Sunday, October 30, 2011

2 ആര്‍എസ്എസുകാര്‍ 12 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം 

അമ്പലപ്പുഴ: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയശേഷം ജാമ്യമെടുത്തുമുങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ 12 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. അമ്പലപ്പുഴ ആമേട ചിറയില്‍ വീട്ടില്‍ (പൊന്നാംകൊച്ചി) ബാലകൃഷ്ണന്‍നായരുടെ മകന്‍ ലുട്ടാപ്പി ഷാജി എന്ന കൃഷ്ണകുമാര്‍ (38), ബന്ധു തലവടി പഞ്ചായത്ത് മംഗളത്തറവീട്ടില്‍ ശിവശങ്കരപ്പണിക്കരുടെ മകന്‍ മനോജ് (36) എന്നിവരെയാണ് അമ്പലപ്പുഴ സിഐ പി വി ബേബിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്. ഇവരെ അമ്പലപ്പുഴ കോടതി റിമാന്‍ഡ് ചെയ്തു.

1999 ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ടുദിവസം പ്രതികളുടെ സുഹൃത്തിന്റെ കടയില്‍നിന്ന് വൈകിട്ട് ഈന്തപ്പഴമെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തിലും കത്തിക്കുത്തിലും കലാശിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനും അമ്പലപ്പുഴ കച്ചേരിമുക്കിലെ ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്ന അമ്പലപ്പുഴ കിഴക്ക കുമ്മനാട് വീട്ടില്‍ കുമാര്‍ -വിജയമ്മ ദമ്പതികളുടെ മകന്‍ ഷാജിമോനാണ് (23) പ്രതികളുടെ കുത്തേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മാരുതിവാനില്‍ വില്‍പ്പന നടത്തുകയായിരുന്ന ഈന്തപ്പഴത്തിനൊപ്പംവെച്ചിരുന്ന സാമ്പിളുകളിലൊന്ന് ഷാജിമോന്‍ എടുക്കാന്‍ ശ്രമിച്ചത് വില്‍പ്പനക്കാരന്‍ തടഞ്ഞു. ഷാജിമോന്‍ പിന്നീടിത് വിലകൊടുത്തുവാങ്ങി. എന്നാല്‍ ബാക്കി പണം നല്‍കാന്‍ വില്‍പ്പനക്കാരന്‍ വൈകിയത് തര്‍ക്കത്തിനിടയാക്കി. ഈ സമയമെത്തിയ പ്രതികള്‍ ഷാജിമോനും സുഹൃത്തുക്കളുമായി വഴക്കുണ്ടായി. പിന്നീട് പ്രശ്നം പരിഹരിച്ച് ഇരുകൂട്ടരും പിരിഞ്ഞു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നോടെ അമ്പലപ്പുഴ പടിഞ്ഞാറെ നട ബസ്സ്റ്റോപ്പില്‍ ആറാട്ടുകണ്ടുനിന്ന ഷാജിമോനെ പ്രതികളെത്തി കത്തിക്ക് കുത്തുകയായിരുന്നു. ഇടതുകൈത്തണ്ടയ്ക്കും വയറ്റിലും ആഴത്തില്‍ മുറിവേറ്റ ഷാജിമോനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ചയ്ക്കുശേഷം മരിച്ചു.

പൊലീസ് പിടിയിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് കടന്നു. തുടര്‍ന്ന് പലതവണ നാട്ടിലെത്തുകയും ഇടയ്ക്ക് വിവാഹിതരാവുകയും ചെയ്ത് സൈ്വര്യവിഹാരം നടത്തിയിട്ടും പ്രതികളെ പൊലീസ് പിടികൂടിയില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഗള്‍ഫില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പ് പ്രതികള്‍ നാട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞ പൊലീസ് ഇവരെ പിടികൂടുന്നതിനുള്ള ശ്രമമാരംഭിച്ചിരുന്നു. കഴിഞ്ഞദിവസം കുട്ടനാട്ടിലെ മങ്കൊമ്പില്‍ ഭാര്യ വീട്ടില്‍നിന്ന് കൃഷ്ണകുമാറിനെ പൊലീസ് പിടികൂടി. പുലര്‍ച്ചെ 3.30 ഓടെ മനോജിനെ ഇയാളുടെ വീട്ടില്‍നിന്നും പിടികൂടി. പ്രതികളിലൊരാളായ അമ്പലപ്പുഴ പൊന്നാംകൊച്ചി രാമചന്ദ്രന്‍നായരുടെ മകന്‍ കണ്ണന്‍ ഇപ്പോഴും ഗള്‍ഫിലാണ്.

deshabhimani 301011

2 comments:

  1. ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയശേഷം ജാമ്യമെടുത്തുമുങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ 12 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. അമ്പലപ്പുഴ ആമേട ചിറയില്‍ വീട്ടില്‍ (പൊന്നാംകൊച്ചി) ബാലകൃഷ്ണന്‍നായരുടെ മകന്‍ ലുട്ടാപ്പി ഷാജി എന്ന കൃഷ്ണകുമാര്‍ (38), ബന്ധു തലവടി പഞ്ചായത്ത് മംഗളത്തറവീട്ടില്‍ ശിവശങ്കരപ്പണിക്കരുടെ മകന്‍ മനോജ് (36) എന്നിവരെയാണ് അമ്പലപ്പുഴ സിഐ പി വി ബേബിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്. ഇവരെ അമ്പലപ്പുഴ കോടതി റിമാന്‍ഡ് ചെയ്തു

    ReplyDelete
  2. ഞങ്ങള്‍ ഏറെ സഹിച്ചു സത്യം എല്ലാവരും അറിയട്ടെ

    ആലപ്പുഴ: ഏകമകന്റെ കൊലയാളികള്‍ പൊലീസ് സഹായത്തില്‍ സസുഖം വാഴുമ്പോഴും കുറ്റപ്പെടുത്തലും അവഗണനയും സഹിച്ച് മാതാപിതാക്കള്‍ കഴിഞ്ഞത് ഒരു വ്യാഴവട്ടക്കാലം. ഒടുവില്‍ പ്രതികള്‍ പിടിയിലായതോടെയാണ് ആ നെഞ്ചിലെ നെരിപ്പോടിന്റെ നീറ്റലൊന്നടങ്ങിയത്. രാത്രി ഏഴോടെ കൂലിവേല കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായ വിവരം അറുപതുകാരിയായ ആ അമ്മ അറിയുന്നത്. പെട്ടന്ന് മകന്റെ മുഖം മനസില്‍ തെളിഞ്ഞു. കണ്ണുകള്‍ ഈറനായി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് 1999 ഏപ്രില്‍ 11നാണ്് കുമാരു-കനകമ്മ ദമ്പതികളുടെ ഏകമകനായ ഷാജിമോനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയത്. കുടുബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവ് നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. മകന്റെ കൊലയാളികളെ പൊലീസാണ് സംരക്ഷിച്ചത്. ജാമ്യത്തിലിറങ്ങിയ അവര്‍ക്ക് വിദേശത്ത് പോകാന്‍ അവസരം ഒരുക്കിയത് പൊലീസുകാരാണ്-കനകമ്മ പറഞ്ഞു. പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി ഹൈക്കോടതി വരെ കയറിയിറങ്ങി. ഇതിനിടെ പ്രതികളില്‍ നിന്ന് ഞങ്ങള്‍ പണം പറ്റിയെന്ന പ്രചാരണമുണ്ടായി. പലരും കുറ്റപ്പെടുത്തി. ആരും വസ്തുത അന്വേഷിച്ചില്ല. കേള്‍ക്കുമ്പോള്‍ നെഞ്ചുപൊട്ടുകയായിരുന്നു. അത് ആരും അറിഞ്ഞില്ല. പ്രതികള്‍ പിടിയിലായതോടെ സത്യം പുറത്തുവരട്ടെ. കനകമ്മ പറഞ്ഞു. ഷാജിമോന്റെ കൊലയാളികള്‍ പിടിയിലായ വിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞെങ്കിലും രാത്രിയോടെയാണ് കനകമ്മ അറിഞ്ഞത്. ഷാജിമോനെ കൊലപ്പെടുത്തിയശേഷം ജാമ്യമെടുത്തുമുങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ അമ്പലപ്പുഴ ആമേട ചിറയില്‍ വീട്ടില്‍ (പൊന്നാംകൊച്ചി) ബാലകൃഷ്ണന്‍നായരുടെ മകന്‍ ലുട്ടാപ്പി ഷാജി എന്ന കൃഷ്ണകുമാര്‍ (38), ബന്ധു തലവടി പഞ്ചായത്ത് മംഗളത്തറവീട്ടില്‍ ശിവശങ്കരപ്പണിക്കരുടെ മകന്‍ മനോജ് (36) എന്നിവരാണ് അമ്പലപ്പുഴ സിഐ പി വി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് ശനിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്. ഇവരെ അമ്പലപ്പുഴ കോടതി റിമാന്‍ഡ് ചെയ്തു.
    (വി പ്രതാപ്)

    ReplyDelete