Monday, February 14, 2011

ഇടതുമുന്നണിയുടെ കരുത്തില്‍ കൊല്‍ക്കത്ത ചുവന്നു

ഇന്ത്യാചരിത്രത്തിലെ ആവേശകരമായ അധ്യായങ്ങള്‍ രചിച്ച കൊല്‍ക്കത്ത നഗരം ഞായറാഴ്ച ചെമ്പതാകകളേന്തിയ ജനലക്ഷങ്ങളുടെ മുന്നേറ്റത്തിലുണര്‍ന്നു. തീവ്രവാദത്തിനും വിഘടനവാദത്തിനുമെതിരെ ശക്തമായുയരുന്ന ബംഗാളിന്റെ ജനമുന്നേറ്റതിനാണ് ബ്രിഗേഡ് പരേഡ് ഗ്രൌണ്ട് സാക്ഷിയായത്. വിലക്കയറ്റത്തിനിടയാക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധതയ്ക്കും കോണ്‍ഗ്രസ്-മാവോയിസ്റ്-തൃണമൂല്‍ മുന്നണിയുടെ ആക്രമണങ്ങള്‍ക്കുമെതിരെ സംഘടിപ്പിച്ച റാലി കൊല്‍ക്കത്ത നഗരം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ജനസംഗമമായി.
വലതുപക്ഷ മാധ്യമങ്ങള്‍ റാലിക്കെതിരെ വന്‍പ്രചാരണം നടത്തിയിട്ടും പത്ത് ലക്ഷത്തിലധികം പേര്‍ ബ്രിഗേഡ് പരേഡ് മൈതാനത്ത് ഒത്തുചേര്‍ന്നു. ഇടതുപക്ഷ ശക്തികള്‍ ഏറ്റവും കനത്ത ആക്രമണം നേരിടുന്ന ജംഗല്‍മഹല്‍ മേഖലയിലെ പശ്ചിമ മേദിനിപ്പുര്‍, ബാങ്കുറ, പുരുളിയ ജില്ലകളില്‍നിന്ന് വന്‍പങ്കാളിത്തമാണ് ഉണ്ടായത്. പുലര്‍ച്ചെമുതല്‍ ഹൌറ, സിയാല്‍ദ റെയില്‍വേ സ്റ്റേഷനുകളിലെത്തിയ ട്രെയിനുകളില്‍ വന്നിറങ്ങിയ പതിനായിരങ്ങള്‍ ഭക്ഷണപ്പൊതികളും വെള്ളവുമേന്തി ബ്രിഗേഡ് പരേഡ് മൈതാനിയിലേക്ക് നീങ്ങി. ആയിരക്കണക്കിന് വാഹനങ്ങളില്‍ ഹൌറ, ഹുഗ്ളി, ഉത്തര, ദക്ഷിണ 24 പര്‍ഗാനാസ്, നാദിയ, പൂര്‍വ മേദിനിപ്പുര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ ഉച്ചയ്ക്കുമുമ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി പ്രകടനങ്ങളായി മൈതാനത്തെത്തി.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് റാലി ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഒന്നരയ്ക്കുതന്നെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസുവുമടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ വേദിയിലെത്തി. ഇന്ത്യയിലെ പുരോഗമന ശക്തികളുടെ ആവേശമായിരുന്ന കവി ഫൈസ് അഹമ്മദ് ഫൈസിന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ ഛായാചിത്രം ബിമന്‍ബസുവിന് നല്‍കി ബുദ്ധദേവ് ഭട്ടാചാര്യ പ്രകാശനംചെയ്തു. പ്രതിലോമകാരികളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് റാലിയില്‍ പങ്കെടുത്ത ജനലക്ഷങ്ങള്‍ ഒരു മിനിറ്റ് എഴുന്നേറ്റുനിന്ന് മൌനമാചരിച്ചു.

സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കണ്ണീരൊപ്പാനാണ് ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് റാലിയില്‍ അധ്യക്ഷനായ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു പറഞ്ഞു. ബംഗാളിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് ബംഗാളില്‍ പ്രതിപക്ഷം മാവോയിസ്റുകളുടെ സഹായത്തോടെ ശ്രമിക്കുന്നത്. കുഞ്ഞുങ്ങളെപ്പോലും കൊലചെയ്യുന്ന ക്രൂരതക്കെതിരെ അണിനിരക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ബിമന്‍ബസു അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ റാലി ഉദ്ഘാടനംചെയ്തു. ഇടതുമുന്നണി നേതാക്കളായ ക്ഷിതി ഗോസ്വാമി, സുഭാഷ് റായ്, പ്രബോധ് സിന്‍ഹ, മുഹമ്മദ് സലിം, മുഹമ്മദ് അമീന്‍, ശ്യാമലി ഗുപ്ത തുടങ്ങിയവര്‍ സംസാരിച്ചു.
(വി ജയിന്‍)

