Wednesday, October 26, 2011

കൂടംകുളം ആണവപദ്ധതി: കേരളം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിട്ടില്ല

കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട കേരളം  യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. കൂടംകൂളം ആണവപദ്ധതിക്കെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കേരളവും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കൂടംകുളം ആണവനിലയം കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലായതുകൊണ്ട് പ്രത്യേക മുന്‍കരുതലുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് കേരളത്തിലെ കലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആണവനിലയങ്ങളുടെ അപകടസാധ്യത പ്രവചിക്കാന്‍ കഴിയാത്തതാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. കൂടംകുളത്തെ ആണവനിലയം ദക്ഷിണകേരളത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്.

കൂടംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 100 കിലോമീറ്റര്‍ ദൂരമേയുള്ളു.ഇത് ആകാശമാര്‍ഗമാകുമ്പോള്‍ 60 കിലോമീറ്ററായി ചുരുങ്ങും. സാങ്കേതിക തകരാര്‍മൂലം ആണവ വികിരണമുണ്ടായാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെയാണ് പ്രധാനമായും ബാധിക്കുക. ഈ ജില്ലകളില്‍ യാതൊരു മുന്‍കരുതലുകള്‍ എടുത്തിട്ടില്ലെന്നും അപകടസാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് കൂടംകുളം ആണവനിലയ വിരുദ്ധസമരത്തിന് നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സ്വദേശി ഡോ എസ് പി ഉദയകുമാര്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി.

പദ്ധതി പ്രദേശമായ തിരുനെല്‍വേലി കലക്ടര്‍ ഉള്‍പ്പടെയുള്ളവരോട് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ച കൂട്ടത്തിലാണ് ഉദയകുമാര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കലക്ടറന്മാരോടും വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ആണവനിലയത്തിലെ അപകടസാധ്യത കണക്കിലെടുത്ത്  എന്തു മുന്‍കരുതലാണ് എടുത്തിരിക്കുന്നതെന്നും ജില്ലയിലെ ജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച ബോധവല്‍ക്കരണ പരിപാടി നടത്തിയിട്ടുണ്ടോയെന്നുമാണ് ഉദയകുമാര്‍ അന്വേഷിച്ചത്. ഇക്കാര്യത്തില്‍ മൂന്ന് ജില്ലാകലക്ടര്‍മാരും ഒരേ മറുപടി നല്‍കിയത്. ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള തിരുവനന്തപുരത്ത് അപകടസാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആണവ ലൈനുകള്‍ കടന്നുപോകുന്ന പത്തനംതിട്ടയില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നുമാണ് മറുപടി. സാധാരണ ഹൈവോള്‍ട്ടേജ് ഇലക്ട്രിക് ലൈനുകള്‍ കടന്നുപോകുമ്പോള്‍ സ്വീകരിക്കുന്ന സുരക്ഷമാത്രമാണ് പത്തനംതിട്ടയില്‍ സ്വീകരിച്ചിരിക്കുന്നത്.

കൂടംകുളത്തെ ആണവനിലയം കേരളത്തിന് കൂടി ഭീഷണിയായ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ തമിഴ്‌നാട് സര്‍ക്കാരിനൊപ്പം കേരളസര്‍ക്കാരും രംഗത്ത് വരണമെന്നാണ് കേരളത്തിലെ സാംസ്‌കാരികപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കൂടംകുളത്തെ സാധാരണക്കാരായ ജനങ്ങള്‍ നടത്തുന്ന സമരത്തിന് കേരളത്തിലും പിന്തുണയേറി വരുകയാണ്. കൂടംകുളം ആണവ വിരുദ്ധസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൂടംകുളത്തേക്ക് യുവകലാസാഹിതി സാംസ്‌കാരികയാത്ര നടത്തുകയുണ്ടായി. തിരുവനന്തപുരത്തും പത്തനംതിട്ടിയിലും കേരളസര്‍ക്കാരിന്റെ ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് വിവിധസംഘടനകളുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ശക്തമായിരിക്കുകയാണ്.

janayugom 251011

1 comment:

  1. കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട കേരളം യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. കൂടംകൂളം ആണവപദ്ധതിക്കെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കേരളവും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
    കൂടംകുളം ആണവനിലയം കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലായതുകൊണ്ട് പ്രത്യേക മുന്‍കരുതലുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് കേരളത്തിലെ കലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആണവനിലയങ്ങളുടെ അപകടസാധ്യത പ്രവചിക്കാന്‍ കഴിയാത്തതാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. കൂടംകുളത്തെ ആണവനിലയം ദക്ഷിണകേരളത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്.

    ReplyDelete