Saturday, February 12, 2011

മോചനയാത്ര ജയില്‍ മോചനയാത്രയാവുമോ!

അഴിമതി വിമുക്ത കേരളം എന്ന മുദ്രാവാക്യം കൂടിയായിരുന്നൂ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രയിലെ മുദ്രാവാക്യം. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു ഡി എഫ് ഭരണകാലങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും അതില്‍ പങ്കാളിയായിരുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. ഇടമലയാര്‍ പദ്ധതിയിലും കുറിയാര്‍കുട്ടി പദ്ധതിയിലും പാമോയില്‍ ഇടപാടിലും പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്ക് ഉമ്മന്‍ചാണ്ടിക്കുമുണ്ടായിരുന്നു.

രാഷ്ട്രീയ ലാഭ നേട്ടങ്ങള്‍ക്കു വേണ്ടി ഉമ്മന്‍ചാണ്ടി നയിച്ച മോചനയാത്ര തടവറയിലെത്തിച്ചേരുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മോചനയാത്രയില്‍ ആരേയും ആകര്‍ഷിക്കുമെന്ന് കരുതിയ മുദ്രാവാക്യങ്ങളുയര്‍ത്തി രാഷ്ട്രീയ ദുഷ്ടലാക്കോടെ യു ഡി എഫ് ജാഥ നയിച്ചു. പക്ഷേ ജാഥ പാതിവഴിയിലെത്തിയപ്പോള്‍ തന്നെ യു ഡി എഫിന്റെ അഴിമതിയുടെ മഹാ കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. അഴിമതിയുടെ കഥകള്‍ മാത്രമല്ല, അപഥസഞ്ചാരങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ കൂടി വെളിച്ചത്തായി.

യു ഡി എഫിന്റെ ഏറ്റവും പ്രമുഖനായ നേതാവാണ് പി കെ കുഞ്ഞാലിക്കുട്ടി. അദ്ദേഹവുമായി ബന്ധപ്പെട്ട പെണ്‍വാണിഭ കഥകള്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട് നടന്ന ജുഡീഷ്യല്‍ അട്ടിറിയും വെളിച്ചത്തുവന്നു.

ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര പാതിവഴിയിലെത്തിയപ്പോഴാണ് കുഞ്ഞാലിക്കുട്ടി സംബന്ധമായ പുതു രഹസ്യങ്ങള്‍ പുറത്തുവന്നത്. കുഞ്ഞാലിക്കുട്ടി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നും ജുഡീഷ്യറി സംവിധാനത്തെ അട്ടിമറിക്കുവാന്‍ ശ്രമിച്ചുവെന്നും വെളിപ്പെടുത്തിയത് സ്വന്തം ഭാര്യാസഹോദരീ ഭര്‍ത്താവായ റൗഫാണ്. റൗഫാകട്ടെ കുഞ്ഞാലിക്കുട്ടിയുടെ ഉറ്റ മിത്രവും ഗൂഢ നീക്കങ്ങളിലെ സഹയാത്രികനുമായിരുന്നു.
എല്ലാ അപഥസഞ്ചാരങ്ങളിലും തനിക്കൊപ്പം നിന്ന കുഞ്ഞാലിക്കുട്ടിയെ റൗഫ് തള്ളിപ്പറയുകയും തങ്ങളുടെ സൗഹൃദകാലത്തെ രഹസ്യ വസ്തുതകള്‍ വെളിപ്പെടുത്തുകയും ചെയ്തു.

അളിയനെന്നാണ് താനും റൗഫും പരസ്പരം വിളിക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി തന്നെ വെളിപ്പെടുത്തിയത് റൗഫും അത് ശരിവെച്ചു. പക്ഷേ ഇനിയും പൊട്ടിക്കാന്‍ വലിയ ബോംബുകള്‍ ശേഷിക്കുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപങ്ങള്‍ക്കുശേഷം റൗഫ് പറഞ്ഞത്.

