Sunday, August 14, 2011

എ ഐ എസ്‌ എഫ്‌: പോരാട്ടത്തിന്റെ ഏഴര പതിറ്റാണ്ട്‌

ലോകചരിത്രത്തില്‍ രാഷ്‌ട്രങ്ങളുടെ പുനര്‍നിര്‍മാണത്തിനും സ്വാതന്ത്ര്യലബ്‌ദിയിലും കലാലയ ധൈഷണികത വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും നാളുകളില്‍ സ്വന്തം ജീവരക്തമൊഴുക്കി സമാനതകളില്ലാത്ത ചരിത്രം സൃഷ്‌ടിച്ചവരാണ്‌ വിദ്യാര്‍ഥികള്‍. ഇന്ത്യയില്‍ ഇന്ന്‌ അത്തരമൊരു ചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന ഏകവിദ്യാര്‍ഥി പ്രസ്ഥാനമാണ്‌ എ ഐ എസ്‌ എഫ്‌.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തിനുവേണ്ടി ദേശീയ സ്വാതന്ത്ര്യസമരഭൂമിയില്‍ വിദ്യാര്‍ഥികള്‍ അണിനിരത്തിയ ഇന്ത്യയിലെ ആദ്യ സംഘടിത ദേശീയ വിദ്യാര്‍ഥിപ്രസ്ഥാനമായ എ ഐ എസ്‌ എഫ്‌, അതിന്റെ 76-ാം വാര്‍ഷികം രാജ്യവ്യാപകമായി ആഘോഷിക്കുകയാണ്‌. ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ തീക്ഷ്‌ണതയാര്‍ന്ന പോരാട്ടങ്ങളുടെയും ചെറുത്ത്‌ നില്‍പ്പുകളുടെയും തിളക്കമാര്‍ന്ന ചരിത്രത്തിനും കൂടിയാണ്‌ 75 വയസ്സ്‌ പൂര്‍ത്തിയാകുന്നത്‌. വാര്‍ഷികാഘോഷങ്ങളുടെ അഖിലേന്ത്യ തല സമാപനം 12, 13 തിയ്യതികളിലായി പ്രസ്ഥാനം പിറവികൊണ്ട ലക്‌നോവിലെ ഗംഗാപ്രസാദ്‌ മെമ്മോറിയല്‍ ഹാളില്‍ വെച്ച്‌ നടന്നു.

1936 ആഗസ്റ്റ്‌ 12ന്‌ രൂപം കൊണ്ട എ ഐ എസ്‌ എഫ്‌, തുടര്‍ന്ന്‌ അങ്ങോട്ടുള്ള 11 വര്‍ഷക്കാലം സ്വാതന്ത്ര്യലബ്‌ധിക്കുവേണ്ടിയുള്ള സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങളുടെ നിര്‍ണായക നേതൃത്വമായി നിലകൊണ്ടു. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും പ്രവിശ്യകളിലും പുരോഗമനവാദികളും സ്വാതന്ത്ര്യദാഹികളുമായ വിദ്യാര്‍ഥി യുവജന സമൂഹം നടത്തിവന്ന പോരാട്ടങ്ങള്‍ക്ക്‌ സംഘടിതമായി രൂപവും കരുത്തും പകര്‍ന്നു നല്‍കുന്നതിനാണ്‌ എ ഐ എസ്‌ എഫ്‌ രൂപീകരണം വഴിതെളിച്ചത്‌.

1936 ആഗസ്റ്റ്‌ 12ന്‌ ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിന്റെ യൂണിവേഴ്‌സിറ്റി മൈതാനത്ത്‌ 200 പ്രാദേശിക വിദ്യാര്‍ഥി ഘടകങ്ങളില്‍ നിന്നും 11 പ്രവിശ്യകളില്‍ നിന്നുമായി 1986 വിദ്യാര്‍ഥി പ്രതിനിധികളാണ്‌ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തത്‌. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, സരോജിനി നായിഡു, രാജഗോപാലാചാരി തുടങ്ങി ദേശീയപ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുടെ ആശംസ സന്ദേശങ്ങള്‍ എ ഐ എസ്‌ എഫ്‌ സമ്മേളനത്തിന്‌ ആവേശം പകര്‍ന്നു.

