Friday, October 28, 2011

ജീവനൊടുക്കിയ ദളിത് യുവാവിന് മുഖ്യമന്ത്രിയുടെ അധിക്ഷേപം

പൊലീസിന്റെ ക്രൂരപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്ത ദളിത് യുവാവിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അധിക്ഷേപിച്ചു. യുവാവ് മദ്യപാനിയും ആത്മഹത്യ സ്വാഭാവമുള്ളവനും ക്രിമിനലുമാണെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ചിതയണയുംമുമ്പ് നടത്തിയ ഈ അപമാനിക്കലിനെതിരെ പ്രതിപക്ഷം പ്രതികരിച്ചു. സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

കോലിയക്കോട് കൃഷ്ണന്‍നായരാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പൊലീസിന്റെ ക്രൂരമായ പീഡനത്തെതുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് വിതുര സ്വദേശിയായ സിനു ആത്മഹത്യചെയ്തത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം. ഇപ്പോള്‍ ഇവര്‍ക്കെതിരെ ഒരു കേസുമില്ല. വീടിനുമുന്നില്‍ പടക്കം പൊട്ടിക്കുന്നത് കണ്ടുകൊണ്ടിരിക്കെയാണ് വിതുര എസ്ഐയും സംഘവും സിനുവിനെയും കൂട്ടുകാരനെയും കസ്റ്റഡിയിലെടുത്തത്. റോഡില്‍ വച്ചും ലോക്കപ്പിലും ക്രൂരമായി മര്‍ദിച്ചു. ദളിത് വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് മര്‍ദിക്കുകയെന്നതാണോ സര്‍ക്കാരിന്റെ നയമെന്നു വ്യക്തമാക്കണം. സിനുവിന്റെ നിരാലംബ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോലിയക്കോട് ആവശ്യപ്പെട്ടു.

എന്നാല്‍ , ഒരു നാടിന്റെ മുഴുവന്‍ നൊമ്പരമായ സിനുവിന്റെ വേര്‍പാടിനോട് തികഞ്ഞ ധിക്കാരത്തോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സിനു മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി ബന്ധുവിന്റെ മൊഴിയുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് സിനുവിനെയും കൂട്ടുകാരന്‍ വിജേഷിനെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിനുവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞു. മരണം പൊലീസ് മര്‍ദനംമൂലമല്ല, തൂങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും. സംഭവം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അന്വേഷിക്കും. സിനുവിന്റെ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യം പിന്നീട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനുവിനെ ക്രിമിനലായി ചിത്രീകരിച്ച് പൊലീസ് ഭീകരതയെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടും അസ്വാഭാവിക മരണത്തിനു കേസെടുക്കുകയാണ് ചെയ്തത്. പൊലീസുകാര്‍ക്കെതിരെ ദളിത് പീഡനത്തിനു കേസെടുക്കണമെന്നും കോടിയേരി പറഞ്ഞു.

deshabhimani 281011

1 comment:

  1. പൊലീസിന്റെ ക്രൂരപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്ത ദളിത് യുവാവിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അധിക്ഷേപിച്ചു. യുവാവ് മദ്യപാനിയും ആത്മഹത്യ സ്വാഭാവമുള്ളവനും ക്രിമിനലുമാണെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ചിതയണയുംമുമ്പ് നടത്തിയ ഈ അപമാനിക്കലിനെതിരെ പ്രതിപക്ഷം പ്രതികരിച്ചു. സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

    ReplyDelete