Friday, January 27, 2012

സമരതീക്ഷ്ണമായ ജീവിതത്തിന്റെ സ്മരണകളില്‍ രഘുനാഥന്‍


കുണ്ടറ: നാടിന്റെ വിമോചന പോരാട്ടത്തിന്റെ ഓര്‍മകളുയരുകയാണ് രഘുനാഥന്റെ മനസ്സില്‍ . എണ്‍പത്തിയാറിന്റെ നിറവിലും വിപ്ലവവീര്യം നെഞ്ചോടു ചേര്‍ക്കുന്ന കരിക്കോട് കല്ലുവിള വീട്ടില്‍ പി എസ് രഘുനാഥന്റെ ഓര്‍മകളില്‍ ഇന്നും സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട നാളുകളുടെ ആവേശം ജ്വലിക്കുന്ന മങ്ങാത്ത കാഴ്ചകളാണ്. മഹാത്മാ ഗാന്ധിയെ നേരില്‍ കണ്ടതും നാട്ടിലെ നിരവധി അവകാശ പോരാട്ടങ്ങള്‍ക്ക് ചെങ്കൊടിയുടെ കീഴില്‍ അണിനിരന്നതും ഇന്നത്തെപ്പോലെ രഘുനാഥന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.

കൊല്ലംവഴി ക്ഷേത്രപ്രവേശന വിളംബരജാഥ കടന്നുപോയപ്പോള്‍ അച്ഛന്‍ പത്മനാഭനൊപ്പം പത്തുവയസ്സുകാരനായ രഘുനാഥന്‍ ആവേശത്തോടെ കാണാന്‍പോയി. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജ്യേഷ്ടന്‍ പി എസ് പ്രഭാകരനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പിന്നീട് പ്രക്ഷോഭരംഗത്തെത്തിയത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായി മാറിയ പ്രഭാകരന്‍ ജയിലില്‍ പൊലീസിന്റെ മര്‍ദനമേറ്റാണ് മരിച്ചത്. തൊഴിലാളി സംഘടനാപ്രവര്‍ത്തനത്തിന് നിരോധനമുള്ള കാലത്ത് ആലപ്പുഴയില്‍നിന്ന് യൂണിയന്റെ സന്ദേശങ്ങള്‍ കൊല്ലത്ത് എത്തിച്ചിരുന്നത് രഘുനാഥനായിരുന്നു. പുലിയിലയില്‍ കുടികിടപ്പ് അവകാശത്തിനായി ജന്മികള്‍ക്കെതിരെ നടന്ന കര്‍ഷക സമരത്തിന്റെ മുന്നണിയില്‍ രഘുനാഥനുമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോകുകയായിരുന്ന മഹാത്മാഗാന്ധിയെ കൊല്ലത്തുവച്ച് കാണാന്‍ കഴിഞ്ഞത് രഘുനാഥന് മറക്കാനാകാത്ത അനുഭവമാണ്.

പി ടി പുന്നൂസ്, കെ സി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകൃതമായപ്പോള്‍ കൊല്ലത്തെ പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ചു. പട്ടത്താനത്ത് ചുമട്ടുതൊഴിലാളി യൂണിയന്‍ രൂപീകരിക്കാനും മുന്നണിയില്‍നിന്നു. കമ്യൂണിസ്റ്റ് പ്രസിദ്ധീകരണമായ "ജനശബ്ദം" വാരികയുടെ കൊല്ലത്തെ വിതരണച്ചുമതലയും രഘുനാഥനായിരുന്നു. പുന്നപ്ര- വയലാര്‍ സമരത്തെ അനുകൂലിച്ച് കൊല്ലത്ത് പ്രകടനംനടത്തിയതിന് പൊലീസ് അറസ്റ്റ്ചെയ്തു. കൊല്ലം സബ് ജയിലില്‍ ഏഴുമാസം തടവുശിക്ഷ അനുഭവിച്ചു. പൊലീസ് മര്‍ദനത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റതോടെ ജയില്‍മോചിതനായ ശേഷം രോഗങ്ങള്‍ വേട്ടയാടി. കൊറ്റങ്കര പഞ്ചായത്ത് രൂപീകൃതമായ കാലത്ത് അംഗമായിരുന്നു. സിപിഐ എമ്മിന്റെ ആദ്യകാല അംഗമായ രഘുനാഥന്‍ തുടര്‍ച്ചയായി 15 വര്‍ഷം കൊറ്റങ്കര പഞ്ചായത്ത് പ്രതിനിധിയായി.

സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള സംസ്ഥാന പെന്‍ഷന്‍ മാത്രമാണ് വരുമാനം. കേന്ദ്ര പെന്‍ഷന്‍ ഇതുവരെയും ലഭ്യമായിട്ടില്ല. രഘുനാഥന്‍ ഭാര്യ സത്യഭാമയും ഫോട്ടോഗ്രാഫര്‍ കൂടിയായ മകന്‍ കുട്ടനും ഒപ്പം കരിക്കോട്ടെ വീട്ടില്‍ ശിഷ്ടജീവിതം നയിക്കുകയാണ് ഇപ്പോള്‍ .
(ഷാനു കേരളപുരം)

deshabhimani 260112

1 comment:

  1. നാടിന്റെ വിമോചന പോരാട്ടത്തിന്റെ ഓര്‍മകളുയരുകയാണ് രഘുനാഥന്റെ മനസ്സില്‍ . എണ്‍പത്തിയാറിന്റെ നിറവിലും വിപ്ലവവീര്യം നെഞ്ചോടു ചേര്‍ക്കുന്ന കരിക്കോട് കല്ലുവിള വീട്ടില്‍ പി എസ് രഘുനാഥന്റെ ഓര്‍മകളില്‍ ഇന്നും സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട നാളുകളുടെ ആവേശം ജ്വലിക്കുന്ന മങ്ങാത്ത കാഴ്ചകളാണ്. മഹാത്മാ ഗാന്ധിയെ നേരില്‍ കണ്ടതും നാട്ടിലെ നിരവധി അവകാശ പോരാട്ടങ്ങള്‍ക്ക് ചെങ്കൊടിയുടെ കീഴില്‍ അണിനിരന്നതും ഇന്നത്തെപ്പോലെ രഘുനാഥന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.

    ReplyDelete