പ്ലാനിംഗ് ബോര്‍ഡ് കമ്മിഷന്‍ കൈമാറാനുള്ള ബോര്‍ഡ് ആണെന്ന് യു ഡി എഫ് കണ്ടുപിടിച്ചിരിക്കുന്നു. ജുഡീഷ്യല്‍ കമ്മിഷന്‍ ഗവണ്‍മെന്റിന് `റാന്‍' മൂളണമെന്നാണ് ഉമ്മന്‍ചാണ്ടി ശഠിക്കുന്നത്! ആസൂത്രണമേഖലയിലും നിയമവാഴ്‌ചയുടെ രംഗത്തും കേരളം എന്നും ഉയര്‍ത്തിപ്പിടിച്ച മാനം മര്യാദകളെയെല്ലാം ബഹുദൂരം പിന്നോട്ട് തള്ളാന്‍ അതിവേഗം പരിശ്രമിക്കുകയാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ്. ഇത്തരം കുരുത്തംകെട്ട നടപടികള്‍ ഗവണ്‍മെന്റിന്റെ തനിനിറം വ്യക്തമാക്കുന്നു.
സംസ്ഥാന ആസൂത്രണബോര്‍ഡിലേയ്‌ക്ക് ചുവപ്പ് പരവതാനി വിരിച്ച് ഉമ്മന്‍ചാണ്ടി വരവേല്‍ക്കുന്ന തരുണ്‍ദാസ് ആരാണ്? കൊക്കകോളയും ടെലികോം കമ്പനികളും അടക്കമുള്ള കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ ദല്ലാളാണ് ആ മാന്യദേഹം. നാടിനെ പിടിച്ച് കുലുക്കിയ 2 ജി സ്‌പെക്‌ട്രം ഇടപാടില്‍ നീരാ റാഡിയയോടൊപ്പം പങ്കാളിയാണ് തരുണ്‍ദാസ്. കേന്ദ്ര ആദായനികുതി വകുപ്പ് ടേപ്പ് ചെയ്‌ത തരുണ്‍-നീരാ സംഭാഷണങ്ങളിലൊന്ന് പതിനൊന്ന് മിനുട്ടും മുപ്പത്തിയാറ് സെക്കന്റും നീണ്ടുനിന്നു. അതില്‍ എട്ടു മിനിട്ടുനേരവും അവര്‍ പറഞ്ഞതത്രയും കോര്‍പ്പറേറ്റ് മേഖലയിലെ കൊടുക്കല്‍ വാങ്ങലിനെപ്പറ്റിയാണ്. ദല്ലാള്‍പണിയും കമ്മിഷന്‍ നേടലും തൊഴിലായി സ്വീകരിച്ച ഇക്കൂട്ടര്‍ക്ക് ഏതുവിധേനയും പണം ഉണ്ടാക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ. എ രാജയെയും കമല്‍നാഥിനെയും മന്ത്രിമാരാക്കാനും മറ്റു ചിലരെ ആക്കാതിരിക്കാനും ചരട് വലിക്കുമ്പോള്‍ അവരെ നയിക്കുന്നത് പണം എന്ന ചിന്ത മാത്രമാണ്. കോര്‍പ്പറേറ്റ് പ്രഭുക്കന്‍മാര്‍ക്കും രാഷ്‌ട്രീയ മേലാളന്‍മാര്‍ക്കും ഇടയില്‍ പാലം പണിയുന്ന ഇത്തരം `പഞ്ചനക്ഷത്ര കൂലിവേലക്കാര്‍'ക്ക് സര്‍ക്കാരിലെ പദവികള്‍ അലങ്കാര ചിഹ്നങ്ങളാണ്. അത് തങ്ങളുടെ കമ്പോളമൂല്യം വര്‍ധിപ്പിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരം ഒരു പദവിക്ക് വേണ്ടി പ്ലാനിംഗ് കമ്മിഷന്‍ ഉപാധ്യക്ഷന്‍ അഹലുവാലിയ മുഖേന നടത്തുന്ന കരുനീക്കങ്ങളെക്കുറിച്ച് തരുണ്‍ദാസ്-നീരാ റാഡിയ ടേപ്പില്‍ പറയുന്നത്.
