Monday, October 31, 2011

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമവും പ്രതികൂല കാലാവസ്ഥയും വകവെയ്ക്കാതെ മുന്നേറുന്നു

ന്യൂയോര്‍ക്ക്/ലണ്ടന്‍: അഞ്ചു ആഴ്ചകള്‍ പിന്നിട്ട വാള്‍സ്ട്രീറ്റ് കയ്യടക്കല്‍  സമരം അമേരിക്കയിലും ബ്രിട്ടനിലും പ്രതികൂല സാഹചര്യങ്ങളിലും തളരാതെ തുടരുന്നു. ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞും പൊലീസ് ഇടപെടലും നേരിട്ടാണ് സമരം മുന്നേറുന്നത്. ഡസന്‍ കണക്കിനു അമേരിക്കന്‍ നഗരങ്ങളില്‍ പൊലീസ് അതിക്രമത്തേയും പ്രതികൂല കാലാവസ്ഥയേയും വകവെയ്ക്കാതെയാണ് സമരം തുടരുന്നത്. ലണ്ടനില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുന്ന പ്രശസ്തമായ സെന്റ് പോള്‍സ് കത്തിഡ്രല്‍ വളപ്പില്‍ നിന്നും അവരെ ഒഴിപ്പിക്കാനുള്ള നീക്കം ദേവാലയ അധികൃതര്‍ക്കിടയില്‍ ഭിന്നത ക്ഷണിച്ചുവരുത്തി.

ഒക്‌ടോബര്‍ മാസത്തില്‍ അസാധാരണമായ മഞ്ഞ് വീഴ്ചയെ വകവയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലെ ലിബര്‍ട്ടി ചത്വരത്തില്‍ അഞ്ച് ആഴ്ച പിന്നിട്ട വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം തുടരുന്നു. 135 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഒക്‌ടോബറില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മഞ്ഞുവീഴ്ചയുണ്ടാവുന്നത്. ശക്തമായ കാറ്റും മഞ്ഞും ഈര്‍പ്പവും വകവെയ്ക്കാതെ ''മഞ്ഞിനു നാശം, ഞങ്ങള്‍ പോവില്ല'' എന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാര്‍ഡുയര്‍ത്തി നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ പ്രക്ഷോഭം തുടരുകയാണ്. 'ഈ നാശം പിടിച്ച മഞ്ഞിനെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങളെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ലെന്ന്' സമരക്കാരിലൊരാള്‍ പറഞ്ഞു.

ലിബേര്‍ട്ടി ചത്വരം എന്ന് സമരക്കാര്‍ നാമകരണം ചെയ്ത സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ ഉപയോഗിച്ചുവന്നിരുന്ന ജനറേറ്ററുകള്‍ ന്യൂയോര്‍ക്ക് പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് പിടിച്ചെടുത്തു. അഗ്‌നി നിയന്ത്രണ നിയമങ്ങളുടെ പേരിലാണ് സമരക്കാര്‍ ഉപയോഗിച്ചുവന്നിരുന്ന ആറു ജനറേറ്ററുകള്‍ പിടിച്ചെടുത്തത്. സമരം പൊളിക്കാന്‍ പൊലീസ് സ്വീകരിച്ച തന്ത്രപരമായ നീക്കമാണിതെന്ന് പ്രക്ഷേഭകര്‍ കരുതുന്നു. മഞ്ഞു വീഴ്ചയെ തുടര്‍ന്നു സമീപപ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒഴുകിനിറഞ്ഞ് ടെന്റുകളും ഉറക്കസഞ്ചികളും നനഞ്ഞു കുതിര്‍ന്ന സമരക്കാര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ന്യൂയോര്‍ക്ക് നഗരത്തില്‍ സെപ്തംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം നിരവധി അമേരിക്കന്‍ നഗരത്തിനുള്ളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പല നഗരങ്ങളിലും അറസ്റ്റുകളും പൊലീസ് അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡ് നഗരത്തില്‍ വ്യാഴാഴ്ചയുണ്ടായ പൊലീസ് അതിക്രമത്തില്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സ്‌കോട്ട് ഒല്‍സന്റെ തല പൊലീസ് തല്ലിതകര്‍ത്തിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അയാള്‍ അപകടസ്ഥിതി തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഓക്‌ലാന്‍ഡ് മേയര്‍ ജിന്‍ ഖ്വന്‍ ദുഃഖം പ്രകടിപ്പിക്കുകയും പൊലീസ് ബലപ്രയോഗത്തെപ്പറ്റി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ടെന്നിസി സംസ്ഥാനത്തെ നാഷ്‌വില്ലെ നഗരത്തില്‍ പൊലീസ് നിശാനിയമം നടപ്പിലാക്കി. 30 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. കോളറാഡോ  സംസ്ഥാനത്ത് ഡെല്‍വറില്‍ പ്രകടനക്കാര്‍ക്കുനേരെ പൊലീസ് പെപ്പര്‍ സ്‌പ്രേയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ശനിയാഴ്ച രണ്ടായിരത്തിലധികം പ്രകടനക്കാര്‍ കാപ്പിറ്റോളിലേക്ക് നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു പൊലീസ് അതിക്രമം. ഓറിഗോണില്‍ പോര്‍ട്ട്‌ലാന്റ് നഗരത്തില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ അശ്വാരൂഢസേനയെ നിയോഗിച്ചു. മാസാച്യുസെറ്റില്‍ ബോസ്റ്റണ്‍ നഗരപിതാവ് ആഴ്ചകളായി സമരരംഗത്ത് തമ്പടിച്ചിരിക്കുന്നവരോട് കടുത്ത മഞ്ഞും കാറ്റും കണക്കിലെടുത്ത് ഒഴിഞ്ഞുപോവാന്‍ അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന നിരസിച്ച സമരക്കാര്‍ കടുത്ത തണുപ്പിനെയും അവഗണിച്ച് സമരടെന്റുകളില്‍ തുടരുകയാണ്.

