Friday, October 28, 2011

ദേശീയ ഉല്‍പ്പാദന നിക്ഷേപ മേഖല കോര്‍പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാന്‍ : സിഐടിയു

കോര്‍പറേറ്റുകളുടെമാത്രം താല്‍പ്പര്യം സംരക്ഷിക്കുന്ന ദേശീയ ഉല്‍പ്പാദന നിക്ഷേപ മേഖലക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ ട്രേഡ്യൂണിയനുകളോടും കര്‍ഷകരോടും സിഐടിയു ആഹ്വാനംചെയ്തു. നിയമരാഹിത്യത്തിന്റെ പുതിയ ദ്വീപുകള്‍ സൃഷ്ടിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഉല്‍പ്പാദന നയം. കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ സൗജന്യം അനുവദിക്കാനും തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാനും ഈ നയം ഇടവരുത്തും. കേന്ദ്ര ട്രേഡ്യൂണിയനുകളുമായി ചര്‍ച്ചചെയ്യാതെ തൊഴില്‍ നിയമങ്ങളെക്കുറിച്ച് തീരുമാനമെടുത്തതും പ്രതിഷേധാര്‍ഹമാണ്. ആഭ്യന്തര ബിസിനസ് മുഴുവന്‍ പ്രത്യേക സാമ്പത്തിക മേഖലയിലാക്കി വ്യവസായികള്‍ക്ക് വന്‍ തോതില്‍ ഇളവുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. തൊഴിലാളികളെ വ്യവസായ ഉടമകളുടെ താല്‍പ്പര്യത്തിനനുസരിച്ച് പിരിച്ചുവിടാനുള്ള നയത്തിന് പിന്‍വാതിലിലൂടെ അംഗീകാരം നല്‍കിയിരിക്കുന്നു. പാര്‍ലമെന്റ് പാസാക്കിയ തൊഴില്‍ നിയമങ്ങള്‍ ഏകപക്ഷീയമായി ഇല്ലാതാക്കുകയാണ് പുതിയ ഉല്‍പ്പാദനനയത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുന്നതിന് പകരം അവ അപ്പടി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. വ്യവസായ മേഖലയില്‍ തന്നെ ഭിന്നിപ്പുണ്ടാക്കാനും പുതിയ നയം കാരണമാകുമെന്നും സിഐടിയു ആരോപിച്ചു. ദേശീയ ഉല്‍പ്പാദന നിക്ഷേപ മേഖലയില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നവര്‍ക്കു മാത്രമേ സൗജന്യങ്ങള്‍ ലഭിക്കൂ. മറ്റുള്ളവര്‍ക്ക് ഇത് ലഭിക്കില്ലെന്നര്‍ഥം- സിഐടിയു പ്രസ്താവന വ്യക്തമാക്കി.

deshabhimani 281011

No comments:

Post a Comment