Wednesday, December 8, 2010

അഴിമതിക്കാര്‍ക്കുവേണ്ടി ഇടതുപക്ഷത്തെ ആക്രമിക്കുന്നവരോട്

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് സുപ്രീംകോടതി ഉള്‍പ്പെടെ എല്ലാവരും ചൂണ്ടിക്കാട്ടിയ സ്പെക്ട്രം അഴിമതിയില്‍ ജെപിസി അന്വേഷണത്തെ കോണ്‍ഗ്രസ്സ് എന്തിനാണ് ഇത്രയേറെ ഭയക്കുന്നത്? കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് പാര്‍ലമെന്റിലെ പിഎസി പരിശോധിക്കുകയെന്നത് സാധാരണ നടപടിക്രമം മാത്രമാണ്. അത്തരമൊരു പരിശോധന നടത്താമെന്ന് കോണ്‍ഗ്രസ്സ് വാദിക്കുന്നത് നിരര്‍ത്ഥകമാണ്. സര്‍ക്കാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും അത് കൂടിയേ കഴിയൂ. ഇവിടെ അസാധാരണമായ തോതില്‍ നടന്ന ഈ അഴിമതിക്കു കാരണം ലേലം ഒഴിവാക്കിയ നയപരമായ തീരുമാനമാണ്. അതിന് രാഷ്ട്രീയ തീരുമാനമെടുത്തവര്‍ രാജ്യത്തോട് മറുപടി പറയണം. ഉത്തരവാദി മന്‍മോഹനെങ്കില്‍ അദ്ദേഹവും ചോദ്യം ചെയ്യപ്പെടണം. മന്‍മോഹനെ പ്രതിപക്ഷം ലക്ഷ്യമിടുന്നുവെന്ന ഭയംമൂലം കോണ്‍ഗ്രസ്സ് ജെപിസിയില്‍നിന്നും അകലം പാലിക്കുന്നുവെന്ന് വാദിക്കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിനുവേണ്ടി സ്വയം ഉഴിഞ്ഞു വച്ചവരാണ്.

    "പൂവന്‍കോഴികള്‍ കൂകാത്ത കാലം'' എന്ന കിടിലന്‍ തലക്കെട്ടില്‍ മാതൃഭൂമിയിലെ ഇടതുപക്ഷമെന്ന പംക്തികാരനായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഇടതുപക്ഷത്തെ ലക്ഷ്യമിട്ട് ദുരാരോപണങ്ങള്‍ ചൊരിഞ്ഞത് മാന്യതയായില്ല. ഇടതുപക്ഷത്തോട് എന്തെങ്കിലും മാന്യത ആ കോളം പുലര്‍ത്തിയതായി അറിവില്ലെങ്കിലും, മാധ്യമ പ്രവര്‍ത്തകര്‍ തന്നെ റാഡിയാ ടേപ്പുകളില്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ടിട്ടും അപ്പുക്കുട്ടന്‍ തന്റെ "തൊഴില്‍'' അനവരതം തുടരുന്നത് കൌതുകമായി.

    കാവല്‍പട്ടികള്‍ കുരക്കാതിരുന്നതിനാലാണ് മോഷണം നടന്നതെന്നും അതിനാല്‍ മോഷ്ടാവിനേക്കാള്‍ കടുത്ത കുറ്റവാളി ആ നാല്‍കാലിയാണെന്നും വാദിച്ചുറപ്പിക്കാന്‍ അപ്പുക്കുട്ടന്‍മാരുടെ വിരുത് പ്രസിദ്ധമാണ്. ബൊഫേഴ്സ് ഇടപാടിനെതിരെ ഇടതുപക്ഷം നടത്തിയ പോരാട്ടത്തിനു സമാനമായി ഇപ്പോള്‍ സമരത്തിനിറങ്ങാത്തതാണ് അപ്പുക്കുട്ടനെ അന്ധാളിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സിപിഐ എം അല്ലാതെ ഏതു പാര്‍ടിയാണ് ഇതിനെ ശക്തമായി തുടക്കംമുതല്‍ എതിര്‍ത്തുപോന്നത്? ഈ സംഭവങ്ങളെ പുറംലോകത്തെത്തിക്കാന്‍ അനവരതം പൊരുതിയ പയനിയര്‍ ലേഖകന്‍ ഗോപീകൃഷ്ണന്‍ തന്നെ, സിപിഐ എം നടത്തിയ പരിശ്രമങ്ങളെ പ്രശംസിച്ചത് കേള്‍ക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല. സിപിഐ എം നേതാവായ സീതാറാം യെച്ചൂരിയാണ് ആദ്യമായി ഈ വിഷയം ഉന്നയിച്ചതെന്ന് ഉറക്കെപ്പറയാന്‍ നമ്മുടെ മാധ്യമങ്ങള്‍ മടിക്കുന്നത് മനഃപൂര്‍വ്വമല്ലേ?

