Sunday, December 19, 2010

വിദേശനയത്തിലെ അമേരിക്കന്‍ സ്വാധീനം വെളിപ്പെട്ടു

അമേരിക്കന്‍ ഇടപെടലിന്റെ ആഴം വ്യക്തമായി: സിപിഐ എം

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നടത്തുന്ന ഇടപെടലിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് വിക്കിലീക്സ് പുറത്തുവിട്ട രേഖകളെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തിലെ എല്ലാ രഹസ്യമറകളും നീക്കുന്നതാണ് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്ക് അയച്ച രേഖകള്‍. ആണവകരാര്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നവരെയും രാജ്യത്തെ രാഷ്ട്രീയ പാര്‍ടികളെയും അമേരിക്കന്‍ എംബസി സ്വാധീനിച്ച രീതികളും ഇറാനോടുള്ള നിലപാട് ഉള്‍പ്പെടെ വിദേശനയങ്ങളിലെ സമ്മര്‍ദ്ദവും രേഖകള്‍ വെളിച്ചത്തു കൊണ്ടുവന്നുവെന്ന് പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വിദേശനയത്തിന്റെ കാര്യത്തില്‍ ഇന്ത്യ അമേരിക്കയുമായി ഏകോപിച്ചുനീങ്ങുന്നത് പരസ്യമായി സമ്മതിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കടുത്ത ലജ്ജ തോന്നിയിരുന്നുവെന്ന് ഒരു രേഖ പറയുന്നു. അമേരിക്കയുമായി കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യ ഗവണ്‍മെന്റിനെ നിര്‍ബന്ധിതരാക്കുന്ന തരത്തിലേക്ക് ബന്ധം വളര്‍ന്നതെങ്ങനെയെന്ന് രേഖകള്‍ തെളിയിക്കുന്നു. ആണവകരാര്‍ ഒപ്പിട്ടശേഷം ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തിന്റെ യഥാര്‍ഥ അവസ്ഥയെന്താണെന്നും വ്യക്തമാക്കുന്നു. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അമേരിക്കയുടെ യഥാര്‍ഥ പങ്കാളിയാണെന്ന് എംബസിയില്‍നിന്നുള്ള ഒരു സന്ദേശം സ്ഥിരീകരിക്കുന്നു.

അതേസമയം, മറ്റൊന്നില്‍ അമേരിക്കന്‍ താല്‍പ്പര്യത്തിന് വശംവദനാകാത്ത സിപിഐ എം ജനറല്‍ സെക്രട്ടറിക്കെതിെരെ മോശപ്പെട്ട പരാമര്‍ശവുമുണ്ട്. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ മാത്രമാണ് അമേരിക്കയുടെ അജണ്ടയെന്ന് ലോകത്താകെ നിന്ന് വിക്കിലീക്സ് ശേഖരിച്ച രേഖകള്‍ വെളിപ്പെടുത്തുന്നു. ഈ താല്‍പ്പര്യങ്ങളില്‍ ചിലതു മുന്നോട്ടുകൊണ്ടുപോകാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നതാണ് ദൌര്‍ഭാഗ്യകരം- പിബി വ്യക്തമാക്കി.

വിദേശനയത്തിലെ അമേരിക്കന്‍ സ്വാധീനം വെളിപ്പെട്ടു

അമേരിക്കയുമായുള്ള ആണവകരാര്‍ ഒപ്പിടുന്നതോടെ ഇന്ത്യന്‍ വിദേശനയം അടിയറവയ്ക്കപ്പെടുമെന്ന ഇടതുപക്ഷം ചൂണ്ടിക്കാണിച്ചത് ശരിയാണെന്ന് വിക്കിലീക്സ് രേഖകള്‍ അടിവരയിടുന്നു. സ്വതന്ത്ര വിദേശനയമാണ് പിന്തുടരുന്നതെന്ന യുപിഎ സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് അമേരിക്കന്‍ എംബസിയില്‍ നിന്ന് വൈറ്റ്ഹൌസിലേക്ക് അയച്ച സന്ദേശങ്ങള്‍തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഇറാനുമായി ബന്ധം സ്ഥാപിക്കാതിരിക്കാന്‍ അമേരിക്ക കടുത്ത സമ്മര്‍ദം ചെലുത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

