സുപ്രീംകോടതി ജഡ്ജിക്ക് ബാര്‍ ഉടമകള്‍ കൈക്കൂലി കൊടുത്തതിന് താന്‍ സാക്ഷിയാണെന്നു പ്രസ്താവിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി ചെന്നുചാടുന്നത് ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക്. സ്വയം കുരുക്കിലാകുക മാത്രമല്ല, അഴിമതി ആരോപണങ്ങളില്‍പ്പെട്ടു വലയുന്ന യുഡിഎഫ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തു സുധാകരന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്ത് (1991-1995) 31 ബാറിന്റെ ലൈസന്‍സ് നിയമവിരുദ്ധമായതിനാല്‍ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതു പുനഃസ്ഥാപിച്ചു കിട്ടാന്‍ ബാര്‍ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചു. അനുകൂല വിധി കിട്ടാന്‍ ഒരു ജഡ്ജിക്ക് രണ്ടു തവണയായി 36 ലക്ഷം രൂപ കൊടുത്തു. ബാര്‍ ഉടമകള്‍ പണം കൊടുത്തതിന് താന്‍ സാക്ഷിയാണ്. ഇതാണ് സുധാകരന്‍ ശനിയാഴ്ച കൊട്ടാരക്കരയില്‍ പറഞ്ഞതിന്റെ ചുരുക്കം.
ജഡ്ജിക്ക് കൈക്കൂലി കൊടുത്തിട്ടുണ്ടെങ്കില്‍ അത് പൊതുസ്ഥലത്താകില്ല. സ്വകാര്യ സ്ഥലത്തായിരിക്കും. അവിടേക്ക് ബാര്‍ ഉടമകള്‍ സുധാകരനെ കൊണ്ടുപോയിട്ടുണ്ടെങ്കില്‍ സുധാകരന്‍ വെറും സാക്ഷിയല്ല. ജഡ്ജിയെ സ്വാധീനിച്ചതില്‍ പങ്കാളിയാണ്. കോണ്‍ഗ്രസ് നേതാവും അന്ന് എടക്കാട് എംഎല്‍എയുമായ (കോടതി വിധിപ്രകാരം) സുധാകരന്‍ ജഡ്ജിക്ക് പണം കൊടുക്കാന്‍ പോയെന്ന് സ്വയം സമ്മതിക്കുകയാണ്. അഴിമതി നിരോധന നിയമത്തിലെ 8-ാം വകുപ്പു പ്രകാരം കൈക്കൂലി കൊടുക്കുന്നതും കുറ്റമാണ്. ആ കുറ്റം ചെയ്തെന്ന് സ്വയം സമ്മതിച്ചിരിക്കയാണ് സുധാകരന്‍. ആറുമാസം മുതല്‍ അഞ്ചുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം. നിയമത്തിലെ പത്താം വകുപ്പു പ്രകാരം അഴിമതിക്ക് പ്രേരിപ്പിക്കുന്നതും കുറ്റം തന്നെ. ഈ വകുപ്പും സുധാകരന് ബാധകമാകും. അഴിമതി മൂടിവച്ചതിനും സുധാകരനെതിരെ കേസെടുക്കാം. അഴിമതിക്ക് പ്രേരിപ്പിക്കുംപോലെ, അത് മൂടിവയ്ക്കുന്നതും കുറ്റമാണ്. പണം വാങ്ങിയ ജഡ്ജി ആരെന്നും പണം കൊടുക്കാന്‍ പോയ ബാര്‍ ഉടമകള്‍ ആരൊക്കെയെന്നും പറയാന്‍ സുധാകരന് നിയമപരമായ ബാധ്യതയുണ്ട്. സുധാകരന്‍ നേരിടാന്‍ പോകുന്ന മറ്റൊരു പ്രശ്നം കോടതിയലക്ഷ്യമാണ്.
