അറബ് മേഖലയില്‍ പടരുന്ന ജനാധിപത്യബോധത്തിന്റെ കൊടുങ്കാറ്റില്‍ ഒരു സ്വേച്ഛാധിപത്യഭരണംകൂടി കടപുഴകിവീണു. മൂന്നു പതിറ്റാണ്ടിലേറെയായി ഈജിപ്തിനെ അടക്കിഭരിച്ചിരുന്ന പ്രസിഡന്റ് ഹൊസ്നി മുബാറക് അധികാരമൊഴിഞ്ഞു. രണ്ടാഴ്ചമുമ്പ് മാത്രമാണ് ജനങ്ങളുടെ വമ്പിച്ച പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്കെതിരെ പിടിച്ചുനില്‍ക്കാനാകാതെ ടുണീഷ്യയുടെ പ്രസിഡന്റ് സൈനുല്‍ എല്‍ അബിദീന്‍ ബിന്‍ അലി രാജ്യം വിട്ടോടിയത്. ടുണീഷ്യയുടെ 23 വര്‍ഷം നീണ്ട ഏകാധിപത്യവാഴ്ചയ്ക്ക് അറുതി കുറിച്ചുകൊണ്ടാണ് ബിന്‍ അലിക്ക് അധികാരം വിടേണ്ടിവന്നത്.
ടുണീഷ്യയില്‍നിന്നാരംഭിച്ച പ്രതിഷേധക്കൊടുങ്കാറ്റ് അറബ് മേഖലയിലെമ്പാടും ചീറിയടിക്കുകയാണ്. യമനില്‍ അലി അബ്ദുള്ള സലെയുടെ മുപ്പത്തിരണ്ട് വര്‍ഷമായുള്ള സ്വേച്ഛാധിപത്യവാഴ്ചക്കെതിരായ ജനാധിപത്യപ്രക്ഷോഭം കത്തിപ്പടരുന്നു. ജോര്‍ദാനില്‍ 'റൊട്ടിയും സ്വാതന്ത്ര്യവും' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടുള്ള അതിശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഒരു ജനവിരുദ്ധ ഭരണസംവിധാനം പുറത്താക്കപ്പെട്ടിരിക്കുന്നു. മധ്യപൂര്‍വദേശത്തെ മറ്റു നിരവധി രാജ്യങ്ങളില്‍ ജനമുന്നേറ്റം വമ്പിച്ചതോതില്‍ നടക്കുന്നു. മൊറോക്കോ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് നിര്‍ണായകമായ വഴിത്തിരിവിലേക്ക് എത്തുന്നു. ഈ ജനാധിപത്യമുന്നേറ്റങ്ങള്‍, അതതിടങ്ങളിലെ ജനവിരുദ്ധ വാഴ്ചകള്‍ക്കുമാത്രമല്ല, ആ ഭരണാധികാരികള്‍ക്കുപിന്നില്‍ ആളും അര്‍ഥവുമായി നില്‍ക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനുകൂടി എതിരാണ് എന്നത് തിരിച്ചറിയേണ്ടതുണ്ട്. ശീതസമരഘട്ടത്തിനുശേഷമുള്ള അമേരിക്കയുടെ പാവഭരണ ലോകക്രമം എന്ന സിദ്ധാന്തത്തിനേല്‍ക്കുന്ന ആഘാതമാണിത്.
