Monday, March 28, 2011

സ്റിക്കര്‍ ഒട്ടിക്കാത്ത ആപ്പിള്‍ കിട്ടാനുണ്ടോ?

നല്ലൊരു ഭരണകൂടം തങ്ങളുടെ ജനതയ്ക്ക് ആദ്യം നല്‍കേണ്ടത് എന്താണ്? ശുദ്ധവായു അല്ലാതെ മറ്റെന്ത്? മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് കൃത്യമായ ക്രമമുണ്ടല്ലോ. വായു, വെള്ളം, ഭക്ഷണം, പാര്‍പ്പിടം അങ്ങനെയാണ് അത്. കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രികയില്‍ എല്ലാവര്‍ക്കും കുടിവെള്ളം എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ശുദ്ധവായുവിനെക്കുറിച്ച് ഒരക്ഷരവുമില്ല. ഇതില്‍പ്പരം അനീതി വേറെയുണ്ടോ? ഈ മുന്നണിക്ക് വോട്ടു ചെയ്യാതിരിക്കുന്നതിന് ഇനി വേറെ വല്ല ന്യായവും ആവശ്യമുണ്ടോ?

പഴയ മനോരമ ലേഖിക, ശൂരനാട് വിപ്ളവകാരി ചേലേക്കോട്ടേത്ത് കുഞ്ഞിരാമനെയും കുടുംബത്തെയും അപമാനിച്ച് കഥയെഴുതി ലോകപ്രശസ്തയായ എഴുത്തുകാരി കഴിഞ്ഞദിവസം മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ തെരഞ്ഞെടുപ്പ് വിശകലനം വായിച്ചപ്പോഴാണ് പണ്ട് സ്കൂളില്‍ പഠിച്ച അടിസ്ഥാന ആവശ്യങ്ങളുടെ ക്രമം ഓര്‍മ വന്നത്. ശുദ്ധവായുവിനു പകരം ശുദ്ധജലം അതിക്രമിച്ചു കയറി എന്നതല്ല ആദരണീയ കഥാകാരി കണ്ട പ്രഥമ കുറ്റം. എല്ലാവര്‍ക്കും കുടിവെള്ളം എന്നു പ്രഖ്യാപിക്കുന്നതിനു മുമ്പ് രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്ത് ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ശ്രമിച്ചു. ക്രമം തെറ്റിയോ? തെറ്റി. ഇതുപോലെ ഒരനൌചിത്യം വേറെ എവിടെയെങ്കിലും നടന്നതായി കേട്ടിട്ടുണ്ടോ? വിമര്‍ശം എത്ര ന്യായം? അരി കിട്ടിയിട്ടെന്തു കാര്യം? രണ്ടു രൂപയുടെ അരി ഇല്ലെങ്കില്‍ത്തന്നെ എന്ത്? 35 രൂപയുടെ നല്ല സോര്‍ട്ടക്സ് സിംഗിള്‍ ബോയില്‍ഡ് മട്ട റൈസ് കോട്ടയത്തെ ബിഗ് ബസാറില്‍ വാങ്ങാന്‍ കിട്ടും. സൌകര്യംപോലെ പത്തുകിലോ, 25 കിലോ ബാഗുണ്ട്. ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ മതി. സെയില്‍സ് ഗേള്‍ അതെടുത്ത് ട്രോളിയില്‍ വച്ചുതരും. മാര്‍ബിള്‍ ഫ്ളോറിലൂടെ ട്രോളി ഉരുട്ടി കൌണ്ടറില്‍ ക്യാഷ് അടച്ച് പുറത്തുകടന്നാല്‍ സെക്യൂരിറ്റിമാന്‍ കാറിന്റെ ഡിക്കിയില്‍ വച്ചുതരും. സന്തോഷം ഒരു പത്തു രൂപ കൊടുക്കാം. അഥവാ അരി തീരെ കിട്ടാനില്ലെങ്കില്‍ സ്നാക്സായി വല്ല ബ്രഡ്ഡ് ആന്‍ഡ് ബട്ടറോ സാന്റ്വിച്ചോ ബര്‍ഗറോ ബ്രീഫ്കെയ്സോ, മട്ടന്‍റോളോ, മുട്ടത്ത് വര്‍ക്കിയോ കൊണ്ട് തല്‍ക്കാലം ഒപ്പിക്കാം. എന്നാല്‍, ശുദ്ധജലത്തിന്റെ കാര്യം അങ്ങനെയാണോ? വെള്ളമില്ലെങ്കില്‍ സോഡയെങ്കിലും കൊടുക്കേണ്ടതായിരുന്നു സര്‍ക്കാര്‍. (വെള്ളമില്ലാത്തതുകൊണ്ട് കലാമണ്ഡലം പൂട്ടുന്നു. വാര്‍ത്ത. വെള്ളമില്ലെങ്കില്‍ സോഡയെങ്കിലും മതിയെന്ന് കളിയാശാന്മാര്‍. രേഖാചിത്രകാരന്‍ എ എസിന്റെ പഴയ കാര്‍ട്ടൂണ്‍)

