ജനാധിപത്യത്തിന്റെ വളര്‍ച്ചയും വികാസവും ഉറപ്പുവരുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് അനിഷേധ്യമാണ്. നമ്മുടെ ഭരണഘടനയില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് നിര്‍ണ്ണായകപങ്കാണ് നിര്‍വചിച്ചിട്ടുള്ളത്. ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടിവ്, ജുഡീഷ്യറി എന്നീ മൂന്നു നെടുംതൂണുകള്‍ കൂടാതെ ജനാധിപത്യത്തിലെ നാലാമത്തെ നെടുംതൂണായി വിവക്ഷിക്കപ്പെടുന്നത് മാധ്യമങ്ങളാണ്. ഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ നോക്കാതെ സമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. അങ്ങനെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ചുമതലപ്പെട്ട മാധ്യമങ്ങള്‍ വഴിവിട്ട രീതിയില്‍ തെറ്റായ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യത്തെ ദുഷിപ്പിക്കുന്നതിനും കാരണമാകും. ആഗോളവത്കരണത്തിന്റെ ഈ കാലത്ത് മൂലധന ശക്തികളുടെ ദല്ലാളന്‍മാരായി മാധ്യമങ്ങള്‍ മാറുന്നത് കാണാന്‍ കഴിയും.
ഇന്ത്യയില്‍ കഴിഞ്ഞ ദശാബ്ദകാലത്തിനിടയില്‍ ഭരണനയങ്ങളിലും പ്രവര്‍ത്തനങ്ങളിലും മൂലധന ശക്തികള്‍ നടത്തുന്ന അവിഹിത ഇടപെടലുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ജനവിരുദ്ധമായ നിയമ നിര്‍മ്മാണങ്ങളും സ്വകാര്യവല്‍ക്കരണവും വിപണി സമ്പദ്ഘടനാ വികാസവും വിലക്കയറ്റവും ഒക്കെ അതാണ് വ്യക്തമാക്കുന്നത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രത്യേകിച്ച് ഭരണ തലങ്ങളില്‍ അഴിമതി മാറാമുദ്രയായി തീര്‍ന്നിരിക്കുന്നതും അതുകൊണ്ടാണ്.
ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചഘട്ടത്തില്‍ ഭരണം നിലനിര്‍ത്താന്‍ പാര്‍ലമെന്റിനകത്തുപോലും പണച്ചാക്കുകള്‍കൊണ്ടു നിറച്ച സംഭവം, ഇപ്പോള്‍ പുറത്തുവന്ന ടൂ ജി സ്‌പെക്ട്രം അഴിമതി,കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, കര്‍ണാടകയിലും മഹാരാഷ്ട്രയിലും മുഖ്യമന്ത്രിമാര്‍ നേരിട്ടു പങ്കാളികളായ അഴിമതി കഥകള്‍, ഐപിഎല്‍ അഴിമതി തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത അഴിമതി പരമ്പരകളാണ് നടമാടുന്നത്. പ്രകൃതി വിഭവങ്ങളും പൊതുമുതലും കൊള്ളയടിച്ചു ലാഭം കൊയ്യാന്‍ മൂലധന ശക്തികളും വലതുപക്ഷ പാര്‍ട്ടികളും നടത്തുന്ന ഇത്തരം ഹീന പരിശ്രമങ്ങള്‍ക്കെതിരെ ജനപക്ഷത്തുനിന്നും പോരാടുന്ന രാഷ്ട്രീയശക്തി ഇടതുപക്ഷമാണ്. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രതിബദ്ധതയും ജനപക്ഷപ്രതിഛായയും കുറച്ചുകാട്ടി ജനങ്ങളുടെ മുന്നില്‍ താറടിച്ചു കാണിക്കാന്‍ മാധ്യമങ്ങള്‍ നിഗൂഢ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്്. ഇടതുപക്ഷങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം നിഗൂഢ മാധ്യമപ്രവര്‍ത്തനങ്ങള്‍ ശക്തവുമാണ്.
