Sunday, March 27, 2011

സ്‌പെക്ട്രം: കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ ഒഴുകി

2ജി സ്‌പെക്ട്രം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡി ബി റിയാലിറ്റിയുടെ ഉപസ്ഥാപനമായ ഡൈനാമിക്‌സ് റിയാലിറ്റിയും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍. വന്‍തോതില്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന കോണ്‍ഗ്രസ് എം എല്‍ എ കൃപാശങ്കര്‍ സിംഗിന്റെ മകന്റെ അക്കൗണ്ടിലേക്ക് നാല് കോടി രൂപ നിക്ഷേപിച്ചതിന്റെ പേരിലാണ് അന്വേഷണം നടക്കുന്നത്.

മുംബൈ ഹൈക്കോടതിയില്‍ എം എല്‍ എയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിക്കൊപ്പം, സമത സഹകാരി ബാങ്കില്‍ അദ്ദേഹത്തിന്റെ മകന്‍ നരേന്ദ്ര മോഹന്‍ സിംഗ്, മരുമകള്‍ അങ്കിത എന്നിവരുടെ പേരില്‍ 2008-09 കാലയളവില്‍ ഡൈനാമിക്‌സ് റിയാലിറ്റി ആകെ 4.5 കോടി രൂപ നിക്ഷേപിച്ചതിന്റെ  സമര്‍പ്പിക്കപ്പെട്ട രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. നരേന്ദ്രയുടെയും അങ്കിതയുടെയും ജോയിന്റ് അക്കൗണ്ടിലേക്ക് 50 ലക്ഷത്തിന്റെ ആദ്യ നിക്ഷേപം 2008 ഓഗസ്റ്റ് 23നാണ്. നരേന്ദ്രയുടെ പേരില്‍ രണ്ട് കോടി രൂപയുടെ രണ്ടാമത്തെ നിക്ഷേപം 2009 ജനുവരി ഒന്നിനും ഒരു കോടി രൂപയുടെ മൂന്നാം നിക്ഷേപം 2009 ഫെബ്രുവരി 10നും 27നും നടത്തിയെന്നും രേഖകളില്‍ കാണുന്നു.

ഡൈനാമിക്‌സ് റിയാലിറ്റി നരേന്ദ്ര മോഹന്‍ സിംഗിന് ഒരു ലോണ്‍ അനുവദിച്ചതായും 2010 മാര്‍ച്ച് 12ന് അത് തിരിച്ചടച്ചിട്ടുണ്ടെന്നും അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവര്‍ പ്രസ്താവിച്ചു.

കൃപാശങ്കര്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പണമിടപാടുകളെക്കുറിച്ച് പരസ്പരം വിവരങ്ങള്‍ കൈമാറാത്തതിന് ആന്റി കറപ്ഷന്‍ ബ്യൂറോ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ മുംബൈ ഹൈക്കോടതി മാര്‍ച്ച മൂന്നിന് വിമര്‍ശിച്ചിരുന്നു. മാത്രമല്ല ഇവരുടെ പണത്തിന്റെ സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്താനും കോടതി ഈ ഏജന്‍സികളോട് ആവശ്യപ്പെട്ടിരുന്നു.

അന്വേഷണ ഏജന്‍സികളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തെ കുറിച്ച് പരാതിക്കാരന്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും കഴിഞ്ഞ ഒന്‍പത് മാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെന്നകാര്യം സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 3.3 കോടിയ്ക്കും 30 കോടിയ്ക്കുമിടയിലുള്ള തുക ഈ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് പരാതിക്കാരന്‍ സമര്‍പ്പിച്ച രേഖകള്‍ പറയുന്നുണ്ട്. രണ്ട് വര്‍ഷത്തിനിടെ ഈ രണ്ട് അക്കൗണ്ടുകളില്‍ 60 കോടി രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ട്. സംസ്ഥാനത്തെ മുന്‍ മന്ത്രിയും മുംബൈ പ്രദേശ് കോണ്‍ഗ്രസ് നേതാവും ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയുമായി അടുത്ത ബന്ധമുള്ള ആളുമായ കൃപാശങ്കറിന് കോടികളുടെ ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇവര്‍ ഇരുവരും തമ്മില്‍ വന്‍ തോതില്‍ ഇടപാടുകളും നടത്തിയിരുന്നു. എന്നാല്‍ കോഡയും സിംഗും തമ്മില്‍ ഏതെങ്കിലും ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.

ആരോപണങ്ങളോട് പ്രതികരിച്ച സിംഗ് തന്റെ മകനും ഡി ബി റിയാലിറ്റി ചെയര്‍മാന്‍ വിനോദ് ഗയങ്കയുമായുള്ള ബിസിനസ് ഇടപാടുകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും അതില്‍ തെറ്റായി ഒന്നുമില്ലെന്നും പറഞ്ഞു.

ഡി ബി റിയാലിറ്റിയില്‍നിന്നും ലഭിച്ച രണ്ട് ചെക്കുകളിലൂടെ മൂന്ന് കോടി രൂപ ലഭിച്ചുവെന്നും ഇതെല്ലാം ബുക്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആദായനികുതി അടച്ചിട്ടുണ്ടെന്നും സിംഗിന്റെ മകന്‍ നരേന്ദ്ര മോഹന്‍ സിംഗ് പറഞ്ഞു. ഈ പണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തിരിച്ചു നല്‍കിയിട്ടുണ്ടെന്നും കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സ്‌പെക്ട്രം ഇടപാടിലെ പങ്കിനെ തുടര്‍ന്ന് അറസ്റ്റിലായ ഡി ബി റിയാലിറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍ ഷാഹിദ് ബല്‍വ അന്വേഷണ ഏജന്‍സികളുടെ സൂഷ്മ നിരീക്ഷണത്തിലാണ്. അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജിവച്ചിരുന്നു.

ജനയുഗം 270311

1 comment:

  1. 2ജി സ്‌പെക്ട്രം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡി ബി റിയാലിറ്റിയുടെ ഉപസ്ഥാപനമായ ഡൈനാമിക്‌സ് റിയാലിറ്റിയും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍. വന്‍തോതില്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന കോണ്‍ഗ്രസ് എം എല്‍ എ കൃപാശങ്കര്‍ സിംഗിന്റെ മകന്റെ അക്കൗണ്ടിലേക്ക് നാല് കോടി രൂപ നിക്ഷേപിച്ചതിന്റെ പേരിലാണ് അന്വേഷണം നടക്കുന്നത്.

    ReplyDelete