Sunday, February 13, 2011

യാഥാര്‍ഥ്യമാകുന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തില്‍

കെ.എസ്.ഡി.പി പ്ളാന്റും കോമളപുരം മില്ലും 15ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുതുതായി നിര്‍മിച്ച ബീറ്റാലാക്ടം പ്ളാന്റും കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലും 15ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. കോമളപുരത്ത് ചൊവ്വാഴ്ച രാവിലെ 10ന് ചേരുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മന്ത്രി എളമരം കരീം അധ്യക്ഷനാകും. കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. മന്ത്രി ജി സുധാകരന്‍ സ്പിന്നിങ് ഡിപ്പാര്‍ട്ടുമെന്റിന്റെ സ്വിച്ചോണ്‍ നിര്‍വഹിക്കും. മന്ത്രി കെ പി രാജേന്ദ്രന്‍ വീവിങ് ഡിപ്പാര്‍ട്ടുമെന്റിന്റെ സ്വിച്ചോണ്‍ നിര്‍വഹിക്കും. ബീറ്റാലാക്ടം പ്ളാന്റ് കെ.എസ്.ഡി.പി കോമ്പൌണ്ടില്‍ വൈകിട്ട് നാലിന് മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനംചെയ്യും. മന്ത്രി എളമരം കരീം അധ്യക്ഷനാകും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ നിര്‍വഹിക്കും. ടാബ്ലെറ്റ് മെഷീന്‍ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. എച്ച്വിഎസി സ്വിച്ചോണ്‍ മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും.

ഇന്ത്യയിലെ ഏക സഹകരണ ഹോമിയോ ഔഷധനിര്‍മാണ ഫാക്ടറിയായ ഹോംകോയും വികസനത്തിന്റെ പാതയിലാണെന്ന് ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 20 കോടി മുതല്‍മുടക്കി കെഎസ്ഡിപിയുടെ സമീപം സ്ഥാപിക്കുന്ന ഔഷധഫാക്ടറിയുടെ നിര്‍മാണം മാര്‍ച്ച് ആദ്യവാരം ആരംഭിക്കും. പുതുതായി നാലുകോടി രൂപകൂടി ഹോംകോയ്ക്ക് ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്റെയും ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിന്റെയും ആഭിമുഖ്യത്തിലുള്ള രണ്ട് കയര്‍ അധിഷ്ഠിത ആധുനിക വ്യവസായ സ്ഥാപനങ്ങളുടെ നിര്‍മാണം കണിച്ചുകുളങ്ങരയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 14 കോടി രൂപ ചെലവില്‍ കയര്‍ കോമ്പോസിറ്റ് ബോര്‍ഡ് ഫാക്ടറിയുടെയും ആറുകോടി രൂപ ചെലവില്‍ ബ്ളന്റസ് യാണ്‍ യൂണിറ്റിന്റെയും നിര്‍മാണവുമാണ് നടക്കുന്നത്. ഇവിടെ 300 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിന്റെ ഉദ്ഘാടനവും ഈമാസംതന്നെ നടക്കും. പാതിരപ്പള്ളിയില്‍ അടഞ്ഞുകിടക്കുന്ന എക്സല്‍ഗ്ളാസ് എന്ന സ്വകാര്യസ്ഥാപനം തുറക്കുന്നതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ചോടെ ഇതും തുറന്നുപ്രവര്‍ത്തിക്കും

യാഥാര്‍ഥ്യമാകുന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തില്‍: ഐസക്ക്


ആലപ്പുഴ: 15ന് ഉദ്ഘാടനം ചെയ്യുന്ന രണ്ട് പ്രധാന വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളാണെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലെ ഔഷധനിര്‍മാണശാലയായ കെഎസ്ഡിപിയുടെ ബീറ്റാലാക്ടം പ്ളാന്റും കോമളപുരത്ത് കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലുമാണ് 15ന് ഉദ്ഘാടനം ചെയ്യുന്നത്.

10.5 കോടി രൂപ ചെലവില്‍ ജിഎംപി (ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ്) നിലവാരം അനുസരിച്ചാണ് ബീറ്റാലാക്ടം പ്ളാന്റ് നിര്‍മിച്ചിട്ടുള്ളത്. 36 കോടി രൂപ ചെലവിലാണ് കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് സ്ഥാപിച്ചത്. ഏഴുകൊല്ലമായി തൊഴിലാളികള്‍ക്ക് ഒരു ആനുകൂല്യവും നല്‍കാതെ അടച്ചിട്ടിരുന്ന കോമളപുരത്തെ കേരള സ്പിന്നേഴ്സ് എന്ന സ്വകാര്യസ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനെ ഏല്‍പ്പിച്ചതാണ്. തൊഴിലാളി യൂണിയനുകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കമ്പനിയില്‍ നിലവിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരവും നല്‍കി. 6.5 കോടി രൂപ ഇതിനായി സര്‍ക്കാര്‍ ചെലവഴിച്ചു. ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത മില്ല് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ മെഷീനുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുകയാണ്.