കോടതികളെയും ന്യായാധിപന്മാരെയും അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. കോടതിക്ക് സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ട്. ഈ പ്രശ്നത്തില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി വന്നാല്‍ പരിഗണിച്ച് കേസെടുക്കുകയാണ് മറ്റൊരു വഴി. രണ്ടായാലും കോടതിയലക്ഷ്യത്തിനുള്ള നടപടിയില്‍ നിന്ന് സുധാകരന്‍ ഒഴിവാകില്ല.
പെണ്‍വാണിഭക്കേസില്‍ നിന്നു രക്ഷപ്പെടാന്‍ മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധു റൌഫ് വെളിപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടക്കാനിരിക്കെയാണ് സുധാകരന്‍ മറ്റൊരു കേസുമായി വരുന്നത്.
കുഞ്ഞാലിക്കുട്ടിക്കെതിരെ റൌഫ് ഉന്നയിച്ച ആരോപണത്തെ സാധൂകരിക്കുന്നതാണ് സുധാകരന്റെ പ്രസ്താവന. പണം കൊടുത്തും മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ജഡ്ജിമാരെ സ്വാധീനിക്കല്‍ യുഡിഎഫ് നേതാക്കളുടെ പതിവാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ജുഡീഷ്യറിയെ അവഹേളിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നു എന്ന ആക്ഷേപം, കുഞ്ഞാലിക്കുട്ടിക്കെതിരെ റൌഫിന്റെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉന്നയിച്ചിരുന്നു. കോടതിവിധികളിലോ കോടതികളുടെ നിലപാടുകളിലോ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ ഇടതുപക്ഷക്കാര്‍ മടി കാണിക്കാറില്ല. എന്നാല്‍, ജുഡീഷ്യറിയെ അവഹേളിക്കുന്നതും ചവിട്ടിത്താഴ്ത്തുന്നതും ആരാണെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ സുധാകരന്റെ പ്രസ്താവന സഹായിക്കും. സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം അസംതൃപ്തിയുണ്ട്. കൂനിന്മേല്‍ കുരുപോലെ യുഡിഎഫിനെതിരെ ദിവസവും ഓരോന്ന് വന്നുപതിക്കുകയാണ്. അതില്‍ നിന്നു തലയൂരാന്‍ ശ്രമിക്കുമ്പോഴാണ് സുധാകരന്‍ മറ്റൊരു വയ്യാവേലി വലിച്ചിട്ടത്.
(പി പി അബൂബക്കര്‍)
സുധാകരനെതിരെ കോടതി കേസെടുക്കണം: സിപിഐ എം
ബാര്‍ ലൈസന്‍സ് സംബന്ധിച്ച കേസില്‍ ജഡ്ജി കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയായിരുന്നെന്ന കെ സുധാകരന്‍ എംപിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
ജുഡീഷ്യറിയുടെ വിശ്വാസ്യതയെ പൂര്‍ണമായി തകര്‍ക്കുന്ന ഗൌരവമായ ആക്ഷേപമാണ് സുപ്രീംകോടതി ജഡ്ജിക്കെതിരെ കെ സുധാകരന്‍ ഉന്നയിച്ചത്. ബാര്‍ ലൈസന്‍സ് റദ്ദാക്കിയ ഹൈക്കോടതി വിധി ഇല്ലാതാക്കാന്‍ സുപ്രീംകോടതി ജഡ്ജി 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയാണെന്നാണ് വെളിപ്പെടുത്തല്‍. കൈക്കൂലി വാങ്ങിയത് ഏത് ജഡ്ജിയെന്നും അത് കൊടുത്തത് ആരെന്നും വെളിപ്പെടുത്താനുള്ള സാമൂഹ്യ ഉത്തരവാദിത്തവും നിയമ ബാധ്യതയും എംപിയെന്ന നിലയില്‍ സുധാകരനുണ്ട്. അത് അടിയന്തരമായി ചെയ്യണം. ജുഡീഷ്യറിക്കുമേല്‍ വീണ കളങ്കം മാറ്റാന്‍ ഇത് ആവശ്യമാണ്.
