Sunday, December 19, 2010

ബസ് ഒരു ശീലമാക്കൂ...

ഭായീ താനും കേറെടോ, ഞങ്ങളെല്ലാം ഈ ബസിലുണ്ട്

കൊച്ചി: ബസ് കാക്കനാട്ടേക്ക് തിരിയുമ്പോള്‍ മാവേലിപുരം കവലയില്‍ റോഡരികില്‍ നിന്ന പരിചയക്കാരന്‍ നടന്‍ സിദ്ദിഖിനോട് ചോദിച്ചു: "എന്താ ഭായീ ബസില്‍...?'' "താനും കേറെടോ, ചുമ്മാ സ്റ്റാന്‍ഡുവരെ പോയിട്ടുവരാം''- സിദ്ദിഖിന്റെ ക്ഷണം സ്വീകരിച്ച് പരിചയക്കാരനും ബസില്‍ കയറി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ 'ബസില്‍ യാത്ര ചെയ്യുക' സന്ദേശവുമായി സംഘടിപ്പിച്ച ബസ് ഡേയില്‍ സിദ്ദിഖും ദിലീപും അടക്കമുള്ള താരങ്ങളും മന്ത്രിയടക്കമുള്ള പ്രമുഖരും നിരത്തിലിറങ്ങിയപ്പോള്‍ യാത്രക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും കൌതുകം. മോട്ടോര്‍വാഹനവകുപ്പും കെഎസ്ആര്‍ടിസിയും സെന്റര്‍ ഫോര്‍ പബ്ളിക് പോളിസി റിസര്‍ച്ചും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനത്തെ ആദ്യത്തെ ബസ് ഡേആയിരുന്നു രംഗം. നാല് ലോഫ്ളോര്‍ ബസിലായിരുന്നു ഇവരുടെ യാത്ര.

അങ്കമാലിയില്‍നിന്ന് രാവിലെ 8.15ന് മന്ത്രി ജോസ് തെറ്റയിലുമായി യാത്രതിരിച്ച ലോഫ്ളോര്‍ ബസ് 8.35ന് ആലുവയിലെത്തിയപ്പോള്‍ നടന്‍ ദിലീപും എ എം യൂസഫ് എംഎല്‍എയും ബസിന് കൈകാണിച്ചു. ദിലീപിനെ കണ്ടതോടെ യാത്രക്കാര്‍ക്ക് വിസ്മയം. പ്രിയനായകന്റെ അടുത്തെത്താനും ഓട്ടോഗ്രാഫ് വാങ്ങാനുമുള്ള തിരക്കായിരുന്നു പിന്നെ. അതുവരെ സിംഗിള്‍ സീറ്റിലിരുന്ന മന്ത്രി ദിലീപിനൊപ്പമിരിക്കാന്‍ സീറ്റ് മാറി. പിന്നെ കുറെ കൊച്ചുവര്‍ത്തമാനം, ഷൂട്ടിങ്വിശേഷങ്ങള്‍ ഇതെല്ലാം ചര്‍ച്ചയില്‍ ഇടംപിടിച്ചു. 'കാണാക്കൊമ്പത്ത്' സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മന്ത്രിയോട് എന്നാണ് 'അമ്മ'യില്‍ അംഗത്വമെടുക്കുന്നതെന്ന് ദിലീപ് ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊരുക്കുന്ന യാത്രാസൌകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ദിലീപ് പറഞ്ഞു.

8.50ന് പടമുകളില്‍നിന്ന് പുറപ്പെട്ട ബസില്‍ സിദ്ദിഖ് കയറിയപ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും കൌണ്‍സിലര്‍മാരും രാഷ്ട്രീയപ്രവര്‍ത്തകരും ബസിലുണ്ടായിരുന്നു. തൃപ്പൂണിത്തുറയില്‍നിന്നു പുറപ്പെട്ട ബസില്‍ ചലച്ചിത്രതാരങ്ങളായ രമ്യ നമ്പീശന്‍, ബാല, ഭാര്യ ഗായിക അമൃത സുരേഷ് എന്നിവരും എറണാകുളത്തുനിന്നു പുറപ്പെട്ട ബസില്‍ കലക്ടര്‍ എം ബീനയും കയറി. കലക്ടറായശേഷം ആദ്യമായാണ് ബസ് യാത്ര നടത്തുന്നതെന്ന് എം ബീന സമ്മതിച്ചു. മുപ്പതാമത്തെ വയസ്സില്‍ ഇരുചക്രവാഹനം വാങ്ങുന്നതുവരെ ബസായിരുന്നു പ്രിയവാഹനമെന്ന് കലൂരില്‍നിന്നു കയറിയ മേയര്‍ ടോണി ചമ്മണി പറഞ്ഞു. സ്വകാര്യവാഹനങ്ങളില്‍ ടെന്‍ഷനടിച്ച് സഞ്ചരിക്കുന്നതിനേക്കാള്‍ ടെന്‍ഷന്‍ഫ്രീ യാത്രയ്ക്ക് ബസ് തെരഞ്ഞെടുക്കാനായിരുന്നു ചടങ്ങ് ഉദ്ഘാടനംചെയ്ത മന്ത്രി ജോസ് തെറ്റയിലിന്റെ ഉപദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കെ ബാബു എംഎല്‍എ, എഡിഎം കെ എന്‍ രാജി, ആര്‍ടിഒ കെ ജി മൈക്കിള്‍ എന്നിവരും ബസില്‍ യാത്രക്കാരായി. ബസ് ഡേ ആഘോഷിക്കുന്നതിന്റെ ഭാഗമായി നഗരത്തിലിറങ്ങിയ മിക്ക ബസും അലങ്കരിച്ചിരുന്നു. മധുരപലഹാരങ്ങള്‍ നല്‍കിയാണ് മിക്ക ബസിലെയും ജീവനക്കാര്‍ യാത്രക്കാരെ വരവേറ്റത്.

ദേശാഭിമാനി 191210

6 comments:

  1. ബസ് ഒരു ശീലമാക്കൂ...

    ReplyDelete
  2. ഇത് കലക്കി സഖാവേ..നമുക്കിതൊക്കെ പണ്ടേ ശീലമായതാണ്..

    ReplyDelete
  3. എന്‍റെയും കുടുംബത്തിന്‍റെയും വാഹനം ബസ്സ്‌ തന്നെയാണ് :))

    ReplyDelete
  4. ithu kalakki,,, welcome every effort to promote public transport system

    ReplyDelete
  5. yes Ranjth, such efforts should be welcomed.

    ReplyDelete
  6. അതെത്ര ശരി.. ട്രാന്‍സ്പോര്‍ട്ട് ബസില്‍ പോയാല്‍ പിന്നെ അത് നെഞ്ചത്ത് കയറി ചാവില്ലാ‍ാ..

    ReplyDelete