Tuesday, March 29, 2011

യുഡിഎഫില്‍ സദാചാരഘാതകരും അഴിമതിവീരന്മാരും: അഴീക്കോട്

കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ മുന്‍ ഭരണത്തിന്റെ "നല്ല ഫലങ്ങള്‍" ഇപ്പോള്‍ വായില്‍വയ്ക്കാന്‍ കഴിയാത്തവിധം കയ്പുള്ളതായി ജനത്തിന് അനുഭവപ്പെടുന്നുണ്ടെന്ന് സുകുമാര്‍ അഴീക്കോട്.

"കുഞ്ഞാലിക്കുട്ടി മുതല്‍ ബാലകൃഷ്ണപിള്ള വരെ സദാചാരഘാതകരും നിയമലംഘകരും അഴിമതിവീരന്മാരുമായവരുടെ നിര നീണ്ടതാണ്. കണ്ണും ചെവിയും മൂക്കുംപൊത്താതെ യുഡിഎഫിന്റെ കഥകള്‍ നമുക്ക് കേട്ടുതീര്‍ക്കാനാവില്ല. ഇത്തരം തേര്‍വാഴ്ചക്ക് ഇനിയും അവസരം നല്‍കിയാല്‍ അതു കേരളത്തിന്റെ സര്‍വനാശത്തിലേക്ക് വഴിതെളിയിക്കുമെന്നും ഞാന്‍ ഭയപ്പെടുന്നു"- ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ കേരളത്തിന്റെ സാംസ്കാരിക നായകന്‍ പറഞ്ഞു.

"യുഡിഎഫിന്റെ ചില സ്ഥാനാര്‍ഥികള്‍ത്തന്നെ കേരളീയരുടെ ധാര്‍മികതയ്ക്കും സദാചാരബോധത്തിനും എതിരായ കടന്നുകയറ്റത്തിന്റെ രൂപങ്ങളാണ്. മലപ്പുറത്തുനിന്നും കൊട്ടാരക്കരയില്‍ നിന്നും ഉയര്‍ന്ന സ്ഥാനാര്‍ഥിത്തിത്വങ്ങളുടെ ഭീഷണി ജനജീവിതം കൂടുതല്‍ ബീഭത്സമാക്കുന്നതായിരുന്നു. ജയിലില്‍ കിടക്കുന്ന പിള്ള ഒടുവില്‍ ജനകീയ പ്രതിഷേധത്തിന് കീഴടങ്ങി മോഹം ഉപേക്ഷിച്ചു. എന്നാല്‍ മലപ്പുറത്തുനിന്നുള്ള ദുര്‍ഗന്ധംഇപ്പോഴും വമിക്കുന്നു. സദാചാരചിന്തയിലും നിയമവ്യവസ്ഥയിലും പരിശോധിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ തെറ്റുകള്‍ കൊള്ളരുതായ്മയുടെ അവസാനരൂപമായാണ് കണക്കാക്കേണ്ടത്. അതുപോലെ അഴിമതിക്കാരായവര്‍ വേറെയുമുണ്ട്. ഇക്കൂട്ടരെയല്ലാം സ്ഥാനാര്‍ഥികളാക്കിയവര്‍ ജനങ്ങളോട് സമാധാനം പറയേണ്ടി വരും. ഇവരെയൊന്നും തടയാന്‍ കഴിയാത്ത ഈ മുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് തന്നെയാണ് ഇതില്‍ മുഖ്യപ്രതിയെന്നു ഞാന്‍ കരുതുന്നു."- അഴീക്കോട് പറഞ്ഞു.

"പണ്ഡിറ്റ് നെഹ്റുവിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അഴിമതിയുടെ കേന്ദ്രമാണെന്ന് നാള്‍ക്കുനാള്‍ ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്നു. 2-ജി സ്പെക്ട്രം, എസ് ബാന്‍ഡ് സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങി കേട്ടാല്‍ ഞെട്ടുന്ന കോടാനുകോടികളുടെ അഴിമതികള്‍. സിനിമാ സ്ക്രീനില്‍ പുതിയ ചിത്രങ്ങള്‍ മാറിമാറി വരുന്ന പോലെയാണ് അഴിമതികള്‍ പുറത്താവുന്നത്. നമ്മുടെ ഭരണാധികാരികള്‍ ഊണിലും ഉറക്കത്തിലും സാമ്രാജ്യത്വത്തിന്റെ ദാസന്മാരാണെന്നതിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളും ഉണ്ടാവുന്നു. വിശ്വാസവോട്ട് നേടാന്‍ നോട്ടുകെട്ടുകള്‍ക്കൊണ്ടു കളിച്ച കളികള്‍ക്ക് പാര്‍ലമെന്റ്പോലും സാക്ഷിയായതല്ലേ. നാടിനെയും ജനങ്ങളെയും ഭരണാധികാരികള്‍ കൊള്ളയടിച്ച പല അഴിമതികളും പുറത്തുവരുന്നത് ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടു കൂടിയാണ്. നമ്മുടെ നിയമനിര്‍മാണ സഭകളിലെല്ലാം ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ധിക്കേണ്ടതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഒരു പുതിയ ഇന്ത്യ ഉണ്ടാവണമെന്ന പ്രതിധ്വനി ഇടതുപക്ഷത്തില്‍ നിന്നാണ് ഉയരുന്നത്. അതിലേക്കുള്ള ചുവടുവയ്പുകൂടിയാവണം കേരള നിയമസഭാ തെരഞ്ഞെടുപ്പ്". അഴീക്കോട് തുടര്‍ന്നു.