2008ല്‍ ഇറാന്‍ പ്രസിഡന്റ് യാത്രാമധ്യേ ഇന്ത്യയിലെത്തിയപ്പോള്‍ അമേരിക്കന്‍ സ്ഥാനപതിയായ ഡേവിഡ് മുല്‍ഫോര്‍ഡ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ മേനോനെ കണ്ട് എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. അമേരിക്കന്‍ ശത്രുവിന് വേദി നല്‍കിയാല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആണവകരാറിനെ എതിര്‍ക്കുമെന്നായിരുന്നു മുല്‍ഫോര്‍ഡിന്റെ ഭീഷണി. അമേരിക്കന്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇറാനിലേക്കുള്ള ഗ്രാഫൈറ്റ് കയറ്റുമതി ഇന്ത്യന്‍ കമ്പനിയോട് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഒരു സന്ദേശത്തില്‍ പറയുന്നുണ്ട്. ഈ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ സൌത്ത്ബ്ളോക്കിലെത്തി ഇന്ത്യന്‍ അധികൃതരെ കണ്ടതിനെപ്പോലും അമേരിക്ക എതിര്‍ത്തു. ഇറാന്റെ ബാലിസ്റിക് മിസൈല്‍ പദ്ധതിയെ പ്രോത്സഹിപ്പിക്കുംവിധം ഇന്ത്യ പ്രവര്‍ത്തിച്ചാല്‍ ആണവകരാറിന് അനുകൂലമായി കോണ്‍ഗ്രസ് അംഗങ്ങള്‍ നില്‍ക്കാന്‍ പ്രയാസമായിരിക്കുമെന്നും സന്ദേശം പറയുന്നു.

മുംബൈ ഭീകരാക്രമണത്തിനുശേഷം അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പാകിസ്ഥാനുമായി സംഭാഷണമില്ലെന്ന നയം ഇന്ത്യ മാറ്റുന്നത് സ്വന്തം തീരുമാനപ്രകാരമല്ല, മറിച്ച് അമേരിക്കന്‍ സമ്മര്‍ദത്തിന്റെ ഫലമാണെന്നും തെളിഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷമാണ് ഇന്ത്യയുടെ പാകിസ്ഥാന്‍ നയത്തില്‍ മാറ്റം കണ്ടുതുടങ്ങിയതെന്നും വിക്കിലീക്സ് പറയുന്നു. ഇക്കാര്യത്തില്‍ 'അമേരിക്കയുടെ സന്ദേശം' ഇന്ത്യ മനസ്സിലാക്കിയെന്ന് ഒരു സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കാലാവസ്ഥാമാറ്റം, വ്യാപാരചര്‍ച്ചകള്‍ എന്നിവയിലും അമേരിക്കന്‍ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് എംബസി സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. കോപ്പന്‍ഹേഗനില്‍ നടന്ന കാലാവസ്ഥാ മാറ്റ ഉച്ചകോടിക്കുശേഷമാണ് ഇന്ത്യന്‍ നയത്തില്‍ മാറ്റം വരുത്താന്‍ തുടങ്ങിയതെന്ന് അംബാസഡര്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. ക്യോട്ടോ പ്രഖ്യാപനം, ബാലി കര്‍മപദ്ധതി എന്നിവയില്‍ വര്‍ഷങ്ങളായി ഉറച്ചുനിന്ന ഇന്ത്യ അതില്‍നിന്ന് മാറി കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ തീരുമാനത്തെ സ്വാഗതംചെയ്തതാണ് അമേരിക്കയെ സന്തോഷിപ്പിച്ചത്. ഇന്ത്യ സ്വയമേവ 20-25 ശതമാനം ബഹിര്‍ഗമനം കുറയ്ക്കാന്‍ തീരുമാനിച്ചതും മറ്റ് വികസ്വരരാജ്യങ്ങളില്‍നിന്ന് ഇന്ത്യ വ്യത്യസ്തമാണെന്ന മന്ത്രി ജയ്റാം രമേഷിന്റെ പ്രസ്താവനയും അമേരിക്കന്‍ നയത്തിന്റെ വിജയമായാണ് പരാമര്‍ശിക്കുന്നത്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 191210

1 comment:

  1. ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നടത്തുന്ന ഇടപെടലിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് വിക്കിലീക്സ് പുറത്തുവിട്ട രേഖകളെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തിലെ എല്ലാ രഹസ്യമറകളും നീക്കുന്നതാണ് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്ക് അയച്ച രേഖകള്‍. ആണവകരാര്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നവരെയും രാജ്യത്തെ രാഷ്ട്രീയ പാര്‍ടികളെയും അമേരിക്കന്‍ എംബസി സ്വാധീനിച്ച രീതികളും ഇറാനോടുള്ള നിലപാട് ഉള്‍പ്പെടെ വിദേശനയങ്ങളിലെ സമ്മര്‍ദ്ദവും രേഖകള്‍ വെളിച്ചത്തു കൊണ്ടുവന്നുവെന്ന് പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

    ReplyDelete