Monday, February 14, 2011

പിള്ളയ്ക്ക് യുഡിഎഫ് സ്വീകരണം നല്‍കിയത് അപഹാസ്യം: മുഖ്യമന്ത്രി

ചെന്നൈ: ജയിലിലടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട കുറ്റവാളിക്ക് യുഡിഎഫ് നല്‍കിയ സ്വീകരണം ജുഡീഷ്യറിയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടമലയാര്‍ ഇടപാടില്‍ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി ആര്‍ബാലകൃഷ്ണപിള്ളയ്ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് മുസ്ളിംലീഗ് നേതാവ് സീതിഹാജി ചെയര്‍മാനായ നിയമസഭാസമിതിയായിരുന്നു. ഇത് സീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണ്. നിയമസഭാസമിതിയും ജസ്റ്റിസ് സുകുമാരന്‍ കമീഷനും ഇടമലയാര്‍ ഇടപാടില്‍ അഴിമതി കണ്ടെത്തിയതാണ്. ജയിലില്‍ പോയി മരിച്ചാലും പ്രശ്നമില്ലെന്ന് പറഞ്ഞ കുറ്റവാളി യുഡിഎഫ് സ്വീകരണത്തില്‍ നടത്തിയ ജല്‍പ്പനം അപഹാസ്യമാണ്. ഈ മാടമ്പിത്തരം കേരളം വകവച്ചുകൊടുക്കില്ല. സ്ഥിരം അഴിമതിക്കാരനായ പിള്ള ആദ്യമായല്ല ജയിലില്‍ പോകുന്നത്. ഗ്രാഫൈറ്റ് കേസില്‍ പിള്ള പ്രതിയായിരുന്നു. 2001ല്‍ എ കെ ആന്റണി ബാലകൃഷ്ണപിള്ളയെ മന്ത്രിയാക്കിയില്ല. എന്തായിരുന്നു കാരണം. എന്തിന് അച്ഛനുപകരം മകനെ മന്ത്രിയാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനച്ചടങ്ങില്‍ താന്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയും പ്രതികരിച്ചത് കേരളീയര്‍ക്കാകെ അപമാനകരമായ രീതിയിലാണ്. ടെര്‍മിനലിന് ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാം ചെയ്തിട്ടും സംസ്ഥാനത്തിന് ഒരു പരിഗണനയും നല്‍കിയില്ല. വല്ലാര്‍പാടം ടെര്‍മിനല്‍ യാഥാര്‍ഥ്യമായതും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരശ്രമഫലമായാണ്. എന്നിട്ടും സംസ്ഥാന സര്‍ക്കാരിനെ അവഹേളിച്ചു. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.

ഇത്രയും അവഹേളിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ആതിഥ്യമര്യാദയും ക്ഷമയും സംസ്കാരവും പ്രകടിപ്പിച്ചു. അവഗണന സാരമില്ലെന്നും പദ്ധതികള്‍ യാഥാര്‍ഥ്യമായതാണ് പ്രധാനമെന്നുമാണ് താന്‍ പറഞ്ഞത്. താന്‍ പറഞ്ഞത് അസംബന്ധമാണെന്ന് ആക്ഷേപിച്ച വയലാര്‍ രവി ഈയടുത്താണ് വ്യോമയാനമന്ത്രിയായതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ടെര്‍മിനല്‍, ഹാംഗര്‍ യൂണിറ്റ് എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുനടന്ന കാര്യങ്ങള്‍ രവിക്കറിയില്ല. ആന്റണിയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ പ്രധാനമന്ത്രിയുടെ ചെവിയില്‍ പറയുമായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ന്യായം. പ്രധാനമന്ത്രിക്ക് അറിയാത്ത ഭാഷയില്‍ സംസാരിച്ചെന്നും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. മാതൃഭാഷയിലാണ് താന്‍ സംസാരിച്ചത്. അതിന്റെ ആശയം മനസ്സിലാക്കാന്‍ പ്രധാനമന്ത്രിക്ക് സംവിധാനമില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

എടക്കാട് വിധി നേടിയത് ഇങ്ങനെയാണോ?: വി എസ്

ചെന്നൈ: ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ സ്തുതിച്ച് കെ സുധാകരന്‍ എംപി പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ നയമാണോയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പണം കൊടുത്തത് ആരാണെന്നും വാങ്ങിയതാരെന്നും സുധാകരന്‍ പറയണം. എടക്കാട് നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചത് പണം നല്‍കിയാണോയെന്ന കാര്യവും സുധാകരന്‍ വ്യക്തമാക്കണം- വി എസ് പറഞ്ഞു.