"സമൂഹത്തിലെ തിന്മകളില്‍ ഏറ്റവും വലുത് സ്ഥിതിസമത്വമില്ലായ്മയാണ്. കോണ്‍ഗ്രസ് അടക്കം യാഥാസ്ഥിതിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഈ സമത്വചിന്തയില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നത് സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷമാണെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ആ നിലയ്ക്ക് ഇന്ത്യയില്‍ അടിസ്ഥാനപരമായ സാമൂഹിക സദാചാരത്തിന്റെ പ്രത്യയശാസ്ത്രത്തെയാണ് ഇടതുപക്ഷം പ്രതിനിധാനം ചെയ്യുന്നത്. ഈ വിശാല അര്‍ഥത്തിലാണ് ഗാന്ധിയനായ ഞാനും ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നത്."

"മുമ്പൊന്നുമില്ലാത്തവിധം അസാധാരണമായ വികസന മുന്നേറ്റത്തിനാണ് അഞ്ചുവര്‍ഷത്തിനിടെ കേരളം സാക്ഷ്യം വഹിച്ചത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുന്നുമുണ്ട്. ഇതുതന്നെ ജനാധിപത്യത്തോടും മനുഷ്യസമൂഹത്തോടും ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയുടെ നിദര്‍ശനമാണ്. ഇതില്‍ത്തന്നെ സാംസ്കാരിക രംഗത്തുണ്ടായ നേട്ടങ്ങള്‍ എടുത്തുപറയാതിരിക്കാന്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കു നിര്‍വാഹമില്ല. ഫണ്ടില്ലെന്നു പറഞ്ഞ് ഒന്നും തടസപ്പെട്ടുകൂടാ എന്നായിരുന്നു സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സാംസ്കാരികമുഖമുള്ള ഒരു സര്‍ക്കാരിനും മന്ത്രിക്കും മാത്രമേ ഇങ്ങനെയെല്ലാം ചെയ്യാന്‍ കഴിയൂ. ഞാനെല്ലാം ചിന്തിക്കുന്ന മനഷ്യസമത്വത്തിന്റെ ചെറിയ തുരുത്തെങ്കിലുമായി കേരളം ഇന്ത്യക്കു മാതൃകയാകേണ്ടതുണ്ട്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്കരിച്ച ജനപക്ഷ നടപടികളുടെ തുടര്‍ച്ച സൃഷ്ടിച്ചുകൊണ്ടു മാത്രമേ നമുക്ക് ആ ലക്ഷ്യത്തിലേക്ക് നീങ്ങാനാവൂ. ഈഅര്‍ഥത്തിലും ഇടതുപക്ഷവിജയം അര്‍ഥശങ്കക്കിടയില്ലാത്തവിധം അനിവാര്യമാക്കുന്നു. ഈ തെരഞ്ഞെടുപ്പിലൂടെ പുതിയൊരു ഇന്ത്യക്കുള്ള പുതിയൊരു കേരളത്തിന്റെ അരുണശോഭ ഉദയം ചെയ്യട്ടെ."" അഴീക്കോട് കൂട്ടിച്ചേര്‍ത്തു.
(വി എം രാധാകൃഷ്ണന്‍)

deshabhimani 290311

1 comment:

  1. കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ മുന്‍ ഭരണത്തിന്റെ "നല്ല ഫലങ്ങള്‍" ഇപ്പോള്‍ വായില്‍വയ്ക്കാന്‍ കഴിയാത്തവിധം കയ്പുള്ളതായി ജനത്തിന് അനുഭവപ്പെടുന്നുണ്ടെന്ന് സുകുമാര്‍ അഴീക്കോട്.

    "കുഞ്ഞാലിക്കുട്ടി മുതല്‍ ബാലകൃഷ്ണപിള്ള വരെ സദാചാരഘാതകരും നിയമലംഘകരും അഴിമതിവീരന്മാരുമായവരുടെ നിര നീണ്ടതാണ്. കണ്ണും ചെവിയും മൂക്കുംപൊത്താതെ യുഡിഎഫിന്റെ കഥകള്‍ നമുക്ക് കേട്ടുതീര്‍ക്കാനാവില്ല. ഇത്തരം തേര്‍വാഴ്ചക്ക് ഇനിയും അവസരം നല്‍കിയാല്‍ അതു കേരളത്തിന്റെ സര്‍വനാശത്തിലേക്ക് വഴിതെളിയിക്കുമെന്നും ഞാന്‍ ഭയപ്പെടുന്നു"- ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ കേരളത്തിന്റെ സാംസ്കാരിക നായകന്‍ പറഞ്ഞു.

    ReplyDelete