വ്യവസായമന്ത്രി എളമരം കരീമിന്റെ സുഹൃത്ത് നാരായണന്‍ ഒരിക്കല്‍ വണ്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയിലായി. കാര്യമായ പരിക്കൊന്നും പറ്റിയില്ലെങ്കിലും നാരായണന്‍ കരച്ചിലോട് കരച്ചില്‍. മന്ത്രി കാര്യം തിരക്കി: 'വല്ല കാറോ ലോറിയോ ആണ് ഇടിച്ചതെങ്കില്‍ നാലാളോട് പറയാമായിരുന്നു. കോര്‍പറേഷന്റെ ചണ്ടിവണ്ടി മുട്ടിയെന്ന് എങ്ങനെ പറയും' ഇതായിരുന്നു സുഹൃത്തിന്റെ ദുഃഖം. പി സി ജോര്‍ജിന്റെ അഴിമതിയാരോപണം കേട്ട താന്‍ ഇപ്പോള്‍ നാരായണന്റെ അവസ്ഥയിലാണ് സഭയില്‍ നില്‍ക്കുന്നതെന്ന് മന്ത്രി. മന്ത്രിയുടെ വാക്കുകള്‍ കേട്ട ജോര്‍ജിന് ഒന്നു മുരടനക്കാന്‍ പോലുമായില്ല.
മന്ത്രി എ കെ ബാലന്റേതായിരുന്നു അടുത്ത ഊഴം. അതുകൂടി കഴിഞ്ഞപ്പോള്‍ വീണിതല്ലോ കിടക്കുന്നൂ ജോര്‍ജ്. മന്ത്രി ബാലനെ കുരുക്കുന്നതിന് ലോകായുക്തയെ സ്വാധീനിക്കാന്‍ ജോര്‍ജ് നടത്തിയ കളിയാണ് വിഷയം. അക്കാര്യം ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കഴഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതാണ് മന്ത്രി ബാലന്‍ ആയുധമാക്കിയത്. എന്നാല്‍, ജോമോന്‍ വെറും 'ഫ്രോഡ്' എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. അഭയ കേസ് നടത്താന്‍ ഇതേ ഫ്രോഡിന് ഒരു ലക്ഷം രൂപ കൊടുത്തില്ലേയെന്ന മന്ത്രിയുടെ മറുചോദ്യം ജോര്‍ജിനെ വീഴ്ത്തി. സഹായം ചോദിച്ച് മന്ത്രി വന്നാലും സഹായിക്കുമെന്ന് പറഞ്ഞ് ജോര്‍ജ് തടിയൂരി. മന്ത്രിമാരുടെ കടന്നാക്രമണത്തില്‍ നിലംപരിശായ ജോര്‍ജിന് തുണയേകാന്‍ പ്രതിപക്ഷത്തുനിന്ന് ഒരാളുമുണ്ടായില്ല. മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച ജോര്‍ജിന് മാഫിയ സംഘത്തിന്റെ ശബ്ദമാണെന്നും വ്യവസായമന്ത്രി തിരിച്ചടിച്ചു. കരാറുകാര്‍ തമ്മിലുള്ള മത്സരത്തില്‍ കക്ഷിചേര്‍ന്നിരിക്കുന്ന ജോര്‍ജിനെ അങ്ങനെ വിശേഷിപ്പിക്കാനേ നിര്‍വാഹമുള്ളൂവെന്നും മന്ത്രി.
എ കെ ആന്റണി എന്തുപറയുന്നുവോ അതിന്റെ വിപരീതമായിരിക്കും സംഭവിക്കുകയെന്ന് ആനത്തലവട്ടം ആനന്ദന് ഉറപ്പാണ്. 100 വര്‍ഷത്തേക്ക് സിപിഐ എം അധികാരത്തില്‍ വരില്ലെന്ന് ആന്റണി പറഞ്ഞതിന്റെ പിറ്റേ കൊല്ലം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നു. ഇപ്പോള്‍ യുഡിഎഫ് സെഞ്ച്വറി തികയ്ക്കുമെന്നാണ് ആന്റണിയുടെ വാദം. അത് വെറും ദിവാസ്വപ്നമാകും.
