Sunday, March 27, 2011

യുഡിഎഫില്‍ അസംതൃപ്തിയുടെ അടിയൊഴുക്ക്

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം ശനിയാഴ്ച അവസാനിച്ചതോടെ റിബല്‍ ശല്യവും അസംതൃപ്തിയും യുഡിഎഫിനെ ഉലച്ചുതുടങ്ങി. നാട്ടികയില്‍ സിഎംപിക്കെതിരെ കോണ്‍ഗ്രസിലെ രണ്ടുപേരാണ് റിബലായി പത്രിക നല്‍കിയത്. ചെങ്ങന്നൂരില്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജും റാന്നിയില്‍ കേരളാകോണ്‍ഗ്രസ് പ്രാദേശിക നേതാവ് സാബു പുതുച്ചിറയും റിബലായി രംഗത്തെത്തി. പുനലൂരില്‍ ഡിസിസി അംഗമാണ് റിബലായി പത്രിക നല്‍കിയത്. സംസ്ഥാനത്താകെ കരുണാകരപക്ഷം കടുത്ത അതൃപ്തിയിലാണ്.
കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസില്‍ പരസ്യമായ പടയൊരുക്കമുണ്ട്. പലയിടത്തും ഘടകകക്ഷികള്‍ പരസ്പരം പാലംവലിക്കുമെന്ന ഭീഷണിയുമുണ്ട്. സംസ്ഥാന നേതാക്കള്‍ നേരിട്ട് ഇടപെട്ടിട്ടും വിമതരെ മെരുക്കാനായിട്ടില്ല. പല മണ്ഡലങ്ങളിലും പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അസംതൃപ്ത വിഭാഗങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

തൃശൂര്‍ ജില്ലയിലെ നാട്ടിക മണ്ഡലത്തില്‍ യുഡിഎഫിന് മൂന്ന് സ്ഥാനാര്‍ഥികളാണ് രംഗത്ത്. സിഎംപി ആദ്യം വേണ്ടെന്നും പിന്നെ വേണമെന്നും പറഞ്ഞ മണ്ഡലത്തില്‍ തികഞ്ഞ അനിശ്ചിതത്വമാണ്. കോണ്‍ഗ്രസില്‍നിന്ന് ഡിസിസി സെക്രട്ടറി എ എസ് വേലായുധനും എന്‍ കെ സുധീറും സിഎംപിയിലെ വികാസ് ചക്രപാണിയുമാണ് പത്രിക നല്‍കിയത്. ഇതോടെ നാട്ടിക യുഡിഎഫിന് കീറാമുട്ടിയായി. ജില്ലയിലെ 13 മണ്ഡലത്തില്‍ അഞ്ചും കോണ്‍ഗ്രസിന് കൈവിടേണ്ടിവന്നു. ഇതിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം ശക്തമാണ്. പലയിടത്തും കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ചാലക്കുടിയിലും ചേലക്കരയിലും സ്ഥാനാര്‍ഥികള്‍ക്കെതിരെ  എതിര്‍പ്പ് രൂക്ഷമാണ്. രാഹുല്‍ഗാന്ധിയെ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് ടിക്കറ്റ് നേടിയ കെ ടി ബെന്നിയാണ് ചാലക്കുടിയില്‍ സ്ഥാനാര്‍ഥി. മുന്‍മന്ത്രി കെ കെ ബാലകൃഷ്ണന്റെ മകന്‍ കെ ബി ശശികുമാറാണ് ചേലക്കരയില്‍.

പാലക്കാട് ജില്ലയില്‍ നെന്മാറ, പട്ടാമ്പി മണ്ഡലങ്ങളില്‍ പാര്‍ടിനേതൃത്വത്തിന്റെ ഭീഷണി അവഗണിച്ച് പ്രവര്‍ത്തകര്‍ വീണ്ടും തെരുവിലിറങ്ങി. പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ സി പി മുഹമ്മദിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.  നെന്മാറ സിഎംപിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് കൊല്ലങ്കോട്ട് എ ഗ്രൂപ്പ്  പ്രകടനം നടത്തി. നെന്മാറ സീറ്റ് സിഎംപിക്ക് നല്‍കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപമാനിക്കലാണെന്ന് കെ എ ചന്ദ്രന്‍ പറയുന്നു. ഷൊര്‍ണൂരില്‍ എം ആര്‍ മുരളിക്കായി പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിന്റെ രഹസ്യനിര്‍ദേശം. ഇതോടെ സോണിയ ഗാന്ധിയുടെ പ്രതിനിധിയായി മത്സരിക്കുന്ന ശാന്താജയറാമും ജില്ലയിലെ നേതാക്കളും ഏറ്റുമുട്ടലിലേക്കാണ് നീങ്ങുന്നത്.
ചിറ്റൂരില്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് വീരേന്ദ്രന്‍ ജനതയുടെ ഒടുവിലത്തെ തീരുമാനം. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കെപിസിസി സെക്രട്ടറിയായ പി ജെ പൌലോസിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം പ്രകടനം നടത്തി.

