Sunday, December 19, 2010

വികസനത്തിന് കുതിപ്പേകും

കേരളത്തിന്റെ വികസനത്തിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കുതിപ്പേകും. മലബാറിന്റെ മുഖഛായ മാറ്റുന്ന വികസനത്തിന്റെ ചാലകശക്തിയാകാനും വിമാനത്താവളത്തിനു കഴിയും. റണ്‍വേയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും രണ്ടുവര്‍ഷംകൊണ്ട് വിമാനത്താവള നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരില്‍ നിര്‍മിക്കുക. വിമാനത്താവളത്തിനായി ഏറ്റെടുക്കാന്‍ നിശ്ചയിച്ച 2000 ഏക്കര്‍ ഭൂമിയില്‍ 1300 ഏക്കര്‍ ഏറ്റെടുത്തു. ബാക്കി 700 ഏക്കര്‍ ജനുവരിയോടെ ഏറ്റെടുക്കും. ആധുനിക സൌകര്യങ്ങളുമുള്ള വിമാനത്താവളമായിരിക്കും ഇത്. 3400 മീറ്ററാണ് റണ്‍വേയുടെ നീളം. റണ്‍വേക്ക് സമാന്തരമായി നിര്‍മിക്കുന്ന ടാക്സിട്രാക്കാണ് മറ്റൊരു പ്രത്യേകത. റണ്‍വേയില്‍ ഇറക്കുന്ന വിമാനത്തെ അതേ വേഗത്തില്‍ ടാക്സി ട്രാക്കിലേക്ക് വഴിമാറ്റിവിടാനും റണ്‍വേയിലേക്ക് കൊണ്ടുവരാനും സാധിക്കും. ബോയിങ് 747 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് വരെ ഇറങ്ങാനാവും. വിമാന അറ്റകുറ്റപ്പണിക്കായുള്ള സൌകര്യം, വിപുലമായ ടെര്‍മിനല്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയുമുണ്ടാകും.

മുഖ്യമന്ത്രി ചെയര്‍മാനായുള്ള കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) എന്ന പബ്ളിക്ക് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. ആഭ്യന്തര, ധനകാര്യ, റവന്യു, വ്യവസായ മന്ത്രിമാര്‍, ഫിനാന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ടൂറിസം സെക്രട്ടറി, കിന്‍ഫ്ര എംഡി തുടങ്ങിയവര്‍ കമ്പനി ഡയറക്ടര്‍മാരാണ്. വിമാനത്താവളം സ്പെഷ്യല്‍ ഓഫീസര്‍ വി തുളസിദാസ് മനേജിങ് ഡയറക്ടറുമാണ്. കിയാലിന്റെ 26 ശതമാനം ഓഹരി സര്‍ക്കാരിനും 23 ശതമാനം പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും രണ്ടു ശതമാനം ഇന്‍കലിനുമാണ്. ഓഹരിയുടെ 61 ശതമാനവും സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈയിലായതിനാല്‍ കമ്പനിയുടെ നിയന്ത്രണം സര്‍ക്കാരിനായിരിക്കും. 41 ശതമാനം ഓഹരിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുക.

ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന വിമാനത്താവളത്തിന് 1200 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്-വയനാട് ജില്ലകളുടെ വടക്ക് ഭാഗം, കര്‍ണാടകയിലെ കുടക്, പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി പ്രദേശങ്ങളിലുള്ളവര്‍ക്ക് നേരിട്ട് യാത്രാപ്രയോജനം ലഭിക്കും. അതിനേക്കാളേറെ വടക്കെ മലബാറിന്റെ വാണിജ്യ, വ്യാവസായിക ടൂറിസം, ഗതാഗതമേഖലകളില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും. ടൂറിസം മേഖലയില്‍ വന്‍ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങളുടെ കയറ്റുമതി കൂടുതല്‍ ഊര്‍ജസ്വലമാവുകയും പുതിയവ്യവസായങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യും. വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്‍ഗോ, ട്രാന്‍സ്പോര്‍ട്ടിങ്, വെയര്‍ഹൌസ് തുടങ്ങിയ വ്യവസായങ്ങള്‍ വരും. വിമാനത്താവളവുമായി ബന്ധപ്പെട്ട് ഐടി പാര്‍ക്കുകളും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്. പതിനായിരക്കണക്കിന് തൊഴില്‍ സാധ്യതയാണുണ്ടാവുക.

ദേശാഭിമാനി 191210

1 comment:

  1. സംസ്ഥാനത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരില്‍ നിര്‍മിക്കുക. വിമാനത്താവളത്തിനായി ഏറ്റെടുക്കാന്‍ നിശ്ചയിച്ച 2000 ഏക്കര്‍ ഭൂമിയില്‍ 1300 ഏക്കര്‍ ഏറ്റെടുത്തു. ബാക്കി 700 ഏക്കര്‍ ജനുവരിയോടെ ഏറ്റെടുക്കും. ആധുനിക സൌകര്യങ്ങളുമുള്ള വിമാനത്താവളമായിരിക്കും ഇത്. 3400 മീറ്ററാണ് റണ്‍വേയുടെ നീളം. റണ്‍വേക്ക് സമാന്തരമായി നിര്‍മിക്കുന്ന ടാക്സിട്രാക്കാണ് മറ്റൊരു പ്രത്യേകത. റണ്‍വേയില്‍ ഇറക്കുന്ന വിമാനത്തെ അതേ വേഗത്തില്‍ ടാക്സി ട്രാക്കിലേക്ക് വഴിമാറ്റിവിടാനും റണ്‍വേയിലേക്ക് കൊണ്ടുവരാനും സാധിക്കും. ബോയിങ് 747 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് വരെ ഇറങ്ങാനാവും. വിമാന അറ്റകുറ്റപ്പണിക്കായുള്ള സൌകര്യം, വിപുലമായ ടെര്‍മിനല്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയുമുണ്ടാകും.

    ReplyDelete