മാധ്യമപ്രവര്‍ത്തനങ്ങളിലെ നിഗൂഢ അജണ്ടകളെക്കുറിച്ച് കുറച്ചുകാലമായി കേരളത്തില്‍ വലിയ ചര്‍ച്ചകളും സംവാദങ്ങളും നടന്നുവരുന്നുണ്ട്. കേരളത്തിലെ ശക്തമായ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനും അതുവഴി വന്‍തോതില്‍ മൂലധന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വലിയ പരിശ്രമങ്ങളാണ് മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയോ കമ്മ്യൂണിസ്റ്റു നേതാക്കളെയോ മാധ്യമങ്ങള്‍ വിമര്‍ശിക്കാന്‍ പാടില്ലെന്ന ശാഠ്യം ആര്‍ക്കുമില്ല. വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും വളച്ചൊടിച്ച് പട്ടിയെ ആടും ആടിനെ പട്ടിയുമാക്കുന്ന തരത്തിലേക്ക് അത് തരംതാഴ്ന്ന് പോകുന്നത് ഗതികേടാണ്. ഈ രീതിയില്‍ വാര്‍ത്തകള്‍ വാര്‍ത്തെടുക്കാനും തമസ്‌കരിക്കാനും മാധ്യമങ്ങള്‍ മത്സരിക്കുന്നതാണ് കേരളത്തില്‍ ഇപ്പോള്‍ കണ്ടുവരുന്നത്്. വാചകങ്ങളില്‍ നിന്ന് എതാനും വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് ക്ഷുദ്രമാധ്യമപ്രവര്‍ത്തനം എങ്ങനെ നടത്തുന്നുവെന്ന് അനുഭവത്തിലൂടെ വ്യക്തമാക്കാന്‍ ഈ ലേഖകന് കഴിയും
ഇക്കഴിഞ്ഞ ഡിസംബര്‍ 10ന് എഐവൈഎഫ് സ. ജയപ്രകാശിന്റെ രക്തസാക്ഷി ദിനത്തില്‍ 'അറിവും തൊഴിലും ജന്മാവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരപ്രഖ്യാപന കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചിരുന്നു. തൃശൂര്‍ തെക്കേഗോപുരനടയില്‍ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തത് ഈ ലേഖകനാണ്. 1959ല്‍ രൂപം കൊണ്ട എഐവൈഎഫിന്റെ പ്രവര്‍ത്തന ചരിത്രവും പ്രധാന സമരങ്ങളും അതിനൊക്കെ നേതൃത്വം വഹിച്ച ശാരദ മിത്ര, പി കെ വി, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയ നേതാക്കളെക്കുറിച്ചും മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസ്തുത പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. സ്വാഭാവികമായും പിഎസ്‌സിയുടെ പേരില്‍ നടത്തിയ വ്യാജ ഉദ്യോഗനിയമന തട്ടിപ്പിനെയും അതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അഴിമതി പ്രസ്ഥാനമായി താറടിക്കാനുള്ള മാധ്യമശ്രമങ്ങളെയും പ്രസംഗത്തില്‍ ശക്തിയായ ഭാഷയില്‍ അപലപിക്കുകയുണ്ടായി. അഴിമതി സംബന്ധിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയവും സമീപനങ്ങളും ശക്തവും വ്യക്തവുമായ ഭാഷയില്‍ അവതരിപ്പിച്ച ആ പ്രസംഗത്തെയും ചില മാധ്യമങ്ങള്‍ വെറുതെ വിട്ടില്ലെന്നതാണ് സത്യം.
യൂത്ത് കോണ്‍ഗ്രസിന്റെ ഒരു പ്രമേയം അടിസ്ഥാനമാക്കി ഞാന്‍ പറഞ്ഞ കാര്യങ്ങളിതാണ്.
