Saturday, February 12, 2011

ഉദ്ഘാടന വേദിയില്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളി

കേരളത്ത് വികസനക്കുതിപ്പിന് സാഹചര്യമൊരുക്കുന്ന വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങ് കേന്ദ്ര സര്‍ക്കാര്‍ തരംതാണ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കി. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തിയ സംസ്ഥാന സര്‍ക്കാരിന് ഉദ്ഘാടന വേദിയില്‍ കാര്യമായ പ്രാതിനിധ്യം നല്‍കിയില്ല. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ മാത്രമാണ് ഉദ്ഘാടനത്തിനു ക്ഷണിച്ചത്. ഉദ്ഘാടനത്തിന് പത്രങ്ങള്‍ക്കു നല്‍കിയ പരസ്യത്തില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കുകയും ചെയ്തു.

കേന്ദ്ര നടപടി സംസ്ഥാനത്തെ ജനങ്ങളോടുള്ള അവഹേളനമാണെന്നു മന്ത്രി എസ് ശര്‍മയും ജോസ്‌തെറ്റയിലും പറഞ്ഞു. ഉദ്ഘാടന വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. പരസ്യത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത് വേദനാജനകമായ ഒന്നായിപ്പോയെന്ന് മന്ത്രി കെ പി രാജേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.

2005ല്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനചടങ്ങില്‍ ജില്ലയില്‍ നിന്നുള്ള അന്നത്തെ മന്ത്രിമാരായ ഡൊമനിക് പ്രസന്റേഷനെയും ഇബ്രാഹിംകുഞ്ഞിനെയും പങ്കെടുപ്പിച്ചിരുന്നു. ഇന്ന് മന്ത്രിമാരെ പങ്കെടുപ്പിക്കാത്തിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഷിപ്പിംഗ് മന്ത്രാലയം നല്‍കിയ പരസ്യത്തില്‍ സോണിയഗാന്ധി മുതല്‍ കെ വി തോമസിന്റെ വരെ പടമുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഒഴിവാക്കി. ശിലാഫലകത്തിലും മുഖ്യമന്ത്രിയുടെ പേരില്ല. എന്നാല്‍ ഈ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിന് പഴിയും ചീത്തയും കേട്ടത് സംസ്ഥാന സര്‍ക്കാരും മന്ത്രിമാരുമാണ്. റയില്‍-റോഡ് മാര്‍ഗത്തിനായി നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. ഇവര്‍ക്കുണ്ടായ ബുദ്ധിമുട്ടിന് പഴി കേള്‍ക്കേണ്ടിവന്നത് സംസ്ഥാനത്തിനാണ്. സംസ്ഥാനസര്‍ക്കാര്‍ തന്നെയാണ് പുനരധിവാസത്തിന് ഭൂമി നല്‍കിയത്. ഇത്രയൊക്കെ ചെയ്തിട്ടും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ പേര് പരാമര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്ന് ശര്‍മ പറഞ്ഞു.

ഒഴിപ്പിച്ച കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ജോലി നല്‍കാമെന്ന് പോര്‍ട്ട് ട്രസ്റ്റ് വാഗ്ദാനം ചെയ്തിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ പാലിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു. കേന്ദ്രം കാട്ടിയത് തീര്‍ത്തും നന്ദികേടാണെന്ന് മന്ത്രി തെറ്റയിലും പറഞ്ഞു.

ജനയുഗം 120211

2 comments:

  1. കേരളത്ത് വികസനക്കുതിപ്പിന് സാഹചര്യമൊരുക്കുന്ന വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങ് കേന്ദ്ര സര്‍ക്കാര്‍ തരംതാണ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കി. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തിയ സംസ്ഥാന സര്‍ക്കാരിന് ഉദ്ഘാടന വേദിയില്‍ കാര്യമായ പ്രാതിനിധ്യം നല്‍കിയില്ല. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ മാത്രമാണ് ഉദ്ഘാടനത്തിനു ക്ഷണിച്ചത്. ഉദ്ഘാടനത്തിന് പത്രങ്ങള്‍ക്കു നല്‍കിയ പരസ്യത്തില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കുകയും ചെയ്തു.

    ReplyDelete
  2. തിരുവനന്തപുരം വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനത്തിലും സംസ്ഥാന സര്‍ക്കാരിന് അവഗണന. ടെര്‍മിനല്‍ ഉദ്ഘാടനത്തിന്റെ ശിലാഫലകത്തില്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കി. വല്ലാര്‍പാടം, തിരുവനന്തപുരം ചടങ്ങുകളില്‍ സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വിമാനത്താവളം കേന്ദ്രത്തിന്റേതാണെങ്കിലും സംസ്ഥാനം അതിന്റെ വികസനത്തിന് ഏറെകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

    തിരുവനന്തപുരം വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പുതിയ ടെര്‍മിനല്‍ ടൂറിസം അടക്കം കേരളത്തിന്റെ വികസനത്തിന് ഏറെ നേട്ടങ്ങളുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ടെര്‍മിനല്‍ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഭാവനകളെക്കുറിച്ച് പ്രധാനമന്ത്രി മൌനം പാലിക്കുകയും ചെയ്തു.

    ReplyDelete