Saturday, February 12, 2011

മുബാറക് സ്ഥാനമൊഴിഞ്ഞു; ഭരണം സൈന്യത്തിന്

കെയ്‌റോ: ആളിക്കത്തിയ പ്രതിഷേധത്തീയില്‍ പിടിച്ചുനില്‍ക്കാനാകാതെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക് കളമൊഴിഞ്ഞു. മുപ്പതാണ്ടു നീണ്ട ഏകാധിപത്യത്തിന്റെ അവസാനനാളുകളില്‍ സഖ്യകക്ഷിയായ അമേരിക്ക പോലും തളളിപ്പറഞ്ഞിട്ടും ഉരുക്കുമുഷ്ടികൊണ്ട് അധികാരത്തില്‍ തുടരാനുളള  മുബാറകിന്റെ  ശ്രമങ്ങള്‍ വിഫലമായി. കഴിഞ്ഞ പതിനെട്ടു ദിവസമായി തലസ്ഥാനമായ കെയ്‌റോയിലും സമീപനഗരങ്ങളിലും മുബാറകിന്റെ രാജിയ്ക്കായി തെരുവില്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരുന്ന പതിനായിരങ്ങള്‍ ഹര്‍ഷാരവങ്ങളോടെയാണ് മുബാറകിന്റെ രാജി തീരുമാനത്തെ എതിരേറ്റത്.ദേശീയ ടെലിവിഷനെ അഭിസംബോധന ചെയ്ത വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാനാണ് മുബാറക് രാജിവയ്ക്കുന്നതായും സൈന്യത്തിന് അധികാരം കൈമാറുന്നതായും പ്രഖ്യാപിച്ചത്.

പ്രക്ഷോഭം ശക്തിപ്പെടുകയും രാജ്യാന്തര സമ്മര്‍ദം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ മുബാറക്ക് ഉടന്‍ സ്ഥാനമൊഴിയുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി വൈകി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത മുബാറക്ക് തല്‍ക്കാലം സ്ഥാനമൊഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. സെപ്തംബറിലെ തിരഞ്ഞെടുപ്പു വരെ അധികാരത്തില്‍ തുടരുമെന്ന് മുബാറക്ക് പറഞ്ഞു. രോഷാകുലമായാണ് പ്രക്ഷോഭകര്‍ ഇതിനോട് പ്രതികരിച്ചത്. കെയ്‌റോയിലെ വിമോചന ചത്വരത്തില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ ടെലിവിഷന്‍ സ്‌ക്രീനിനു നേരെ ചെരിപ്പ് വലിച്ചെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

മുബാറക്കിന്റെ പ്രഖ്യാപനത്തില്‍ നിരാശരായ ജനങ്ങള്‍ ഇന്നലെ 'വിടപറയല്‍ വെള്ളിയാഴ്ച' ആചരിച്ച് തെരുവുകളിലേയ്ക്ക് പ്രവഹിക്കുകയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു ചുറ്റും ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തിലും പ്രക്ഷോഭകര്‍ നിലയുറപ്പിച്ചു. ഇതിനിടയിലാണ്, 24 മണിക്കൂറിനിടെ രണ്ടാമതും യോഗം ചേര്‍ന്ന സൈനിക സുപ്രിം കൗണ്‍സില്‍ അപ്രതീക്ഷിതമായി നിലപാടു മാറ്റിയത്.