മലപ്പുറത്ത് ഒരു ഐസ്ക്രീം പ്ളാന്റ് സ്ഥാപിച്ചാല്‍ 'കുട്ടി'കളുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് എം ചന്ദ്രന്റെ പക്ഷം. ആസിയന്‍ കരാര്‍ നടപ്പായതോടെ 30 രൂപയ്ക്ക് അയിലയും 15 രൂപയ്ക്ക് മത്തിയും വീട്ടില്‍ കിട്ടിത്തുടങ്ങിയെന്നാണ് എ എ ഷുക്കൂറിന്റെ അനുഭവം. കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ് രംഗത്ത് വന്നാലും അത്ഭുതപ്പെടാനില്ലെന്ന് കെ കെ ശൈലജ. ഉമ്മന്‍ചാണ്ടിയുടെ കുറ്റപത്രത്തില്‍നിന്ന് കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം ഒഴിവാക്കിയതറിഞ്ഞോ എന്നായി പി ജയരാജന്‍. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നഖചിത്രമാണ് ഗവര്‍ണര്‍ വരച്ചിട്ടതെന്ന് എ കെ ശശീന്ദ്രന്‍. വ്യാജ സിഡിയില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫ് എന്തുചെയ്യുമെന്നാണ് യു സി രാമന്റെ ചോദ്യം. ഇന്ത്യക്കാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് പദവി സ്വപ്നം കാണരുതെന്നാണ് ജി കാര്‍ത്തികേയന്റെ ഉപദേശം.
നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും പ്രതിപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. കേരളത്തിലെ ക്രമസമാധാന നിലയെ പ്രധാനമന്ത്രിവരെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നാണ് കോടിയേരി ഓര്‍മിപ്പിച്ചത്. വികസന രംഗത്തെ നേട്ടങ്ങള്‍, കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത്....സര്‍ക്കാരിന്റെ മികവ് കോടിയേരി അക്കമിട്ടുനിരത്തി. ഗവര്‍ണര്‍ക്ക് നല്‍കിയ കുറ്റപത്രത്തില്‍ കടുകിട തെറ്റാതെ ഒരു കോടി ഒപ്പ് എങ്ങനെ ഒപ്പിച്ചുവെന്നാണ് കോടിയേരിക്ക് അറിയേണ്ടിയിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ കൈയില്‍നിന്ന് വിമോചനയാത്ര വഴുതിപ്പോയെന്ന് മുഖ്യമന്ത്രി. ഒരിക്കല്‍ തെക്കോട്ട് വന്ന് ഇടയ്ക്ക് മലപ്പുറത്ത് പോയി.... ആകെ കുഴങ്ങി മറിഞ്ഞൊരു യാത്രയെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ഇ എസ് ബിജി മോള്‍, സി ടി അഹമ്മദാലി, ജോസഫ് എം പുതുശേരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
(കെ ശ്രീകണ്ഠന്‍)
ദേശാഭിമാനി 100211
എ കെ ആന്റണി എന്തുപറയുന്നുവോ അതിന്റെ വിപരീതമായിരിക്കും സംഭവിക്കുകയെന്ന് ആനത്തലവട്ടം ആനന്ദന് ഉറപ്പാണ്. 100 വര്‍ഷത്തേക്ക് സിപിഐ എം അധികാരത്തില്‍ വരില്ലെന്ന് ആന്റണി പറഞ്ഞതിന്റെ പിറ്റേ കൊല്ലം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നു. ഇപ്പോള്‍ യുഡിഎഫ് സെഞ്ച്വറി തികയ്ക്കുമെന്നാണ് ആന്റണിയുടെ വാദം. അത് വെറും ദിവാസ്വപ്നമാകും.
ReplyDelete