ഓരോ രാജ്യത്തും ചൊല്‍പ്പടിക്കു നില്‍ക്കുന്ന പാവഭരണങ്ങളെവച്ച് സാമ്രാജ്യത്വം അതിന്റെ തന്ത്രപരമായ ആഗോളതാല്‍പ്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയും ആ രാജ്യങ്ങളെ ഈ ഭരണാധികാരികളെക്കൊണ്ടുതന്നെ കൊള്ളയടിപ്പിച്ച് കൊള്ളമുതല്‍ കൈക്കലാക്കുകയുമായിരുന്നു. മധ്യപൂര്‍വദേശത്തെ അമേരിക്കയുടെ ഈ തന്ത്രം ആ മേഖലയിലെ എണ്ണസമ്പത്ത്, സൂയസ് കനാലിനുമേലുള്ള നിയന്ത്രണം, സൈനികനീക്കങ്ങള്‍ക്കുള്ള വഴിതുറക്കല്‍ തുടങ്ങിയവകൂടി ഉള്ളില്‍ക്കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് നടത്തിപ്പോന്നത്. ഈ തന്ത്രങ്ങള്‍ ദീര്‍ഘകാലം അമേരിക്കയ്ക്കുവേണ്ടി ഏറ്റെടുത്ത് നിര്‍വഹിച്ചുകൊടുത്ത ഏകാധിപതിയാണ് ഇപ്പോള്‍ ഈജിപ്തില്‍നിന്ന് പുറത്താകുന്നത്. ഇസ്രയേലിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ഏറ്റവുമധികം സൈനികസഹായം- 35 ബില്യണ്‍ ഡോളര്‍- അമേരിക്ക നല്‍കിയതും ഈജിപ്ത് ഭരണാധികാരിക്കാണ്. അവിടെയാണ്, തിളച്ചുമറിയുന്ന ജനരോഷത്തിനെതിരെ പിടിച്ചുനില്‍ക്കാനാകാതെ ഹൊസ്നി മുബാറക് വീണത്. സൈന്യത്തെക്കൊണ്ട് ജനങ്ങളെ കൊന്നൊടുക്കാന്‍വരെ നോക്കി മുബാറക്. എന്നാല്‍, ഒടുവില്‍ ജനവികാരം മനസിലാക്കിയ സൈന്യം, തങ്ങളുടെ ജനങ്ങള്‍ക്കുനേര്‍ക്ക് നിറയൊഴിക്കില്ല എന്ന് പ്രഖ്യാപിച്ചു. മുബാറക്കിനും അമേരിക്കയ്ക്കും ഗത്യന്തരമില്ലാതാവുകയായിരുന്നു അതോടെ. രാജിവച്ചൊഴിയാന്‍ മുബാറക്കിനുമേല്‍ സമ്മര്‍ദം ചെലുത്താതെ ബറാക് ഒബാമ ഈജിപ്ത് ജനതയുടെ സ്വാതന്ത്ര്യാവകാശത്തെക്കുറിച്ച് സംസാരിച്ചതിലെ ഇരട്ടത്താപ്പ് ലോകം കഴിഞ്ഞദിവസങ്ങളില്‍ കണ്ടതാണ്.
മുബാറക് പോയി എന്നതുകൊണ്ട് ഈജിപ്തില്‍ ജനാധിപത്യമായി എന്നാരും കരുതേണ്ടതില്ല. മുബാറക് പോയി എന്നത് അത്രത്തോളം നന്ന്. വ്യാജഭരണാധികാരികളായാലും ദീര്‍ഘകാലത്തിനുശേഷം മടങ്ങിയെത്തിയ മുന്‍ ഐഎഇഎ മേധാവി അല്‍ബറാദേയിയായാലും അമേരിക്കയുടെ ചട്ടുകമാകാന്‍ നിന്നുകൊടുക്കില്ല എന്നതുറപ്പാക്കേണ്ടതുണ്ട്. ഇതാകട്ടെ, ശ്രമകരവുമാണ്. ഇറാഖ് അധിനിവേശമടക്കമുള്ള കാര്യങ്ങളില്‍ അല്‍ബറാദേയിയെ അമേരിക്ക എങ്ങനെ ഉപയോഗിച്ചു എന്നത് നാം കണ്ടതാണ്.