''ഞങ്ങളുടെ രണ്ട് മന്ത്രിമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷമാണ് നിയമസഭ കാണുന്നത്. എന്നിട്ടും ഉയര്‍ന്ന കമ്മ്യൂണിസ്റ്റ് മൂല്യമുള്ളതുകൊണ്ടാണ് അവര്‍ക്ക് നല്ല മന്ത്രിമാരായിമാറാന്‍ കഴിഞ്ഞത്. എന്റെ സമപ്രായക്കാരാണെങ്കിലും അവര്‍ മന്ത്രിമാരായി ആദ്യചുമതലയെടുക്കുന്നു എന്ന നിലക്ക് ശിശുക്കളാണ്. പക്ഷേ അവര്‍ ഇടതുമന്ത്രിസഭയുടെ ഭാഗമായി തികച്ചും സ്തുത്യാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. അനുഭവങ്ങളുടെ കുറവുകള്‍ കണ്ടെന്നിരിക്കാം.'' ഞാന്‍ ഈ പറഞ്ഞ കാര്യം പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തിമാറ്റി ചിലമാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്തകള്‍ കൗതുകകരമായിരുന്നു. ഗുരുതരമായ മാധ്യമ വ്യതിയാനങ്ങളുടെ അകംപൊരുള്‍ അറിയാത്ത ജനങ്ങളില്‍ വല്ലാത്ത അമ്പരപ്പും ജിജ്ഞാസയും, സൃഷ്ടിക്കുകയും അതുവഴി പാര്‍ട്ടിയെ കഴിയുംവിധം ദുരുപദിഷ്ടമായി ചിത്രീകരിക്കുകയും ചെയ്യുക എന്ന കൃത്യം ഫലപ്രദമാകുന്നത് കാണുമ്പോഴാണ് ഇത്തരം ഒരു ലേഖനത്തിന്റെ ആവശ്യം ബോധ്യപ്പെട്ടത്.
ഉദ്യോഗ നിയമന തട്ടിപ്പില്‍ പാര്‍ട്ടിക്കോ റവന്യു വകുപ്പു മന്ത്രിക്കോ യാതൊരു പങ്കുമില്ലെന്നും അന്വേഷണത്തില്‍ അഴിമതി നടത്തിയവര്‍ ആരാണെന്ന് ബോധ്യമായാല്‍ അവര്‍ എത്ര ഉന്നതന്‍മാരായാലും പുറത്തുപോകേണ്ടിവരുമെന്നുമാണ് അവിടെ പ്രസംഗത്തില്‍ പറഞ്ഞത്. കൂടാതെ കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ അന്തസ്സിനുനേരെ ചെളിവാരിയെറിയുവാന്‍ മാധ്യമങ്ങള്‍ സംഘടിക്കുന്നുവെന്നും വ്യാജ നിയമന കാര്യത്തില്‍ സിപിഐയെ പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയപ്പെടണമെന്നും സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായി കൊടുത്ത പത്ര വാര്‍ത്തകളല്ലാതെ മറ്റൊന്നും പിറ്റേന്നത്തെ പത്രങ്ങളിലോ ചാനലുകളിലോ കാണുകയും ചെയ്തിരുന്നില്ല. എന്നാല്‍ അടുത്ത ദിവസം മുതലാണ് മാധ്യമങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റത്. ഒരു പത്രത്തിന്റെ ലേഖകന്‍ പ്രസംഗത്തിലെ വാചകങ്ങളും വാക്കുകളും അടര്‍ത്തിയെടുത്ത് ''റവന്യൂ മന്ത്രിക്കെതിരെ സിപിഐ ജില്ലാ നേതൃത്വം രംഗത്തു വന്നുകഴിഞ്ഞെ''ന്നും മറ്റും അര്‍ത്ഥം വരുന്ന തരത്തില്‍ വലിയ ഒരു സ്‌കൂപ് എഴുതിപിടിപ്പിച്ചു. ചാനലുകളും അത് ഏറ്റുപിടിച്ചു. 'വ്യാജ പിഎസ്‌സി നിയമനം-എത്ര ഉന്നതനായാലും പുറത്തുപോകേണ്ടി വരുമെന്ന്' സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞതായി വാര്‍ത്തകള്‍ വച്ചുകാച്ചാന്‍ തുടങ്ങി. കേട്ടപാതി കേള്‍ക്കാത്തപാതി ചാനല്‍-മാധ്യമ പ്രവര്‍ത്തകര്‍ ഉടന്‍ അഭിമുഖത്തിനായി നെട്ടോട്ടം തുടങ്ങി. പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ ഉണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയായിരുന്നു മാധ്യമങ്ങള്‍ ചെയ്തത്.
