Tuesday, March 29, 2011

രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. 2006 ലെ കണക്കില്‍നിന്ന് കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി 2010ല്‍ ദേശീയതലത്തില്‍ നടത്തിയ കണക്കെടുപ്പു തെളിയിക്കുന്നു. പുതിയ സെന്‍സസ് അനുസരിച്ച് ഏതാണ്ട് 1706 കടുവകളാണ് ഇന്ത്യയില്‍ ഉള്ളത്. 2006ന്‍ സുന്ദര്‍ബന്നിലെ കടുവകളെ ഉള്‍പ്പെടുത്താതെ 1411 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുപ്രകാരം കടുവകളുടെ എണ്ണത്തില്‍ 12 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സര്‍വേ ഫലം പ്രസിദ്ധീകരിച്ചുകൊണ്ട് വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പറഞ്ഞു.

സുന്ദര്‍ബന്നിലെ 70 എണ്ണത്തെക്കൂടാതെ ഇന്ത്യയിലാകെ 1636 കടുവകളുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. കടുവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംകാണുന്നുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നതെന്ന് ജയറാം രമേഷ് അഭിപ്രായപ്പെട്ടു. 2009 -2010 കാലയളവില്‍ കടുവകളുടെ പ്രജനനം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒളി കാമറകള്‍ കാട്ടിനുള്ളിലോ തടാക തീരത്തോ സ്ഥാപിച്ചാണ് സര്‍വേ നടത്തിയത്. അതിനുശേഷം വിവരങ്ങള്‍ കമ്പ്യൂട്ടര്‍ സംവിധാനത്തോടെ പരിശോധിച്ച് ചിട്ടപ്പെടുത്തുകയാണ് ചെയ്യുക. കാമറയ്ക്കു മുന്നില്‍ പെട്ടതില്‍ ഒരു വയസ്സിനും ഒന്നര വയസ്സിനുമിടയില്‍ പ്രായമുള്ള 615 കടുവകളാണുണ്ടായിരുന്നത്. വടക്കന്‍ ആന്ധ്രയിലേയും മധ്യ പ്രദേശിലേയും കടുവ സംരക്ഷണ മേഖലകളിലാണ് എണ്ണത്തില്‍ കുറവുണ്ടായത്. ആന്ധ്രയിലെ നാഗാര്‍ജുനാ സാഗര്‍ റിസര്‍വ്, ഛത്തീസ്ഗഢിലെ ഇന്ദ്രാവതി, ഒറീസയിലെ സിംലിപാല്‍, ബിഹാറിലെ വാല്‍മീകി, ഝാര്‍ഖണ്ഡിലെ പാലമാവു എന്നിവിടങ്ങളിലാണ് കടുവകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായത്. മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളാണ് ഇവ. ഇന്ത്യയിലെ കടുവകളില്‍ 30 ശതമാനവും കടുവസംരക്ഷണ പ്രദേശങ്ങളില്‍ നിന്നും അകന്നാണ് കഴിയുന്നതെന്ന് സര്‍വേയില്‍ നിന്നു ബോധ്യപ്പെട്ടതായി ജയറാം രമേഷ് പറഞ്ഞു. കേരളം, കര്‍ണാടക, തമിഴ്‌നാട് മേഖലകളിലാണ് കൂടുതല്‍ കടുവകളും കാണപ്പെടുന്നതെന്നും രമേശ് പറഞ്ഞു.

janayugom 290311

1 comment:

  1. രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. 2006 ലെ കണക്കില്‍നിന്ന് കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി 2010ല്‍ ദേശീയതലത്തില്‍ നടത്തിയ കണക്കെടുപ്പു തെളിയിക്കുന്നു. പുതിയ സെന്‍സസ് അനുസരിച്ച് ഏതാണ്ട് 1706 കടുവകളാണ് ഇന്ത്യയില്‍ ഉള്ളത്. 2006ന്‍ സുന്ദര്‍ബന്നിലെ കടുവകളെ ഉള്‍പ്പെടുത്താതെ 1411 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുപ്രകാരം കടുവകളുടെ എണ്ണത്തില്‍ 12 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സര്‍വേ ഫലം പ്രസിദ്ധീകരിച്ചുകൊണ്ട് വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പറഞ്ഞു.

    ReplyDelete