Monday, February 14, 2011

കൊച്ചിക്ക് അനുബന്ധമാകാന്‍ തൃശൂര്‍

142 കോടിയുടെ നഗരവികസനം കൊച്ചിക്ക് അനുബന്ധമാകാന്‍ തൃശൂര്‍

തൃശൂര്‍ നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 142 കോടി രൂപയുടെ നഗരവികസന പദ്ധതികള്‍ വ്യാപാര കേന്ദ്രമായ കൊച്ചിയുടെ അനുബന്ധ പട്ടണമായ തൃശൂരിന്റെ ഉയര്‍ച്ചക്ക് വഴിതെളിക്കും. തൃശൂരിനെ കോര്‍പറേഷനായി ഉയര്‍ത്തിയ മുന്‍ ഇടതുസര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോട് നീതിപുലര്‍ത്തിയ മന്ത്രി തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ബജറ്റ് തന്ത്രപ്രധാന വ്യാപാര-വാണിജ്യ- വിദ്യാഭ്യാസ -ടൂറിസം കേന്ദ്രമെന്ന നിലയില്‍ തൃശൂരിന് കുതിപ്പേകും. കൊച്ചിയില്‍ വല്ലാര്‍പാടം പദ്ധതിക്ക് പുറമെ സ്മാര്‍ട്ട്സിറ്റിയും പ്രവര്‍ത്തനക്ഷമമാകുന്നതോടെ തൃശൂരിന്റെ പ്രധാന്യവും വര്‍ധിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മേല്‍പ്പാലങ്ങളും ബൈപ്പാസും ഭാവി വികസനത്തിന് വേഗംകൂട്ടും. തമിഴ്നാട്ടില്‍നിന്നുള്ള ചരക്കുകളുടെ പ്രധാന ആഗമന മാര്‍ഗമായ നഗരത്തിന്റെ വളര്‍ച്ച സംസ്ഥാനത്തിന്റെ വ്യാപാര പുരോഗതിയില്‍ത്തന്നെ നിര്‍ണായകമാകും.

നഗരത്തില്‍ ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ ഉതകുന്ന പദ്ധതികളാണ് ബജറ്റില്‍ ലക്ഷ്യമിടുന്നത്. കൊക്കാലെ-പൂത്തോള്‍ മേല്‍പ്പാലം, പടിഞ്ഞാറേകോട്ടയില്‍ ഫ്ളൈഓവര്‍, പൂങ്കുന്നം, പാട്ടുരായ്ക്കല്‍, അശ്വിനി ജങ്ഷന്‍, കിഴക്കേകോട്ട എന്നിവയുടെ വികസനം എന്നിവ നഗരത്തിന്റെ മുഖച്ഛായ മാറ്റും. ശക്തന്‍സ്റ്റാന്‍ഡ് ടിയുഡിഎ ജങ്ഷനില്‍നിന്നാരംഭിച്ച് കൊക്കാലെ ജങ്ഷന്‍ പൂത്തോള്‍ റോഡില്‍ വഞ്ചിക്കുളത്തിന് അപ്പുറത്തേക്ക് എത്തുന്ന ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്നതാണ് മേല്‍പ്പാലം. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് റൌണ്ട്, കെഎസ്ആര്‍ടിസി, ദിവാന്‍ജിമൂല, ചെട്ടിയങ്ങാടി ഭാഗങ്ങളിലെ തിരക്കില്‍പ്പെടാതെ കോഴിക്കോട് റൂട്ടിലേക്ക് എത്താന്‍ എളുപ്പമാകും. പടിഞ്ഞാറേകോട്ടയിലെ ഗതാഗതക്കുരുക്കിന് ഫ്ളൈഓവര്‍ പരിഹാരമാണ്. കലക്ടറേറ്റിലേക്കും കുന്നംകുളം ഭാഗത്തേക്കും ദേശീയപാത 17ലേക്കും എത്തേണ്ട ആയിരക്കണക്കിനാളുകള്‍ക്ക് ഇത് സഹായകമാകും.