2010 ജൂണ്‍ 15നാണ് പുതിയ കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത്. എട്ടുമാസംകൊണ്ടാണ് ഫാക്ടറി സജ്ജീകരിച്ചത്. നൂലും തുണിയും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 960 സ്പിന്‍ഡിലുകളുള്ള 19 റിങ്ങ് ഫ്രെയിമുകളും (18240 സ്പിന്‍ഡല്‍) 30 എയര്‍ ജെറ്റ് ലൂമുകളുമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. 36 കോടി മുതല്‍മുടക്കിയ ഇവിടെ 352 പേര്‍ക്ക് നേരിട്ടും 250 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. കമ്പനിവളപ്പില്‍ 30 കോടി രൂപ ചെലവില്‍ പുതുതായി സ്ഥാപിക്കുന്ന ഹോസിയേറി നിര്‍മാണഫാക്ടറിക്ക് അന്നുതന്നെ തറക്കല്ലിടും. ഒരുകൊല്ലത്തിനകം ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കും.

1973ല്‍ ആരോഗ്യവകുപ്പിന്റെ അടുക്കള എന്നു വിഭാവനം ചെയ്താണ് കെഎസ്ഡിപി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഡിപി സ്വകാര്യവല്‍ക്കരിക്കുന്നതിന് നീക്കം നടത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ കെഎസ്ഡിപി ക്രമേണ വളര്‍ച്ച കൈവരിച്ചു. 2011 ഫെബ്രുവരി 10വരെ 28 കോടിയുടെ ഉല്‍പ്പാദനം കൈവരിച്ചു. മാര്‍ച്ച് 31 ആകുമ്പോള്‍ 35 കോടിയുടെ ഉല്‍പ്പാദനം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2007-08 ബജറ്റിലൂടെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കിയ 10.5 കോടി രൂപ അവര്‍ കെഎസ്ഡിപിക്ക് നല്‍കി. ഈ പണം ഉപയോഗിച്ച് നിര്‍മിക്കുന്ന ബീറ്റാലാക്ടം പ്ളാന്റാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. ആംപിസിലിന്‍, അമോക്സിലിന്‍, അമോക്സിലിന്‍ കിഡ്സ് ടാബിലറ്റ്, ഡ്രൈസിറപ്പ് എന്നിവയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ആദ്യകൊല്ലം 21 കോടിയുടെയും രണ്ടാംകൊല്ലം 30.5 കോടി രൂപയുടെയും ഉല്‍പ്പാദനം ഇവിടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇവിടം ഞങ്ങടെ പണിശാല' ശാന്തിലാല്‍ വീണ്ടും പാടും


എസ്എല്‍ പുരം: 1963 ജൂണ്‍ ഏഴ്. കോമളപുരത്ത് ബിര്‍ളയുടെ കേരള സ്പിന്നേഴ്സിന്റെ ഉദ്ഘാടനവേദിയില്‍ കേന്ദ്രമന്ത്രി കെ ഡി മാളവ്യയുള്‍പ്പെടെയുള്ളവരെ സാക്ഷിനിര്‍ത്തി നാലാംക്ളാസ് വിദ്യാര്‍ഥി ശാന്തിലാലിന്റെ പ്രാര്‍ഥനാഗാനം.

'ഇവിടം ഞങ്ങടെ പണിശാല
ഞങ്ങള്‍ അവിടത്തെ ചെറുതിരമാല
വിയര്‍പ്പുതുള്ളികളാലിവിടെന്നും
നിനക്കൊരുക്കാം മണിമാല...'

ഇന്ന് 47 വര്‍ഷത്തിനുശേഷം കോമളപുരത്ത് പഴയമില്ലിന്റെ സ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടങ്ങുന്ന ആധുനിക സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിന്റെ 15ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ അതേ പ്രാര്‍ഥനാഗാനവുമായി അന്നത്തെ 'പയ്യന്‍' ഉണ്ടാകും. നാലുപതിറ്റാണ്ടായി സംഗീതം ജീവിതസപര്യയാക്കിയ ആര്യാട് ശാന്തിലാലിനാണ് ഈ അത്യപൂര്‍വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അഞ്ച് ശിഷ്യരുമായി ചേര്‍ന്നാണ് പ്രാര്‍ഥനാഗാനം ആലപിക്കുന്നത്.

