Sunday, March 27, 2011

ഉന്നതവിദ്യാഭ്യാസം: കേരളത്തിന് പ്രശംസ

ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം വിളിച്ച സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ കേരളത്തിന് പ്രശംസ. രാജ്യത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനനിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. ദേശീയനിരക്ക് 12.24 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 18.2 ആണ്. 2006ല്‍ 14 ശതമാനമായിരുന്നതാണ് അഞ്ചുവര്‍ഷംകൊണ്ട് 18.2 ലേക്ക് ഉയര്‍ന്നത്. ഈ വളര്‍ച്ച അത്ഭുതകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കായി ഉന്നതവിദ്യാഭ്യാസരംഗത്തെ വെല്ലുവിളികള്‍, വികസനം, പരിഷ്കരണം എന്നിവ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളുടെ മുന്നൂറിലേറെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനും ജനകീയവല്‍ക്കരിക്കുന്നതിനും കേരളം നടപ്പാക്കുന്ന പദ്ധതികള്‍ മാതൃകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരും കേന്ദ്രമന്ത്രാലയത്തിന്റെ പ്രതിനിധികളും ചൂണ്ടിക്കാട്ടി. സാമൂഹ്യനീതി ഉറപ്പാക്കിയുള്ള പരിഷ്കാരങ്ങള്‍ക്കു മാത്രമേ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ കഴിയൂവെന്ന സമീപനത്തില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് അടിസ്ഥാനമായതെന്ന് എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. ഇന്‍സ്പയര്‍, നര്‍ചര്‍, അസ്പയര്‍, എറുഡൈറ്റ്, സ്കോളര്‍ ഇന്‍ റസിഡന്‍സ് എന്നീ പദ്ധതികളും നൂതന രീതിയിലുള്ള അധ്യാപക പരിശീലനവും ശ്രദ്ധേയമായി. സാമൂഹ്യാവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഗവേഷണ പ്രോത്സാഹനവും ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നടപ്പാക്കിയ പദ്ധതികളും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വൈസ് ചാന്‍സലര്‍മാര്‍ ചര്‍ച്ചചെയ്തു.

നൂതന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലും ദേശീയ വിജ്ഞാനശൃംഖല ശുപാര്‍ശചെയ്ത രീതിയില്‍ നടപ്പാക്കുന്നതിലും കേരളത്തിന്റെ പുരോഗതി ശ്ളാഘിക്കപ്പെട്ടു. കേരളത്തില്‍ പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ മുന്നോക്കാവസ്ഥയും മറ്റു സംസ്ഥാനങ്ങള്‍ ഏറെ താല്‍പ്പര്യത്തോടെയാണ് നോക്കിക്കണ്ടതെന്ന് കാലടി സംസ്കൃത സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. ജെ പ്രസാദ് പറഞ്ഞു.

രണ്ടുദിവസമായി ചേര്‍ന്ന യോഗം എട്ട് പ്രധാന വിഭാഗമായാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ കരട് നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതിനോടുള്ള പ്രതികരണം മൂന്നാഴ്ചയ്ക്കകം പൊതുജനങ്ങള്‍ക്ക് അറിയിക്കാം. ഇതുകൂടി പരിഗണിച്ചാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. 2020 ആകുമ്പോഴേക്കും ഉന്നതവിദ്യാഭ്യാസത്തിന്റെ നിരക്ക് 12.24 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കാനാണ് മാനവശേഷി വികസനവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍, ഇത് തികച്ചും അശാസ്ത്രീയവും അസാധ്യവുമായ ലക്ഷ്യമാണെന്ന് യോഗത്തില്‍ വൈസ്ചാന്‍സലര്‍മാര്‍ അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം പ്രവേശനനിരക്ക് 15 ശതമാനമാകണം. ഇത് ഒരു കാരണവശാലും നടക്കില്ലെന്നും പലരും ചൂണ്ടിക്കാട്ടി. കൂടുതല്‍ കോളേജും സര്‍വകലാശാലകളും ഉണ്ടായിട്ടുമാത്രം കാര്യമില്ലെന്നും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കൊണ്ടുവരാന്‍ സമഗ്രവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പദ്ധതികളാണ് ആവശ്യമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
(വിജേഷ് ചൂടല്‍)


ദേശാഭിമാനി 270311

2 comments:

  1. ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം വിളിച്ച സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ കേരളത്തിന് പ്രശംസ. രാജ്യത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനനിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. ദേശീയനിരക്ക് 12.24 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 18.2 ആണ്. 2006ല്‍ 14 ശതമാനമായിരുന്നതാണ് അഞ്ചുവര്‍ഷംകൊണ്ട് 18.2 ലേക്ക് ഉയര്‍ന്നത്. ഈ വളര്‍ച്ച അത്ഭുതകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

    ReplyDelete
  2. എനാ പിന്നെ അടുത്ത അഞ്ചു വര്‍ഷം സമരം ഒന്ന് ശക്ത്മാക്കാം.. ഒറ്റ ദിവസം പോലും സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കരുത്!

    ReplyDelete