    അഴിമതിവിരുദ്ധപ്പോരാട്ടത്തില്‍ ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയെ നിര്‍വീര്യമാക്കാനാണ് മലയാള മനോരമയും മാതൃഭൂമിയും ലാവ്ലിന്‍ കഷായം എല്ലാ ദിവസവും സേവിച്ചുകൊണ്ടിരിക്കുന്നത്. സി കെ ചന്ദ്രപ്പന്റെ പിറകെ നടന്ന് പ്രതികരണം തേടുന്നതും അദ്ദേഹം അതിന് വഴങ്ങി തലക്കെട്ടുകളില്‍ നിറയുന്നതും മാധ്യമങ്ങള്‍ക്ക് നല്ല ഉല്‍സാഹം പകരുന്നുമുണ്ട്. "നീരാ റാഡിയായ്ക്ക് സിപിഐ എം ബന്ധമുണ്ട്'' എന്നൊരു തലക്കെട്ട് പലതവണ മലയാള മാധ്യമങ്ങളില്‍ വന്നു. ബംഗാളിലെ ചെറുകാര്‍ ഫാക്ടറിയുമായി ബന്ധപ്പെട്ട ഏതോ കാര്യത്തിന് രത്തന്‍ടാറ്റയുടെ പി ആര്‍ ഒ എന്ന നിലയില്‍ നീരാ റാഡിയ ഏതോ ബംഗാള്‍ മന്ത്രിമാരോട് സംസാരിച്ചിട്ടുണ്ടത്രേ. അതെങ്ങനെ സ്പെക്ട്രം അഴിമതിയുടെ ഉത്തരവാദിത്തത്തിന്റെ പങ്കുപറ്റലാകുമെന്ന് മറുചോദ്യമില്ല. അത്തരം സംഭാഷണങ്ങളുടെ യാതൊരു വിവരവും ഇതേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമില്ല. എങ്കില്‍പ്പോലും സിപിഐ എമ്മിനെ പ്രതിരോധത്തിലാക്കാമോയെന്ന ചിന്തയാണ് മാധ്യമങ്ങള്‍ക്ക്. പ്രകാശ് കാരാട്ടിനെ വരെ ഇതിലേക്ക് വലിച്ചിഴക്കാന്‍ മാധ്യമങ്ങള്‍ പെടാപ്പാട് പെടുന്നതു കാണുമ്പോള്‍ സഹതപിക്കാതെ മാര്‍ഗമില്ല.

    എ കെ ജി, ഭൂപേശ് ഗുപ്ത, ജ്യോതിര്‍മയിബസു എന്നിവരുടെ പാര്‍ടിയായ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കെന്തു പറ്റിയെന്ന് അപ്പുക്കുട്ടന്‍ അല്‍ഭുതം കൂറുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികളായ കോണ്‍ഗ്രസ്സിനെ രക്ഷപ്പെടുത്താനുള്ള ത്വര പ്രകടമാവുകയാണ്. ഈ കുംഭകോണം സംബന്ധിച്ച് പാര്‍ലമെന്റിനകത്തും പുറത്തും സിപിഐ എം നടത്തിയ ഇടപെടലുകളേയും ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ലഘുലേഖ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച് നടത്തിയ പോരാട്ടങ്ങളേയും തുടര്‍ച്ചയായി തമസ്കരിക്കുകയും ലാവ്ലിന്‍പോലെ പഴകി പുളിച്ച കഥകളാല്‍ സിപിഐ എമ്മിനെ മര്യാദലംഘനം നടത്തി അക്രമിക്കുകയും ചെയ്തുവന്ന മാതൃഭൂമിയിലെ അപ്പുക്കുട്ടന്റെ കോളം തന്നെ ഇത്ര നാളും സ്പെക്ട്രം അഴിമതിക്കെതിരെ "കൂവാത്ത''തെന്തുകൊണ്ടെന്നു കൂടി മാലോകരെ അറിയിക്കണമായിരുന്നു.