ഇതിനിടയില്‍ സിപിഐ മന്ത്രിമാരില്‍ ചിലര്‍ കാര്യപ്രാപ്തി കുറഞ്ഞവരാണെന്ന് ഈ ലേഖകന്‍ പറഞ്ഞതായും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. പിന്നിട്ട നാലര വര്‍ഷക്കാലം അഴിമതിരഹിതമായി പ്രവര്‍ത്തിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സിപിഐ മന്ത്രിമാര്‍ പ്രത്യേകിച്ചും കൃഷി-ഭക്ഷ്യ വകുപ്പുമന്ത്രിമാര്‍ ആദ്യമായി നിയമസഭയില്‍ എത്തി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരായിരുന്നിട്ടും ഫലപ്രദമായി അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും അവരുടെ ഉയര്‍ന്ന കമ്മ്യൂണിസ്റ്റ് മൂല്യബോധം കൊണ്ടുമാത്രമാണെന്നുമാണ് ഞാന്‍ പറഞ്ഞത്.
റവന്യു വകുപ്പ് മന്ത്രി രാജേന്ദ്രനെ കുറിച്ച് പാര്‍ട്ടി സ്റ്റേറ്റ് സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞതും അസി സെക്രട്ടറി കെ ഇ ഇസ്മയില്‍ പറഞ്ഞതും പ്രസംഗമദ്ധ്യേ ഞാന്‍ പറഞ്ഞതും ഒരേ കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ എന്റെ പ്രസംഗം സന്ദര്‍ഭവിശദീകരണങ്ങളില്‍ നിന്നും അടര്‍ത്തി ചില വാചകങ്ങള്‍ മാത്രം വളരെ പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ മുന്ന് പേരും പറഞ്ഞത് ഒരേകാര്യമാണെങ്കിലും ആശയഭിന്നതയുള്ളതുപോലെ വായനക്കാര്‍ക്ക് അനുഭവപ്പെട്ടു. ഈ അനുഭവവികാരം സൃഷ്ടിക്കുകയെന്ന പ്രതിപക്ഷ മാധ്യമധര്‍മ്മം ആത്യന്തികമായി വ്യക്തി സ്വാതന്ത്യത്തോടും ജനാധിപത്യമൂല്യങ്ങളോടുമുള്ള വെല്ലുവിളിയായി കാണണം' തൃശൂര്‍ ജില്ലക്കാരിയും തഹല്‍ക്കയുടെ ലേഖികയുമായ ഷാഹിന ഇയ്യിടെ മാധ്യമങ്ങളെക്കുറിച്ച് പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാണ്.' പൊലീസ്‌സാഹിത്യം കട്ട്‌പെയ്സ്റ്റ് ചെയ്ത് ഇറക്കുന്ന മാധ്യമകഥകളുടെ ദൗത്യവും അതുപോലെ തന്നെ; രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെയും മൂലധന താല്പര്യങ്ങളുടെയും താല്പര്യസംരക്ഷണാര്‍ത്ഥം പടച്ചുണ്ടാക്കുന്ന പാഴ് നുണകളുടെ കീറച്ചാക്കുകളാകുകയാണ് മാധ്യമങ്ങള്‍.
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ നിലനില്‍ക്കുന്നത് വന്‍കിട മൂലധനശക്തികളുടെ പിന്‍ബലം കൊണ്ടാണ്. അവര്‍ നല്‍കുന്ന വന്‍കിടപരസ്യങ്ങളാണ് മാധ്യമങ്ങളെ നിലനിര്‍ത്തുന്നത്. കൂടുതല്‍ വായിക്കപ്പെടുന്ന, കൂടുതല്‍ കാഴ്ചക്കാരുള്ള പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വലിയ പരസ്യനിരക്ക് ഈടാക്കാം. വായനക്കാരെയും കാഴ്ചക്കാരെയും സൃഷ്ടിക്കാന്‍ ഉതകുന്ന ഏതുതരം ഭാഷകളും സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന മനസാക്ഷിയില്ലാത്ത കൗശലക്കാരയ മാധ്യമ പ്രൊഫഷനലുകളെയാണ് ചാനലുകള്‍ക്ക് ഇന്നാവശ്യം.
