Monday, October 31, 2011

ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവവിരുദ്ധം: സിപിഐ എം

പൊതുപണം തോമസ് ഐസക്കും ജി സുധാകരനും മുന്‍കൈയ്യെടുത്ത് ആക്സിസ് ബാങ്കില്‍ നിക്ഷേപിച്ചെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാന്നെന്ന് സിപിഐ എം  ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചി മെട്രോയില്‍ കോര്‍പ്പറേഷന്റെ പണം ആക്സിസ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിക്ഷേപിച്ചത് സ്വന്തക്കാരെ വഴിവിട്ട് സഹായിക്കാനാണ്. എന്നാല്‍ ഐസക്കും സുധാകരനും ഹോംകോ, ജില്ലാ സഹകരണബാങ്ക്, കായംകുളം സഹകരണ സ്പിന്നിങ്മില്‍ എന്നിവയുടെ പണം ഉപയോഗിച്ച് സ്വന്തക്കാര്‍ക്ക് സഹായം ലഭിക്കുന്ന "നിക്ഷേപം നടത്തിയതായി ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിലില്ല. ഹോംകോ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ വ്യവസായ സ്ഥാപനമാണ്. അവരുടെ ബിസിനസ് ആവശ്യത്തിന് ബാങ്കിങ് സേവനം നിയമപരമായി മാത്രമേ വിനിയോഗിക്കാനാവൂ.

ജില്ലാ സഹകരണബാങ്കും ആക്സിസ് ബാങ്കും തമ്മിലുള്ള ഇടപാടുകള്‍ ആരംഭിച്ചത് കോണ്‍ഗ്രസ് നേതാവായ സഹകാരി ജില്ലാ ബാങ്ക് പ്രസിഡന്റായിരുന്ന 2006ലാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള യുടിഐ ബാങ്കുമായി കറസ്പോണ്ടന്റ് ബാങ്കിങ് അറേഞ്ച്മെന്റാണ് സഹകരണ രജിസ്ട്രാറുടെ രേഖാമൂലമുള്ള അനുമതിയോടെ യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി നടപ്പിലാക്കിയത്. ഇതുപ്രകാരം ബാങ്കിന് അതിന്റെ ഇടപാടുകാര്‍ക്ക് ജില്ലയ്ക്ക് വെളിയില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ആര്‍ടിജിഎസ് സേവനങ്ങള്‍ കറന്റ് അക്കൗണ്ട് വഴി നടപ്പിലാക്കാന്‍ കഴിയും. യുടിഐ ബാങ്ക് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശപ്രകാരം ആക്സിസ് ബാങ്ക് എന്ന പേരിലേക്ക് പ്രവര്‍ത്തനം മാറ്റിയതാണ്. സഹകരണ സ്പിന്നിങ്മില്ലിന്റെ പണവും കേന്ദ്ര ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള യുടിഐയിലാണ് നിക്ഷേപിച്ചത്. വസ്തുത ഇതായിരിക്കെ ഡിസിസി പ്രസിഡന്റിനെപ്പോലെ ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരം മുറിവിജ്ഞാനവുമായി രംഗത്തുവന്നത് കഷ്ടമാണ്. ലക്കും ലഗാനുമില്ലാതെ ആടിയുലയുന്ന യുഡിഎഫ് ഭരണത്തിന് ഇത്തരം താങ്ങുകള്‍കൊണ്ട് പ്രയോജനമില്ലെന്നും ചന്ദ്രബാബു പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം: സിഐടിയു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സഹകരണമേഖലയിലെ ഔഷധനിര്‍മാണശാലയായ ഹോംകോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ മൂന്നരക്കോടി രൂപ ജില്ലാ ട്രഷറിയിലാണ് നിക്ഷേപിച്ചതെന്നും ഇതുസംബന്ധിച്ച് ഡിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് സഹകരണ ഫാര്‍മസി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് എന്‍ പി സ്നേഹജനും ജനറല്‍ സെക്രട്ടറി ബി ഭുവനേന്ദ്രനും പ്രസ്താവനയില്‍ പറഞ്ഞു. ഹോംകോയുടെ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് ആക്സിസ് ബാങ്കില്‍ അക്കൗണ്ട് തുറന്നത്. ഇതാകട്ടെ എസ്ഡി അക്കൗണ്ടുമാത്രവും. എന്നാല്‍ സ്ഥാപനത്തിന്റെ പ്രധാന ഇടപാടുകള്‍ മറ്റ് ബാങ്കുകള്‍വഴിയാണ് നടക്കുന്നത്. ഇതിനായി ആലപ്പുഴയിലെ എസ്ബിടി, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂക്കോ ബാങ്ക്, ജില്ലാ സഹകരണബാങ്ക് പ്രധാന ശാഖ എന്നിവിടങ്ങളിലൊക്കെ സ്ഥാപനത്തിന് അക്കൗണ്ടുകള്‍ ഉണ്ട്. ആക്സിസ് ബാങ്കില്‍ അക്കൗണ്ട് തുറന്നത് ശരിയായില്ലെന്ന് സര്‍ക്കാര്‍ ഓഡിറ്റില്‍ രണ്ടുതവണ ചൂണ്ടിക്കാണിച്ചിരുന്നു. അക്കൗണ്ട് അവസാനിപ്പിക്കണമെന്നും യൂക്കോ ബാങ്കിലേക്ക് അക്കൗണ്ട് മാറ്റണമെന്നു നിര്‍ദേശം കൊടുത്തിരുന്നതുമാണ്. ഇപ്പോഴും ആക്സിസ് ബാങ്കില്‍ അക്കൗണ്ട് തുടരുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കണം- നേതാക്കള്‍ ആവശ്യപ്പെട്ടു.

deshabhimani 311011

1 comment:

  1. ജില്ലാ സഹകരണബാങ്കും ആക്സിസ് ബാങ്കും തമ്മിലുള്ള ഇടപാടുകള്‍ ആരംഭിച്ചത് കോണ്‍ഗ്രസ് നേതാവായ സഹകാരി ജില്ലാ ബാങ്ക് പ്രസിഡന്റായിരുന്ന 2006ലാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള യുടിഐ ബാങ്കുമായി കറസ്പോണ്ടന്റ് ബാങ്കിങ് അറേഞ്ച്മെന്റാണ് സഹകരണ രജിസ്ട്രാറുടെ രേഖാമൂലമുള്ള അനുമതിയോടെ യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി നടപ്പിലാക്കിയത്.

    ReplyDelete