മൂന്നു രൂപയ്ക്കും പിന്നെ രണ്ടു രൂപയ്ക്കും അരി നല്‍കുമെന്നു വായിച്ചപ്പോള്‍ അത് ഇത്രത്തോളം അതിരുകടക്കുമെന്നു കരുതിയില്ല. നമ്മളൊക്കെ പത്രത്തില്‍ പണിയെടുക്കുന്നവരാണ്. പത്രത്തില്‍ ആരോ എന്തോ എഴുതുന്നു, ഗതികെട്ടവന്‍ ചങ്കില്‍ വെള്ളമിറക്കി വായിക്കുന്നു എന്നതിനപ്പുറം എട്ടിലെ പശു പുല്ലു തിന്നതായി കേട്ടിട്ടില്ല. ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുന്നു. ആദിവാസികളും ദളിതരും കുടിവെള്ളവും പുസ്തകവുമില്ലാതെ വിഷമിക്കുമ്പോഴാണ് ലക്ഷക്കണക്കിനു രൂപയുടെ അരി വിതരണം ചെയ്ത് സംസ്ഥാന ഖജനാവിന് ബാധ്യതയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതുപോലൊരു കൊള്ള വേറെയുണ്ടോ?

അതു മാത്രമോ? കണ്ട അണ്ടനും അടകോടനും അലവലാതിക്കും ജനിക്കുന്ന കൊച്ചുങ്ങള്‍ക്ക് 10,000 രൂപ വച്ച് ബാങ്ക് നിക്ഷേപം! കേരള ഖജനാവെന്താ തോമസ് ഐസക്കിന്റെ തറവാട്ടു സ്വത്താണോ? തീര്‍ന്നില്ല. വാര്‍ധക്യ പെന്‍ഷന്‍ 1000 രൂപയാക്കുമെന്ന വാഗ്ദാനവും. കേരള സംസ്ഥാനം ഇത്രയ്ക്കു സമ്പന്നമാണോ?’ഇത്രയ്ക്കും ബൂര്‍ഷാ സ്നേഹം’(?) വേണോ വി എസേ? (ബൂര്‍ഷ്വാ സമം വൃദ്ധന്‍. പുതിയ ശബ്ദതാരാവലി) ഭരിച്ചുഭരിച്ച് എവിടെവരെ എത്തിച്ചു കാര്യങ്ങള്‍? സ്റിക്കര്‍ ഒട്ടിക്കാത്ത ആപ്പിള്‍ കിട്ടാനുണ്ടോ? നല്ല സ്ട്രോബറി? അന്താരാഷ്ട്ര നിലവാരമുള്ള പിസാ? മധുരമുള്ള വാളന്‍ പുളി?(?)

