പോഴും പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള 2001ലെ കമ്യൂണിക്കേഷന്‍സ് കണ്‍വര്‍ജന്‍സ് ബില്‍ ദേഗതികളോടെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2001ലെ ബില്ലില്‍ നിര്‍ദേശിക്കുന്ന കമ്യൂണിക്കേഷന്‍സ് കമീഷന്‍ ഓഫ് ഇന്ത്യക്ക് (സിസിഐ) വിപുലമായ അധികാരങ്ങള്‍ നല്‍കണമെന്നും ശുപാര്‍ശയുണ്ടാകും.

നിയമനിര്‍വഹണത്തിന്റെ ഭാഗമായി സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്ന പരാതികള്‍ നേരിട്ട് പരിഹരിക്കാനാണ് ഈ സമിതി. കംപ്യൂട്ടര്‍ ശൃംഖലയിലൂടെയും ടെലിഫോണിലൂടെയും കൈമാറുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കാന്‍ പുതുതായി നിയമം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. ടെലിഫോണ്‍ സംഭാഷണം അടക്കം സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ആരെയും പ്രതിചേര്‍ക്കാവുന്ന വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തും. അഞ്ച് കേന്ദ്രമന്ത്രിമാരും നിരവധി കോര്‍പറേറ്റുകളും പ്രതിക്കൂട്ടിലായ 'റാഡിയടേപ്പ്' പോലുള്ള സംഭവങ്ങള്‍ ഇനിയൊരിക്കലും ജനങ്ങള്‍ക്ക് മുന്നിലെത്തില്ലെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവിലുള്ള നിയമപ്രകാരം ഫോണ്‍ സംഭാഷണം അടക്കം ചോര്‍ത്തുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ മൌലികാവകാശലംഘനത്തിന്റെ പേരില്‍ നഷ്ടപരിഹാരത്തിന് കേസ് നല്‍കാന്‍ മാത്രമേ സാധിക്കൂ.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 201210

1 comment:

  1. കോര്‍പറേറ്റുകളുടെ 'സ്വകാര്യത' സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നിയമ മന്ത്രാലയം നടപടി തുടങ്ങി. അന്വേഷണപ്രക്രിയയുടെ ഭാഗമായി വിവിധ ഏജന്‍സികള്‍ ചോര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളും മറ്റ് വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് നിയമം. നീരാ റാഡിയ ടേപ്പുകള്‍ പുറത്തുവന്നതില്‍ ടാറ്റയടക്കമുള്ള കോര്‍പറേറ്റ് ലോകത്തിനുണ്ടായ 'അസ്വസ്ഥത'യില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഖേദം പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണിത്.

    ReplyDelete