Wednesday, December 15, 2010

പെട്രോള്‍ വില കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍ വിലയില്‍ പൊതു മേഖലാ എണ്ണ കമ്പനികള്‍ വന്‍ വര്‍ധന വരുത്തി. ലിറ്ററിന് 2.96 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം ഇന്നലെ അര്‍ധ രാത്രി മുതല്‍ പുതിയ വിലഈടാക്കിത്തുടങ്ങി. ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ നാളെ മുതല്‍ പുതിയ വിലയിലായിരിക്കും പെട്രോള്‍ വില്‍ക്കുക. ഇടതു പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതിനു ശേഷം അഞ്ചു മാസത്തിനിടെ ഇതു നാലാം തവണയാണ് കമ്പനികള്‍ വില കൂട്ടുന്നത്. അതിനിടെ ഡീസല്‍ വില കൂട്ടാന്‍ കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.

പെട്രോള്‍ വില ലിറ്ററിന് 2.96 പൈസ വര്‍ധിപ്പിച്ചതായി ഭാരത് പെട്രോളിയം വക്താവ് ഡല്‍ഹിയില്‍ അറിയിച്ചു. ഡല്‍ഹിയിലെ വര്‍ധനയാണിത്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ഇതില്‍ വീണ്ടും വര്‍ധനയുണ്ടാവും. ഇന്ത്യന്‍ ഓയിലും ഹിന്ദുസ്ഥാന്‍ പെട്രോളിയവും വര്‍ധന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നാളെ മുതല്‍ ഇവരും പുതിയ വില ഈടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യാന്തര വിപണിയിലെ വില വര്‍ധന ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ ആഭ്യന്തര എണ്ണ വില വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ പെട്രോളിയം വില ഇന്നലെ വീപ്പയ്ക്ക് 90 ഡോളറിലെത്തി. രാജ്യത്ത് ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നതിലൂടെ കമ്പനികള്‍ക്ക് 4.17 രൂപയുടെ നഷ്ടമുണ്ടാവുന്നുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്. ഡീസിലിനും ഇത്തരത്തില്‍ നഷ്ടമുണ്ട്. കമ്പനികളുടെ കണക്കുപ്രകാരം ചില്ലറ വില്‍പ്പനയിലൂടെ ഡീസല്‍ ലിറ്ററിന് അഞ്ചു രൂപയാണ് നഷ്ടം. അതുകൊണ്ട് ഡീസല്‍ വില വര്‍ധനയും അനിവാര്യമാണെന്ന് കമ്പനികള്‍ വാദിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരും അനുകൂല നിലപാടെടുത്തിട്ടുണ്ടെന്നാണ് സൂചന. ഡീസല്‍ വില ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കുമെന്നാണ് സൂചനകള്‍. ഡീസല്‍വില വര്‍ധനയില്‍ തീരുമാനമെടുക്കാന്‍ 22ന് പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നുണ്ട്. വില വര്‍ധന സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതു കണക്കിലെടുത്ത് മന്ത്രിസഭാ ഉപസമിതി യോഗം നീട്ടുകയായിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ്, നവംബര്‍ ഒന്‍പതിനാണ് പെട്രോള്‍ വിലയില്‍ അവസാനമായി വര്‍ധന വരുത്തിയത്.

കഴിഞ്ഞ ജൂണ്‍ 26നാണ് പെട്രോള്‍ വില നിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ നിരന്തരമായി ആവശ്യമുന്നയിച്ച കമ്പനികളുടെ സമ്മര്‍ദത്തിന് കേന്ദ്രം വഴങ്ങുകയായിരുന്നു. പൊതുമേഖലാ എണ്ണ കമ്പനികളെ സഹായിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും സ്വകാര്യമേഖലയുടെ കൊള്ളലാഭമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വില നിയന്ത്രണം എടുത്തുകളഞ്ഞെങ്കിലും പെട്രോളിയം മന്ത്രാലയവുമായുള്ള അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കമ്പനികള്‍ വിലയില്‍ തീരുമാനമെടുക്കുന്നത്. ഇപ്പോഴത്തെ ഭീമന്‍ വില വര്‍ധനയ്ക്കു മുമ്പും മന്ത്രാലയവുമായി കമ്പനികള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വില നിയന്ത്രണം എടുത്തുകളഞ്ഞ ശേഷം ഇതു നാലാം തവണയാണ് കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. ഇന്നലത്തെ വര്‍ധനയോടെ 4.44 രൂപയാണ്, അഞ്ചു മാസത്തിനിടെ പെട്രോളിനു വില വര്‍ധിപ്പിച്ചത്.

രാജ്യാന്തര വിപണിയിലെ വിലമാറ്റം ആഭ്യന്തര ഉല്‍പ്പാദകരെ ബാധിക്കാത്ത വിധത്തില്‍ സംവിധാനമുണ്ടാക്കുന്നതിനുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ തള്ളിയാണ് വില നിയന്ത്രണം എടുത്തുകളയാന്‍ യു പി എ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ എന്‍ ഡി എയുടെ ഭരണകാലത്ത് ഈ രീതി പരീക്ഷിച്ചെങ്കിലും പരാജയമെന്നു കണ്ട് പിന്‍വലിക്കുകയായിരുന്നു.

ജനയുഗം 151210

1 comment:

  1. പെട്രോള്‍ വിലയില്‍ പൊതു മേഖലാ എണ്ണ കമ്പനികള്‍ വന്‍ വര്‍ധന വരുത്തി. ലിറ്ററിന് 2.96 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം ഇന്നലെ അര്‍ധ രാത്രി മുതല്‍ പുതിയ വിലഈടാക്കിത്തുടങ്ങി. ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ നാളെ മുതല്‍ പുതിയ വിലയിലായിരിക്കും പെട്രോള്‍ വില്‍ക്കുക. ഇടതു പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതിനു ശേഷം അഞ്ചു മാസത്തിനിടെ ഇതു നാലാം തവണയാണ് കമ്പനികള്‍ വില കൂട്ടുന്നത്. അതിനിടെ ഡീസല്‍ വില കൂട്ടാന്‍ കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.

    ReplyDelete