ടുണീഷ്യ ഭരണാധികാരി ജനപ്രക്ഷോഭത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ വീണു. ജനാധിപത്യവ്യവസ്ഥയിലേക്ക് ടുണീഷ്യക്ക് ഏറെ ദൂരമുണ്ട്. ടുണീഷ്യയില്‍ ഇതുവരെയുണ്ടായിരുന്നതുപോലുള്ള അമേരിക്കന്‍ പാവഭരണമുണ്ടാകാതെ നോക്കാനും, ഇസ്ളാമിക മതമൌലികവാദികള്‍ ജനാധിപത്യതാല്‍പ്പര്യങ്ങളെ ഹനിക്കാതെ നോക്കാനും ശ്രമിക്കേണ്ടതുണ്ട്. യമനിലും ജോര്‍ദാനിലുമൊക്കെ വന്‍ ജനപ്രക്ഷോഭം നടക്കുന്നുവെങ്കിലും അമേരിക്കന്‍ പിന്തുണയുള്ള ഭരണക്കാര്‍ എങ്ങനെ വരുംനാളുകളില്‍ അവയെ നേരിടും എന്നതും ലോകം ശ്രദ്ധാപൂര്‍വം ഉറ്റുനോക്കുന്നു. ഏതായാലും അറബ് ജനതയുടെ ജനാധിപത്യാഭിലാഷങ്ങള്‍ ലോകശ്രദ്ധയില്‍ വരുംവിധം സജീവമായിരിക്കുന്നുവെന്ന് കാണുന്നത് ആഹ്ളാദകരമാണ്.
മന്ത്രിസഭ അഴിച്ചുപണി, ചിലമാസങ്ങള്‍കൂടി തുടരല്‍, കാലാവധി പൂര്‍ത്തിയായാല്‍ അധികാരംവിടാമെന്ന ഉറപ്പ് തുടങ്ങി പല വിദ്യകളും മുബാറക്കും ബിന്‍ അലിയും പരീക്ഷിച്ചു. എന്നാല്‍, ഈജിപ്തിലെയും ടുണീഷ്യയിലെയും ജനങ്ങള്‍ അതിലൊന്നും വീണുപോയില്ല. വന്‍ ജനകീയപ്രക്ഷോഭങ്ങള്‍ക്കു മുമ്പില്‍ ഏത് സ്വേച്ഛാധിപത്യഭരണവും, ആ ഭരണത്തിന് എത്ര സാമ്രാജ്യത്വ പിന്തുണയുണ്ടായാലും പിടിച്ചുനില്‍ക്കാനാകാതെ വീണുപോകുമെന്ന പാഠമാണ് ഈജിപ്തും ടുണീഷ്യയും ലോകത്തിനുമുന്നില്‍ വയ്ക്കുന്നത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്ക ഉയര്‍ത്തിയ ഏകധ്രുവലോകമെന്ന വാദത്തിനും തിരിച്ചടിയേല്‍ക്കുകയാണ്. എല്ലാ രാജ്യങ്ങളും അമേരിക്കയുടെ ചിറകിനടിയിലേക്ക് എന്ന സാമ്രാജ്യത്വചിന്തയെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ ഉള്ളടക്കംകൂടിയുണ്ട് ഇന്ന് അറബ്ലോകത്ത് പടരുന്ന മാറ്റത്തിന്റെ കാറ്റിന്.