റാന്നിയില്‍ കേരള കോണ്‍ഗ്രസ് പ്രാദേശിക നേതാവും റാന്നി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പറുമായ സാബു പുതുച്ചിറ റിബലായി ശനിയാഴ്ച പത്രിക നല്‍കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സാബുവിനെതിരെ ജോസ് കീപ്പനാലിനെ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചിരുന്നു. ഫീലിപ്പോസ് തോമസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പ്രസിഡന്റ് സ്ഥാനം സാബുവിന് നിഷേധിച്ചതില്‍ കേരളകോണ്‍ഗ്രസിന്റെ പ്രതിഷേധം അടങ്ങിയിട്ടില്ല. ഫീലിപ്പോസ് തോമസാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. ജോസഫ് എം പുതുശേരിക്ക് സീറ്റ് നിഷേധിച്ചതിലും പ്രതിഷേധമുണ്ടെന്ന് സാബു അറിയിച്ചു.

പുനലൂരില്‍ ഡിസിസി അംഗം മൂന്നാംഗ്രൂപ്പുകാരനായ ലത്തീഫ് റിബലായി പത്രിക നല്‍കി. നടപടി നേരിട്ടാലും പിന്‍മാറില്ലെന്ന നിലപാടിലാണ് ഇദ്ദേഹം. എ ഗ്രൂപ്പിലെ ജോണ്‍സണ്‍ എബ്രഹാമാണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ഥി.

പത്രികസമര്‍പ്പണം കഴിഞ്ഞിട്ടും കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിലെ കലഹം തീരുന്നില്ല. സിഎംപി ഉപേക്ഷിച്ച ധര്‍മടം അവസാന നിമിഷം കോണ്‍ഗ്രസ് ഏറ്റെടുത്തെങ്കിലും കെപിസിസി നിര്‍വാഹകസമിതി അംഗം മമ്പറം ദിവാകരന് സ്വതന്ത്രനായേ പത്രിക നല്‍കാന്‍ കഴിഞ്ഞുള്ളൂ. കെപിസിസി പ്രസിഡന്റിന്റെ കത്ത് യഥാസമയം ലഭിക്കാത്തതാണ് പ്രശ്നമായത്.
വോട്ടെടുപ്പിനുമുന്നേ യുഡിഎഫ് തോല്‍വി സമ്മതിച്ച മട്ടന്നൂരിലും അവസാന നിമിഷംവരെ അനിശ്ചിതത്വമായിരുന്നു. കോട്ടയത്തുനിന്ന് ചാവേറായി എത്തിയ ജോസഫ് ചാവറയെ വീരന്‍ ജനത ജില്ലാനേതൃത്വം അംഗീകരിച്ചിട്ടില്ല. ഇത് പേമെന്റ് സീറ്റാണെന്നും അവര്‍ പറയുന്നു.

പേരാവൂരില്‍ വിശാല ഐ പ്രതിനിധിയായി എത്തിയ സണ്ണിജോസഫിന്റെ പ്രചാരണത്തിന്  ഇറങ്ങേണ്ടെന്നാണ് എ ഗ്രൂപ്പ് തീരുമാനം. വയനാട്ടില്‍നിന്ന് അഴീക്കോട്ടേക്ക് ഇറക്കുമതി ചെയ്ത കെ എം ഷാജിക്കെതിരെ ലീഗിലെ ഒരു വിഭാഗവും സിഎംപിയും കോണ്‍ഗ്രസും രംഗത്തുണ്ട്. കണ്ണൂര്‍ മണ്ഡലം ലഭിക്കാത്തതില്‍ കെപിസിസി സെക്രട്ടറി സതീശന്‍ പാച്ചേനിയും ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനും അസംതൃപ്തരാണ്. 

എറണാകുളം ജില്ലയില്‍ വൈപ്പിന്‍, ആലുവ, പെരുമ്പാവൂര്‍, കൊച്ചി മണ്ഡലങ്ങളിലാണ് ശക്തമായ വിമതപ്രശ്നം നേരിടുന്നത്. വൈപ്പിനില്‍ വയലാര്‍ രവി വിഭാഗത്തിന്റെ നേതാവ് അജയ് തറയിലിനുവേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി നേതാവുമായ കെ പി ഹരിദാസിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടത്തി. എ വിഭാഗവും കെ വി തോമസ് വിഭാഗവും വൈപ്പിനില്‍ ഇടഞ്ഞുനില്‍ക്കുകയാണ്. ആലുവയില്‍ എം എം ഹസ്സന്റെ ചുവരെഴുത്ത് മായ്ക്കേണ്ടിവന്നതിന്റെ രോഷം അടങ്ങാതെയാണ് എ വിഭാഗം. ഇവിടത്തെ സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തും കുന്നത്തുനാട്ടില്‍ വി പി സജീന്ദ്രനും തോല്‍ക്കുമെന്ന് ടി എച്ച് മുസ്തഫ പരസ്യമായി പ്രഖ്യാപിക്കുകവരെയുണ്ടായി.