കുഞ്ഞാലിക്കുട്ടി വഴിവിട്ടു പ്രവര്‍ത്തിച്ചു എന്ന ഏറ്റുപറച്ചില്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നാണ് മോചനയാത്രാ നായകന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്. സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാ ധ്വംസനവും നടത്തിയ ഒരു വ്യക്തി അഭിനന്ദനമര്‍ഹിക്കുന്നുവെന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി പദവി സ്വപ്നംകണ്ട് മോചനയാത്ര നടത്തിയ ആള്‍ നടത്തിയത് എന്നത് ആശ്ചര്യകരം തന്നെ.

സ്വന്തം കൂട്ടാളി തന്നെ സ്ത്രീപീഡനത്തിന്റെയും ജുഡീഷ്യറി അട്ടിമറിയുടെയും കഥകള്‍ വെളിച്ചത്താക്കിയതിനു ശേഷം കുഞ്ഞാലിക്കുട്ടിയെ തുറന്ന ജീപ്പില്‍ അവതരിപ്പിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി നടത്തിയ മോചനയാത്ര എങ്ങനെ പരിഹാസ്യമാകാതിരിക്കും! സ്വയം തോന്നിയ ജാള്യതയാല്‍ പല ജില്ലകളിലും കുഞ്ഞാലിക്കുട്ടി മോചനയാത്രയില്‍ പ്രത്യക്ഷപ്പെട്ടുമില്ല.

കുഞ്ഞാലിക്കുട്ടി നടത്തിയ വിക്രിയകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര ഐസ്‌ക്രീമില്‍ തട്ടി ഉലയാന്‍ തുടങ്ങിയത്. വന്‍ ഐസില്‍ തട്ടി തകരുന്ന കപ്പല്‍പോലെ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര തകരാന്‍ അപ്പോഴേയ്ക്കും തുടങ്ങിയിരുന്നു.

മോചനയാത്ര അവസാനിച്ച് കുറ്റപത്ര സമര്‍പ്പണവും നടത്തിക്കഴിഞ്ഞപ്പോഴാണ് ഇടമലയാര്‍ അഴിമതിയില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രിംകോടതി യു ഡി എഫ് ഭരണകാലത്തെ വൈദ്യുതിമന്ത്രി ആര്‍ ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്ന് വിധിക്കുകയും ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചത്.

മോചനയാത്ര അവസാനിക്കുമ്പോള്‍ ജയില്‍മോചനയാത്ര ആരംഭിക്കേണ്ട സാഹചര്യമാണ് യു ഡി എഫ് നേതൃത്വത്തിനുള്ളത്.

പാമോയില്‍ കുംഭകോണത്തില്‍ തന്നെ പ്രതിയാക്കുകയും മോചനയാത്ര നയിച്ച ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാതിരിക്കുകയും ചെയ്തത് അക്ഷന്തവ്യമായ അപരാധമാണെന്ന് കോണ്‍ഗ്രസ് നേതാവും അന്നത്തെ ഭക്ഷ്യമന്ത്രിയുമായ ടി എച്ച് മുസ്തഫ കോടതിയോട് പറയുന്നു. കുരിയാര്‍കുറ്റി പദ്ധതിയില്‍ ടി എം ജേക്കബ്ബ് ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍തല അന്വേഷണം നടത്തി ഒഴിവാക്കിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. മോചനയാത്രയ്ക്കുശേഷമുള്ള വിശേഷങ്ങളാണിവ.

അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന യു ഡി എഫ് സംവിധാനത്തെയാണ് വീണ്ടും വീണ്ടും കേരളം കാണുന്നത്. മോചനയാത്ര നയിച്ച ഉമ്മന്‍ചാണ്ടി തന്നെ അഴിമതിക്കാരനാണെന്ന് സ്വന്തം പാര്‍ട്ടിക്കാരനായ ടി എച്ച് മുസ്തഫ പ്രസ്താവിക്കുമ്പോള്‍ കേരളജനത അത് വിശ്വസിക്കാതിരിക്കണമോ?

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 120211

1 comment:

  1. മോചനയാത്ര അവസാനിക്കുമ്പോള്‍ ജയില്‍മോചനയാത്ര ആരംഭിക്കേണ്ട സാഹചര്യമാണ് യു ഡി എഫ് നേതൃത്വത്തിനുള്ളത്.

    ReplyDelete