ദേശാഭിമാനി 140211

2 comments:

  1. ജയിലിലടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട കുറ്റവാളിക്ക് യുഡിഎഫ് നല്‍കിയ സ്വീകരണം ജുഡീഷ്യറിയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. പിള്ളയ്ക്കു പകരം ആര്; കൊട്ടാരക്കരയില്‍ ചരടുവലി തുടങ്ങി

    കൊല്ലം: മുതിര്‍ന്ന യുഡിഎഫ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ കാത്തുനില്‍ക്കുന്നതിനിടെ കൊട്ടാരക്കരയില്‍ നിയമസഭാ സ്ഥാനാര്‍ഥിത്വത്തിന് ചരടുവലി തുടങ്ങി. സീറ്റു വിഭജനചര്‍ച്ചകള്‍ക്ക് ഔദ്യോഗികരൂപം കൈവന്നിട്ടില്ലെങ്കിലും പുതിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (ബി)യിലും കോണ്‍ഗ്രസിലും ചില നേതാക്കള്‍ പ്രതീക്ഷയോടെ കരുനീക്കുകയാണ്. ബാലകൃഷ്ണപിള്ളയ്ക്കുവേണ്ടി യുഡിഎഫ് സംഘടിപ്പിച്ച സ്വീകരണയോഗം സുപ്രീംകോടതി ജഡ്ജിമാരെ കൈക്കൂലിക്കാരായി പ്രഖ്യാപിച്ച് അവസാനിപ്പിക്കേണ്ടിവന്നത് സ്ഥാനാര്‍ഥിമോഹികള്‍ക്ക് ശുഭാപ്തിവിശ്വാസം വര്‍ധിപ്പിച്ചു. പിള്ളയ്ക്കുപകരം ആര് എന്ന ചോദ്യം പാര്‍ടിക്കുള്ളില്‍ സജീവമാണ് ഇപ്പോള്‍.

    കേരള കോണ്‍ഗ്രസ് ബിയെ പത്തനാപുരം പാര്‍ടിയായി മുന്നോട്ടു കൊണ്ടുപോകുന്ന ഗണേശ്കുമാറിന്റെ നേതൃത്വം കൊട്ടാരക്കരയിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നില്ല. കഴിഞ്ഞദിവസം കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച സ്വീകരണയോഗം ഒഴിച്ചാല്‍ മുമ്പു പലതവണ നടന്ന പാര്‍ടി യോഗങ്ങളിലൊന്നും ഗണേഷ്കുമാറിന്റെ സാന്നിധ്യം ഉണ്ടാകാന്‍ അനുവദിക്കാതിരുന്നത് ഇക്കാര്യത്തിന് അടിവരയിടുന്നു. യുഡിഎഫ് ജില്ലാ കണ്‍വീനറും കൊട്ടാരക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബി ഹരികുമാറാണ് പിള്ളയുടെ അസാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിത്വത്തോട് അടുത്തുനില്‍ക്കുന്നത്. ജില്ലാ പഞ്ചായത്ത്അംഗം ബ്രിജേഷ് എബ്രഹാം, കേരള കോണ്‍ഗ്രസ് ബി നിയോജകമണ്ഡലം പ്രസിഡന്റ് പൊടിയം വര്‍ഗീസ്, കൊട്ടാരക്കര പഞ്ചായത്ത്പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് എന്നിവരും സ്ഥാനാര്‍ഥിമോഹികളുടെ നിരയിലുണ്ട്. യുഡിഎഫില്‍ സീറ്റുധാരണയ്ക്കു മുമ്പേ കേരള കോണ്‍ഗ്രസ് ബിയിലെ ചരടുവലികളുടെ ചിത്രം പുറത്തായി.

    ReplyDelete