പെരുമ്പാവൂരില്‍ ജെയ്സണ്‍ ജോസഫിനെതിരെ പ്രദേശത്തെ ഐഎന്‍ടിയുസി നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അങ്കമാലിയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് ജേക്കബ്വിഭാഗം പിടിച്ചെടുത്തതും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. അതേ സമയം ജേക്കബില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത് മത്സരിക്കാനെത്തിയ ജോസഫ് വാഴയ്ക്കന്റെ മൂവാറ്റുപുഴ മണ്ഡലം കണ്‍‌വന്‍ഷനില്‍ നിന്ന് എ വിഭാഗം വിട്ടു നിന്നു.

കാലങ്ങളായി ലീഗ് മത്സരിച്ചിരുന്ന കൊച്ചി കോണ്‍ഗ്രസ് പിടിച്ചെടുത്തതില്‍ ലീഗുകാര്‍ കടുത്ത അമര്‍ഷത്തിലാണ്. കരുണാകരവിഭാഗത്തിനെ അവഗണിച്ചതിനെതിരെ പത്മജയും കൂട്ടരും ഹൈക്കമാന്‍ഡിന് പരാതി അയക്കാനിരിക്കുകയാണ്.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് മത്സരിക്കുന്ന ചെങ്ങന്നൂരില്‍ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ്ജ് തന്നെ സ്വതന്ത്രയായി രംഗത്ത് വന്നത് തലവേദനയായി.

രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്ട് റിബല്‍ ഭീഷണി മുഴക്കിയ കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും ഐ.എന്‍.ടി.യു.സി നേതാവുമായ എ.കെ.രാജനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും എതിര്‍പ്പ് അടങ്ങിയിട്ടില്ല.

ചേര്‍ത്തലയില്‍ കോണ്‍ഗ്രസുകാരുടെ പാര ഭയന്നിരിക്കുകയാണ് കെ.ആര്‍.ഗൌരിയമ്മ. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ ഗൌരിയമ്മയുടെ പരാജയത്തിനു കാരണമായി അവര്‍ പറയുന്ന അബ്ദുല്‍ ഗഫൂര്‍ ഹാജി നോട്ടമിട്ടിരുന്ന മണ്ഡലമാണിത്. ഇത്തവണയും ഹാജിയും കൂട്ടരും കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ് സൂചന.

സോഷ്യലിസ്റ്റ് ജനത മത്സരിക്കുന്ന വടകരയില്‍ മനയത്ത് ചന്ദ്രന്‍ വിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തത് ഉള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

ദേശാഭിമാനി 270311

1 comment:

  1. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം ശനിയാഴ്ച അവസാനിച്ചതോടെ റിബല്‍ ശല്യവും അസംതൃപ്തിയും യുഡിഎഫിനെ ഉലച്ചുതുടങ്ങി. നാട്ടികയില്‍ സിഎംപിക്കെതിരെ കോണ്‍ഗ്രസിലെ രണ്ടുപേരാണ് റിബലായി പത്രിക നല്‍കിയത്. ചെങ്ങന്നൂരില്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജും റാന്നിയില്‍ കേരളാകോണ്‍ഗ്രസ് പ്രാദേശിക നേതാവ് സാബു പുതുച്ചിറയും റിബലായി രംഗത്തെത്തി. പുനലൂരില്‍ ഡിസിസി അംഗമാണ് റിബലായി പത്രിക നല്‍കിയത്. സംസ്ഥാനത്താകെ കരുണാകരപക്ഷം കടുത്ത അതൃപ്തിയിലാണ്.
    കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസില്‍ പരസ്യമായ പടയൊരുക്കമുണ്ട്. പലയിടത്തും ഘടകകക്ഷികള്‍ പരസ്പരം പാലംവലിക്കുമെന്ന ഭീഷണിയുമുണ്ട്. സംസ്ഥാന നേതാക്കള്‍ നേരിട്ട് ഇടപെട്ടിട്ടും വിമതരെ മെരുക്കാനായിട്ടില്ല. പല മണ്ഡലങ്ങളിലും പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അസംതൃപ്ത വിഭാഗങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

    ReplyDelete