Thursday, October 27, 2011

കേരളത്തിലും സര്‍ക്കാര്‍ സേവനമേഖലയില്‍ നിന്ന് പിന്‍മാറുന്നു

പുത്തന്‍ സാമ്പത്തിക നയത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും സേവനമേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു.

ലോകം അംഗീകരിച്ച കേരള വികസന മാതൃകയുടെ അടിസ്ഥാന ശിലയെ തകര്‍ക്കുന്നതാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ സമീപനരേഖ. പദ്ധതിയുടെ കരട് രൂപരേഖ ഇന്നലെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.

സാമൂഹ്യ സേവന മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വാഷിംഗ്ടണ്‍ ഡി സിയോട് കിടപിടിപ്പിക്കുന്നതാണെന്ന് യു എന്‍ സി പി റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കും ഇക്കാര്യത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.  വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പാര്‍പ്പിടം, പൊതുവിതരണ രംഗം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളാണ് ലോകത്തിന് മുന്നില്‍ കേരള വികസന മാതൃകയുടെ അംഗീകാരം. ഇത് കൈവരിച്ചത് എഴുപതുകള്‍ മുതല്‍ പൊതുമേഖലയില്‍ സേവനരംഗത്തിന് മതിയായ പ്രാധാന്യം നല്‍കിയതുമൂലമാണ്.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയില്‍ സാമൂഹ്യ സേവന മേഖലയില്‍ നിന്നും ഘട്ടം ഘട്ടമായി സര്‍ക്കാര്‍ പിന്‍മാറുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ-കാര്‍ഷിക-പാചക വാതക സബ്‌സിഡികള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുന്നതിന് ബാങ്ക് വഴിയാക്കാനുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവട്പിടിച്ച് കേരളത്തില്‍ കാര്‍ഷിക സബ്‌സിഡികള്‍ ബാങ്ക് വഴി ആക്കുമെന്ന് ആസൂത്രണ ബോര്‍ഡിന്റെ സമീപനരേഖ പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റ് പ്രഖ്യാപനം 2012 മാര്‍ച്ചിലാണ് പ്രാബല്യത്തില്‍ വരിക.

കാര്‍ഷിക രംഗത്ത് കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് ആസൂത്രണ ബോര്‍ഡിന്റെ സമീപന രേഖ വ്യക്തമാക്കി. റിലയന്‍സും വോള്‍മാര്‍ട്ടും സിങ്കാനീയയും പോലുള്ള കുത്തക ഭീമന്‍മാര്‍ ഉത്തരേന്ത്യന്‍ കാര്‍ഷിക രംഗം കൈയടക്കാന്‍ അവസരം ഒരുക്കിയതിന് പിന്നാലെയാണ് കേരളത്തിലും കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം. തരിശ് ഭൂമിയാണ് കരാര്‍ കൃഷിക്കായി ആദ്യം നീക്കിവയ്ക്കുക. ഇപ്പോള്‍ തന്നെ ഇടനിലക്കാരിലൂടെ കാര്‍ഷിക വിപണിയില്‍ വമ്പിച്ച സ്വാധീനം ചെലുത്താന്‍ കുത്തക കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കാര്‍ഷികോല്‍പാദന രംഗത്ത് കരാര്‍ കൃഷിയിലൂടെ രംഗപ്രവേശനത്തിനാണ് കേരളം ഇപ്പോള്‍ വഴിയൊരുക്കുന്നത്.

കര്‍ഷക പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് സമീപനരേഖയില്‍ ഒരു പരാമര്‍ശവും ഇല്ല. പുത്തന്‍ സാമ്പത്തിക നയത്തില്‍ കര്‍ഷക പെന്‍ഷന് ഇടമില്ല. അത് കേരളത്തിലും നടപ്പിലാക്കുമെന്നാണ് സൂചന.

വിദ്യാഭ്യാസ മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുമെന്ന് രേഖ വ്യക്തമാക്കുന്നു. കേരളത്തില്‍ അത്യുന്നത നിലവാരത്തിലുള്ള സ്‌കൂളുകള്‍ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കും. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഘട്ടം ഘട്ടമായി സ്വയംഭരണാവകാശം നല്‍കും. സ്വയം ഭരണ കോളജുകള്‍ പ്രോത്സാഹിപ്പിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. കോളജുകള്‍ക്ക് കല്‍പിത സര്‍വകലാശാല പദവി നല്‍കും. ആസൂത്രണ ബോര്‍ഡിന്റെ പദ്ധതി രേഖ വെളിപ്പെടുത്തുന്നു.

പൊതുവിതരണ സമ്പ്രദായത്തിലെ ചോര്‍ച്ച ഇല്ലാതാക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നാണ് രേഖയില്‍ പറയുന്നത്. ഇതേസമീപനമാണ് കേന്ദ്ര സര്‍ക്കാരും പൊതുവിതരണ രംഗത്ത് സ്വീകരിക്കുന്നത്. അതിന്റെ ഫലമായി രാജ്യത്തെ റേഷന്‍ സമ്പ്രദായം പാടെ തകര്‍ന്നു. റേഷന് അര്‍ഹതയുള്ളവരുടെ എണ്ണം ഓരോ വര്‍ഷവും കുറച്ചുകൊണ്ട് വന്ന് റേഷന്‍ പാടെ നിര്‍ത്തലാക്കാനാണ് കേന്ദ്രത്തിന്റെ സമീപനം. അത് തുടരുമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്രഖ്യാപനം.

കേരളത്തിന്റെ സമ്പദ്ഘടനയില്‍ മനുഷ്യ വികസനത്തിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനവും സാധ്യമാക്കിയ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ സ്ഥായിയായി നിലനില്‍ക്കുന്ന വികസന പ്രക്രിയയുടെ കടയ്ക്കാണ് പുതിയ രേഖ കത്തിവയ്ക്കുന്നത്.

janayugom 251011

1 comment:

  1. പുത്തന്‍ സാമ്പത്തിക നയത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും സേവനമേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു.

    ലോകം അംഗീകരിച്ച കേരള വികസന മാതൃകയുടെ അടിസ്ഥാന ശിലയെ തകര്‍ക്കുന്നതാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ സമീപനരേഖ. പദ്ധതിയുടെ കരട് രൂപരേഖ ഇന്നലെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.

    ReplyDelete