ബംഗാളില്‍ ഇടതുമുന്നണി എട്ടാമതും അധികാരത്തില്‍ വരും: ബുദ്ധദേവ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ് ആക്രമണത്തിനും കൊലപാതകങ്ങള്‍ക്കും മുന്നില്‍ ബംഗാള്‍ ജനത മുട്ടുമടക്കില്ലെന്നും സംസ്ഥാനത്ത് തുടര്‍ച്ചയായി എട്ടാമതും ഇടതുമുന്നണിതന്നെ അധികാരത്തില്‍ല്‍ വരുമെന്നും മുഖ്യമന്ത്രി ബുദ്ധദേവ്ഭട്ടാചര്യ പറഞ്ഞു. ഇടതുമുന്നണിയുടെ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ല്‍സംഘടിപ്പിച്ചന്നവന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ പിന്തിരിപ്പന്‍, പ്രതിലോമ ശക്തികളുടെയും സംഘടിതമായ അക്രമം ചെറുത്താണ് ഇടതുമുന്നണി മൂന്നര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നത്. വര്‍ധിച്ച ജനപിന്തുണയോടെ മുന്നണി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും ജനകീയ താല്‍പ്പര്യങ്ങള്‍ക്കും നിലകൊള്ളുന്ന ഇടതുമുന്നണിയെ എങ്ങനെയും തകര്‍ക്കാന്‍ യുദ്ധപ്രഖ്യാപനം നടത്തിയ ക്ഷുദ്ര കൂട്ടുകെട്ടിനെ ഒറ്റപ്പെടുത്താന്‍ ബുദ്ധദേവ് ജനങ്ങളെ ആഹ്വാനംചെയ്തു. ഇടതുമുന്നണിക്കു ബദല്‍ ഇടതുമുന്നണി മാത്രമാണ്. വികസനം അട്ടിമറിക്കുക, ഇടതുമുന്നണിയെ തകര്‍ക്കുക എന്നീ അജന്‍ഡ മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും മാവോയിസ്റുകള്‍ക്കുമുള്ളത്.

രാജ്യം ഇപ്പോള്‍ നേരിടുന്നന്നരൂക്ഷമായ വിലക്കയറ്റത്തിന്റെ മുഖ്യ ഉത്തരവാദിത്തം യുപിഎ സര്‍ക്കാരിനാണ്. വില നിയന്ത്രിക്കാന്‍ കേന്ദ്രം ഒന്നുംചെയ്യുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നു വരുന്നന്ന തെറ്റായ നയങ്ങളാണ് ഇതിന് പ്രധാന കാരണം. പൊതുവിതരണം ആകെ തകരാറിലായി. കേന്ദ്രത്തില്‍കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇടതുമുന്നണിയെ തകര്‍ക്കാന്‍ തൃണമൂലുമായി കൈകോര്‍ക്കുന്നു. ഡാര്‍ജിലിങ്ങിനെ വെട്ടിമുറിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടും. ബംഗാളിനെ ഇനിയും വെട്ടിമുറിക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല. ഇടതുമുന്നണിയുടെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ല്‍ അവ തിരുത്തി എല്ലാവിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകും-അദ്ദേഹം പറഞ്ഞു.
(ഗോപി)

ദേശാഭിമാനി 140211

1 comment:

  1. ഇന്ത്യാചരിത്രത്തിലെ ആവേശകരമായ അധ്യായങ്ങള്‍ രചിച്ച കൊല്‍ക്കത്ത നഗരം ഞായറാഴ്ച ചെമ്പതാകകളേന്തിയ ജനലക്ഷങ്ങളുടെ മുന്നേറ്റത്തിലുണര്‍ന്നു. തീവ്രവാദത്തിനും വിഘടനവാദത്തിനുമെതിരെ ശക്തമായുയരുന്ന ബംഗാളിന്റെ ജനമുന്നേറ്റതിനാണ് ബ്രിഗേഡ് പരേഡ് ഗ്രൌണ്ട് സാക്ഷിയായത്. വിലക്കയറ്റത്തിനിടയാക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധതയ്ക്കും കോണ്‍ഗ്രസ്-മാവോയിസ്റ്-തൃണമൂല്‍ മുന്നണിയുടെ ആക്രമണങ്ങള്‍ക്കുമെതിരെ സംഘടിപ്പിച്ച റാലി കൊല്‍ക്കത്ത നഗരം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ജനസംഗമമായി.

    ReplyDelete