Sunday, March 13, 2011

വന്‍കുതിച്ചുചാട്ടവുമായി കേരള ഫീഡ്‌സ്

കേരളം കാതോര്‍ത്ത സമഗ്ര കന്നുകാലി-ക്ഷീര വികസനം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്‍ ഡിഎഫ് സര്‍ക്കാരിന് സാധ്യമായപ്പോള്‍ ഈ ലക്ഷ്യത്തിനായി സര്‍ക്കാര്‍ സ്ഥാപനമായ കേരളഫീഡ്‌സ് കഴിഞ്ഞ അഞ്ച് വര്‍ഷം വഹിച്ച പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതാണ്. കേരള ഫീഡ്‌സി ന്റെ വികസനചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതേണ്ട നാളുകളാണ് 2006-2011 കാലഘട്ടം.

കേരള ഫീഡ്‌സിന്റെ പ്രഥമ അനുദ്യോഗസ്ഥ ചെയര്‍മാനായ എസ് ശിവശങ്കരപിള്ളയുടെ അക്ഷീണമായ പ്രവര്‍ത്തനത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും നിരന്തരമായ പരിശ്രമത്തിന്റേയും ഫലമായി 65 കോടിയോളം രൂപയുടെ വികസനപദ്ധതികള്‍ ഈ കാലഘട്ടത്തില്‍ നടപ്പിലാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവില്‍ കേരള ഫീഡ്‌സ് വളര്‍ച്ചയുടെ കാര്യത്തില്‍ വന്‍കുതിച്ചുചാട്ടമാണ് നടത്തിയത്. 2005 -06 വര്‍ഷത്തില്‍ നൂറുകോടിരൂപയില്‍ താഴെ മാത്രമായിരുന്ന പ്രതിവര്‍ഷ വിറ്റുവരവ് നടപ്പു സാമ്പത്തിക വര്‍ഷം ഇരുനൂറ്റിയമ്പത് കോടിയിലേറെയാവുമെന്ന്    പ്രതീക്ഷിക്കപ്പെടുന്നു. ക്ഷീരകര്‍ഷകരുടെ താത്പര്യങ്ങ ള്‍ക്ക് ഏറെ മുന്‍തൂക്കം നല്‍കുമ്പോഴും ലാഭത്തിന്റെ കാര്യത്തില്‍ വര്‍ധനവ് ദൃശ്യമാണ്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 236.39 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവും 5.27 കോടിരൂപയുടെ അറ്റാദായവും സ്ഥാപനത്തിനുണ്ടാക്കാനായി. നൂറുകണക്കിന് സ്ഥിരം ജീവനക്കാര്‍ക്കു പുറമേ അനുബന്ധ ജോലികള്‍ക്കായി ആയിരക്കണക്കിന് പേരും കേരള ഫീഡ്‌സ് ഫാക്ടറികളുമായി ബന്ധപ്പട്ട് ജീവിക്കുന്നു.

1999ല്‍ ഉല്‍പാദനമാരംഭിച്ച കേരള ഫീഡ്‌സിന് കഴിഞ്ഞ അഞ്ചു വര്‍ഷം വൈവിധ്യവല്‍ക്കരണത്തിന്റെകാലഘട്ടമായിരുന്നു. ഏകദേശം ഒമ്പതുകോടി രൂപ സ്വന്തം മുതല്‍മുടക്കോടെ തൃശൂര്‍ ജില്ലയിലെ കല്ലേറ്റുംകരയില്‍ നിര്‍മ്മിച്ച പ്രതിദിനം 150 ടണ്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റിന്റെ ഉദ്ഘാടനം 2006 ല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു.

പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആധുനിക ഫാക്ടറി കൊ ല്ലം ജില്ലയിലെ കരുനാഗപള്ളിയില്‍ സ്ഥാപിച്ചത് എടുത്തുപറയാവുന്ന മറ്റൊരുനേട്ടമാണ്. പ്രതിദിനം 300 മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള ഈ കാലിതീറ്റ ഫാക്ടറിക്ക് 52.04 കോടി മുതല്‍മുടക്കുണ്ട്. തെക്കന്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള കാലിതീറ്റ ലഭ്യമാകാനുതകുന്ന ഈ ഫാക്ടറി 2011 ജനുവരിയില്‍ നാടിന് സമര്‍പ്പിച്ചു. പ്രതിവര്‍ഷം 1200 ടണ്‍ ധാതുലവണ മിശ്രിതം ഉല്‍പാദിപ്പിക്കാനുതകുന്ന മിനറല്‍ മിക്‌സ്ചര്‍ പ്ലാന്റ് 83 ലക്ഷം രൂപ ചിലവില്‍ മലപ്പുറം ജില്ലയിലെ ആതവനാട് 2011 ഫെബ്രുവരി യില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2010 ജൂലായില്‍ നിര്‍മാണമാരംഭിച്ച പാലക്കാട് ജില്ലയിലെ മുതലമടയിലെ സമ്പുഷ്ടീകരിച്ച വൈക്കോല്‍ക്കട്ട നിര്‍മ്മാണ യൂണിറ്റ് 2011 ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമായി. ഈ പദ്ധതിക്ക് 2.5 കോടി രൂപ മുതല്‍മുടക്കുണ്ട്. മലബാറില്‍ ആടുവളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫീഡ്‌സ് പദ്ധതി തയ്യാറാക്കി പ്രാവര്‍ത്തികമാക്കുകയാണ്. മലപ്പുറം ജില്ലയിലെ ആതവനാട് 2011 ഫെബ്രുവരിയില്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി സി ദിവാകരന്‍ പ്രസ്തുത പ്ലാന്റിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.

കേരള ഫീഡ്‌സ് ഉല്‍പ്പന്നങ്ങളായ കേരളഫീഡ്‌സ് ഓര്‍ഡിനറി, കേരളഫീഡ് സ്‌പെഷ്യല്‍ എന്നിവക്കു പുറമേ 2010 ല്‍ വിപണിയിലെത്തിച്ച പുതിയ കാലിതീറ്റയാണ് കേരള ഫീഡ്‌സ് പ്ലസ്. 2010 ല്‍ കേരള ഫീഡ്‌സില്‍ നിന്നും രണ്ട് ഉല്‍പ്പ ന്നങ്ങള്‍ കൂടി പുറത്തിറങ്ങി. 'കേരബിറ്റ്'എന്ന പേരിലുള്ള മുയല്‍തീറ്റയും കന്നുകുട്ടികള്‍ക്കായി 'കാഫ്സ്റ്റാര്‍ട്ടര്‍' എന്നിവയാണിവ. കാലിതീറ്റ ഉല്‍പാദനരംഗത്ത് വിവിധ ഗവേഷണങ്ങള്‍ക്കും കേരള ഫീഡ്‌സ് ചുക്കാന്‍ പിടിക്കുന്നു. 2007 മുതല്‍ ബാബ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ സഹായത്തോടെ റേഡിയേഷന്‍ ടെക്‌നോളജി വഴി ഉപയോഗശൂന്യമായ കാര്‍ഷിക വസ്തുക്കളെ മൂല്യ വര്‍ധനനടത്തി കാലിതീറ്റക്കുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങളായി ഉപയോഗിക്കുന്നതിനുള്ള ഗവേഷണം അവസാന ഘട്ടത്തിലാണ്. കശുമാങ്ങ, സ്‌പൈറുലിന എന്ന ആല്‍ഗ എന്നിവയെ കാലിതീറ്റക്കായി ഉപയോഗിക്കാനാവുമോ തുടങ്ങിയ ഗവേഷണങ്ങളും പുരോഗമിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പാക്കേജുകളില്‍ ലഭ്യമായ ഏതാണ്ട് 72 ലക്ഷം രൂപ ചിലവില്‍ വിവിധ വികസന പരിപാടികള്‍ കല്ലേറ്റുംകര ഫാക്ടറിയില്‍ നടന്നുവരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പുകള്‍ നടത്തിവരുന്ന ക്ഷീരമേളകള്‍ ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ കേരളഫീഡ്‌സിന്റെ സാന്നിധ്യം സജീവമാണ്.   

കെ ആര്‍ സുരേഷ് ജനയുഗം 130311

1 comment:

  1. കേരളം കാതോര്‍ത്ത സമഗ്ര കന്നുകാലി-ക്ഷീര വികസനം എന്ന ല ക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്‍ ഡിഎഫ് സര്‍ക്കാരിന് സാധ്യമായപ്പോള്‍ ഈ ലക്ഷ്യത്തിനായി സര്‍ക്കാര്‍ സ്ഥാപനമായ കേരളഫീഡ്‌സ് കഴിഞ്ഞ അഞ്ച് വര്‍ഷം വഹിച്ച പങ്ക് പ്രത്യേകം എടു ത്തുപറയേണ്ടതാണ്. കേരള ഫീഡ്‌സി ന്റെ വികസനചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതേണ്ട നാളുകളാണ് 2006-2011 കാലഘട്ടം.

    ReplyDelete