Sunday, December 12, 2010

അസാഞ്ചെയെ അമേരിക്ക ഭയപ്പെടുന്നതിലെ യാഥാര്‍ഥ്യം

വര്‍ത്തമാനകാലത്ത് അമേരിക്ക നടത്തികൊണ്ടിരിക്കുന്ന കൊടും ക്രൂരതകളുടെയും അതിഗൂഢ പ്രവര്‍ത്തനങ്ങളുടെയും രഹസ്യരേഖകളാണ് ജൂലിയന്‍ അസാഞ്ചേയുടെ നേതൃത്വത്തിലുള്ള വിക്കിലീക്ക്‌സ് പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടേത് മാത്രമല്ല, അവരുടെ സഖ്യകക്ഷികളുടെയും അന്യായങ്ങളും അനീതികളും വിക്കിലീക്ക്‌സ് പൊതുജനസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്.

വിക്കിലീക്ക്‌സ് പുറത്തുവിടുന്ന ഓരോ വാര്‍ത്തയും അമേരിക്കന്‍ ഭരണകൂടത്തെയും അവരുടെ കൂട്ടാളികളെയും അതിശയിപ്പിക്കുകയും ആശങ്കാകുലമാക്കുകയും ചെയ്യുന്നുവെന്നത് തന്നെ വസ്തുതകളിലെ യാഥാര്‍ഥ്യവും ഭയാനകതയും തെളിയിക്കുന്നുണ്ട്. ഓരോ വാര്‍ത്ത പുറത്തുവരുമ്പോഴും ജൂലിയന്‍ അസാഞ്ചേയ്‌ക്കെതിരെയും വിക്കിലീക്ക്‌സിനെതിരെയും അമേരിക്കയും കൂട്ടാളികളും കലിതുള്ളുകയായിരുന്നു.

അമേരിക്ക നടത്തിയ കൊടും ക്രൂരതകളും നയതന്ത്ര ഇടപാടുകളിലെ കടുത്ത വഞ്ചനാപരമായ നിലപാടുകളും വസ്തുതകളുടെ പിന്‍ബലത്തോടെ അസാഞ്ചേയും വിക്കിലീക്ക്‌സും പൊതുസമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു. മനുഷ്യക്കശാപ്പിന്റെ കൊടും ക്രൂരതകള്‍ അമേരിക്ക അരങ്ങേറ്റിയ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കന്‍ ഭരണകൂടം ആസൂത്രിതമായി നടപ്പാക്കിയ കുരുതികളും മനുഷ്യാവകാശ ലംഘനങ്ങളും അമേരിക്കയ്ക്ക് നിഷേധിക്കാനാവാത്ത നിലയില്‍ യുക്തിഭദ്രതയോടെ വിക്കിലീക്ക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. അതിരറ്റ മനുഷ്യാവകാശ നിഷേധ പ്രവര്‍ത്തനങ്ങളിലാണ് അമേരിക്ക അഭിരമിച്ചുകൊണ്ടിരിക്കുന്നതെന്ന് 2007 നവംബറില്‍ വസ്തുതകളുടെ പിന്‍ബലത്തോടെ വിക്കിലീക്ക്‌സ് സ്ഥാപിച്ചിരുന്നു. ബാഗ്ദാദിലെ ഉള്‍പ്രദേശത്ത് ഒരുപറ്റം ഇറാഖി പൗരന്‍മാരെ ബന്ദികളാക്കി വധിക്കുന്നത് ചലന ചിത്രങ്ങളുടെ സാക്ഷ്യത്തോടെ 2010 ല്‍ വിക്കിലീക്ക്‌സ് പുറത്തുവിട്ടു. അതിനുമുമ്പു തന്നെ കുഞ്ഞുങ്ങളെ നിര്‍ദയം വധിച്ചുവെന്ന വ്യാജ വാര്‍ത്ത ഇറാഖിനെതിരെ അമേരിക്ക ലോകമാസകലം പ്രചരിപ്പിച്ചിരുന്നു. തങ്ങള്‍ക്കെതിരായി ഉയരുന്ന ജനവികാരത്തെ ഇറാഖിനെതിരായി മാറ്റുവാന്‍ സൃഷ്ടിച്ച ആസൂത്രിത പ്രചരണമായിരുന്നു അതെന്ന് പിന്നീട് വ്യക്തമായി. വിക്കിലീക്ക്‌സ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലൂടെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ കൊടും ക്രൂരതകളുടെ നൃശംസത നിറഞ്ഞ കഥകള്‍ പുറത്തുവന്നു.

