Saturday, October 29, 2011

തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസി.എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് നീക്കം

തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിലവിലുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ റാങ്ക് ലിസ്റ്റ് മറികടന്ന് താല്കാലിക നിയമനങ്ങള്‍ നടത്താന്‍ നീക്കം. നിലവില്‍ 211 ഒഴിവുകള്‍ തദ്ദേശസ്വയം ഭരണ വകുപ്പ് പബഌക് സര്‍വീസ് കമ്മിഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ സ്വന്തക്കാരെ തിരുകികയറ്റുന്നതിനായി കരാര്‍ നിയമനങ്ങള്‍ നടത്തുകയാണെന്നാണ് ഉദോഗ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടുന്നത്. 2010 ജൂണില്‍ തദ്ദേശസ്വയം ഭരണവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനത്തിനായി പി എസ് സി പരീക്ഷ നടത്തിയിരുന്നു.ഇതനുസരിച്ചുള്ള റാങ്ക്‌ലിസ്റ്റ് കഴിഞ്ഞ മാസം 30 ന് പി എസ് സി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ കരാര്‍ നിയമനം ആരംഭിച്ചിരുന്നു. ഒക്‌ടോബറില്‍ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ ധൃതിപിടിച്ച് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തിയിരുന്നു. സെപ്തംബര്‍ മാസത്തില്‍ 60 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. ബിടെക് യോഗ്യതയുള്ളവരെയാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനത്തിനായി  വിളിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം വൈകുന്നത് തദ്ദേശസ്വയം ഭരണവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. നിയമനം അടിയന്തിരമായി നടത്തണമെന്ന ചീഫ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടതനുസരിച്ച് പി എസ് സി റാങ്ക്‌ലിസ്റ്റ് വേഗത്തിലാക്കുന്നതിനായി നടപടികള്‍ ലഘൂകരിച്ചിരുന്നു. ഇതിനായി അഭിമുഖം ഒഴിവാക്കികൊണ്ട്  സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തികൊണ്ട് പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കല്‍ നടപടികള്‍ വേഗത്തിലാക്കി. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന നാനൂറിലധികം ദ്യോഗാര്‍ത്ഥികളില്‍ നിന്നായിരുന്നു കരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തിയിരുന്നത്. പി എസ് സി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ ആറ് മാസത്തേക്കുള്ള കരാര്‍ നിയമനങ്ങളാണ് നടത്തിയിരിക്കുന്നത്്.

പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും നിയമനനടപടികള്‍ വൈകിപ്പിക്കാനുള്ള നീക്കങ്ങളാണ് വകുപ്പ്തലത്തില്‍ നടക്കുന്നത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനുവരിയോടെ മാത്രമേ നിയമനങ്ങള്‍ നടക്കുകയുള്ളുവെന്നാണ് സൂചന. ഇതിനിടയില്‍ തസ്തികളില്‍ ആളില്ലാത്തതിനാല്‍ പ്രവര്‍ത്തനം താറുമാറാകുമെന്ന് പറഞ്ഞ് പരമാവധി കരാര്‍ നിയമനങ്ങള്‍ നടത്താണ് വകുപ്പ്തല നീക്കം. നിയമനം വൈകിപ്പിക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന് മറ്റൊരുലക്ഷ്യം കൂടിയുണ്ടെന്നാണ് ചൂണ്ടികാണിക്കുന്നത്. അസിസ്റ്റന്റ്എന്‍ജിനീയര്‍ തസ്തിക ഗസറ്റഡ് ഓഫീസര്‍ തസ്തികയായതിനാല്‍ ഇത്രയും പോസ്റ്റുകളിലേക്ക് ആളെ നിയമിക്കുമ്പോള്‍ സര്‍ക്കാരിന് വന്‍സാമ്പത്തികബാധ്യത വരും.

കരാര്‍ നിയമനം നടത്തിയാല്‍ സാമ്പത്തിക ബാധ്യതയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്നതാണ് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. ഇതുവഴി താല്‍ക്കാലികമായിട്ടാണെങ്കിലും സ്വന്തക്കാരെ നിയമിക്കുകയും ചെയ്യാം. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ബ്‌ളോക്ക് പഞ്ചായത്തുകളില്‍ എന്‍ജിനീയറിംഗ് വിഭാഗം പുനസ്ഥാപിക്കണമെന്നുമാണ്  ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.

ജലീല്‍ അരൂക്കുറ്റി ജനയുഗം 291011

1 comment:

  1. തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിലവിലുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ റാങ്ക് ലിസ്റ്റ് മറികടന്ന് താല്കാലിക നിയമനങ്ങള്‍ നടത്താന്‍ നീക്കം. നിലവില്‍ 211 ഒഴിവുകള്‍ തദ്ദേശസ്വയം ഭരണ വകുപ്പ് പബഌക് സര്‍വീസ് കമ്മിഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ സ്വന്തക്കാരെ തിരുകികയറ്റുന്നതിനായി കരാര്‍ നിയമനങ്ങള്‍ നടത്തുകയാണെന്നാണ് ഉദോഗ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടുന്നത്.

    ReplyDelete