ഏത് ഇടപാടിലും മിനിമം പതിനഞ്ച് ശതമാനം കമ്മിഷന്‍ നാട്ടുനടപ്പാണെന്ന് ചിന്തിക്കുന്ന ഈ അധികാര ദല്ലാളന്റെ മോഹമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി നിറവേറ്റിക്കൊടുക്കുന്നത്. ഈ നടപടിയില്‍ യാതൊരു തെറ്റുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തനിക്ക് `റിസള്‍ട്ട്' ഉണ്ടാക്കുന്ന ആളുകളെയാണ് വേണ്ടതെന്ന് അദ്ദേഹം ന്യായീകരിക്കുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതി നിര്‍വഹണത്തില്‍ റിസള്‍ട്ടുമായി ബന്ധപ്പെട്ട കമ്മിഷന്‍ കീഴ്‌വഴക്കമായി മാറുമെന്നാണോ അതിനര്‍ഥം? എങ്കില്‍ ഉമ്മന്‍ചാണ്ടി നിങ്ങള്‍ക്ക് `ഹാ കഷ്‌ടം' എന്നു മാത്രം പറയട്ടെ.
നിയമവാഴ്‌ചയും ക്രമസമാധാനവും ജുഡീഷ്യല്‍ കമ്മിഷനുമെല്ലാം മുസ്ലീംലീഗിന്റെ ചൊല്ലുംവിളിയും കേള്‍ക്കാനുള്ളതാണെന്ന് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് വിശ്വസിക്കുന്നു. 2009 നവംബറില്‍ കാസര്‍കോടുണ്ടായ വെടിവെയ്‌പ്പ് അടക്കമുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ നിസാര്‍ കമ്മിഷന്‍ പിരിച്ചുവിട്ട നടപടി ഇതാണ് വെളിവാക്കുന്നത്. കാസര്‍കോടും തളിപ്പറമ്പിലും നാദാപുരത്തും സംഘര്‍ഷം സൃഷ്‌ടിച്ച് മലബാറില്‍ ആകെ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് അന്ന് നടന്നത്. മുസ്ലീംലീഗിലെ തീവ്രവാദികളും അവരുടെ എന്‍ ഡി എഫ് സുഹൃത്തുക്കളും ഈ തീക്കളിക്ക് പിന്നില്‍ കൈകോര്‍ത്തു. നിസാര്‍ കമ്മിഷനു മുമ്പില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയില്‍ ഈ ഗൂഢാലോചനയുടെ ചുരുള്‍ നിവര്‍ന്നപ്പോഴാണ് ലീഗ് നേതാക്കള്‍ക്ക് അങ്കലാപ്പ് ഉണ്ടായത്.
ലീഗ് നേതാക്കളായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും ഉള്ള സ്വീകരണത്തിന്റെ മറവിലാണ് കലാപത്തിനുള്ള ശ്രമങ്ങള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്തുവന്നാല്‍ അധികാര കസേരയ്‌ക്ക് ഇളക്കം തട്ടുമോ എന്ന ഭയപ്പാടാണ് ലീഗിനെ പിടികൂടിയത്. ഭയം തീണ്ടിയ ലീഗ് വരക്കുന്ന ലക്ഷ്‌മണരേഖയ്‌ക്കു മുമ്പില്‍ മുട്ടുകുത്താനെ കോണ്‍ഗ്രസിന് കഴിയൂ. അപ്പോള്‍ ഭരണഘടനയും ജുഡീഷ്യറിയും ഒന്നും അവര്‍ക്ക് പ്രശ്‌നമാകുകയില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇതെല്ലാം പ്രശ്‌നമാണ്. ഇത്തരം അനീതികളെ ചോദ്യം ചെയ്യാന്‍ അവര്‍ രംഗത്തുവരുന്നത് അക്കാരണത്താലാണ്.
janayugom editorial 130811
പ്ലാനിംഗ് ബോര്‍ഡ് കമ്മിഷന്‍ കൈമാറാനുള്ള ബോര്‍ഡ് ആണെന്ന് യു ഡി എഫ് കണ്ടുപിടിച്ചിരിക്കുന്നു. ജുഡീഷ്യല്‍ കമ്മിഷന്‍ ഗവണ്‍മെന്റിന് `റാന്‍' മൂളണമെന്നാണ് ഉമ്മന്‍ചാണ്ടി ശഠിക്കുന്നത്! ആസൂത്രണമേഖലയിലും നിയമവാഴ്‌ചയുടെ രംഗത്തും കേരളം എന്നും ഉയര്‍ത്തിപ്പിടിച്ച മാനം മര്യാദകളെയെല്ലാം ബഹുദൂരം പിന്നോട്ട് തള്ളാന്‍ അതിവേഗം പരിശ്രമിക്കുകയാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ്. ഇത്തരം കുരുത്തംകെട്ട നടപടികള്‍ ഗവണ്‍മെന്റിന്റെ തനിനിറം വ്യക്തമാക്കുന്നു.
ReplyDelete