അന്ന് ആര്യാട് നോര്‍ത്ത് എല്‍പി സ്കൂളില്‍ നാലാംക്ളാസില്‍ പഠിക്കുമ്പോഴാണ് ശാന്തിലാലിന് ആദ്യമായി പ്രാര്‍ഥനാഗാനം ആലപിക്കാന്‍ വേദി ലഭിച്ചത്. സ്കൂളിലെ ഹിന്ദി അധ്യാപകനും ഇന്ന് അറിയപ്പെടുന്ന സാഹിത്യകാരനുമായ പുലിയൂര്‍ രവീന്ദ്രനാണ് പ്രാര്‍ഥനാഗാനം രചിച്ചത്.

തൊഴിലാളികളുടെ വിയര്‍പ്പുതുള്ളികളാല്‍ ലാഭംകൊയ്ത കമ്പനി ഒരുകാരണവുമില്ലാതെ മാനേജ്മെന്റ് അടച്ചിട്ടപ്പോള്‍ സ്പിന്നേഴ്സിന്റെ അയല്‍പക്കക്കാരന്‍ കൂടിയായ ശാന്തിലാല്‍ ഒട്ടേറെ വേദനിച്ചു. ഒരിക്കലും കമ്പനിയില്‍നിന്ന് സൈറ മുഴങ്ങില്ലെന്ന് കരുതിയ നാളുകള്‍. ഏതാനും വര്‍ഷത്തിനുശേഷം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയില്‍ പുതിയ മില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നുവെന്ന് 57 കാരനായ ആര്യാട് ശാന്തിലാല്‍ 'ദേശാഭിമാനി'യോടു പറഞ്ഞു. സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് ശാന്തിലാലിന്റെ ജനനം. അമ്മ സൌദാമിനിയും അമ്മാവന്‍ വളവനാട് രമേശന്‍ ഭാഗവതരും അറിയപ്പെടുന്ന സംഗീതജ്ഞരായിരുന്നു. ഇവരില്‍നിന്ന് സംഗീതം പഠിച്ച് പ്രൊഫഷണല്‍ നാടകട്രൂപ്പില്‍ പാടാന്‍ തുടങ്ങിയത് 11-ാമത്തെ വയസ്സില്‍. അന്ന് സ്ത്രീകളെ പാട്ടുപാടാന്‍ കിട്ടാതിരുന്നപ്പോള്‍ സ്ത്രീശബ്ദത്തില്‍ പാടിയാണ് ശാന്തിലാല്‍ കഴിവുതെളിയിച്ചത്. പിന്നീട് പ്രശസ്തരായ കാഥികരുടെ കൂടെ നാലുപതിറ്റാണ്ടോളം പിന്നണിയില്‍ പ്രവര്‍ത്തിച്ചു. 20 വര്‍ഷം ആകാശവാണിയിലും പരിപാടി അവതരിപ്പിച്ചു. ഇപ്പോള്‍ സംഗീതനാടക അക്കാദമിയുടെ അംഗീകാരത്തോടെ 'അമൃതകലാലയം' കലാപരിശീലനകേന്ദ്രം നടത്തിവരുന്നു.

തുറമുഖ പൈതൃകപാതയ്ക്ക് യുണെസ്കോ അംഗീകാരം; കുണ്ടറ അലിന്‍ഡ് ഏറ്റെടുത്ത് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ളക്സ് ആരംഭിക്കും

കൊല്ലം: പൂട്ടിക്കിടക്കുന്ന കുണ്ടറയിലെ അലിന്‍ഡ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. അലിന്‍ഡിന്റെ സ്ഥാനത്ത് ആധുനിക ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ളക്സ് ആരംഭിക്കും. കേന്ദ്രാനുമതി ലഭ്യമാകുന്ന മുറയ്ക്ക് വ്യവസായ സ്ഥാപനം ആരംഭിക്കും. ആലപ്പുഴയിലെ കേരള സ്പിന്നേഴ്സ് മാതൃകയില്‍ കുണ്ടറ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ളക്സ് സംസ്ഥാനത്തെ വലിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിരയിലേക്ക് വികസിപ്പിക്കും. കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാകുന്ന സ്പൈസ് റൂട്ട് പദ്ധതി (സുഗന്ധവ്യഞ്ജന പൈതൃകപാത)യെക്കുറിച്ച് മാര്‍ച്ച് ആറിന് സ്പെയിന്‍, പോര്‍ച്ചുഗല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തുമെന്നും കൊല്ലം പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ഡോ. തോമസ് ഐസക് പറഞ്ഞു.

വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരമ്പരാഗതപാതയ്ക്ക് യുണെസ്കോയുടെ അംഗീകാരം ലഭിച്ചു. സില്‍ക്ക് റൂട്ടിന്റെ മാതൃകയിലുള്ള പദ്ധതി സംസ്ഥാനത്തെ പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും വിനോദസഞ്ചാര വികസനത്തിലും വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. സംസ്ഥാനത്തെ പരമ്പരാഗത തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയില്‍ കശുവണ്ടിയുടെ ആസ്ഥാനമായ കൊല്ലത്തെയും ഭാഗമാക്കും. കേരളത്തിന്റെ ഭാവി മുന്നില്‍കണ്ടുള്ള പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. പൊതുനിക്ഷേപം ഇത്രയധികം വര്‍ധിച്ച കാലം മുമ്പുണ്ടായിട്ടില്ല. ഒമ്പതു ശതമാനമാണ് കേരളത്തിന്റെ വളര്‍ച്ച. രണ്ടു വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക മേഖല അഞ്ചു ശതമാനം വളര്‍ച്ച പ്രാപിക്കും. റോഡ് വികസനത്തിന് 600 കോടി വകയിരുത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

യുഡിഎഫ് സര്‍ക്കാര്‍ കശുവണ്ടിമേഖലയ്ക്ക് വര്‍ഷം ശരാശരി 15 കോടി മുടക്കിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വര്‍ഷം മാത്രം 52 കോടിയാണ് വകയിരുത്തിയത്. തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി കുടിശ്ശിക നല്‍കാന്‍ 20 കോടി അധികമായി നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളായ കാപ്പക്സിന്റെയും കശുവണ്ടി വികസന കോര്‍പറേഷന്റെയും ബാധ്യത പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. നവജാത ശിശുവിന്റെ പേരില്‍ 10,000 രൂപ സര്‍ക്കാര്‍ നിക്ഷേപിക്കുന്ന പദ്ധതി സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

പുളിങ്കുന്ന് ആശുപത്രി വനിതാ വാര്‍ഡ് ഉദ്ഘാടനം 15ന്


മങ്കൊമ്പ്: പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ പുതിയ വനിതാവാര്‍ഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച പകല്‍ 10.30ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി നിര്‍വഹിക്കും. കുട്ടനാട്ടിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. 2.8 കോടി രൂപാമുടക്കി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാകും വനിതാ ശിശുവിഭാഗങ്ങള്‍ ഇനി മുതുല്‍ പ്രവര്‍ത്തിക്കുക.ലേബര്‍റൂമടക്കം ആധുനികസൌകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ടാകുമെന്ന് ഹോസ്പിറ്റല്‍ മനേജ്മെന്റ് കമ്മറ്റി അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചത്. പുതിയ കെട്ടിടത്തില്‍ കിടത്തിചികിത്സക്കായി 80 കിടക്കകളുടെ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശിശുവിഭാഗത്തിനായി പ്രത്യേകവാര്‍ഡും കെട്ടിടത്തിന്റെ പ്രത്യേകതയാണ്. 1900ല്‍ കരുമാടി ഡിസ്പെന്‍സെന്‍സറിയുടെ ശാഖയായിട്ടാണ് പുളിങ്കുന്ന് ആശുപത്രിയുടെ തുടക്കം. 1926ല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററായി. 1930ലാണ് ഇത് താലൂക്ക് ആശുപത്രിയായി ഉയര്‍ന്നത്.1966ല്‍ തിരുവിതാംകൂര്‍ രാജാവിന്റെ താല്‍പര്യപ്രകാരം പ്രധാനകെട്ടിടം നിര്‍മ്മിച്ചു. 2005ല്‍ എസ് രാമചന്ദ്രന്‍പിള്ളയുടെ എംപി ഫണ്ട് ഉപയോഗിച്ച് ഒപി കെട്ടിടം നിര്‍മ്മിച്ചു. മന്ത്രി പി കെ ശ്രീമതി കുട്ടനാട് താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എന്‍ആര്‍എച്ച്എം ഫണ്ടില്‍ നിന്നും താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി 2.8 കോടി അനുവദിക്കാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. ഉദ്ഘാടനചടങ്ങില്‍ തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ വേണുഗോപാല്‍, ഡോ. സി മുരളീധരന്‍പിള്ള, എം പി വിന്‍സെന്റ്, ജോസ് കാവനാട്, അരവിന്ദാക്ഷന്‍, എം സി സതീശന്‍ എന്നിവര്‍ പങ്കെടുത്തു.

ദേശാഭിമാനി 130211

1 comment:

  1. 15ന് ഉദ്ഘാടനം ചെയ്യുന്ന രണ്ട് പ്രധാന വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളാണെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലെ ഔഷധനിര്‍മാണശാലയായ കെഎസ്ഡിപിയുടെ ബീറ്റാലാക്ടം പ്ളാന്റും കോമളപുരത്ത് കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലുമാണ് 15ന് ഉദ്ഘാടനം ചെയ്യുന്നത്.

    ReplyDelete