നേരത്തെതന്നെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കോടതികളിലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുധാകരനെങ്കിലും ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ ഗൌരവമുള്ളതാണ്. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച യുഡിഎഫ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ സ്വീകരിക്കാന്‍ കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഓരോ നേതാവും കോടതിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിനിടയിലാണ് സുധാകരന്‍ പതിനഞ്ച് വര്‍ഷമായി സൂക്ഷിച്ച രഹസ്യം പുറത്തുവിട്ടത്. ഇത് ദൃശ്യമാധ്യമങ്ങളിലടക്കം വന്നുകഴിഞ്ഞു. മദ്യലോബിക്ക് നിയമവിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് യുഡിഎഫ് ഭരണകാലത്ത് കൈക്കൂലി കൊടുത്ത് സുപ്രീംകോടതി ജഡ്ജിയെ വശത്താക്കി എന്നാണ് സുധാകരന്‍ പറഞ്ഞതിന്റെ സാരം. അതേസമയം ഈ അഴിമതിക്കഥയില്‍ ഒട്ടേറെ ഇടപാടുകള്‍ ഇനിയും പുറത്ത് അറിയാനുണ്ട്. ഈ ഇടപാടിന് പിന്നില്‍ ജുഡീഷ്യറിയും മദ്യലോബിയും മാത്രമാണോ, ചില രാഷ്ട്രീയക്കാരും ഈ കൂട്ടുകെട്ടിലില്ലേ എന്നീ വിവരങ്ങളും അറിയേണ്ടതുണ്ട്. അരുതാത്ത കാര്യം നടന്നിട്ട് ഒന്നരപതിറ്റാണ്ട് അത് മൂടിവച്ചത്, ഈ സംഭവത്തില്‍ അദ്ദേഹം സാക്ഷിയായതുകൊണ്ടാണോ പങ്കാളിയായതുകൊണ്ടാണോ എന്ന ചോദ്യവും സംശയവും ന്യായമാണ്. അത് നിയമപരമായ ഉത്തരം അര്‍ഹിക്കുന്നതാണ്. കൈക്കൂലി സംഭവത്തെപ്പറ്റി സിബിഐ അന്വേഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സെക്രട്ടറിയറ്റ് പറഞ്ഞു.
രാഷ്ട്രീയക്കാരുടെ 'തിണ്ണനിരങ്ങികള്‍' എന്നാണ് സുപ്രീംകോടതി ജഡ്ജിമാരെ സുധാകരന്‍ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് എംപിയുടെ ഈ അഭിപ്രായം ജുഡീഷ്യറിയുടെ മാന്യതയെ കളങ്കപ്പെടുത്തുന്നതല്ലേ എന്ന പരിശോധന നടത്താനുള്ള കടമയും കോടതിക്കുണ്ടെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
യുഡിഎഫ് നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യഹര്‍ജി നല്‍കും
ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ച മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയ്ക്ക് പരസ്യമായി സ്വീകരണം നല്‍കുകയും കോടതിവിധിയെ ചോദ്യംചെയ്യുകയും ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. മലയാളികളായ ഒരു വിഭാഗം അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. രണ്ടു ദിവസത്തിനകം ഹര്‍ജി നല്‍കുമെന്ന് സുപ്രീംകോടതി അഭിഭാഷകനായ പി വി ദിനേശ് പറഞ്ഞു.
