Monday, March 31, 2014

മതനിരപേക്ഷ ബദലില്‍ കൂടുതല്‍ കക്ഷികള്‍ വരും: എസ് ആര്‍ പി

കോഴിക്കോട്: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചില കക്ഷികള്‍കൂടി വിശാല മതനിരപേക്ഷ ബദലില്‍ വരുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കലിക്കറ്റ് പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ഒരുകക്ഷിക്കുമാവില്ല. പ്രാദേശിക കക്ഷികള്‍ എല്ലാ സംസ്ഥാനത്തും ശക്തിയാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് മാറ്റാനും ബിജെപി അധികാരത്തില്‍ വരുന്നത് തടയാനും ഇത്തരം കക്ഷികളെ യോജിപ്പിച്ച് മൂന്നാംബദല്‍ ഉയര്‍ന്നുവരും.

കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം കടക്കാനാവില്ല. കോണ്‍ഗ്രസിന് മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥയാണ്. പല നേതാക്കളും കേന്ദ്രമന്ത്രിമാരും മത്സരിക്കാന്‍ ധൈര്യം കാട്ടുന്നില്ല. പല നേതാക്കളും ഒളിവിലാണ്. കോണ്‍ഗ്രസ് എവിടെയെത്തി എന്നതിന് തെളിവാണിത്. ഇതുപയോഗപ്പെടുത്താന്‍ ആവുമോ എന്നാണ് ബിജെപിയുടെ ശ്രമം. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. "89ല്‍ വി പി സിങ്ങും "96ല്‍ ദേവഗൗഡയും ഗുജ്റാലും അധികാരത്തില്‍ വന്ന സാഹചര്യമാണിന്നുള്ളത്. വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും ഇല്ലാതാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനും ഉതകുന്ന ഇടതു സാമ്പത്തിക നയങ്ങളാണ് ഉണ്ടാകേണ്ടത്.

എന്നാലേ ജനതാല്‍പര്യം സംരക്ഷിക്കാനാകൂ. കോണ്‍ഗ്രസിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ 6.25 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ധനികരെ സഹായിക്കുന്ന സാമ്പത്തികനയങ്ങളാണ് നവ ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പിന്തുടരുന്നത്. ഈ നയം നടപ്പാക്കാന്‍ ബിജെപിയുമായി ചങ്ങാത്തത്തിലാണ് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ല. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനാവില്ല. ആംആദ്മി പാര്‍ടിക്ക് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാവില്ല. ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുടെ കരുത്ത് വര്‍ധിപ്പിക്കല്‍ സിപിഐ എമ്മിന്റെ മുഖ്യലക്ഷ്യമാണ്.

സലിംരാജ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശമാണുണ്ടായത്. ജനാധിപത്യ ബോധമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം. തന്റെ വാദം ഹൈക്കോടതി കേട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവ് വി എസ് നിലപാട് മാറ്റിയെന്ന് പറയുന്നത് വി എസിനെയും പാര്‍ടിയെയും ആക്ഷേപിക്കാനാണെന്ന് ചോദ്യത്തിന് മറുപടിയായി എസ് ആര്‍ പി പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം കേരളരാഷ്ട്രീയം മാറും: എസ് ആര്‍ പി

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. യുഡിഎഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് മൂര്‍ച്ഛിക്കും- തൃശൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി ഉത്തരവിനുശേഷമുണ്ടായ പ്രതികരണങ്ങള്‍ മാറ്റത്തിന്റെ സൂചനയാണ്. കോടതിവിധി തന്റെ അഭിപ്രായം കേള്‍ക്കാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല. ഹൈക്കോടതി പരാമര്‍ശം വ്യക്തിപരമായല്ല, ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിക്കെതിരാണ്. സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം കേട്ടശേഷമാണ് കോടതി പരാമര്‍ശം നടത്തിയത്. ഈ വിഷയത്തിലുള്ള എല്‍ഡിഎഫിന്റെ ആവശ്യം ശരിയാണെന്ന് ഹൈക്കോടതി പരാമര്‍ശത്തിലൂടെ തെളിഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മുഴുവന്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്നവരാണ്. അവര്‍ക്ക് സംരക്ഷണം നല്‍കുകയാണ് മുഖ്യമന്ത്രി. ഇടതുപക്ഷരാഷ്ട്രീയത്തിന് കൂടുതല്‍ സ്വീകാര്യത വന്നതുകൊണ്ടാണ് പല പ്രമുഖരും എല്‍ഡിഎഫ് പാനലില്‍ മത്സരിക്കാന്‍ തയ്യാറാവുന്നത്. വലത് രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുപക്ഷനയം സ്വീകരിച്ച് വരുന്നവരെ എല്‍ഡിഎഫ് സ്വീകരിക്കും. കുടിപ്പകയില്‍ എല്‍ഡിഎഫ്് വിശ്വസിക്കുന്നില്ല. രാഷ്ട്രീയ നിലപാട് തിരുത്തിവരുന്നവരെ സ്വീകരിക്കും. കേരളത്തില്‍ ആര്‍എസ്പിയിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് യുഡിഎഫിനും യുപിഎക്കും പിന്തുണയുമായി പോയത്. ബംഗാള്‍ ഉള്‍പ്പെടെ ആര്‍എസ്പിയുടെ മറ്റ് ഘടകങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ഉയര്‍ന്ന പ്രശ്നങ്ങള്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയാണ് പരിശോധിച്ച് തീര്‍പ്പാക്കേണ്ടത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്ന വിജ്ഞാപനത്തിന് അത് എഴുതിയ കടലാസിന്റെ വില പോലുമില്ല. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മലബാറില്‍ പ്രചാരണത്തിന് പോകുന്നില്ലെന്നത് അപവാദപ്രചാരണമാണ്. പ്രകാശ്കാരാട്ടും പിണറായി വിജയനും താനും അടക്കമുള്ളവരും എല്ലാ ജില്ലകളിലും പോവുന്നില്ല. വി എസ് നിലപാട് മാറ്റി എന്ന് പറയുന്നത് ശരിയല്ല. പാര്‍ടിയുടെ പരമോന്നതസമിതിയിലെ മുതിര്‍ന്ന അംഗവും ജനസമ്മിതിയുള്ള നേതാവുമാണ് വി എസ്. പാര്‍ടിക്കകത്ത് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അങ്ങിനെ പറയണമെന്നാണ് പാര്‍ടിയുടെ നിലപാട്. വ്യത്യസ്ത അഭിപ്രായം ഉണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കും. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും രാഷ്ട്രീയപാര്‍ടികളും ജനങ്ങളും അണിനിരന്നു. ഈ രണ്ട് കക്ഷികള്‍ക്കും എതിരായ ഇടത് മതേതരകക്ഷികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും എസ്ആര്‍പി പറഞ്ഞു.

deshabhimani

No comments:

Post a Comment