Friday, October 28, 2011

ഗണേഷിന്റെ പ്രസ്താവന: പ്രതിഷേധം ശക്തം,സഭ പിരിഞ്ഞു, ഗണേഷ് മാപ്പു പറഞ്ഞു

മന്ത്രി ഗണേഷ്കുമാര്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ നിയമസഭയില്‍ ശക്തമായ പ്രതിഷേധം. പ്രതിപക്ഷപ്രതിഷേധത്തെ തുടര്‍ന്ന് ശ്യൂന്യവേളയും ചോദ്യവേളയും സസ്പെന്റ് ചെയ്ത് സഭ ഇന്നേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മന്ത്രിയെ സഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു. പ്രസ്താവന ഗവണ്‍മെന്റിന്റെ നയമല്ലെന്നും സര്‍ക്കാരിനുവേണ്ടി മാപ്പു ചോദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഗണേഷ്കുമാറിനോട് പ്രസ്താവന പിന്‍വലിക്കാനാവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഗണേഷിനെ മന്ത്രി സഭയില്‍ നിന്ന് പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.തിങ്കളാഴ്ച വരെ സഭ പിരിഞ്ഞു. പ്രതിപക്ഷനേതാവിനെതിരെ അപഹാസ്യമായ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരളമെങ്ങും പ്രതിഷേധം ശക്തമാകുന്നു.ഗണേഷിനെതിരെ നടപടിയെടുക്കാതെ സഭ നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി സികെ ചന്ദ്രപ്പന്‍ പറഞ്ഞു.വിലകുറഞ്ഞ സംസ്കാരശൂന്യമായ പ്രസ്താവന നടത്തിയ മന്ത്രിയെ വെച്ചു കൊണ്ടിരിക്കാനാവില്ല. അങ്ങേയറ്റം നാണം കെട്ട പ്രസ്താവനയാണിതെന്ന് സി ദിവാകരന്‍ പറഞ്ഞു. കേരളത്തിനാകമാനം നാണക്കേടാണിതെന്ന് മാത്യു ടി തോമസ് പറഞ്ഞു. അങ്ങേയറ്റം അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. എഐഎസ്എഫ് ഗണേഷിന്റെ ഓഫീസില്‍ കയറി കരിങ്കൊടി പ്രകടനം നടത്തി.ഡിവൈഎഫ്ഐ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി. ഖേദപ്രകടനം കൊണ്ടിത് അവസാനിപ്പിക്കാനാവില്ലെന്ന് സംസ്ഥാനസെക്രട്ടറി ടിവി രാജേഷ് പറഞ്ഞു.കേരളത്തിന്റെ മുഖ്യമന്ത്രി മാപ്പുമന്ത്രിയായിയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുന്‍മന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളത്തിലുടനീളം വിവിധ സംഘടനകള്‍ പ്രതിഷേധം ഉയരുന്നു.

ഗണേഷ് മാപ്പുപറയണം പിണറായി, ഗണേഷ് മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല

ഗണേഷ്കുമാര്‍ വിഎസിനോടും കേരളത്തോടും നിര്‍വ്യാജം മാപ്പുപറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സ്ഥാനത്തിരിക്കാന്‍ ഗണേഷ് യോഗ്യനല്ല. മന്ത്രി സ്ഥാനത്തിന് യോജിച്ച പ്രസ്താവനകള്‍ നടത്തണം. എങ്ങനെയാണ് തന്നെപ്പോലെയാണ് എല്ലാവരും എന്ന് ഗണേഷ് കരുതുന്നത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയമായി രാഷ്ട്രീയമായി തന്നെ ഉന്നയിക്കണം. ദശാബ്ദങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് വിഎസ്, സമചിത്തയുള്ള ഒരു മനുഷ്യനും പറയാത്ത കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.കേരളത്തില്‍ സമചിത്തതയുള്ള ഒരാളും പറയാന്‍ പാടില്ല.വ്യക്തിപരമായി അദ്ദേഹത്തോടും നിര്‍വ്യാജം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും ക്ഷമ ചോദിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഗണേഷിനെതിരെ കേസെടുക്കണം കോടിയേരി