ലണ്ടനിലെ സെന്റ് പോള്‍സ് കത്തിഡ്രലിന്റെ ചാന്‍സിലര്‍ ഗിലെസ് ഫ്രേസര്‍ കാനോന്‍ ചാന്‍സിലര്‍ പദവി രാജിവച്ച് പ്രക്ഷോഭകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സെന്റ് പോള്‍സ് കത്തീഡ്രല്‍ വളപ്പില്‍ തമ്പടിച്ചിരിക്കുന്ന സമരക്കാരെ ഒഴിപ്പിക്കാനുള്ള ദേവാലയ അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഗിലെസ് ഫ്രേസര്‍ തന്റെ സ്ഥാനം രാജിവച്ചത്.
മുന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് കെറിയും പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള കത്തീഡ്രല്‍ അധികൃതരുടെ നീക്കത്തെ വിമര്‍ശിച്ചു. അത് ക്രൈസ്തവ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഈ നീക്കം ക്രൈസ്തവരുടെ സല്‍പ്പേരിന് കളങ്കമാകും. അത് സമാധാനപരവും ഫലപ്രദവുമായി നടത്തിവരുന്ന സമരത്തിന് അപകീര്‍ത്തികരമാകും' അദ്ദേഹം ഡെയ്‌ലി ടെലിഗ്രാഫ് പത്രത്തില്‍ എഴുതി.

janayugom 311011

1 comment:

  1. അഞ്ചു ആഴ്ചകള്‍ പിന്നിട്ട വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം അമേരിക്കയിലും ബ്രിട്ടനിലും പ്രതികൂല സാഹചര്യങ്ങളിലും തളരാതെ തുടരുന്നു. ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞും പൊലീസ് ഇടപെടലും നേരിട്ടാണ് സമരം മുന്നേറുന്നത്. ഡസന്‍ കണക്കിനു അമേരിക്കന്‍ നഗരങ്ങളില്‍ പൊലീസ് അതിക്രമത്തേയും പ്രതികൂല കാലാവസ്ഥയേയും വകവെയ്ക്കാതെയാണ് സമരം തുടരുന്നത്. ലണ്ടനില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുന്ന പ്രശസ്തമായ സെന്റ് പോള്‍സ് കത്തിഡ്രല്‍ വളപ്പില്‍ നിന്നും അവരെ ഒഴിപ്പിക്കാനുള്ള നീക്കം ദേവാലയ അധികൃതര്‍ക്കിടയില്‍ ഭിന്നത ക്ഷണിച്ചുവരുത്തി.

    ReplyDelete