സുപ്രിം കൗണ്‍സില്‍ യോഗം ചേരുകയാണെന്നും സുപ്രധാനമായ തീരുമാനത്തിനു കാതോര്‍ക്കാനും നേരത്തെ ദേശീയ ടെലിവിഷന്‍ ചാനല്‍ അറിയിച്ചിരുന്നു. ഏറെ നേരം നീണ്ട ജിജ്ഞാസയ്‌ക്കൊടുവില്‍ ദേശീയ ടെലിവിഷന്‍ സൈനിക പ്രസ്താവന സംപ്രേഷണം ചെയ്തു. അധികാരം ഭാഗികമായി വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാനു നല്‍കാനുള്ള പ്രസിഡന്റിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതായി സൈന്യം അറിയിച്ചു. അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്ന് പ്രസ്താവനയിലുണ്ടെങ്കിലും ഇതിന് വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. പരിഷ്‌കരണത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കെതിരെ നടപടിയൊന്നുമെടുക്കില്ലെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാവുന്നത് നോക്കിനില്‍ക്കില്ലെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ഭരണഘടനാ പരിഷ്‌കരണത്തിനു സമിതിയെ നിയോഗിക്കാന്‍ പ്രതിപക്ഷമായ മുസ്‌ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരണയിലെത്തിയെങ്കിലും മുബാറക്ക് ഉടന്‍ സ്ഥാനമൊഴിയണമെന്ന നിലപാടില്‍നിന്ന് പിന്നോട്ടുപോവാന്‍ പ്രക്ഷോഭകര്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് സംഘര്‍ഷം തുടരുകയായിരുന്നു. മുബാറക്ക് സ്ഥാനമൊഴിയാതെ വീടുകളിലേയ്ക്കു മടങ്ങുകയോ ജോലിയില്‍ തിരികെ പ്രവേശിക്കുകയോ ചെയ്യില്ലെന്നാണ് പ്രക്ഷോഭകര്‍ അറിയിച്ചിരുന്നത്.

പശ്ചിമേഷ്യയില്‍ പുതിയ ലോകക്രമം ഉദയം ചെയ്യുമെന്ന് നെജാദ്

ടെഹ്‌റാന്‍: ഈജിപ്തിലെ പ്രക്ഷോഭങ്ങള്‍ മേഖലയിലെ നിലവിലുളള അവസ്ഥയില്‍ വിപഌവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്. മുന്‍കാലങ്ങളിലേതുപോലെ അമേരിക്കയും ഇസ്രായേലും  ചേര്‍ന്ന അച്ചുതണ്ടിന്‍ കീഴില്‍ കറങ്ങാന്‍ ഇനി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തയ്യാറാകില്ലെന്നും നെജാദ് അഭിപ്രായപ്പെട്ടു. 1979 ല്‍ നടന്ന ഇസ്‌ലാമിക വിപഌവത്തിന്റെ 32ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇറാനിയന്‍ ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു നെജാദ്.

കഴിഞ്ഞ കാലങ്ങളിലേപ്പോലെ അറബ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ കൈകടത്താന്‍ ഇനി അമേരിക്കയ്‌ക്കോ ഇസ്രായേലിനോ കഴിയില്ലെന്നും നെജാദ് അഭിപ്രായപ്പെട്ടു. ഭരണാധികാരികള്‍ അത്തരം നീക്കങ്ങള്‍ നടത്തിയാല്‍ അത്തരം രാജ്യങ്ങളിലെ ജനങ്ങള്‍ തന്നെ മുന്നോട്ടുവരുമെന്നതിന്റെ തെളിവാണ് ഈജിപ്തിലേയും ടുണീഷ്യയിലേയും പ്രക്ഷോഭങ്ങളെന്ന് നെജാദ് ചൂണ്ടിക്കാട്ടി. അധികാരം വിട്ടൊഴിയാന്‍ തയ്യാറല്ലെന്നും വൈസ്പ്രസിഡന്റിന് അധികാരം പങ്കിടാന്‍ തയ്യാറാണെന്നുമുളള ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറകിന്റെ പ്രസ്താവന പുറത്തുവന്ന് ഏതാനും മണിക്കൂറുകള്‍ക്കുശേഷമായിരുന്നു നെജാദിന്റെ പ്രസ്താവന.

ഇസ്‌ലാമിക വിപഌവത്തിന്റെ  ഓര്‍മപുതുക്കലിനിടയിലും പതിനായിരക്കണക്കിനുപേര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പ്രകടനം നടത്തി. ടെഹ്‌റാനിലെ ഫ്രീഡം സ്‌ക്വയറില്‍ നടന്ന പ്രകടനം ഇറാനിയന്‍ ദേശീയ ടെലിവിഷന്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തു.

