Sunday, December 12, 2010

സ്റ്റേഷനുകളിലെ ലോക്കപ്പ് ഇനി പഴങ്കഥ; കേന്ദ്രീകൃത ലോക്കപ്പ് തുറന്നു

കോട്ടയം: രാജ്യത്തെ പൊലീസ് സേനയ്ക്കു മാതൃകയാകുന്ന കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം മണര്‍കാട്ട് തുറന്നു. എല്ലാ സ്റ്റേഷനിലും ലോക്കപ്പ് എന്നതിനുപകരം മേഖലയില്‍ ഒരു പൊതു ലോക്കപ്പ് എന്ന ജസ്റ്റിസ് കെ ടി തോമസ് കമീഷന്റെ ശുപാര്‍ശയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് കേന്ദ്രീകൃത ലോക്കപ്പ് തുറന്നത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.

പ്രതികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും പീഡനമുറകള്‍ ഒഴിവാക്കി പ്രതികളുടെ ജനാധിപത്യ-മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് കേന്ദ്രീകൃത ലോക്കപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഇത്തരത്തില്‍ സംവിധാനം ഒരുക്കും. തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജില്ലയില്‍ 31 പൊലീസ് സ്റ്റേഷനിലാണ് ലോക്കപ്പ് സംവിധാനമുള്ളത്. കോട്ടയം ഡിവിഷനിലെ എട്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ പിടികൂടുന്ന പ്രതികളെ ഇനിമുതല്‍ മണര്‍കാട്ടെ കേന്ദ്രീകൃത ലോക്കപ്പില്‍ എത്തിക്കും. ഇതിന്റെ ഉത്തരവ് ഡിജിപി ജേക്കബ് പുന്നൂസ് വെള്ളിയാഴ്ച പുറപ്പെടുവിച്ചു.

കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, ചിങ്ങവനം, പാമ്പാടി സ്റ്റേഷനുകളിലെ പ്രതികളെയാണ് ഇവിടെ സൂക്ഷിക്കുക. മണര്‍കാട് സ്റ്റേഷനില്‍ നിലവിലുള്ള ലോക്കപ്പ് നവീകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കിയത്. ചുമതലയ്ക്കായി എസ്ഐ റാങ്കിലുള്ള ആംഡ് റിസര്‍വ് വിഭാഗത്തെ ഇവിടെ നിയമിച്ചു. പുരുഷ-സ്ത്രീ തടവുകാര്‍ക്ക് പ്രത്യേകം മുറികളുണ്ട്. അഞ്ച് പൊലീസുകാര്‍ കാവലുണ്ടാകും. സ്ത്രീതടവുകാരുണ്ടെങ്കില്‍ മൂന്ന് വനിതാ പൊലീസുകാരെയും നിയോഗിക്കും. രാത്രി ഒമ്പതിനും രാവിലെ ഏഴിനും ഇടയില്‍ പിടികൂടുന്നവരെയാണ് കോടതിയില്‍ ഹാജരാക്കുംവരെ കേന്ദ്രീകൃത ലോക്കപ്പില്‍ സൂക്ഷിക്കുക. ലോക്കപ്പുകളില്‍ ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ജ. കെ ടി തോമസ് മുഖ്യപ്രഭാഷണം നടത്തി. വി എന്‍ വാസവന്‍ എംഎല്‍എ അധ്യക്ഷനായി.

ദേശാഭിമാനി 121210

1 comment:

  1. രാജ്യത്തെ പൊലീസ് സേനയ്ക്കു മാതൃകയാകുന്ന കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം മണര്‍കാട്ട് തുറന്നു. എല്ലാ സ്റ്റേഷനിലും ലോക്കപ്പ് എന്നതിനുപകരം മേഖലയില്‍ ഒരു പൊതു ലോക്കപ്പ് എന്ന ജസ്റ്റിസ് കെ ടി തോമസ് കമീഷന്റെ ശുപാര്‍ശയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് കേന്ദ്രീകൃത ലോക്കപ്പ് തുറന്നത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.

    ReplyDelete