Wednesday, March 30, 2011

ബി പി എല്‍ മാനദണ്ഡം: കേന്ദ്രത്തിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ ദരിദ്രരുടെ കണക്കിന് പരിധി വയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓരോ സംസ്ഥാനത്തെയും ബി പി എല്‍ കുടുംബങ്ങളുടെ എണ്ണം ജനസംഖ്യയുടെ 36 ശതമാനത്തില്‍ നിജപ്പെടുത്തണമെന്നാണ്, ആസൂത്രണ കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് എന്തു യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ടാരി, ദീപക് വര്‍മ്മ എന്നിവരുള്‍പ്പെട്ട ബഞ്ച് ചോദിച്ചു. ബി പി എല്‍ കുടുംബങ്ങളുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യത്യസ്തമായ കണക്കുകളാണുള്ളതെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.

2004ല്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ് ആസൂത്രണ കമ്മിഷന്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ ( ബി പി എല്‍) നിശ്ചയിക്കുന്നത്. ഇത് ജനസംഖ്യയുടെ 36 ശതമാനത്തില്‍ കൂടരുതെന്ന പരിധിയും കമ്മിഷന്‍ നിശ്ചയിച്ചിട്ടുണ്ട്. 2004ലെ മാനദണ്ഡപ്രകാരം ഗ്രാമീണ മേഖലയില്‍ പ്രതിദിനം 12 രൂപയില്‍ താഴെയും നഗരങ്ങളില്‍ 17 രൂപയില്‍ താഴെയും വരുമാനമുള്ളവരെയാണ് ബി പി എല്‍ വിഭാഗമായി കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതു വിതരണ സംവിധാനം വഴി ബി പി എല്‍ കുടുംബങ്ങള്‍ക്ക് അരിയും ഗോതമ്പും മറ്റും നല്‍കുന്നത്. എന്നാല്‍ വിലക്കയറ്റം ഇത്രകണ്ട് രൂക്ഷമായ സാഹചര്യത്തിലും 2004ലെ മാനദണ്ഡങ്ങളെ ആധാരമാക്കി ബി പി എല്‍ നിര്‍ണയം നടത്തുന്നതിനെ സുപ്രിം കോടതി രൂക്ഷമായി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വര്‍ധന വരുത്തുമ്പോഴാണ് പാവപ്പെട്ടവരെ നിശ്ചയിക്കുന്ന മാനദണ്ഡം 2004 അടിസ്ഥാനമാക്കി ഇപ്പോഴും തുടരുന്നതെന്ന് കോടതി വിമര്‍ശിച്ചു.

രാജ്യത്തെ പൊതു വിതരണ സമ്പ്രദായം മുഴുവന്‍ അഴിമതിയാണെന്നും രാജ്യത്തെ എഫ് സി ഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പി യു സി എല്‍ (പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ പരാമര്‍ശം. 2004 ലെ മാനദണ്ഡമനുസരിച്ച് ബി പി എല്‍ വിഭാഗത്തെ നിശ്ചയിക്കുന്നതിന് സര്‍ക്കാരിന് എന്ത് നീതീകരണമാണ് നല്‍കാനുള്ളതെന്ന് കോടതി ചോദിച്ചു. ആസൂത്രണ കമ്മിഷന്‍ ഇത്തരത്തില്‍ ശുപാര്‍ശ നല്‍കുന്നതിലെ ന്യായീകരണം മനസിലാക്കാന്‍ കഴിയുന്നില്ല. ജനസംഖ്യയുടെ 36 ശതമാനത്തിലേയ്ക്ക് ബി പി എല്‍ വിഭാഗത്തെ ചുരുക്കിയതിന് സാധൂകരണം നല്‍കാന്‍ ബഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് ആവശ്യപ്പെട്ടു.

രാജ്യത്ത് എഫ് സി ഐ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ കോടതി നേരത്തെ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് തത്വത്തില്‍ 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് കേസിന്റെ വാദത്തിനിടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ബി പി എല്‍ കുടുംബങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ഭിന്നാഭിപ്രായമുണ്ടെന്നും അദ്ദേഹം കോടതിയില്‍ സമ്മതിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ക്ക് അപ്പുറമാണ് രാജ്യത്തെ ബി പി എല്‍ കണക്കെന്ന് പി യു സി എല്ലിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കേന്ദ്രത്തിന്റെ ബി പി എല്‍ കണക്കിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. 36 ശതമാനം എന്ന കേന്ദ്ര മാനദണ്ഡം അനുസരിച്ച് ബി പി എല്ലുകാരുടെ എണ്ണം യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കുറച്ചാണ് കാണിക്കാന്‍ കഴിയുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

റേഷന്‍ കടകള്‍വഴി പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്യുന്ന അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ളവ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ മറിച്ചു വില്‍ക്കുന്നതും ബഞ്ച് പരാമര്‍ശിച്ചു. ഇക്കാര്യം പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് വാധ്വ കമ്മിറ്റി പൊതു വിതരണ സമ്പ്രദായം മൊത്തത്തില്‍ അടിയന്തരമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കണമെന്ന് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. നികുതിദായകന്റെ പണം കൊണ്ട് പത്ത് കോടി രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സബ്‌സിഡി നല്‍കി അരിയും ഗോതമ്പും നല്‍കുന്നതിനോട് യോജിക്കാനാകില്ലെന്ന് കോടതി നേരെത്ത വ്യക്തമാക്കിയിരുന്നു. അടുത്തമാസം നാലിന് കേസ് വീണ്ടും പരിഗണിക്കും.

റെജി കുര്യന്‍ ജനയുഗം 300311

1 comment:

  1. സംസ്ഥാനങ്ങളിലെ ദരിദ്രരുടെ കണക്കിന് പരിധി വയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓരോ സംസ്ഥാനത്തെയും ബി പി എല്‍ കുടുംബങ്ങളുടെ എണ്ണം ജനസംഖ്യയുടെ 36 ശതമാനത്തില്‍ നിജപ്പെടുത്തണമെന്നാണ്, ആസൂത്രണ കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് എന്തു യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ടാരി, ദീപക് വര്‍മ്മ എന്നിവരുള്‍പ്പെട്ട ബഞ്ച് ചോദിച്ചു. ബി പി എല്‍ കുടുംബങ്ങളുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യത്യസ്തമായ കണക്കുകളാണുള്ളതെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.

    ReplyDelete