നിലവിലുള്ള സംസ്കാരിക സ്ഥാപനങ്ങള്‍ക്കും അതിരപ്പിള്ളി വാഴച്ചാല്‍ തുടങ്ങിയ ടൂറിസം സ്ഥാനങ്ങളും ഗുരുവായൂര്‍ ക്ഷേത്രം എന്നിവക്കും പുറമെ ആരോഗ്യ -കാര്‍ഷിക സര്‍വകലാശാലകള്‍, 720 കോടിയുടെ കേന്ദ്ര സര്‍വകലാശാല, സയന്‍സ് സിറ്റി, എന്നിവയും മുന്നില്‍ കണ്ടുള്ള നഗര വികസനത്തിനാണ് അരങ്ങൊരുങ്ങുന്നത്. നഗരം തൊടാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പുതിയ റോഡുകള്‍ വരുന്നതോടെ സാധിക്കും. മണ്ണുത്തി -അമലനഗര്‍ ബൈപ്പാസ് കടന്നുപോകുന്ന അശ്വിനി, പാട്ടുരായ്ക്കല്‍, പൂങ്കുന്നം ജങ്ഷനുകള്‍ വികസിപ്പിക്കും. ബൈപ്പാസ് പാക്കേജില്‍ പ്രമുഖമായത് മണ്ണുത്തി-അമലനഗര്‍ ബൈപ്പാസാണ്. ജില്ലാതല റോഡ് പദ്ധതിയില്‍ ചെമ്പൂക്കാവ്-കുട്ടനെല്ലൂര്‍-അക്കിക്കാവ് 22 കിലോമീറ്റര്‍ റോഡ് പ്രധാന പ്രഖ്യാപനമായി. തൃശൂര്‍-ചൂണ്ടല്‍ റോഡും നവീകരിക്കും. ജങ്ഷനുകളുടെ വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കും. കിഴക്കേകോട്ട ജങ്ഷന്‍ വികസിപ്പിച്ച് മനോഹരമാക്കും. സംസ്ഥാന ഹൈവേ പാക്കേജില്‍ ഉള്‍പ്പെടുത്തി തൃശൂര്‍-ഷൊര്‍ണൂര്‍ 28 കിലോമീറ്റര്‍ റോഡ് പുനരുദ്ധരിക്കുന്നതും തൃശൂരിന് മുതല്‍ക്കൂട്ടാകും.

ദേശാഭിമാനി 130211

2 comments:

  1. തൃശൂര്‍ നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 142 കോടി രൂപയുടെ നഗരവികസന പദ്ധതികള്‍ വ്യാപാര കേന്ദ്രമായ കൊച്ചിയുടെ അനുബന്ധ പട്ടണമായ തൃശൂരിന്റെ ഉയര്‍ച്ചക്ക് വഴിതെളിക്കും. തൃശൂരിനെ കോര്‍പറേഷനായി ഉയര്‍ത്തിയ മുന്‍ ഇടതുസര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോട് നീതിപുലര്‍ത്തിയ മന്ത്രി തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ബജറ്റ് തന്ത്രപ്രധാന വ്യാപാര-വാണിജ്യ- വിദ്യാഭ്യാസ -ടൂറിസം കേന്ദ്രമെന്ന നിലയില്‍ തൃശൂരിന് കുതിപ്പേകും. കൊച്ചിയില്‍ വല്ലാര്‍പാടം പദ്ധതിക്ക് പുറമെ സ്മാര്‍ട്ട്സിറ്റിയും പ്രവര്‍ത്തനക്ഷമമാകുന്നതോടെ തൃശൂരിന്റെ പ്രധാന്യവും വര്‍ധിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മേല്‍പ്പാലങ്ങളും ബൈപ്പാസും ഭാവി വികസനത്തിന് വേഗംകൂട്ടും. തമിഴ്നാട്ടില്‍നിന്നുള്ള ചരക്കുകളുടെ പ്രധാന ആഗമന മാര്‍ഗമായ നഗരത്തിന്റെ വളര്‍ച്ച സംസ്ഥാനത്തിന്റെ വ്യാപാര പുരോഗതിയില്‍ത്തന്നെ നിര്‍ണായകമാകും.

    ReplyDelete
  2. santhosham...chalakkudy/potta flyovers are still not finished (more than 3 years i guess now since they started) dunno if its NHAI or Kerala PWD who has to do the work..anyway, it took almost 6 months to dig one subway in swaraj round and it was a traffic nightmare..so dunno how these flyovers wl take to finish..

    anyway, enthenkilum okke cheyyunnundallo
    santhosham

    oru thrissurkkaran

    ReplyDelete