ഗ്വാണ്ടനാമോ തടവറയിലെ ആരെയും ഞെട്ടിപ്പിക്കുന്ന ക്രൂരതകള്‍ ലോകത്തെയാകെ അമ്പരപ്പിക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്തിരുന്നു. മനുഷ്യാവകാശങ്ങളുടെ ക്രൂരമായ ലംഘനം അരങ്ങേറുന്നതിന്റെ ബീഭത്സ ചലനചിത്രങ്ങളാണ് മാലോകര്‍ കണ്ടത്. ആധുനിക കാലത്തും ഈ വിധം കൊടും ക്രൂരതകളോയെന്ന് ലോകജനത ആശ്ചര്യപ്പെട്ടു. ജോര്‍ജ് ബുഷിന്റെയും ബരാക് ഒബാമയുടെയും സ്വന്തം അമേരിക്കയില്‍ തന്നെ ഇതിനെതിരായ പ്രതിഷേധം ശക്തിപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും നിയമ നടപടികള്‍പോലും സ്വീകരിക്കാതെ ആയിരങ്ങളെ തടവിലിട്ടു പീഡിപ്പിച്ചതിന്റെ വാര്‍ത്തകളും ലോകം അറിഞ്ഞു. വിക്കിലീക്കിസിന്റെ വെളിപ്പെടുത്തലുകള്‍ അമേരിക്കയെയും അവരുടെ യുദ്ധഭ്രാന്തിനെ അനുകൂലിച്ച രാഷ്ട്രങ്ങളെയും അസ്വസ്ഥമാക്കുന്നത് സ്വാഭാവികമാണ്.

വിക്കിലീക്ക്‌സിനും അസാഞ്ചേയ്ക്കുമെതിരായ മുറവിളികളുമായി അവര്‍ രംഗത്തുവന്നു. ഭയപ്പെടുത്തലിന്റെ സ്വരവുമായി ഒബാമയുടെ നേതൃത്വത്തിലുള്ള അമേരിക്ക മുന്നില്‍ നിന്നു. ബ്രിട്ടന്‍, ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ അസാഞ്ചേയ്ക്കും വിക്കിലീക്ക്‌സിനുമെതിരായ നടപടികള്‍ക്ക് ഒബാമ പ്രേരിപ്പിച്ചു.

ഇന്ത്യ അടക്കമുള്ള തങ്ങളുടെ സൗഹൃദമേറിയ രാഷ്ട്രങ്ങളെന്ന് അമേരിക്ക പരസ്യപ്രഖ്യാപനം നടത്തുന്നവയ്‌ക്കെതിരായി സ്വന്തം നയതന്ത്ര ഉദ്യോഗസ്ഥന്‍മാരെ ഉപയോഗിച്ച് ചാരവൃത്തി നടത്തി. അമേരിക്കയ്ക്ക് അമേരിക്കയെ ഒഴിച്ച് ആരെയും വിശ്വാസമില്ലെന്ന യാഥാര്‍ഥ്യമാണ് വിക്കിലീക്ക്‌സ് രേഖകളിലൂടെ പുറത്തുവന്നത്. നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ അന്തസ്സും മാന്യതയും പോലും കളഞ്ഞുകുളിക്കാന്‍ അമേരിക്കയ്ക്ക് മടിയില്ലെന്നതിന്റെ തെളിവുകളുമായിരുന്നു അവ. പക്ഷേ ഇത്തരം വസ്തുതാപരമായ വിവരങ്ങള്‍ അറിഞ്ഞിട്ടും അമേരിക്കന്‍ ദാസ്യപ്രകടനത്തില്‍ അഭിരമിക്കുകയാണ് ഇന്ത്യന്‍ ഭരണ നേതൃത്വം. സാമ്രാജ്യത്വവിധേയത്വം എത്രമേല്‍ ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികളെ അധിനിവേശിച്ചിരിക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിസ്സംഗതയും നിഷ്‌ക്രിതത്വവും.