ബാലകൃഷ്ണപിള്ളയ്ക്കും മകന്‍ ഗണേശ് കുമാര്‍, കെ സുധാകരന്‍ എംപി, ടി എം ജേക്കബ് എന്നിവര്‍ക്കെതിരെയാണ് കോടതിയലക്ഷ്യത്തിന് പരാതി നല്‍കുന്നത്. അഴിമതിനിരോധന നിയമമനുസരിച്ച് ശിക്ഷിക്കപ്പെട്ട വ്യക്തിയെ ന്യായീകരിക്കാന്‍ പൊതുയോഗം സംഘടിപ്പിക്കുകയും ജഡ്ജിമാര്‍ മുഴുവന്‍ അഴിമതിക്കാരും വിലയ്ക്കെടുക്കാന്‍ കഴിയുന്നവരുമാണെന്ന് വരുത്തിത്തീര്‍ത്തത് കോടതിയലക്ഷ്യമാണെന്നും ഹര്‍ജിയില്‍ വാദിക്കും. സുപ്രീംകോടതിയിലെ ജഡ്ജിക്ക് 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും ഈ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞ കെ സുധാകരന്റെ പ്രസ്താവന പരമോന്നത കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും അഭിഭാഷകര്‍ കരുതുന്നു.
കോടതിയലക്ഷ്യത്തിനിടെ പിള്ളയുടെ ബന്ധുക്കള്‍ ഡല്‍ഹിയില്‍
കൊല്ലം: യുഡിഎഫ് നേതാക്കളുടെ അഭിപ്രായത്തില്‍ കൈക്കൂലിക്കാരുള്‍പ്പെട്ട സുപ്രീംകോടതിയില്‍ റിവ്യൂപെറ്റീഷന്‍ നല്‍കാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ബന്ധുക്കളും അഭിഭാഷകരായ എന്‍എസ്എസ് നേതാക്കളും ഉള്‍പ്പെട്ട സംഘം ഡല്‍ഹിയിലെത്തി. എത്രയുംവേഗം പുനഃപരിശോധനാഹര്‍ജി ഫയല്‍ചെയ്യുകയാണ് ലക്ഷ്യം. സുപ്രീംകോടതി ശിക്ഷിച്ച പ്രതിയ്ക്ക് യുഡിഎഫ് നേതൃത്വത്തില്‍ സ്വീകരണം നല്‍കിയതും യോഗത്തില്‍ ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിവാദമായ പശ്ചാത്തലത്തിലാണ് റിവ്യൂഹര്‍ജി സമര്‍പ്പണം.
സുപ്രീംകോടതി വിധിക്കുശേഷം ആദ്യമായി കഴിഞ്ഞദിവസംകൊട്ടാരക്കരയില്‍ എത്തിയ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് യുഡിഎഫ് നേതൃത്വത്തില്‍ നല്‍കിയ സ്വീകരണമാണ് വിവാദമായത്. യോഗത്തില്‍ സംസാരിച്ച കെ സുധാകരന്‍ എംപി, കെ ബി ഗണേശ്കുമാര്‍ എംഎല്‍എ, മുന്‍മന്ത്രി ടി എം ജേക്കബ് എന്നിവര്‍ കോടതിവിധിക്കും ജഡ്ജിമാര്‍ക്കുമെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായ സമയത്ത് ബാര്‍ ലൈസസ് നല്‍കുന്നതിനായി ബാര്‍ ഉടമകളില്‍നിന്ന് സുപ്രീംകോടതി ജഡ്ജി 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കെ സുധാകരന്‍ പ്രഖ്യാപിച്ചു. ഇതിന് താന്‍ സാക്ഷിയാണെന്നും ജഡ്ജിമാരില്‍ പലരും രാഷ്ട്രീയനേതാക്കളുടെ തിണ്ണനിരങ്ങികളാണെന്നുമായിരുന്നു എംപിയുടെ വെളിപ്പെടുത്തല്‍.