പ്രതിപക്ഷനേതാവിനെതിരെ ഹീനമായ പ്രസ്താവന നടത്തിയ മന്ത്രി ഗണേഷിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ മന്ത്രിയെ സഭയില്‍ പ്രവേശിപ്പിച്ച് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി."കൃഷ്ണകുമാറിനെ കൈകാര്യം ചെയ്തതുപോലെ" എന്ന് ഗണേഷ് പ്രസംഗത്തില്‍ പറയുന്നുണ്ട്. വാളകത്ത് സംഭവിച്ചത് അപകടമല്ലെന്ന് മന്ത്രിക്ക് വ്യക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നു. "നാട്ടുകാര്‍ കൈകാര്യം ചെയ്തതുപോലെയെന്നും" മന്ത്രി തന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതില്‍ മന്ത്രിക്കറിയാവുന്ന കാര്യങ്ങള്‍ ശേഖരിക്കണം. വാളകം വിഷയത്തില്‍ സംശയത്തിന്റെ സൂചിമുന തനിക്കും പിതാവിനുംനേരെ തിരിഞ്ഞപ്പോഴാണ് മന്ത്രി ഇത്തരത്തില്‍ പ്രസ്താവിച്ചത്.

സമാദരണീയനായ പ്രതിപക്ഷനേതാവിനെതിരെ ആദ്യമായാണ് ഇത്തരത്തില്‍ അപഹാസ്യമായ തരത്തില്‍ പ്രസ്താവന നടത്തുന്നത്. ഇങ്ങനെ മോശമായ പെരുമാറ്റം നടത്തിയ മന്ത്രിയെ സഭയില്‍ പ്രവേശിപ്പിച്ചത് തെറ്റാണ്.മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.മന്ത്രിക്കെതിരെ കേസെടുക്കണം. ഗണേഷ്കുമാര്‍ പറഞ്ഞ കാര്യം സര്‍ക്കാരിന്റെ നയമാണോയെന്ന് വ്യക്തമാക്കണം.പ്രകോപനപരമായ പ്രസ്താവന പിന്‍വലിച്ച് ഗണേഷ്കുമാര്‍ മാപ്പുപറയാന്‍ തയ്യാറാവണം. മുഖ്യമന്ത്രി പത്തനാപുരത്തെത്തി ഗണേഷ്കുമാറിന്റെ പ്രസംഗം കേട്ട ജനങ്ങളോട് മാപ്പു പറയണം. വിവാദപ്രസ്താവനക്കെതിരെ കേരളത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരും. സഭയിലും ശക്തമായ പ്രതിഷേധിക്കും.മന്ത്രിയായാല്‍ എന്തും ചെയ്യാമെന്ന സ്ഥിതിയാണ് കേരളത്തിലെന്നും മുഖ്യമന്ത്രി എല്ലാത്തിനും കൂട്ടു നില്‍ക്കുകയാണെന്നും കോടിയേരി പറഞ്ഞു.

മന്ത്രി ഗണേശ്കുമാറിനെതിരെ പ്രതിഷേധം ആളിക്കത്തി

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ മന്ത്രി കെ ബി ഗണേശ്കുമാര്‍ നടത്തിയ ആഭാസകരമായ പ്രസംഗത്തിനെതിരെ വിദ്യാര്‍ഥി, യുവജനരോഷം ആളിക്കത്തി. നൂറുകണക്കിന് യുവാക്കളും വിദ്യാര്‍ഥികളും രാത്രി പത്തരയോടെ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. സ്വാതന്ത്ര്യസമരസേനാനിയും പുന്നപ്രവയലാര്‍ സമര നായകനുമായ വി എസിനെ അധിക്ഷേപിച്ച ഗണേശ്കുമാറിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുറത്താക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനംചെയ്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് സംസ്ഥാന വ്യാപകമായി ഗണേശ്കുമാറിനെതിരായി ഉയരുന്ന ബഹുജനരോഷത്തിന്റെ സാക്ഷ്യപത്രമായി. സ്വന്തം ജീവിതത്തിലും പൊതുജീവിതത്തിലും സഭ്യതയുടെ അതിരുവിട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ഗണേശ്കുമാര്‍ മര്യാദയുടെ അവസാന അതിരും ലംഘിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ച ഗണേശ്കുമാറിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ഉയര്‍ത്താനുള്ള ആഹ്വാനമായി മാര്‍ച്ച് മാറി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹിം, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എസ് പി ദീപക് എന്നിവരും സംസാരിച്ചു.