അസാഞ്ചേയും വിക്കിലീക്ക്‌സും പുറത്തുവിട്ട രേഖകള്‍ അമേരിക്കയെ കടുത്ത അസ്വസ്ഥതയിലാഴ്ത്തി. ഇനി വരാനിരിക്കുന്ന രേഖകള്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന അസാഞ്ചേയുടെ പ്രഖ്യാപനം അവരെ കൂടുതല്‍ ഭീതിയിലാഴ്ത്തി. യുദ്ധകുറ്റവാളികളെ സംരക്ഷിക്കുകയും തങ്ങളുടെ കൊടും ക്രൂരതകളെ മറച്ചുപിടിക്കുവാന്‍ പരിശ്രമിച്ച് പരാജയപ്പെടുകയും ഐക്യരാഷ്ട്രസഭയെയയും ലോക കോടതിയെയും ബന്ദികളാക്കുകയും ചെയ്ത അമേരിക്ക അസാഞ്ചേയെ തടവുമുറിയിലാക്കണമെന്ന് ആഗ്രഹിച്ചത് മറ്റൊന്നും കൊണ്ടല്ല. അസാഞ്ചേയുടെ പേരില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റത്തില്‍ ശരിയോ തെറ്റോ ഉണ്ടായിരിക്കാം. പക്ഷേ അസാഞ്ചേയുടെമേല്‍ ചുമത്തപ്പെട്ടതിലും എത്രയോ വലിയ കുറ്റകൃത്യങ്ങളുടെ നീണ്ട പരമ്പരയാണ് അമേരിക്കന്‍ ഭരണാധികാരികള്‍ക്കു നേരെയുള്ളത്. നിരവധി മനുഷ്യരെ നിര്‍ദയം കൊന്നുതള്ളിയവര്‍, ഒരു സ്ത്രീയെ ഒരാള്‍ പീഡിപ്പിച്ചു എന്ന പേരില്‍ കലിതുള്ളുന്നതിലെ പരിഹാസ്യത വാക്കുകളില്‍ വിവരിക്കാനാവുന്നതല്ല. ജനാധിപത്യ ധ്വംസനത്തിന്റെയും സ്വാതന്ത്ര്യനിഷേധത്തിന്റെയും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനത്തിന്റെയും ഇരുണ്ട പാതയിലൂടെ സഞ്ചരിക്കുന്ന അമേരിക്ക അസാഞ്ചേയെയും വിക്കിലീക്ക്‌സിനെയും അഗാധമായ നിലയില്‍ ഭയപ്പെടുന്നുവെന്നതാണ് പരമമായ സത്യം.

ജനയുഗം മുഖപ്രസംഗം 121210

1 comment:

  1. വര്‍ത്തമാനകാലത്ത് അമേരിക്ക നടത്തികൊണ്ടിരിക്കുന്ന കൊടും ക്രൂരതകളുടെയും അതിഗൂഢ പ്രവര്‍ത്തനങ്ങളുടെയും രഹസ്യരേഖകളാണ് ജൂലിയന്‍ അസാഞ്ചേയുടെ നേതൃത്വത്തിലുള്ള വിക്കിലീക്ക്‌സ് പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടേത് മാത്രമല്ല, അവരുടെ സഖ്യകക്ഷികളുടെയും അന്യായങ്ങളും അനീതികളും വിക്കിലീക്ക്‌സ് പൊതുജനസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്.

    വിക്കിലീക്ക്‌സ് പുറത്തുവിടുന്ന ഓരോ വാര്‍ത്തയും അമേരിക്കന്‍ ഭരണകൂടത്തെയും അവരുടെ കൂട്ടാളികളെയും അതിശയിപ്പിക്കുകയും ആശങ്കാകുലമാക്കുകയും ചെയ്യുന്നുവെന്നത് തന്നെ വസ്തുതകളിലെ യാഥാര്‍ഥ്യവും ഭയാനകതയും തെളിയിക്കുന്നുണ്ട്. ഓരോ വാര്‍ത്ത പുറത്തുവരുമ്പോഴും ജൂലിയന്‍ അസാഞ്ചേയ്‌ക്കെതിരെയും വിക്കിലീക്ക്‌സിനെതിരെയും അമേരിക്കയും കൂട്ടാളികളും കലിതുള്ളുകയായിരുന്നു.

    ReplyDelete