    രത്തന്‍ടാറ്റയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന വെളിപ്പെടുത്തലാണ് റാഡിയാ ടേപ്പുകള്‍ എന്ന് ടാറ്റ സങ്കടപ്പെടുമ്പോള്‍ കൂടെ കുരയ്ക്കുന്ന മാധ്യമങ്ങളെ കാണാനായി. അമേരിക്കയുടെ മുഖവും മനസ്സും രണ്ടാണെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കിയിരുന്ന ഇടതുപക്ഷ നിലപാടിനെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് 'വിക്കിലീക്സ്' പുറത്തുകൊണ്ടുവരുന്നത്. കോണ്‍ഗ്രസ്സ് തങ്ങളുടെ വാണിജ്യശാലയാണെന്ന് വീമ്പിളക്കുന്ന മുതലാളി തമ്പ്രാക്കള്‍ ഒരു മാധ്യമത്തിലും ചോദ്യം ചെയ്യപ്പെടുന്നില്ല. അതിനെക്കുറിച്ച് കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രതികരണമറിയാന്‍ മൈക്കുമായി കോണ്‍ഗ്രസ് നേതാക്കളെ ആരും സമീപിച്ചിട്ടുമില്ല.

    കോണ്‍ഗ്രസ്സ് അഴിമതിക്കേസുകളില്‍ പെടുന്നത് ആദ്യമല്ല. അപ്പോഴെല്ലാം അത് രാഷ്ട്രീയത്തിന്റെയാകെ കുഴപ്പമാക്കി ചിത്രീകരിച്ച് കോണ്‍ഗ്രസ്സിനെ വിശുദ്ധപ്പെടുത്തുന്നവര്‍ തന്നെയാണ് സ്പെക്ട്രം അഴിമതി പുറത്തുവരുമ്പോഴും ഇടതുപക്ഷത്തിനു നേരെ വീണ്ടും വാളെടുക്കുന്നത്. നീരാ റാഡിയായെ സിപിഐ എമ്മുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍, ഈ അഴിമതിയെ വേണ്ട വിധം എതിര്‍ത്തില്ല എന്ന കുറ്റം ചാര്‍ത്തിയെങ്കിലും തന്റെ ജോലി തീര്‍ക്കാനാണ് അപ്പുക്കുട്ടന്‍ ശ്രമിച്ചത്. അതിദയനീയമായ ഈ പ്രയോഗമുള്‍പ്പെടെ എല്ലാം കേരളം തിരിച്ചറിയുന്നു. അപ്പുക്കുട്ടനും സംഘവും പിന്തുണക്കുന്ന ഒഞ്ചിയം - ഷൊര്‍ണ്ണൂര്‍ വീരന്മാരും മറ്റും യുഡിഎഫ് പിന്തുണയോടെ ഭരിക്കുമ്പോള്‍, അപ്പുക്കുട്ടന് ഇതല്ലാതെ വേറെ എങ്ങനെ ഉപജീവനം നടക്കാനാണ്?
    
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 101210

1 comment:

  1. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് സുപ്രീംകോടതി ഉള്‍പ്പെടെ എല്ലാവരും ചൂണ്ടിക്കാട്ടിയ സ്പെക്ട്രം അഴിമതിയില്‍ ജെപിസി അന്വേഷണത്തെ കോണ്‍ഗ്രസ്സ് എന്തിനാണ് ഇത്രയേറെ ഭയക്കുന്നത്? കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് പാര്‍ലമെന്റിലെ പിഎസി പരിശോധിക്കുകയെന്നത് സാധാരണ നടപടിക്രമം മാത്രമാണ്. അത്തരമൊരു പരിശോധന നടത്താമെന്ന് കോണ്‍ഗ്രസ്സ് വാദിക്കുന്നത് നിരര്‍ത്ഥകമാണ്. സര്‍ക്കാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും അത് കൂടിയേ കഴിയൂ. ഇവിടെ അസാധാരണമായ തോതില്‍ നടന്ന ഈ അഴിമതിക്കു കാരണം ലേലം ഒഴിവാക്കിയ നയപരമായ തീരുമാനമാണ്. അതിന് രാഷ്ട്രീയ തീരുമാനമെടുത്തവര്‍ രാജ്യത്തോട് മറുപടി പറയണം. ഉത്തരവാദി മന്‍മോഹനെങ്കില്‍ അദ്ദേഹവും ചോദ്യം ചെയ്യപ്പെടണം. മന്‍മോഹനെ പ്രതിപക്ഷം ലക്ഷ്യമിടുന്നുവെന്ന ഭയംമൂലം കോണ്‍ഗ്രസ്സ് ജെപിസിയില്‍നിന്നും അകലം പാലിക്കുന്നുവെന്ന് വാദിക്കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിനുവേണ്ടി സ്വയം ഉഴിഞ്ഞു വച്ചവരാണ്.

    ReplyDelete