Thursday, March 31, 2011

കെ കെ രാമചന്ദ്രന്‍ തുറന്നുകാട്ടിയത് യു ഡി എഫിന്റെ ജീര്‍ണമുഖം

2001 മുതല്‍ 2006 വരെ തുടര്‍ന്ന യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വമ്പന്‍ അഴിമതിയുടെ കഥയാണ് ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍ തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ വിളിച്ചുപറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സകല ജീര്‍ണതയുടെയും ഭാഗമാണ് കെ കെ രാമചന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അതൃപ്തിയില്‍ ആയിരിക്കാം അദ്ദേഹം പഴയ കഥകള്‍ വെളിപ്പെടുത്തുന്നത്. എങ്കില്‍പ്പോലും യു ഡി എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഒരാളെന്ന നിലയില്‍, അന്ന് അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടന്നത് അടുത്തുനിന്ന് കണ്ട ഒരാളെന്ന നിലയില്‍ കെ കെ രാമചന്ദ്രന്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കുക തന്നെ വേണം. കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി സംവിധാനവും  എത്രമാത്രം അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടുപോയിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് കെ കെ രാമചന്ദ്രന്റെ വാക്കുകള്‍.

കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും അഴിമതിക്കാരാണ് എന്നു വിളിച്ചുപറഞ്ഞ രാമചന്ദ്രന്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഇവരുടെ കാര്‍മികത്വത്തില്‍ അരങ്ങേറിയ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടിന്റെ വസ്തുതകളും വെളിപ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ടൈറ്റാനിയം ഫാക്ടറിയില്‍ 226 കോടിയുടെ അഴിമതിക്കു കളമൊരുങ്ങിയത്. ഫലപ്രദമായ മലിനീകരണ സംവിധാനമൊരുക്കണമെന്ന സുപ്രിം കോടതി വിധിയുടെ മറവില്‍ വന്‍ അഴിമതിക്കു സാഹചര്യമൊരുക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍. 80 കോടി രൂപ ചെലവില്‍ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. 30 കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കാമെന്നു ചൂണ്ടിക്കാട്ടി വിവിധ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ മുന്നോട്ടുവരികയും ചെയ്തു. ഇതെല്ലാം തള്ളി, കമ്പനി വികസനമെന്ന പേരുകൂടി പറഞ്ഞ് 256 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കുകയായിരുന്നു സര്‍ക്കാര്‍. ഇതിന് എവിടെനിന്ന് പണം കണ്ടെത്തുമെന്നോ എങ്ങനെ പൂര്‍ത്തിയാക്കുമെന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ പിന്നീട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നടപടിയെടുക്കേണ്ടിയും വന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ നടന്ന ഈ കൊടും അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നില്‍നിന്ന് മലിനീകരണ നിയന്ത്രണ വകുപ്പ് എടുത്തുമാറ്റിയതെന്ന് കെ കെ രാമചന്ദ്രന്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും തന്നോടുള്ള പക പിന്നീട് ആസൂത്രിതമായി മന്ത്രിസഭയില്‍നിന്ന് പുറത്താക്കുന്നതില്‍വരെയെത്തിയെന്നും രാമചന്ദ്രന്‍ ആരോപിച്ചിട്ടുണ്ട്.

അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നതു പോലെ ആരോപണവിധേയരാവാത്ത ആരുമില്ല യു ഡി എഫില്‍ എന്നതാണ് ഇപ്പോഴത്തെ നില. ഈ ആരോപണങ്ങളില്‍ ഒട്ടുമിക്കതും ഉയര്‍ന്നുവന്നത് ആ മുന്നണിക്കകത്തുനിന്നുതന്നെയാണുതാനും. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ സംശയത്തിന്റെ പുകമറയിലേയ്ക്ക് നീക്കിനിര്‍ത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ടി എച്ച് മുസ്തഫയാണ്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഒരുമിച്ച് കെ കെ രാമചന്ദ്രന്‍ അഴിമതിയുടെ കരിനിഴലിലാക്കിയിരിക്കുന്നു. മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്കുനേരെ ആക്ഷേപശരങ്ങള്‍ ഉതിര്‍ത്തത് സന്തത സഹചാരിയായിരുന്ന റൗഫും പ്രമുഖ ലീഗ് നേതാവ് നേതൃത്വം നല്‍കുന്ന ചാനലും ചേര്‍ന്നാണ്. മറ്റൊരു യു ഡി എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ നേതാവായ ടി എം ജേക്കബിനെതിരായ അഴിമതി കേസില്‍ നടപടികള്‍ തുടരുകയാണ്. ബാലകൃഷ്ണപിള്ളയാണെങ്കില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാവുകയും ചെയ്തിരിക്കുകയാണ്. അഴിമതിയിലും മറ്റ് ക്രിമിനല്‍ കുറ്റങ്ങളിലും അഭിരമിച്ചുള്ള ജീവിതം കേരളീയ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഏത് യു ഡി എഫ് നേതാവിനാണ് വോട്ടര്‍മാരെ സമീപിക്കാനുള്ള ആര്‍ജവമുള്ളത് എന്നതാണ് സുപ്രധാനമായ തിരഞ്ഞെടുപ്പ് വിഷയം?

ജനയുഗം മുഖപ്രസംഗം 310311

2 comments:

  1. 2001 മുതല്‍ 2006 വരെ തുടര്‍ന്ന യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വമ്പന്‍ അഴിമതിയുടെ കഥയാണ് ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍ തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ വിളിച്ചുപറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സകല ജീര്‍ണതയുടെയും ഭാഗമാണ് കെ കെ രാമചന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അതൃപ്തിയില്‍ ആയിരിക്കാം അദ്ദേഹം പഴയ കഥകള്‍ വെളിപ്പെടുത്തുന്നത്. എങ്കില്‍പ്പോലും യു ഡി എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഒരാളെന്ന നിലയില്‍, അന്ന് അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടന്നത് അടുത്തുനിന്ന് കണ്ട ഒരാളെന്ന നിലയില്‍ കെ കെ രാമചന്ദ്രന്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കുക തന്നെ വേണം. കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി സംവിധാനവും എത്രമാത്രം അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടുപോയിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് കെ കെ രാമചന്ദ്രന്റെ വാക്കുകള്‍.

    ReplyDelete
  2. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ 226 കോടിയുടെ വെട്ടിപ്പ് നടത്താന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ കെ രാമചന്ദ്രനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ നീക്കം തുടങ്ങി. പാര്‍ടിയുടെ പ്രതിച്ഛായയും സല്‍പ്പേരും കളങ്കപ്പെടുത്തുന്ന ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം ചോദിച്ചുവെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും സോണിയ ഗാന്ധിയുടെ ഓഫീസിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനവും സംഘടനാ വിരുദ്ധ നടപടിയുമാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. വിശദീകരണം ചോദിച്ചതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് കെ കെ രാമചന്ദ്രന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. കത്ത് കിട്ടിയിട്ടില്ല. കത്ത് കിട്ടിയിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥിനിര്‍ണയത്തിനെതിരെ ബുധനാഴ്ച വീണ്ടും കെ കെ രാമചന്ദ്രന്‍ രംഗത്തെത്തി. ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കാണ് സീറ്റ് നല്‍കിയതെന്ന് കൊച്ചിയില്‍ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. പരസ്യമായി വിമര്‍ശം ഉന്നയിച്ചുവെന്നാണ് കെ കെ രാമചന്ദ്രനെതിരെ കെപിസിസി ഉന്നയിക്കുന്ന ആരോപണം. എന്നാല്‍, മുമ്പ് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനാണ് എന്‍ കെ അബ്ദുറഹ്മാനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത്. അഴിമതിക്കേസില്‍ സാക്ഷി പറയില്ലെന്ന് എഴുതി വാങ്ങിയശേഷം തിരിച്ചെടുക്കുകയുംചെയ്തു.

    ReplyDelete