എങ്ങാണ്ടെവിടെയോ കിടക്കുന്ന അലവലാതിപ്പെണ്ണുങ്ങളുടെ (മാസ്ലോവാ? ടോള്‍സ്ടോയ്) കണ്ണീരും പഴയ കേസുകെട്ടും പൊക്കിക്കൊണ്ടു വന്ന് കേരള രാഷ്ട്രീയം സ്ഥിരം നാടകവേദിയുടെ സീരിയല്‍ ടൈപ്പ് പിരിമുറുക്കങ്ങളെ അട്ടിമറിച്ചു കളഞ്ഞതില്‍ കഥാകാരിക്കുണ്ടായ നിരാശ ചെറുതല്ല.‘ശ്രദ്ധ തിരിക്കാന്‍ പെണ്ണുകേസ്. പോരാത്തതിന് അഴിമതി ആരോപണവും. പാമ്പും കോണിയും കളിപോലെ എന്തു രസമായിരുന്നു ഇതഃപര്യന്തമുള്ള കേരളക്കാഴ്ചകള്‍.

ഒരു കൂട്ടര്‍ അഞ്ചുവര്‍ഷം കഷ്ടപ്പെട്ട് എന്തെല്ലാമോ കെട്ടിപ്പടുക്കുന്നു. ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കാരം, പൊതുജനാരോഗ്യം, പൊതുവിതരണം, സമ്പൂര്‍ണ സാക്ഷരത, സമ്പൂര്‍ണ വൈദ്യുതീകരണം, ജനകീയാസൂത്രണം, ക്ഷേമപെന്‍ഷന്‍, പുതിയ തൊഴില്‍... കൃത്യം അഞ്ചാംകൊല്ലം കരു നേരെ പാമ്പിന്റെ വായില്‍. നേരെ താഴേക്ക്. എല്ലാം അട്ടിമറിക്കപ്പെടുന്നു. സര്‍വത്ര കട്ടുമുടിക്കല്‍. നിയമന നിരോധനം, തസ്തിക വെട്ടിക്കുറയ്ക്കല്‍, കൂലി വെട്ടിക്കുറയ്ക്കല്‍, പാമൊലിന്‍, കര്‍ഷകര്‍ക്ക് കീടനാശിനി, തൂക്കുകയര്‍. മനുഷ്യന്‍ അല്‍പ്പം മാത്രം ഉപയോഗിക്കുന്ന ജീരകക്കച്ചവടത്തിലടക്കം കോടികളുടെ അഴിമതി. ആര്‍ത്തരായ ജനം സദാ തെരുവില്‍. ലാത്തി, ഇലക്ട്രിക് ബാറ്റന്‍, ഗ്രനേഡ്. എന്തു നല്ല ഗെയിം. കണ്‍നിറയെ കാണാനിരിക്കുകയായിരുന്നു കൊച്ചമ്മ. എല്ലാം പോയില്ലേ? സഹിക്കാന്‍ കഴിയുന്നില്ല. തന്നെ പറഞ്ഞുവിട്ട അച്ചായന്മാര്‍ക്കുമാകില്ല ഇത്ര ദുഃഖം. എന്തു ചെയ്യാം. കലികാലത്ത് എല്ലാം തല കീഴായ് മറിയുമെന്നു പറഞ്ഞത് എത്ര ശരി.
(ഹരികൃഷ്ണന്‍ സി എ)

ദേശാഭിമാനി 280311

1 comment:

  1. നല്ലൊരു ഭരണകൂടം തങ്ങളുടെ ജനതയ്ക്ക് ആദ്യം നല്‍കേണ്ടത് എന്താണ്? ശുദ്ധവായു അല്ലാതെ മറ്റെന്ത്? മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് കൃത്യമായ ക്രമമുണ്ടല്ലോ. വായു, വെള്ളം, ഭക്ഷണം, പാര്‍പ്പിടം അങ്ങനെയാണ് അത്. കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രികയില്‍ എല്ലാവര്‍ക്കും കുടിവെള്ളം എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ശുദ്ധവായുവിനെക്കുറിച്ച് ഒരക്ഷരവുമില്ല. ഇതില്‍പ്പരം അനീതി വേറെയുണ്ടോ? ഈ മുന്നണിക്ക് വോട്ടു ചെയ്യാതിരിക്കുന്നതിന് ഇനി വേറെ വല്ല ന്യായവും ആവശ്യമുണ്ടോ?

    ReplyDelete