'ഫോര്‍ത്ത് എസ്റ്റേറ്റ് ' എന്ന പേരുപറഞ്ഞ് മാധ്യങ്ങള്‍ക്ക് ലഭിക്കുന്ന നിയാമകശക്തിയും സ്വാധീനവും പരിഗണനയും മുതലാക്കി മൂലധന താല്പര്യങ്ങള്‍ക്ക് ദല്ലാള്‍പണി ചെയ്യുന്നവിധം നമ്മുടെ പത്രമാധ്യമരംഗം അധ:പതിച്ചു കഴിഞ്ഞതിന്റെ ഫലമാണ് ഇന്ന് കാണുന്ന വിധമുള്ള അസത്യ പ്രചരണങ്ങളും വാര്‍ത്താകോലാഹലങ്ങളും.
സാമൂഹ്യ പ്രതിബന്ധതയുള്ളവര്‍ ഇതെല്ലാം തിരിച്ചറിഞ്ഞ് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തുകമാത്രമാണ് പോംവഴിയെന്നാണ് അനുഭവം പഠിപ്പിക്കുന്നത്.
സി എന്‍ ജയദേവന്‍ ജനയുഗം 191210
ജനാധിപത്യത്തിന്റെ വളര്‍ച്ചയും വികാസവും ഉറപ്പുവരുത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് അനിഷേധ്യമാണ്. നമ്മുടെ ഭരണഘടനയില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് നിര്‍ണ്ണായകപങ്കാണ് നിര്‍വചിച്ചിട്ടുള്ളത്. ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടിവ്, ജുഡീഷ്യറി എന്നീ മൂന്നു നെടുംതൂണുകള്‍ കൂടാതെ ജനാധിപത്യത്തിലെ നാലാമത്തെ നെടുംതൂണായി വിവക്ഷിക്കപ്പെടുന്നത് മാധ്യമങ്ങളാണ്. ഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ നോക്കാതെ സമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. അങ്ങനെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ചുമതലപ്പെട്ട മാധ്യമങ്ങള്‍ വഴിവിട്ട രീതിയില്‍ തെറ്റായ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യത്തെ ദുഷിപ്പിക്കുന്നതിനും കാരണമാകും. ആഗോളവത്കരണത്തിന്റെ ഈ കാലത്ത് മൂലധന ശക്തികളുടെ ദല്ലാളന്‍മാരായി മാധ്യമങ്ങള്‍ മാറുന്നത് കാണാന്‍ കഴിയും.
ReplyDeleteതൊഴിലാളി വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ ഇന്നത്തെ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണെന്ന് കേരള സര്‍വകലാശാല പ്രോ. വൈസ് ചാന്‍സലര്‍ ജെ പ്രഭാഷ് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ 'കോര്‍പറേറ്റ് മാധ്യമങ്ങളും ഇന്ത്യന്‍ ജനാധിപത്യവും' എന്ന വിഷയത്തെകുറിച്ച് പയ്യന്നൂര്‍ കോളേജില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതലാളിമാര്‍ക്ക് വേണ്ടി വിടുവേല ചെയ്യുന്നവരായി മാധ്യമങ്ങള്‍ മാറി. പാവപ്പെട്ടവരുടെ വിഷമങ്ങള്‍ ചര്‍ച്ചച്ചെയുന്ന മാധ്യമങ്ങളുടെ എണ്ണം തീര്‍ത്തും കുറഞ്ഞതായും പ്രഭാഷ് പറഞ്ഞു. സ്പെക്ട്രം, ഫ്ളാറ്റ് അഴിമതികള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നുവെന്ന് ആലോചിക്കണമെന്ന് സെമിനാറില്‍ സംസാരിച്ച ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം സുരേന്ദ്രന്‍ പറഞ്ഞു. (deshabhimani)
ReplyDelete