Saturday, February 12, 2011

മതവിശ്വാസം സംരക്ഷിച്ചത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: പിണറായി

മതവിശ്വാസികള്‍ക്ക് ആരാധനാലയങ്ങള്‍ സ്ഥാപിക്കാനുള്ള അവകാശം നല്‍കിയതും മതത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിച്ച് ജോലി ലഭിക്കാനുള്ള അവസരമൊരുക്കിയതും 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിന്ത വെബ്സൈറ്റ് ഉദ്ഘാടനവും ചിന്ത പ്രസിദ്ധീകരിച്ച 'കെ ഇ എന്‍ സംഭാഷണങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു പിണറായി.

മതങ്ങളില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഐ എം. കമ്യൂണിസ്റുകാര്‍ മതനിഷേധികളെന്ന ആക്ഷേപം വസ്തുതയല്ലെന്ന് അനുഭവം തെളിയിച്ചു. പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നു എന്ന കാരണത്താല്‍ ഏതെങ്കിലും വിഭാഗത്തെ മറ്റൊരു കൂട്ടര്‍ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ അതിനെ ചെറുക്കുന്നത് കമ്യൂണിസ്റുകാരാണ്. ന്യൂനപക്ഷ മതവിഭാഗങ്ങളാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. അവരെ സംരക്ഷിക്കാന്‍ ജീവന്‍ കൊടുത്തും പോരാടുന്നത് കമ്യൂണിസ്റ് പ്രസ്ഥാനമാണ്. കമ്യൂണിസ്റ് പാര്‍ടി അധികാരത്തില്‍ വന്നാല്‍ മതവിശ്വാസികള്‍ക്ക് രക്ഷയുണ്ടാകില്ലെന്ന് പ്രചരിപ്പിച്ചു. എന്നാല്‍, അനുഭവം ഈ പ്രചാരണം അടിസ്ഥാനരഹിതമെന്ന് തെളിയിച്ചു. മതവിശ്വാസത്തിന് സിപിഐ എം എതിരല്ല. മതത്തിന്റെ പേരിലുള്ള തീവ്രവാദത്തെയും വര്‍ഗീയതയെയും ഭീകരവാദത്തെയുമാണ് പാര്‍ടി എതിര്‍ക്കുന്നത്. സ്വത്വബോധത്തെ വര്‍ഗബോധമായി ഉയര്‍ത്താനാണ് സിപിഐ എം ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു.

വര്‍ഗബോധം ഉയര്‍ത്തിയേ ഈ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ. സ്വത്വബോധം വര്‍ഗബോധമായി വികസിപ്പിക്കപ്പെടണം. നവോത്ഥാനകാലഘട്ടംമുതല്‍ വ്യത്യസ്തമായ അനുഭവം നമുക്കുണ്ട്. ജാതീയമായ അതിര്‍വരമ്പുകളിലും മതവൈരത്തിലും ഇവിടെ വലിയ മാറ്റം കാണാം. നവോത്ഥാനകാലഘട്ടത്തെതുടര്‍ന്ന് കമ്യൂണിസ്റുകാര്‍ വര്‍ഗബോധമുയര്‍ത്താന്‍ നടത്തിയ പരിശ്രമങ്ങളാണ് ഇതിന് കാരണം. അടിമസമാനമായ ജീവിതം നയിക്കേണ്ടിവന്നവര്‍ക്ക് അത് ചോദ്യംചെയ്യാനുള്ള കരുത്ത് കമ്യൂണിസ്റ് പാര്‍ടി പകര്‍ന്നുനല്‍കി. അവരുടെ വര്‍ഗബോധമുയര്‍ത്തി. നിയമപരമായ സംരക്ഷണം വരുന്നതിനുമുമ്പുതന്നെ വര്‍ഗബോധത്തിന്റെ അടിസ്ഥാനത്തില്‍ നേടിയ കരുത്തിന്റെ ഭാഗമായി സാധാരണജനവിഭാഗങ്ങള്‍ക്ക് അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞു.

മുഖ്യധാരാ മാധ്യമങ്ങള്‍ അടിസ്ഥാനവര്‍ഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും എഴുതുന്നവര്‍ക്കും എതിരാണ്. എഴുത്തുകാരന്റെ വര്‍ഗപരമായ സമീപനമാണ് നോക്കേണ്ടത്. അടിസ്ഥാനവര്‍ഗത്തിനുവേണ്ടി നിലകൊള്ളുന്നവരെ ശത്രുവര്‍ഗതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന മുഖ്യധാരാമാധ്യമങ്ങള്‍ തുടര്‍ച്ചയായി എതിര്‍ക്കും. അത്തരം എതിര്‍പ്പുകളില്‍ എഴുത്തുകാര്‍ പരിഭവിച്ചിട്ടു കാര്യമില്ല. അരാഷ്ട്രീയതയുടെ അപകടവും സാംസ്കാരികരംഗത്തുള്‍പ്പെടെയുള്ള സംഘപരിവാര്‍ കടന്നുകയറ്റവും പുരോഗമനപ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കാന്‍ തീവ്ര ഇടതുപക്ഷക്കാര്‍ നടത്തുന്ന നീക്കങ്ങളും തുറന്നുകാണിക്കാന്‍ തന്റെ പുസ്തകത്തിലൂടെ കെ ഇ എന്നിന് കഴിഞ്ഞതായി പിണറായി അഭിപ്രായപ്പെട്ടു.

ചിന്ത വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ചിന്ത പബ്ളിഷേഴ്സിന്റെ വെബ്സൈറ്റ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കെ ഇ എന്‍ സംഭാഷണങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും പിണറായി നിര്‍വഹിച്ചു. തിരുവനന്തപുരം ദേശാഭിമാനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാംസ്കാരികമന്ത്രി എം എ ബേബി പുസ്തകം ഏറ്റുവാങ്ങി. കേരളത്തിന്റെ സാംസ്കാരികമേഖലയില്‍ സാര്‍ഥകമായ ഇടപെടലാണ് കെ ഇ എന്‍ നടത്തുന്നതെന്ന് ബേബി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി പുസ്തകം പരിചയപ്പെടുത്തി. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ കെ വരദരാജന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു. ചിന്ത പബ്ളിഷേഴ്സ് മാനേജര്‍ വി കെ ജോസഫ് സ്വാഗതം പറഞ്ഞു. ചിന്തയുടെ പുസ്തകങ്ങള്‍, ഇ എം എസ് സമ്പൂര്‍ണകൃതികള്‍, പുസ്തകവാര്‍ത്ത, ഹോം ലൈബ്രറി തുടങ്ങി ചിന്തയുമായി ബന്ധപ്പെട്ട എല്ലാ വിവരവും വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി പുസ്തകം വാങ്ങാനും സൌകര്യമുണ്ട്.

ദേശാഭിമാനി 130211

1 comment:

  1. മതവിശ്വാസികള്‍ക്ക് ആരാധനാലയങ്ങള്‍ സ്ഥാപിക്കാനുള്ള അവകാശം നല്‍കിയതും മതത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിച്ച് ജോലി ലഭിക്കാനുള്ള അവസരമൊരുക്കിയതും 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചിന്ത വെബ്സൈറ്റ് ഉദ്ഘാടനവും ചിന്ത പ്രസിദ്ധീകരിച്ച 'കെ ഇ എന്‍ സംഭാഷണങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു പിണറായി.

    ReplyDelete