Sunday, August 14, 2011

അഞ്ചാംപ്രതിയുടെ പ്രോസിക്യൂഷന്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു

പാമൊലിന്‍ കേസില്‍ അഞ്ചാംപ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ടതായി രേഖകള്‍ . ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടതായി രേഖകള്‍ വെളിപ്പെടുത്തുന്നു. യുഡിഎഫ് അധികാരത്തില്‍വന്ന് 22-ാംദിവസംതന്നെ മുഖ്യമന്ത്രി ഇതിനുള്ള ഉത്തരവിറക്കി. അഞ്ചാംപ്രതിയും അന്നത്തെ സപ്ലൈകോ എംഡിയുമായ ജിജി തോംസനെ 1988ലെ അഴിമതിനിരോധന നിയമം അനുസരിച്ച് പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടിയ കത്ത് പിന്‍വലിക്കാനായിരുന്നു നീക്കം. ഇക്കാര്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജൂണ്‍ ഒമ്പതിന് ഉത്തരവിട്ടു. മന്ത്രിസഭയ്ക്കുള്ള കരടുകുറിപ്പ് ജൂണ്‍ 21ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അംഗീകരിച്ചു. അന്നുതന്നെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചെങ്കിലും മറ്റെന്തോ കാരണത്താല്‍ തീരുമാനം മാറ്റിവച്ചു. കേസില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കബളിപ്പിക്കലാണെന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ച കരടുകുറിപ്പ് വെളിവാക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ജിജി തോംസനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. 2006 ഒക്ടോബര്‍ പത്തിന് 7561/96/ എന്ന നമ്പരിലുള്ള കത്ത് കേന്ദ്രത്തിന് അയച്ചു. എന്നാല്‍ , പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെ ഒന്നാംപ്രതി കെ കരുണാകരന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കരുണാകരന്‍ അന്തരിച്ചതിനെതുടര്‍ന്ന് അപ്പീല്‍ തള്ളി. എട്ടാംപ്രതി പി ജെ തോമസ് വിരമിച്ചതിനാല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി വേണ്ട. ജിജി തോംസണ്‍ സര്‍വീസില്‍ തുടരുന്ന സാഹചര്യത്തിലാണ് അനുമതി തേടിയത്. ജിജി തോംസനെ പ്രോസിക്യൂട്ടുചെയ്യുന്നത് വിവേകപൂര്‍ണമല്ലെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രിസഭായോഗത്തിനു സമര്‍പ്പിച്ച കരടുകുറിപ്പില്‍ പറയുന്നത്. കേന്ദ്രത്തിനു നല്‍കിയ കത്ത് പിന്‍വലിക്കുന്നതിനുപുറമെ കേസ് തുടരാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന നിര്‍ദേശവും നാല് പേജുള്ള കുറിപ്പിലുണ്ട്. വിജിലന്‍സ് ബി വകുപ്പില്‍നിന്ന് 7561/ബി ഒന്ന്/96 എന്ന ഫയല്‍ നമ്പരോടുകൂടിയാണ് മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് തയ്യാറാക്കിയത്. മറ്റേതെങ്കിലും വകുപ്പുമായി ആലോചിച്ചിട്ടില്ലെന്നും ഇതില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് നടപടികള്‍ നീക്കിയതെന്ന് ഇതില്‍നിന്ന് വ്യക്തം.

ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമുതല്‍ മുഖ്യമന്ത്രിവരെ ഒരേദിവസം കുറിപ്പിന് അംഗീകാരം നല്‍കിയതും ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പ്പര്യം എടുത്തതിനു തെളിവാണ്. യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പാമൊലിന്‍ കേസ് വിചാരണ തടയാന്‍ നീക്കം ആരംഭിച്ചെന്നും ഇത് വ്യക്തമാക്കുന്നു. തുടരന്വേഷണം നടക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയ അപേക്ഷ പിന്‍വലിക്കാന്‍ നടപടി എന്നതും പ്രസക്തമാണ്. 2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ ഇത് റദ്ദാക്കി പ്രോസിക്യൂഷന് അനുമതി തേടി അപേക്ഷ നല്‍കി. ഇത് റദ്ദാക്കാനാണ് വീണ്ടും ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. പ്രോസിക്യൂഷന്‍ അനുമതി തടഞ്ഞ് കേസില്‍നിന്ന് തലയൂരാനായിരുന്നു ശ്രമം. ഒരു പ്രതിയെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി കിട്ടാതിരുന്നാല്‍ മറ്റു പ്രതികളുടെ വിചാരണയും നീളും. ഈ പഴുതില്‍ കേസ്തന്നെ ഇല്ലാതാക്കാനാണ് നോക്കിയത്.
(കെ ശ്രീകണ്ഠന്‍)

deshabhimani 140811

1 comment:

  1. പാമൊലിന്‍ കേസില്‍ അഞ്ചാംപ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ടതായി രേഖകള്‍ . ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടതായി രേഖകള്‍ വെളിപ്പെടുത്തുന്നു.

    ReplyDelete