Monday, December 13, 2010

വിവരാവകാശനിയമം: അപേക്ഷകര്‍ക്ക് നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി: വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒരു വിഷയത്തെക്കുറിച്ചുമാത്രമേ ചോദ്യം പാടുള്ളൂവെന്നും അപേക്ഷ 250 വാക്കില്‍ കവിയരുതെന്നുമാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശങ്ങള്‍. മറുപടി നല്‍കുന്നതിനുള്ള ചെലവ് പൂര്‍ണമായും അപേക്ഷകര്‍ വഹിക്കണമെന്നും വ്യവസ്ഥയുണ്ട്. വിവരാവകാശനിയമത്തിലെ നിര്‍ദിഷ്ട ഭേദഗതിയനുസരിച്ച് പേഴ്സണല്‍ മന്ത്രാലയമാണ് ഈ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. 2005ലെ ആര്‍ടിഐ (ചെലവ് നിയന്ത്രണ) വകുപ്പും കേന്ദ്ര വിവര കമീഷന്‍ (അപ്പീല്‍ നടപടിക്രമം) വകുപ്പും ഇതിനായി പരിഷ്കരിക്കും. പുതിയ നിര്‍ദേശങ്ങളോടുള്ള പൊതുജനങ്ങളുടെ പ്രതികരണം 27നകം usrti-dovt@nic.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കാം.

വിവരാവകാശനിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ചോദ്യംചെയ്യുന്ന ഭേദഗതികളാണിത്. നിയമം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്ന പാവങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കുമാത്രമാണ് ഈ ഭേദഗതികളോട് വിയോജിപ്പ് അറിയിക്കാന്‍പോലും കഴിയുന്നത്. അഭിപ്രായം അറിയിക്കാന്‍ രണ്ടാഴ്ചത്തെ സമയംമാത്രം അനുവദിച്ചതും ദുരൂഹമാണ്. ചോദ്യങ്ങള്‍ 250 വാക്കില്‍ ഒതുക്കണമെന്ന നിര്‍ദേശം അറിയാനുള്ള അവകാശത്തെ ഹനിക്കുമെന്നും വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. ഒരേചോദ്യംതന്നെ പല ഭാഷയില്‍ ഉന്നയിക്കുമ്പോള്‍ വാക്കുകളുടെ എണ്ണം വ്യത്യാസപ്പെടും. ഈ സാഹചര്യത്തില്‍ 250 വാക്കുമാത്രമേ പാടുള്ളൂവെന്ന നിബന്ധന അപ്രായോഗികമാണ്. മാത്രമല്ല, അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പുതന്നെ അപേക്ഷകനോട് ഇത്തരത്തിലുള്ള നിബന്ധന പാലിക്കണമെന്ന് ആവശ്യപ്പെടാന്‍ നിയമപരമായി കഴിയില്ല.

അനാവശ്യമായ അപേക്ഷകള്‍ നിരസിക്കാന്‍ ഇപ്പോള്‍ത്തന്നെ വ്യവസ്ഥകളുണ്ട്. ചോദ്യങ്ങള്‍ ഉന്നയിച്ച് ചിലര്‍ വിവരാവകാശനിയമത്തെ ദുരുപയോഗപ്പെടുത്തുന്നതിന്റെ പേരില്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാര്‍ പറഞ്ഞു. ബന്ധപ്പെട്ട പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിവേചനാധികാരം വിപുലപ്പെടുത്തുന്നതാണ് ഭേദഗതിയെന്നും പലവിധ കാരണം പറഞ്ഞ് അപേക്ഷ തള്ളാന്‍ ഇത് വഴിയൊരുക്കുമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
(വിജേഷ് ചൂടല്‍)

deshabhimani 131210

2 comments:

  1. വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒരു വിഷയത്തെക്കുറിച്ചുമാത്രമേ ചോദ്യം പാടുള്ളൂവെന്നും അപേക്ഷ 250 വാക്കില്‍ കവിയരുതെന്നുമാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശങ്ങള്‍. മറുപടി നല്‍കുന്നതിനുള്ള ചെലവ് പൂര്‍ണമായും അപേക്ഷകര്‍ വഹിക്കണമെന്നും വ്യവസ്ഥയുണ്ട്. വിവരാവകാശനിയമത്തിലെ നിര്‍ദിഷ്ട ഭേദഗതിയനുസരിച്ച് പേഴ്സണല്‍ മന്ത്രാലയമാണ് ഈ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. 2005ലെ ആര്‍ടിഐ (ചെലവ് നിയന്ത്രണ) വകുപ്പും കേന്ദ്ര വിവര കമീഷന്‍ (അപ്പീല്‍ നടപടിക്രമം) വകുപ്പും ഇതിനായി പരിഷ്കരിക്കും. പുതിയ നിര്‍ദേശങ്ങളോടുള്ള പൊതുജനങ്ങളുടെ പ്രതികരണം 27നകം usrti-dovt@nic.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കാം.

    ReplyDelete
  2. അറിയാനുള്ള അവകാശനിയമപ്രകാരം പൌരന് ലഭിച്ച അവകാശങ്ങള്‍ ഒന്നൊന്നായി തിരിച്ചെടുക്കാനുള്ള കേന്ദ്ര ഭേദഗതി നിയമം നടപ്പാക്കരുതെന്ന് വിജില്‍ ഇന്ത്യാമൂവ്മെന്റ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളും മറ്റു പൊതുസ്ഥാപനങ്ങളും ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ഈ പണം എങ്ങനെ വിനിയോഗിക്കപ്പെടുന്നുവെന്നറിയാനുള്ള പൂര്‍ണ അവകാശം ഏതൊരു പൌരനുമുണ്ട്. ഇതുന്നയിച്ച് നിവേദനം നല്‍കും. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. പ്രകാശ്കുമാര്‍ ചരളേല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ സലില്‍ വയലത്തല അധ്യക്ഷനായി. അഡ്വ. ഷൈല എസ് നായര്‍, ബിനു ചെറിയാന്‍, എസ് കൃഷ്ണകുമാര്‍, എം ഷെറീഫ് എന്നിവര്‍ സംസാരിച്ചു.

    ReplyDelete