ആണവപദ്ധതികളുടെ പേരില്‍ പാശ്ചാത്യരാജ്യങ്ങള്‍ വേട്ടയാടാനൊരുങ്ങുന്ന ഇറാനിയന്‍ ജനതയ്ക്ക് ഈജിപ്തിലെയും ടുണീഷ്യയിലേയും അമേരിക്കന്‍ അനുകൂല ഭരണകൂടങ്ങളുടെ തകര്‍ച്ച ആവേശമായിരിക്കുകയാണ്. പാശ്ചാത്യ ഭരണകൂടം നിര്‍മിച്ച പശ്ചിമേഷ്യയുടെ മുഖചിത്രം മാറ്റിയെഴുതുന്നതിന് ഇറാന്‍ മുന്‍കൈയെടുക്കുമെന്ന് നെജാദ് വ്യക്തമാക്കി. ചെകുത്താനും സിയോണിസ്റ്റുകളും ചേര്‍ന്ന് രൂപപ്പെടുത്തിയ പശ്ചിമേഷ്യന്‍ ലോകകക്രമം അടിമത്തത്തിന്റേതാണെന്ന് നെജാദ് ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ഇടപെടല്‍ കാരണമാണ് അറബ്‌മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യം വര്‍ധിച്ചതെന്നും അധിനിവേശങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കാത്തതിന്റെ ഫലമാണ് ഇപ്പോള്‍ അറബ് മേഖലയിലെ സുരക്ഷയ്ക്ക് വെല്ലുവിളിയായിരിക്കുന്നതെന്ന് നെജാദ് വിലയിരുത്തി.

ഈജിപ്തില്‍ നിലവിലുളള ഭരണകൂടം അധികാരം വിട്ടൊഴിയുന്നതുവരെ പ്രക്ഷോഭം തുടരാന്‍ നെജാദ് പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. പ്രലോഭനങ്ങളിലും വാഗ്ദാനങ്ങളിലും വീണുപോകാതെ ഏകാധിപത്യഭരണസംവിധാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പരമാധികാരവും സ്വയംഭരണവും നിലനിര്‍ത്താനുളള പോരാട്ടത്തിന് അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പിന്തുണ നല്‍കേണ്ടതാണ്. എന്നാല്‍ അമേരിക്ക കൗശലക്കാരന്റെ ബുദ്ധിയാണ് ഈ വിഷയത്തിലും പ്രകടിപ്പിക്കുന്നത്. മുപ്പതുവര്‍ഷമായി ഹോസ്‌നി മുബാറകിന്റെ ഏകാധിപത്യത്തിന് പച്ചക്കൊടി കാണിക്കുന്ന അമേരിക്ക പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തങ്ങള്‍ക്ക് ലാഭകരമായ സഖ്യം ഏതാണെന്ന് വിലയിരുത്താനുളള നീക്കത്തിലാണ്. പ്രസംഗത്തിനിടെ നെജാദ് ഡെത്ത് ടു ഇസ്രായേല്‍ എന്ന പഌക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ അനുയായികള്‍ ആവേശത്തോടെ പ്രതികരിച്ചു.

ഏകാധിപത്യം തുടര്‍ന്നുവന്നിരുന്ന ഇസ്‌ലാമികരാജ്യങ്ങളില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയിലേയ്ക്ക് വന്നതും ഇറാന്‍ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ അറബ് രാജ്യങ്ങളുടെ ഐക്യത്തിനായി രംഗത്തെത്തിയതും അമേരിക്കയുള്‍പ്പെടെയുളള പാശ്ചാത്യശക്തികളില്‍  ആശങ്കയുണര്‍ത്തിയിട്ടുണ്ട്.

ജനയുഗം 120211

2 comments:

  1. ആളിക്കത്തിയ പ്രതിഷേധത്തീയില്‍ പിടിച്ചുനില്‍ക്കാനാകാതെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക് കളമൊഴിഞ്ഞു.

    ReplyDelete
  2. ഹൊസ്നി മുബാറക്കിനെ ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിലൂടെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ഈജിപ്തിലെ ജനങ്ങളെ പ്രത്യേകിച്ചും യുവാക്കളെ സിപിഐ എം പൊളിറ്റ്ബ്യൂറോ അഭിനന്ദിച്ചു. നീതിപൂര്‍വകവും ജനാധിപത്യപരവുമായ ഭരണാക്രമത്തിനും ഭരണഘടനാപരമായ മാറ്റങ്ങളുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് അന്ത്യമിട്ട് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് കാലതാമസംകൂടാതെ നടത്തണമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete