Monday, October 31, 2011

പൊതുമുതല്‍ നശീകരണവും ജാമ്യവ്യവസ്ഥകളും

പൊതുമുതലിനു നാശം വരുത്തുന്നത് നിരോധിക്കുന്ന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനുള്ള വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ഒരു വിധി ഈയിടെ കേരള ഹൈക്കോടതി പുറപ്പെടുവിക്കുകയുണ്ടായി. ഈ വിധി ഗൗരവമായ പഠനത്തിനും വിശദമായ ചര്‍ച്ചയ്ക്കും വിധേയമാക്കേണ്ടതുണ്ട്. പ്രതികള്‍ നശിപ്പിച്ചു എന്നാരോപിക്കപ്പെടുന്ന പൊതുമുതലിന്റെ നഷ്ടം കോടതിയില്‍ മുന്‍കൂര്‍ കെട്ടിവച്ചെങ്കിലേ ജാമ്യം അനുവദിക്കാവൂ എന്നതാണ് ഹൈക്കോടതി വിധിച്ചിട്ടുള്ളത്. ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. ഒറ്റനോട്ടത്തില്‍ ഇത്തരം ഒരു വിധി വളരെ നന്നായി എന്നു തോന്നും. പല പത്രങ്ങളും വിധിയെ പ്രകീര്‍ത്തിച്ചുകൊണ്ട് മുഖപ്രസംഗങ്ങള്‍വരെ എഴുതിക്കഴിഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുക എന്ന ഹീനകരമായ പ്രവൃത്തിയോടുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് വിധി സ്വാഗതംചെയ്യാന്‍ കാരണം.

സര്‍ക്കാരിനോടുള്ള വിരോധംകൊണ്ട് പൊതുമുതല്‍ നശിപ്പിച്ചാല്‍ അതുകൊണ്ട് മന്ത്രിമാര്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ ഭരണകക്ഷി നേതാക്കള്‍ക്കോ ഒരു നഷ്ടവും വരുന്നില്ല എന്നോര്‍ക്കണം. അഴിമതിക്കാരായ ഭരണാധികാരികള്‍ക്ക് പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതും പണമുണ്ടാക്കാനുള്ള മാര്‍ഗമാണ്. നഷ്ടം പെരുപ്പിച്ചു കാണിച്ചു അതുവഴിയും പണമുണ്ടാക്കാം. പൊതുമുതല്‍ നശിപ്പിക്കുന്നതില്‍നിന്നുണ്ടാകുന്ന നഷ്ടം മുഴുവന്‍ താങ്ങേണ്ടിവരുന്നത് നികുതിദായകരായ പൊതുജനങ്ങളാണ്. അതുകൊണ്ടുതന്നെ പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെ എത്രയും കര്‍ശനമായ നിയമം വരുന്നോ അത്രയും നല്ലതാണ്.

എന്നാല്‍ , ഇവിടെ പരാമര്‍ശിക്കുന്ന കോടതിവിധി പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാനുതകുന്നതിന് പകരം തികച്ചും വ്യത്യസ്തമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു എന്നതാണ് സത്യം. ഇവയാകട്ടെ പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ജാമ്യവ്യവസ്ഥകള്‍ കര്‍ശനമാക്കിക്കൊണ്ടാണ് വിധി പ്രഖ്യാപിച്ചത്. ജാമ്യവ്യവസ്ഥകള്‍ സംബന്ധിച്ച വിഷയങ്ങള്‍ പ്രതിപാദിക്കുന്നത് ക്രിമിനല്‍ നടപടി നിയമമാണ്. എന്നാല്‍ , ഈ നിയമത്തില്‍ ജാമ്യം എന്നത് കൃത്യമായി നിര്‍വചിച്ചിട്ടില്ല. ലോ ലെക്സിക്കണ്‍ ജാമ്യം എന്ന വാക്കിനുകൊടുത്ത നിര്‍വചനം ഇങ്ങനെ: "പ്രതി കോടതിയില്‍ വിചാരണയ്ക്ക് കൃത്യമായി ഹാജരാകുമെന്ന് ഉറപ്പുവരുത്താനുള്ള നിബന്ധനയാണ് ജാമ്യവ്യവസ്ഥ." ജാമ്യത്തെ സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി പറഞ്ഞത്: "സ്വാതന്ത്ര്യത്തിനുള്ള അവകാശം ഏതൊരു വ്യക്തിയുടെയും വിലപ്പെട്ട അവകാശമാണ്. അതുകൊണ്ടുതന്നെ ജാമ്യത്തിനു കോടതിയില്‍ അപേക്ഷ നല്‍കുന്ന ഓരോ പ്രതിയും ഈ വിലയേറിയ അവകാശത്തിനു വേണ്ടിയാണ് കോടതിയോടപേക്ഷിക്കുന്നത്." അതേ കോടതി തന്നെ മറ്റൊരു കേസില്‍ പറഞ്ഞത്: "സാധാരണഗതിയില്‍ കോടതിക്കു ലഭിക്കുന്ന ജാമ്യാപേക്ഷ തള്ളാന്‍ പാടില്ല. പ്രതിയെ സ്വതന്ത്രമായി വിട്ടാല്‍ കേസിലെ തെളിവു നശിപ്പിക്കുമെന്നോ പ്രതി വിചാരണ നേരിടുന്നതില്‍നിന്ന് രക്ഷപ്പെട്ടേക്കുമെന്നോ ഉള്ള സംശയമുണ്ടെങ്കില്‍മാത്രമേ ജാമ്യം നിഷേധിക്കാന്‍ പാടുള്ളൂ." പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റം കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ അയാള്‍ നിരപരാധിയായി കണക്കാക്കപ്പെടുന്നു. നിരപരാധിയെന്ന നിലയില്‍ പൂര്‍ണമായ സ്വാതന്ത്ര്യവും തന്റെ കേസ് നടത്താനുള്ള അവസരവും പ്രതിക്ക് ലഭിക്കേണ്ടതുണ്ട്. കേസില്‍ പ്രതിയായതുകൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാകുന്നില്ല എന്ന ധാരണ വച്ചുവേണം ജാമ്യവ്യവസ്ഥയെ കാണാന്‍ . നിരപരാധികളാണെന്ന് വിചാരണയില്‍ തെളിയിക്കപ്പെട്ട ഒട്ടേറെ പേര്‍ പ്രതികളാക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ ക്രിമിനല്‍ നിയമവ്യവസ്ഥയുടെ ചരിത്രത്തിലുണ്ട്. വ്യക്തിവിദ്വേഷത്തിന്റെയോ രാഷ്ട്രീയ വിരോധത്തിന്റെയോ പേരില്‍ കേസില്‍ പ്രതികളാക്കപ്പെടുന്നത് കേരളത്തില്‍ നിത്യസംഭവമാണ്. കോടതിയില്‍ വിചാരണയ്ക്ക് ശേഷം കുറ്റവാളികളാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടവര്‍തന്നെ നിരപരാധികളാണെന്ന് പിന്നീട് തെളിഞ്ഞ സംഭവവും നമ്മുടെ നാട്ടിലുണ്ട്.

സ്വാധീനത്തിന് വഴങ്ങുന്ന പൊലീസും സമര്‍ഥരായ കള്ളസാക്ഷികളുമുണ്ടെങ്കില്‍ ആരെയും കുറ്റവാളികളാക്കാവുന്ന തരത്തിലാണ് നമ്മുടെ ക്രിമിനല്‍ നിയമ സംവിധാനം എന്നിരിക്കെ കേവലം പ്രതികളായവരെ വിചാരണയ്ക്ക് മുമ്പുതന്നെ കുറ്റവാളികളായി കണക്കാക്കുന്ന രീതി എത്ര ക്രൂരവും നീചവുമാണ് എന്നോര്‍ക്കണം. ഈ പശ്ചാത്തലത്തില്‍ വേണം ജാമ്യവ്യവസ്ഥ കര്‍ശനമാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ വിലയിരുത്താന്‍ . ഇത്തരമൊരു വിധി പ്രഖ്യാപിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത് തീര്‍ച്ചയായും പൊതുമുതല്‍ നശിപ്പിക്കുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് തന്നെയാവണം. കോടതി ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാന്‍ ഈ വിധി പ്രയോജനപ്പെടുമോ എന്നതാണ് പ്രശ്നം. പ്രായോഗിക അനുഭവം വച്ചു നോക്കിയാല്‍ ഇല്ല എന്നുതന്നെയാണ് ഉത്തരം.

ഒരു സംഘടന ജനങ്ങളെ ബാധിക്കുന്ന അതിപ്രധാനമായ വിഷയം ഉന്നയിച്ചുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലേക്കു മാര്‍ച്ച് നടത്തുക കേരളത്തില്‍ നിലനില്‍ക്കുന്ന സമരരീതിയാണ്. പ്രതിഷേധം തികച്ചും സമാധാനപരമായ രീതിയില്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള മാര്‍ഗമാണിത്. ഇത്തരം മാര്‍ച്ചില്‍ ആര്‍ക്കും കയറി നില്‍ക്കാവുന്നതേയുള്ളൂ. സമരം നയിക്കുന്ന സംഘടനക്കോ നേതാക്കള്‍ക്കോ ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവുമില്ല. അത്തരത്തില്‍പ്പെട്ട ഏതെങ്കിലും സാമൂഹ്യവിരുദ്ധരോ ക്രിമിനലോ സമരത്തിനിടയില്‍ സര്‍ക്കാരോഫീസിന് നേരെയോ ട്രാന്‍സ്പോര്‍ട്ട് ബസിനുനേരെയോ കല്ലെറിഞ്ഞേക്കാം. എന്നാല്‍ , കേസില്‍ പ്രതിയാകുന്നത് സമരം നയിക്കുന്ന സംഘടനാ നേതാക്കളായിരിക്കും. പ്രശ്നം അവിടെയും നില്‍ക്കണമെന്നില്ല. സമരം പ്രഖ്യാപിച്ച സംഘടനയെ ജനമധ്യത്തില്‍ ഇടിച്ചു കാണിക്കാനും സമരം പൊളിക്കാനുംവേണ്ടി ബോധപൂര്‍വം ആളുകള്‍ നുഴഞ്ഞുകയറി ഇത്തരം അതിക്രമങ്ങള്‍ കാണിച്ചു എന്നും വരാം. പൊലീസ് ഭാഷയില്‍ ഇത്തരക്കാരെ ഏജന്റ് പ്രോവോക്കേറ്റര്‍ എന്നാണ് സാധാരണ പറയാറ്. ആര് കല്ലെറിഞ്ഞാലും സമരം പ്രഖ്യാപിച്ച സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. സമാധാനപരമായി നടത്താനുദ്ദേശിച്ച ഏതൊരു സമരത്തെയും അക്രമാസക്തമാക്കാന്‍ ഇന്നത്തെ നിലയില്‍ ഒരു പ്രയാസവുമില്ല. ഇത്തരം ഓരോ സമരം കഴിയുമ്പോഴും ലക്ഷക്കണക്കിന് രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സമരം പ്രഖ്യാപിക്കുന്ന സംഘടന ബാധ്യസ്ഥമെന്നു വന്നാല്‍ കുത്തക മുതലാളിമാര്‍ക്കു മാത്രമേ ഇനി സമരം നടത്താന്‍ കഴിയൂ എന്ന നില വരും. അവര്‍ക്കാണെങ്കില്‍ അതിന്റെ ആവശ്യവുമില്ല. പാവപ്പെട്ടവന് തന്റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ആയുധമാണ് സമാധാനപരമായ പ്രതിഷേധസമരം. ജനാധിപത്യ വ്യവസ്ഥയില്‍ അതത് സമയത്ത് ജനവികാരം ഭരണാധികാരികളെ അറിയിക്കാന്‍ സമാധാനപരമായ സമരങ്ങള്‍ അനിവാര്യമാണ്.

ജനകീയ സമരങ്ങളുടെ അന്ത്യം ജനാധിപത്യത്തിന്റെതന്നെ മരണമാണ്. ലോകത്തിലെ പല രാജ്യങ്ങളിലും ഇത്തരം സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതുമൂലമാണ് ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറിയതെന്നു കാണാം. ഏകാധിപത്യത്തില്‍നിന്ന് മോചനം നേടാന്‍ ലക്ഷക്കണക്കിനാളുകളെ കുരുതികൊടുത്ത് അക്രമാസക്തമായ സമരങ്ങള്‍തന്നെ വേണ്ടി വന്നിട്ടുണ്ട്. ജനാധിപത്യം തകര്‍ന്നാല്‍ ജുഡീഷ്യറിയടക്കമുള്ള എല്ലാ സംവിധാനങ്ങളും തകരും എന്നതും ചരിത്രവസ്തുതയാണ്. മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി നല്ല ഉദ്ദേശ്യത്തോടെ ഹൈക്കോടതി പ്രസ്താവിച്ച ഈ വിധി ഒടുവില്‍ നീതിന്യായ സംവിധാനത്തിന്റെതന്നെ ശവക്കുഴി തോണ്ടുന്നതിലേക്കായിരിക്കും ചെന്നെത്തുക എന്നത് കോടതി ഓര്‍ത്തുകാണില്ല. ജനങ്ങള്‍ അതോര്‍ക്കേണ്ടതുണ്ട്. കോടതിയെ അത് ഓര്‍മിപ്പിക്കേണ്ടതുണ്ട്.

അഡ്വ. ഇ കെ നാരായണന്‍ (ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 311011

1 comment:

  1. ജനകീയ സമരങ്ങളുടെ അന്ത്യം ജനാധിപത്യത്തിന്റെതന്നെ മരണമാണ്. ലോകത്തിലെ പല രാജ്യങ്ങളിലും ഇത്തരം സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതുമൂലമാണ് ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറിയതെന്നു കാണാം. ഏകാധിപത്യത്തില്‍നിന്ന് മോചനം നേടാന്‍ ലക്ഷക്കണക്കിനാളുകളെ കുരുതികൊടുത്ത് അക്രമാസക്തമായ സമരങ്ങള്‍തന്നെ വേണ്ടി വന്നിട്ടുണ്ട്. ജനാധിപത്യം തകര്‍ന്നാല്‍ ജുഡീഷ്യറിയടക്കമുള്ള എല്ലാ സംവിധാനങ്ങളും തകരും എന്നതും ചരിത്രവസ്തുതയാണ്. മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി നല്ല ഉദ്ദേശ്യത്തോടെ ഹൈക്കോടതി പ്രസ്താവിച്ച ഈ വിധി ഒടുവില്‍ നീതിന്യായ സംവിധാനത്തിന്റെതന്നെ ശവക്കുഴി തോണ്ടുന്നതിലേക്കായിരിക്കും ചെന്നെത്തുക എന്നത് കോടതി ഓര്‍ത്തുകാണില്ല. ജനങ്ങള്‍ അതോര്‍ക്കേണ്ടതുണ്ട്. കോടതിയെ അത് ഓര്‍മിപ്പിക്കേണ്ടതുണ്ട്.

    ReplyDelete