Monday, March 28, 2011

മട്ടന്നൂരില്‍ ഇപിക്ക് പോര് പേരിന്

കണ്ണൂര്‍: അങ്കത്തട്ടില്‍ ആയുധം നഷ്ടപ്പെട്ടവനെപ്പോലെയാണ് മട്ടന്നൂരില്‍ യുഡിഎഫിന്റെ നില്‍പ്പ്. പരാജയഭീതിയില്‍ ഘടകകക്ഷികള്‍ ഓരോന്നായി പിന്മാറിയ മണ്ഡലം. ഒടുവില്‍ വീരന്‍ ജനതയുടെ തലയില്‍ കെട്ടിവച്ച് കോണ്‍ഗ്രസ് കൈയൊഴിഞ്ഞു. സ്ഥാനാര്‍ഥിയായി കോട്ടയത്തുനിന്നും ആളെ ഇറക്കേണ്ടി വന്നു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കേരളം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ നല്ല എതിരാളിയെപ്പോലും അവതരിപ്പിക്കാനാകാത്ത ദൈന്യതയാണ് യുഡിഎഫിന്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ജോസഫ് ചാവറയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇദ്ദേഹം പേയ്മെന്റ് സ്ഥാനാര്‍ഥിയാണെന്നും പണം വാങ്ങി നേതൃത്വം സീറ്റുവിറ്റതാണെന്നും ആരോപിക്കുന്നത് മറ്റാരുമല്ല, വീരന്‍ ജനത ജില്ലാ നേതാക്കള്‍ തന്നെ.

ഇ പി ജയരാജന്‍ സ്ഥാനാര്‍ഥിയായതോടെ ആവേശക്കൊടുമുടിയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. പ്രചാരണരംഗത്ത് മുന്നണി ഏറെ മുന്നിലെത്തി. ഉള്ളുതുറന്ന പെരുമാറ്റത്തിലൂടെ സൌഹൃദം പങ്കിട്ടും തമാശ പറഞ്ഞും ജനങ്ങളെ സമീപിക്കുന്ന ഇ പിക്ക് കക്ഷിരാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിലുടനീളം വിപുലമായ സൌഹൃദമുണ്ട്. ആര് എന്താവശ്യത്തിനു സമീപിച്ചാലും ന്യായമാണെങ്കില്‍ നിറമനസോടെ ചെയ്തുകൊടുക്കുന്ന പ്രകൃതം ഇ പി ജയരാജന്‍ എന്ന രാഷ്ട്രീയ നേതാവിനെ വ്യതിരിക്തനാക്കുന്നു.

കിടയറ്റ പോരാളിയെന്ന നിലയില്‍കൂടി ജനമനസില്‍ ഇടം നേടിയ ഇ പി ജയരാജന്‍ പലതവണ പൊലീസിന്റെയും പ്രതിലോമശക്തികളുടെയും കടുത്ത ശാരീരികാക്രമണങ്ങള്‍ക്കു വിധേയനായി. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരിക്കേ ചണ്ഡിഗഢില്‍ പതിനഞ്ചാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ തീവണ്ടിയില്‍ വാടകക്കൊലയാളികള്‍ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചു. അന്ന് കഴുത്തില്‍ തറച്ച വെടിയുണ്ടയുടെ ചീളുകള്‍ നീക്കാനാകാതെ ശാരീരിക അസ്വസ്ഥതകളുമായാണ് ഇപ്പോഴും ജീവിക്കുന്നത്.

മൂന്നാം തവണയാണ് ജയരാജന്‍ ജനവിധി തേടുന്നത്. 1991ല്‍ അഴീക്കോട് മണ്ഡലത്തില്‍നിന്ന് സഭയിലെത്തി മികച്ച സാമാജികനായി ശ്രദ്ധ നേടി. എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം ഡിവൈഎഫ്ഐ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റാണ്. സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. ദേശാഭിമാനി ജനറല്‍ മാനേജര്‍, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി, കേരളപ്രവാസിസംഘം രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പാപ്പിനിശേരിക്കടുത്ത കീച്ചേരി സ്വദേശിയാണ്.

ആര്‍പ്പൂക്കര സ്വദേശിയായ ജോസഫ് ചാവറ സോഷ്യലിസ്റ് ജനതയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ്. യുവമോര്‍ച്ച നേതാവ് ബിജു വലിയങ്കരയാണ് ബിജെപി സ്ഥാനാര്‍ഥി.
എല്‍ഡിഎഫിന് വ്യക്തമായ മേധാവിത്വമുള്ളതാണ് പുതുതായി രൂപംകൊണ്ട മട്ടന്നൂര്‍ മണ്ഡലം. പേരാവൂര്‍ മണ്ഡലത്തിലായിരുന്ന മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും കീഴല്ലൂര്‍, കൂടാളി, തില്ലങ്കേരി പഞ്ചായത്തുകളും കൂത്തുപറമ്പ് മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ്, മാലൂര്‍, മാങ്ങാട്ടിടം, കോളയാട് പഞ്ചായത്തുകളും ഇരിക്കൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പടിയൂര്‍- കല്യാട് പഞ്ചായത്തും ചേര്‍ന്നതാണ് മട്ടന്നൂര്‍. നഗരസഭയും എട്ടില്‍ ഏഴു പഞ്ചായത്തും ഭരിക്കുന്നത് എല്‍ഡിഎഫ്. കോളയാട് പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് ഭരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 24,803 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്്.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

deshabhimani 280311

1 comment:

  1. അങ്കത്തട്ടില്‍ ആയുധം നഷ്ടപ്പെട്ടവനെപ്പോലെയാണ് മട്ടന്നൂരില്‍ യുഡിഎഫിന്റെ നില്‍പ്പ്. പരാജയഭീതിയില്‍ ഘടകകക്ഷികള്‍ ഓരോന്നായി പിന്മാറിയ മണ്ഡലം. ഒടുവില്‍ വീരന്‍ ജനതയുടെ തലയില്‍ കെട്ടിവച്ച് കോണ്‍ഗ്രസ് കൈയൊഴിഞ്ഞു. സ്ഥാനാര്‍ഥിയായി കോട്ടയത്തുനിന്നും ആളെ ഇറക്കേണ്ടി വന്നു.

    ReplyDelete