മന്ത്രിയുടെ ആഭാസവര്‍ഷം: ജില്ലയില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ മന്ത്രി ഗണേശ്്കുമാര്‍ നടത്തിയ ആഭാസപ്രസംഗത്തിനെതിരെ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. പ്രസംഗം ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചയുടന്‍ ഗ്രാമ നഗര ഭേദമന്യേ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വിവിധ കേന്ദ്രങ്ങളില്‍ മന്ത്രി ഗണേഷ്കുമാറിന്റെ കോലം കത്തിച്ചു.രാത്രി വൈകിയും പ്രതിഷേധപ്രകടനങ്ങള്‍ തുടര്‍ന്നു. ഡിവൈഎഫ്ഐ, എഐവൈഎഫ്, എസ്എഫ്ഐ പ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. വടകരയില്‍ മന്ത്രിയുടെ കോലം കത്തിച്ചു. ഒ വി സന്ദീപ്, എ പി ഷാജി എന്നിവര്‍ സംസാരിച്ചു.

ഗണേഷ് മാപ്പു പറഞ്ഞു

പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരെ അപഹാസ്യമായ പ്രസ്താവന നടത്തിയതിന് മന്ത്രി കെബി ഗണേഷ്കുമാര്‍ മാപ്പു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായത്തെ പരിഗണിച്ച് മാപ്പു പറയുന്നു.തനിക്ക് അത്തരമൊരു തെറ്റ് പറ്റാന്‍ പാടില്ലായിരുന്നു.തന്റെ മുത്തഛന്റെ പ്രായമുള്ള അദ്ദേഹത്തെപ്പറ്റി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പൊതുയോഗത്തില്‍ വികാധീനനായി പ്രസംഗിച്ചതാണ്.അതില്‍ എല്ലാവരോടും ഖേദിക്കുന്നു.തന്നെയും കുടുംബത്തെയും വിഎസ് വേട്ടയാടുകയാണെന്നും കഴിഞ്ഞ ആറേഴുമാസമായി താന്‍ ഇത് സഹിക്കുകയാണെന്നും ഗണേഷ് പറഞ്ഞു.താന്‍ ആദരിക്കുന്ന മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്പീക്കര്‍ക്കും സഭ നടത്തിക്കൊണ്ടുപോകാന്‍ വേണ്ടിയാണ് താന്‍ മാപ്പു പറയുന്നതെന്നും ഗണേഷ് പറഞ്ഞു. തലമുതിര്‍ന്ന രാഷ്ട്രീയ നേതാവായ വിഎസിനെതിരെ മന്ത്രി ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനയെ ആരും അംഗീകരിക്കില്ലെന്ന് ചീഫ്വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞു. വിഎസിന്റെ സംസാരശൈലിയില്‍ മാറ്റം വരുത്തണം. മുഖ്യമന്ത്രി സഭയില്‍ ഖേദം പ്രകടപ്പിച്ചിട്ടും പ്രതിപക്ഷം പ്രതിഷേധിച്ചത് ശരിയായില്ല.പ്രതിപക്ഷം സഭവിട്ടറങ്ങിയത്് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

deshabhimani news

1 comment:

  1. മന്ത്രി ഗണേഷ്കുമാര്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ നിയമസഭയില്‍ ശക്തമായ പ്രതിഷേധം. പ്രതിപക്ഷപ്രതിഷേധത്തെ തുടര്‍ന്ന് ശ്യൂന്യവേളയും ചോദ്യവേളയും സസ്പെന്റ് ചെയ്ത് സഭ ഇന്നേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മന്ത്രിയെ സഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു. പ്രസ്താവന ഗവണ്‍മെന്റിന്റെ നയമല്ലെന്നും സര്‍ക്കാരിനുവേണ്ടി മാപ്പു ചോദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഗണേഷ്കുമാറിനോട് പ്രസ്താവന പിന്‍വലിക്കാനാവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

    ReplyDelete