ഇടമലയാര്‍ കേസിലെ സുപ്രീംകോടതി വിധി തെറ്റാണെന്ന വെളിപ്പെടുത്തല്‍ യോഗത്തില്‍ ടി എം ജേക്കബ് നടത്തി. അഭിഭാഷകന്‍ കൂടിയാണെന്ന ഓര്‍മപ്പെടുത്തലോടെ നടത്തിയ പ്രസംഗത്തില്‍ ഇല്ലാത്ത കേസില്‍ താനും ഇപ്പോള്‍ പ്രതിയാകുമോ എന്ന് സംശയിക്കുന്നതായും ജേക്കബ് പറഞ്ഞു. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ വിധി കോടതിയെ സ്വാധീനിച്ചതിന്റെ ഫലമാണെന്ന് കെ ബി ഗണേശ്കുമാര്‍ എംഎല്‍എ പറഞ്ഞു. കോടതിവിധി മുന്‍കൂട്ടി പലരും അറിഞ്ഞിരുന്നതായും ഗണേശ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
കൊട്ടിഘോഷിച്ച് നടത്തിയ സ്വീകരണം അബദ്ധമായിപ്പോയ അവസ്ഥയിലാണിപ്പോള്‍ യുഡിഎഫ് നേതൃത്വം. കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെപ്പറ്റി യുഡിഎഫ് നേതാക്കളാരും ഞായറാഴ്ച പ്രതികരിച്ചില്ല. റിവ്യൂഹര്‍ജി നല്‍കുംമുമ്പുള്ള ഇത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് അഭിപ്രായമെന്ന് മുതിര്‍ന്ന യുഡിഎഫ് നേതാവ് പറഞ്ഞു. കൈക്കൂലി വാങ്ങിയ സുപ്രീംകോടതി ജഡ്ജി ആരെന്നുള്ള ചോദ്യത്തിന് കെ സുധാകരന്‍ മറുപടി പറയണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. റിവ്യൂ ഹര്‍ജിക്ക് പോകില്ലെന്ന നിലപാട് സ്വീകരിച്ച തന്നെ അതിന് പ്രേരിപ്പിക്കുകയും ഹര്‍ജി സമര്‍പ്പിക്കുംമുമ്പ് യോഗം വിളിച്ചുകൂട്ടി കോടതിയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തത് തന്നെ വെട്ടിലാക്കാനായിരുന്നോയെന്ന സംശയം ബാലകൃഷ്ണപിള്ളയ്ക്കാണ്. കോടതിയ്ക്കെതിരെ പ്രതികരിച്ചവരൊന്നും തന്റെ നന്മ ആഗ്രഹിക്കുന്നവരല്ലെന്ന തിരിച്ചറിവിലാണ് പിള്ള.
ദേശാഭിമാനി 140211
സുപ്രീംകോടതി ജഡ്ജിക്ക് ബാര്‍ ഉടമകള്‍ കൈക്കൂലി കൊടുത്തതിന് താന്‍ സാക്ഷിയാണെന്നു പ്രസ്താവിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി ചെന്നുചാടുന്നത് ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക്. സ്വയം കുരുക്കിലാകുക മാത്രമല്ല, അഴിമതി ആരോപണങ്ങളില്‍പ്പെട്ടു വലയുന്ന യുഡിഎഫ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തു സുധാകരന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്ത് (1991-1995) 31 ബാറിന്റെ ലൈസന്‍സ് നിയമവിരുദ്ധമായതിനാല്‍ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതു പുനഃസ്ഥാപിച്ചു കിട്ടാന്‍ ബാര്‍ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചു. അനുകൂല വിധി കിട്ടാന്‍ ഒരു ജഡ്ജിക്ക് രണ്ടു തവണയായി 36 ലക്ഷം രൂപ കൊടുത്തു. ബാര്‍ ഉടമകള്‍ പണം കൊടുത്തതിന് താന്‍ സാക്ഷിയാണ്. ഇതാണ് സുധാകരന്‍ ശനിയാഴ്ച കൊട്ടാരക്കരയില്‍ പറഞ്ഞതിന്റെ ചുരുക്കം.
ReplyDelete