ജവഹര്‍ലാല്‍ നെഹ്‌റു ഉദ്‌ഘാടനം ചെയ്‌ത രൂപീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ മുഹമ്മദാലി ജിന്നയായിരുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അനിവാര്യതയും ദേശവ്യാപകമായി അതിന്റെ ഘടകങ്ങള്‍ രൂപീകരിച്ച്‌ സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ക്ക്‌ കരുത്ത്‌ പകരേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചര്‍ച്ച ചെയ്‌തു.

സ്വാതന്ത്ര്യസമ്പാദനത്തിനായി നിലകൊണ്ട വിവിധ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും കൂട്ടായ പരിശ്രമത്തില്‍ നിന്നാണ്‌ ദേശീയ അടിസ്ഥാനത്തിലുള്ള ആദ്യ വിദ്യാര്‍ഥിപ്രസ്ഥാനമായി എ ഐ എസ്‌ എഫ്‌ പിറവിയെടുത്തത്‌. സ്വാതന്ത്ര്യമായ കാഴ്‌ചപ്പാടും മതേതരപുരോഗമന ജനാധിപത്യസ്വഭാവവും ദേശാഭിമാനബോധവും ഉയര്‍ത്തിപ്പിടിച്ചാണ്‌ എ ഐ എസ്‌ എഫ്‌ നിലകൊണ്ടത്‌. എ ഐ എസ്‌ എഫ്‌ ന്റെ രൂപീകരണത്തോടെയാണ്‌ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക്‌ ഒരു ഏകീകൃതപ്രസ്ഥാനവും മുദ്രാവാക്യങ്ങളും ഉണ്ടായത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവീഥിയില്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത നിര്‍ണായകശക്തിയായി എ ഐ എസ്‌ എഫ്‌ വളര്‍ന്നു.

ദേശാഭിമാന പ്രചോദിതരായ വിദ്യാര്‍ഥിസമൂഹം എ ഐ എസ്‌ എഫ്‌ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‌ കൂടുതല്‍ കരുത്ത്‌ പകര്‍ന്നു. നിരവധി വിദ്യാര്‍ഥി രക്തസാക്ഷികളും ഈ കാലയളവില്‍ ഉണ്ടായി. 17 വയസ്സ്‌ മാത്രം പ്രായമുള്ള ഹെമുകലാനി എന്ന എ ഐ എസ്‌ എഫ്‌ നേതാവിനെ സാമ്രാജ്യത്വശക്തികള്‍ തൂക്കിലേറ്റി. ഹെമുകലാനിയുടെ രക്തസാക്ഷിത്വത്തെത്തുടര്‍ന്ന്‌ നിരവധി വിദ്യാര്‍ഥി നേതാക്കന്മാരാണ്‌ മാതൃഭൂമിക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്‌. ആസ്സാമില്‍ 14 വയസ്സ്‌ മാത്രം പ്രായമുള്ള കനകലത എന്ന പെണ്‍കുട്ടി എ ഐ എസ്‌ എഫ്‌ പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്ന രക്തസാക്ഷിത്വം വരിച്ചു. മൈസൂരില്‍ ശങ്കരയ്യ, യു പി യില്‍ രാജ്‌കുമാര്‍ മിശ്ര, ബോംബെയില്‍ മധുകര്‍ ദ്രാവിഡ്‌, ഗുജറാത്ത്‌ കോമേഴ്‌സ്‌ കോളജിലെ വിനോദ്‌ കിനാരി തുടങ്ങി നൂറുകണക്കിന്‌ വിദ്യാര്‍ഥി രക്തസാക്ഷികള്‍ ഈ കാലയളവിലുണ്ടായി.

ത്യാഗോജ്വലമായ സഹനത്തിന്റെയും സമരത്തിന്റെയും അതുല്യപഥങ്ങളില്‍ സ്വജീവിതം ഹോമിച്ച ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ കൂടി നേരവകാശികളാണ്‌ എ ഐ എസ്‌ എഫ്‌.

സ്വാതന്ത്ര്യലബ്‌ധിക്കുശേഷം സമാഗവും ശാസ്‌ത്രീയവുമായ വിദ്യാഭ്യാസത്തിന്റെ സൗജന്യതക്കും സാര്‍വ്വത്രികതക്കുംവേണ്ടി എണ്ണമറ്റ പോരാട്ടങ്ങള്‍ക്കാണ്‌ എ ഐ എസ്‌ എഫ്‌ നേതൃത്വം കൊടുത്തത്‌.

രാജ്യത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, പാരിസ്ഥിതിക മേഖലകളില്‍ സജീവമായി ഇടപെടുകയും ശരിയായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ്‌ എ ഐ എസ്‌ എഫ്‌.

വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശങ്ങളെ ധ്വംസിക്കുവാനും കലാലയ സംഘടനാസ്വാതന്ത്ര്യത്തെ നിരോധിക്കുവാനുമുള്ള അരാഷ്‌ട്രീയവാദ പരിശ്രമങ്ങള്‍ നീതിന്യായവ്യവസ്ഥിതിയില്‍ നിന്നും ഭരണകൂടങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്‌. സങ്കുചിത മതസാമുദായിക സംഘടനകളും വിദ്യാഭ്യാസ കച്ചവടക്കാരും വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനത്തിനെതിരായി നിലപാട്‌ സ്വീകരിക്കുമ്പോള്‍ ശിഥിലീകൃതമാകുന്നത്‌ കേരളത്തിന്റെ പൊതുസാമൂഹികബോധമാണ്‌. അരാഷ്‌ട്രീയവല്‍ക്കരണത്തിന്റെ മൗനങ്ങളിലേക്ക്‌ ശിരസുതാഴ്‌ത്തി നീങ്ങുവാന്‍ വിദ്യാര്‍ഥിക്കുമേല്‍ ബഹുവിധ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. വിദ്യാഭ്യാസത്തില്‍ സ്വകാര്യ മൂലധനത്തിന്‌ സുഗമമായി വഴിയൊരുക്കുന്നതിന്റെ ഭാഗമായി അവസാനത്തെ പ്രതിരോധത്തെയും തുടച്ചുമാറ്റുവാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ്‌ ക്യാംപസുകളിലെ സംഘടനാപ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്നത്‌. പ്രായപൂര്‍ത്തിയായവരുടെ പഠനമേഖലയാണ്‌ കാമ്പസ്‌ രാഷ്‌ട്രീയകാര്യങ്ങള്‍ പഠിക്കാനും പ്രചരിപ്പിക്കാനും വിദ്യാര്‍ഥിക്ക്‌ സ്വാതന്ത്ര്യം ഉണ്ടാകണം. റാഗിംഗ്‌ ഉള്‍പ്പെടെയുള്ള സാമൂഹ്യതിന്മകളെയും വര്‍ഗീയ-ഫാസിസ്റ്റ്‌ തീവ്രവാദ ദേശവിരുദ്ധ ശക്തികളുടെ നുഴഞ്ഞുകയറ്റത്തെയും ചെറുത്തു തോല്‍പ്പിക്കണമെങ്കില്‍ കലാലയങ്ങളിലെ സംഘടനാസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. സ്ഥാപിത താല്‍പര്യക്കാരും അരാഷ്‌ട്രീയവാദികളും വിദ്യാഭ്യാസ കച്ചവടക്കാരും ഉയര്‍ത്തുന്ന വിദ്യാര്‍ഥിവിരുദ്ധനിലപാടുകള്‍ തിരിച്ചറിഞ്ഞ്‌ കൂടുതല്‍ കരുത്തോടെ കരുതലോടെ എ ഐ എസ്‌ എഫ്‌ മുന്നോട്ടുപോകും. 75-ാം വാര്‍ഷികാഘോഷവേളയില്‍ സംഘടനാസ്വാതന്ത്ര്യവും വിദ്യാഭ്യാസാവകാശങ്ങളും സംരക്ഷിക്കുവാനുള്ള പുതിയ പോരാട്ടങ്ങള്‍ക്ക്‌ എ ഐ എസ്‌ എഫ്‌ നേതൃത്വം കൊടുക്കും.

കെ പി സന്ദീപ്‌ (എ ഐ എസ്‌ എഫ്‌ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകന്‍ 

janayugom

1 comment:

  1. ലോകചരിത്രത്തില്‍ രാഷ്‌ട്രങ്ങളുടെ പുനര്‍നിര്‍മാണത്തിനും സ്വാതന്ത്ര്യലബ്‌ദിയിലും കലാലയ ധൈഷണികത വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും നാളുകളില്‍ സ്വന്തം ജീവരക്തമൊഴുക്കി സമാനതകളില്ലാത്ത ചരിത്രം സൃഷ്‌ടിച്ചവരാണ്‌ വിദ്യാര്‍ഥികള്‍. ഇന്ത്യയില്‍ ഇന്ന്‌ അത്തരമൊരു ചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന ഏകവിദ്യാര്‍ഥി പ്രസ്ഥാനമാണ്‌ എ ഐ എസ്‌ എഫ്‌.

    ReplyDelete