അറബ് ലോകത്ത് ഈജിപ്തിനുള്ള സ്ഥാനം അനുപമമാണ്. മധ്യപൂര്‍വദേശത്തെ വലിയ രാഷ്ട്രമാണത്. 85 ദശലക്ഷം ജനങ്ങളുള്ളതും സുശക്തമായ സൈനികബലമുള്ളതുമായ രാജ്യം. മുബാറക് അധികാരമൊഴിയുമ്പോള്‍ വരുന്ന ഏത് രാഷ്ട്രീയ സംവിധാനത്തിനും മുബാറക്കിനെപ്പോലെ അന്ധമായി സാമ്രാജ്യത്വത്തെ അനുകൂലിക്കാനാവില്ല. പലസ്തീന്‍ ജനതയുടെ ശബ്ദം കേട്ടില്ലെന്ന് നടിക്കാനാവില്ല. ഈജിപ്തില്‍ സാമ്രാജ്യത്വവുമായി സഹകരിച്ചുപോന്ന ഒരു സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ അതുണ്ടാക്കുന്ന ചലനങ്ങള്‍ അവിടെമാത്രമായി ഒതുങ്ങില്ല. അമേരിക്ക-ഇസ്രയേല്‍ സംയുക്ത നീക്കങ്ങള്‍ക്കെതിരായി അറബ് ലോകത്താകെ അത് പുതിയ ശക്തിബന്ധങ്ങള്‍ക്കുള്ള സാധ്യതയുടെ വാതില്‍ തുറക്കും. ടുണീഷ്യയിലാരംഭിച്ച ജനാധിപത്യനീക്കങ്ങളുടെ പ്രക്രിയ കൂടുതലിടങ്ങളിലേക്ക് അലയടിച്ചെത്തും. മധ്യധരണ്യാഴി പ്രദേശത്തിന്റെ മുഖച്ഛായ അത് നാളെ മാറ്റിയെഴുതുകതന്നെചെയ്യും. ആ നിലയ്ക്കാണ് ഈജിപ്തിലെ മാറ്റം സ്വാഗതാര്‍ഹമാകുന്നത്. ടുണീഷ്യയിലാരംഭിച്ച മാറ്റം ജോര്‍ദാനിലേക്കും യമനിലേക്കുമൊക്കെ പടരുന്നത് സ്വാഗതാര്‍ഹമാവുന്നത്.
മൂന്നുപതിറ്റാണ്ടായി അധികാരത്തിലിരിക്കുന്ന സ്വേച്ഛാധിപതിയെ പിടിച്ചിറക്കാന്‍ ജനമുന്നേറ്റത്തിനു മൂന്നാഴ്ചപോലും വേണ്ട എന്ന സന്ദേശവും ടുണീഷ്യയും ഈജിപ്തും പകരുന്നുണ്ട്. രണ്ടിടത്തും മാറ്റം ഏതൊക്കെ വിധത്തിലാവുമെന്ന് വ്യക്തമല്ല. എങ്കിലും മാറ്റം നല്ലതിനുള്ളതാവും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യക്രമമാണ് വേണ്ടത് എന്ന് അല്‍ബറാദേയി പറഞ്ഞുവല്ലോ. അത്രയും നന്ന്. ആ വാക്കുകളിലുള്ള വെളിച്ചം അറബ് ലോകത്തെമ്പാടും പടരട്ടെ.
ദേശാഭിമാനി മുഖപ്രസംഗം 140211
അറബ് മേഖലയില്‍ പടരുന്ന ജനാധിപത്യബോധത്തിന്റെ കൊടുങ്കാറ്റില്‍ ഒരു സ്വേച്ഛാധിപത്യഭരണംകൂടി കടപുഴകിവീണു. മൂന്നു പതിറ്റാണ്ടിലേറെയായി ഈജിപ്തിനെ അടക്കിഭരിച്ചിരുന്ന പ്രസിഡന്റ് ഹൊസ്നി മുബാറക് അധികാരമൊഴിഞ്ഞു. രണ്ടാഴ്ചമുമ്പ് മാത്രമാണ് ജനങ്ങളുടെ വമ്പിച്ച പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്കെതിരെ പിടിച്ചുനില്‍ക്കാനാകാതെ ടുണീഷ്യയുടെ പ്രസിഡന്റ് സൈനുല്‍ എല്‍ അബിദീന്‍ ബിന്‍ അലി രാജ്യം വിട്ടോടിയത്. ടുണീഷ്യയുടെ 23 വര്‍ഷം നീണ്ട ഏകാധിപത്യവാഴ്ചയ്ക്ക് അറുതി കുറിച്ചുകൊണ്ടാണ് ബിന്‍ അലിക്ക് അധികാരം വിടേണ്ടിവന്നത്.
ReplyDelete